വര്‍ഷങ്ങള്‍ക്കു മുമ്പാണ്….. ആയിരത്തി തൊള്ളായിരത്തി അറുപതുകളിലെ ഒരു ശനിയാഴ്ച്ച … മാസത്തിലെ ആദ്യത്തെ ശനിയാഴ്ച്ച… അന്നൊക്കെ ശനിയാഴ്ച്ചകൾ ധർമ്മക്കാരുടെ ദിവസങ്ങളാണ്. അതായത് ധർമ്മക്കാർ എന്ന് ഞങ്ങൾ വിളിക്കുന്ന ഭിക്ഷക്കാരുടെ ദിവസ്സങ്ങൾ. അമ്മൂമ്മ  പറഞ്ഞുതന്ന കഥയിലെ പൂച്ചക്കുറിഞ്ഞാരമ്മ ഏകാദശി നോമ്പും നോറ്റ്, ഇളവെയിലും കാഞ്ഞു കിടക്കുന്ന സമയമാവുമ്പോഴേക്കും ധർമ്മക്കാരുടെ ഒഴുക്ക് തുടങ്ങും. പലരൂപത്തിലും ഭാവത്തിലും ഉള്ളവരും, പല പല അവശതകൾ  അനുഭവിക്കുന്നവരും ആയ ആണുങ്ങളും പെണ്ണുങ്ങളും, ഒറ്റക്കൊറ്റയ്ക്കും കൂട്ടായും ഒന്നിന് പുറകെ ഒന്നായി വന്നു കൊണ്ടേ ഇരിക്കും.

ധർമ്മം തരണേ എന്നോ, വല്ലതും തരണേ എന്നോ ഒക്കെ ഉറക്കെ വിളിക്കും അവരിൽ ആവതുള്ളവർ. ചിലർ ഊന്നുവടിയിൽ തൂക്കിയിട്ട മണി കിലുക്കും. മറ്റു ചിലർക്ക് വേണ്ടി അവരുടെ കൂടെയുള്ള ആരോഗ്യമുള്ളവർ… മിക്കവാറും കുട്ടികൾ ആയിരിക്കും ധർമ്മം ചോദിക്കുന്നത്. ഇരുന്നു നിരങ്ങുന്ന കുഷ്ഠരോഗികളും, ചെറിയ കുട്ടികളുടെ കൈ പിടിച്ചു നടക്കുന്ന അന്ധന്മാരും, പളനിക്ക് പോകാൻ വ്രതം നോറ്റിറങ്ങിയ ഭക്‌ത ശിരോമണികളും എല്ലാം എല്ലാം അന്ന് വരും.

ധർമ്മക്കാരിൽ എനിക്കേറ്റവും ഇഷ്‌ടമുണ്ടായിരുന്ന വാസു പൂശാരി അവസാനം പറഞ്ഞ ഗണത്തിൽ പെടും. കറുത്ത് മെലിഞ്ഞു നീണ്ട ശരീരം… തലയിൽ നിറയെയുള്ള കോലൻ മുടി എണ്ണ തേച്ചു കുളിർപ്പിച്ചു പറ്റിച്ചു വെച്ചിരിക്കും. വെയിലുദിച്ച നേരമാണെങ്കിൽ എണ്ണ ഒഴുകി മുഖത്തേക്ക് പടരുന്നത് കാണാം. താഴേക്കു ബുദ്ധിമുട്ടി ഇറങ്ങുന്ന  പഴുതാര മീശയും അതിനെ പിടിച്ചു താഴേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന ഊശാൻ താടിയും… നെറ്റിയിൽ വീശിവലിച്ച ഭസ്‌മക്കുറി… എല്ലാ സന്ധികളിലും, കയ്യുകളിൽ പ്രത്യേകിച്ചും, മൂന്നു വിരൽ ഭസ്‌മക്കുറികൾ…  കഴുത്തിൽ വലിയ രുദ്രാക്ഷ മാല… കാവിമുണ്ട്  ഭൂമിയിൽ നിന്ന് ഒരു ആറിഞ്ചുയരത്തിൽ നിൽക്കുന്ന പോലെ ഉടുത്തിരിക്കും. ശ്രീനാരായണ ഗുരു പുതക്കുന്ന പോലെ വേറൊരു കാവിമുണ്ടു പുതക്കാനും. അതാണ് വാസു പൂശാരി. വാസു പൂശാരി സ്ഥിരക്കാരനാണ്, നമ്മളോടൊന്നും ചോദിക്കില്ല, യാതൊരു   ബഹളവുമില്ല. സൗമ്യനായി ചിരിച്ചു കൊണ്ട്  നിക്കും. കൊടുക്കുന്ന പൈസ വാങ്ങിപ്പോകും.

ധർമ്മക്കാർക്കു ധർമ്മം കൊടുക്കുന്നത്‌ പുണ്യമാണെന്ന് അമ്മുമ്മ പറഞ്ഞു കേട്ടിട്ടുള്ളതുകൊണ്ട് കിട്ടുന്ന അവസരങ്ങൾ ഞാൻ ഉപയോഗിക്കാറുണ്ട്. പൂജാമുറിയിൽ വക്കു പൊട്ടിയ ഒരു കമ്പിപ്പാത്രത്തിൽ നിറയെ ചില്ലറകൾ ഇട്ടുവച്ചിട്ടുണ്ടാകും അമ്മുമ്മ. പൈസ അതിൽ നിന്നെടുത്തു കൊടുത്താൽ മതി. ഒന്ന്, രണ്ട്, മൂന്ന്, പിന്നെ അഞ്ചിന്റെയും നയാപൈസകൾ. വട്ടത്തിലുള്ള ഒറ്റ നാണയം… പൂവിന്റെ പടം വരയ്ക്കാൻ ഞാൻ ഉപയോഗിക്കാറുള്ള രണ്ടു പൈസ  നാണയം… ഷഡ്‌ബുജം മൂന്നു പൈസ… പിന്നെ ചതുർഭുജം അഞ്ചു പൈസ. കയ്യിൽ കിട്ടുന്നത് എടുത്തു കൊടുക്കും അതാണ് കണക്ക്. അന്ന് അഞ്ചു പൈസക്ക് കാവിൽ തെക്കേ നടയിലെ മണിയൻ മാരാരുടെ ഭാരത് കേഫിൽ നിന്ന് ഒരു മസാല ദോശയും തിന്ന് വയറു നിറയെ  ചുക്ക് വെള്ളവും കുടിക്കാം (സായിപ്പു കഫേ എന്നാണ് പറയുക എന്ന് പിന്നീടെപ്പോഴോ കേട്ടിട്ടുണ്ട്. ഞങ്ങൾ അന്നും ഇന്നും കേഫ് എന്നേ പറയൂ).

ഒന്നാം ശനിയാഴ്ച്ചക്കു മറ്റൊരു പ്രത്യേകതയുണ്ട്. ബാർബർ അപ്പു മുടി വെട്ടാൻ വരുന്ന ദിവസമാണ്. ഏതാണ്ട് ആറടിയോളം ഉയരമുള്ള മെലിഞ്ഞു നീണ്ട ഒരു സരസനായിരുന്നു ബാർബർ അപ്പു. തലയുടെ മുകൾ ഭാഗം കഷണ്ടി ആണ്. ചുറ്റുമുള്ള മുടി ഭംഗിയായി പറ്റെ വെട്ടി ഒതുക്കി വെച്ചിരിക്കും. എല്ലാവരുടെയും മുടി വെട്ടുന്ന അപ്പുവിന്റെ മുടി ആരായിരിക്കും വെട്ടുക എന്ന് ഞാൻ അന്ന് ആലോചിക്കാറുണ്ട്. മുട്ടുവരെ എത്തുന്ന ഖാദിയുടെ വെള്ള ഫുൾകയ്യൻ ജുബ്ബ  കൈമുട്ട് വരെ മടക്കി വെച്ചിരിക്കും അപ്പു. ഖാദി മുണ്ട് … വള്ളി ചെരുപ്പ്… കയ്യിൽ കറുത്ത സ്‌ട്രാപ്പുള്ള ഒരു വാച്ച്. കറുത്തതായിരുന്നു എന്നേ പറയാൻ പറ്റൂ. ഞാൻ കാണുമ്പോൾ ഒരു തരം ചാര നിറമാണ്. വലത്തേ  കക്ഷത്തിൽ ഒരു പാട്ടപ്പെട്ടി ഇറുക്കിപ്പിടിച്ചിരിക്കും… അതിലാണ് അപ്പുവിന്റെ മുടിവെട്ട് ഉപകരണങ്ങൾ.

മുറ്റത്തെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ ഒരു കസേരയിട്ട് അതിൽ ഇരയെ ഇരുത്തിയാണ് മുടിവെട്ട്. വന്ന ഉടനെ മുടിവെട്ട് തുടങ്ങുമെന്ന് നിങ്ങൾ വിചാരിച്ചെങ്കിൽ തെറ്റി. അപ്പു സാമാന്യം മോശമില്ലാത്ത മുറുക്കുകാരനാണ്. കറകളഞ്ഞ കോൺഗ്രെസ്സുകാരനും. വന്ന ഉടനെ മുത്തച്ഛന്റെ വെറ്റില ചെല്ലത്തിൽ പിടി വീഴും. മുറിക്കിനൊപ്പം സരസ സംഭാഷണവും… രാഷ്‌ട്രീയം നേരത്തെ പറഞ്ഞിരുന്നു. ആയിടയ്ക്കാണ് മൊറാർജിയും കൂട്ടരും കോൺഗ്രസ് വിട്ടു സംഘടനാ  കോൺഗ്രസ് എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഓ) സ്ഥാപിച്ചത്. മുത്തച്ഛൻ മൊറാർജിയുടെ കൂടെ ഉറച്ചു നിന്ന ആളാണ്. രാഷ്‌ട്രീയ സംഭാഷണം വഴക്കിലെ കലാശിക്കൂ എന്നുറപ്പുള്ളതുകൊണ്ടാകണം ബുദ്ധിമാനായ അപ്പു അതിനു മുതിരാഞ്ഞത്‌ എന്ന് ഇന്ന് ഞാൻ കരുതുന്നു.

മുറുക്ക് കഴിഞ്ഞാൽ മുടി വെട്ടിനുള്ള ഒരുക്കമായി. പെട്ടി തുറന്നു പണിയായുധങ്ങൾ ഓരോന്നായി എടുത്തു പുറത്തു വെക്കും അപ്പു. ചതുരത്തിലുള്ള ഒരു ചാണക്കല്ല് എടുത്തു അതിൽ ലേശം എണ്ണയൊഴിക്കും. എന്നിട്ടു ക്ഷൗരക്കത്തിയെടുത്ത് അതിൽ ഉരച്ചു മൂർച്ച ഉറപ്പാക്കും. പിന്നെ മടക്കി പെട്ടിയിൽ തന്നെ വെക്കും. ഇങ്ങേർക്കിതു വീട്ടിൽ നിന്ന് ചെയ്‌തു വന്നൂടെയെന്നു ഞാൻ വിചാരിക്കാറുണ്ട്. മുടിവെട്ടിൽ ആദ്യം കത്രിക വെച്ചാണ് പ്രയോഗം. വെള്ളമൊഴിച്ചു മുടി ഒന്ന് കുതിർക്കും. തലയിൽ, നനഞ്ഞ മുടിയിൽ, കത്രിക പാറി പാറി നടക്കും. വിദഗ്‌ധനായ ഒരു ശിൽപ്പിയെപ്പോലെ അപ്പു മുടിയിൽ വെട്ടി വെട്ടി കയറും. വെട്ടി വീണ മുടി ഇര  പുതച്ചിരിക്കുന്ന വെള്ള മുണ്ടിൽ മോഡേൺ ആർട്ട് വരക്കും. കത്രിക പ്രയോഗം കഴിഞ്ഞാൽ ഞങ്ങൾ മെഷീൻ കത്തിര (കത്രിക) എന്ന് വിളിക്കാറുള്ള ഉപകരണം എടുക്കും അപ്പു. ആധുനിക ട്രിമ്മറിന്റെ മുതുമുത്തച്ഛനാണ്‌ മെഷീൻ കത്തിര എന്ന് വേണമെങ്കിൽ പറയാം. പിൻകഴുത്തിൽ നിന്ന് മുകളിലേക്ക് അവൻ  വച്ചൊരു പ്രയോഗമുണ്ട് അപ്പുവിന്‌. കത്തിരയുടെ സമാന്തരമായുള്ള രണ്ടു കാലുകൾ ഞെക്കി ഞെക്കി വിട്ടു കൊണ്ടാണ് പ്രവർത്തനം. ചിലപ്പോൾ  അത് മുടി കടയോടെ പിഴുതെടുക്കും. പ്രാണൻ പോകുന്ന  വേദനയാണ് അപ്പോൾ. മെഷീൻ കത്തിര പ്രയോഗം കഴിഞ്ഞാൽ വെള്ളം ഒന്ന് കൂടി തളിച്ച് തലയാകമാനം ഒന്ന് ബലത്തിൽ അമർത്തി കയ്യോടിക്കും. പിന്നെ തലയ്ക്കു രണ്ടു കൊട്ട്, കഴുത്തിൽ മൂന്നു കൊട്ട്, അതാണ് കണക്ക്.  അതിനു ശേഷമാണ് കത്തിപ്പണി. നേരത്തെ മൂർച്ച കൂട്ടിയ കത്തി മടക്കു നിവർത്തും. വെട്ടിയ മുടിയിൽ ഭംഗിയായി അതിർത്തികളുണ്ടാക്കും. പിന്നിലോട്ടു മാറി നിന്നൊന്നു നോക്കും എല്ലാം പെർഫെക്റ്റ് അല്ലെ എന്ന്. തൃപ്‌തി ആയില്ലെങ്കിൽ പിന്നെയും ഒന്ന് കൂടി പണിയും. തലയിൽ കത്തി വെക്കുമ്പോൾ വെള്ളമാണ് ല്യൂബ്രിക്കന്റ്. പണി കഴിഞ്ഞാൽ മഞ്ഞ നിറത്തിലുള്ള ആലത്തിന്റെ കല്ലിട്ടൊരു ഉര ഉരക്കും. അതാണവസാനത്തെ സ്റ്റെപ്. പിന്നെ എഴുന്നേൽക്കാം.

മുത്തച്ഛന്റെ താടി വടിക്കുമ്പോൾ സോപ്പ് ഉപയോഗിക്കും. മുത്തച്ഛൻ ക്ലീൻ ഷേവാണ്. വട്ടത്തിലുള്ള  ഒരു സോപ്പ് പെട്ടിയിൽ  അതെ ആകൃതിയിൽ തന്നെ ഉള്ള ഒരു സോപ്പ്. പിടിയുള്ള ഷേവിങ്ങ് ബ്രഷ് എടുത്തു നന്നായി പതപ്പിക്കും. പെട്ടിയിൽ നിന്ന് ചതുരാകൃതിയിൽ മുറിച്ചു വെച്ചിരിക്കുന്ന പഴയ ന്യൂസ് പേപ്പറിന്റെ കഷ്‌ണങ്ങളിൽ ഒന്നെടുത്തു പുറത്തു വെക്കും. മുഖത്ത് സോപ്പ് ബ്രഷുപയോഗിച്ചു  അന്തസ്സായി പതപ്പിക്കും. പിന്നെ കത്തി വെച്ചൊരു പിടിത്തം. ഓരോ വടി കഴിയുമ്പോഴും കത്തിയിൽ പറ്റുന്ന സോപ്പും രോമങ്ങളും പേപ്പറിന്റെ കഷ്‌ണത്തിൽ തേച്ചു കൊണ്ടേ ഇരിക്കും അപ്പു. താടി വടി മുഴുവൻ ആവുമ്പോഴേക്കും പേപ്പർ കഷ്‌ണത്തിന്റെ നാല് ചുറ്റും ഈക്വൽ ഗ്യാപ്പിൽ  സോപ്പ് രോമ മിശ്രിതം ക്ലോക്കിലെ അക്കങ്ങൾ പോലെ ഇരിക്കുന്നത് കാണാം.

ആ ശനിയാഴ്ച്ച മുത്തച്ഛന്റെ മുടിവെട്ടു നടന്നു കൊണ്ടിരിക്കുകയാണ്. പടി കടന്നൊരു ധർമ്മക്കാരൻ  വരുന്നു. തല മുഴുവൻ ചെമ്പിച്ച ഏതാണ്ട് ജട പിടിച്ച പോലെയുള്ള മുടി. മീശയും താടിയും വല്ലാതെ വളർന്നിട്ടുണ്ട്. അവയും ചെമ്മണ്ണ് പറ്റിയപോലെ ചെമ്പിച്ചിരിക്കുന്നു. കുഴിയിൽ പോയ കണ്ണുകൾ… മുഷിഞ്ഞു  ചെളി പിടിച്ച മുറിക്കയ്യൻ ഷർട്ടും മുണ്ടും…  ചുക്കിച്ചുളിഞ്ഞ കോളർ… ഷർട്ടിന്റെ മുകളിലെ രണ്ടു മൂന്ന് ബട്ടൺ തുറന്നു കിടപ്പുണ്ട്.   മുണ്ടു മടക്കി കുത്തിയിരിക്കുന്നു. അതിനു താഴെ കത്തിയ വിറകു കൊള്ളികൾ പോലെ രണ്ടു കാലുകൾ… കയ്യുകളും ആ പരുവം തന്നെ… കുറച്ചുകൂടി ചെറുതാണെന്നേ ഉള്ളൂ.  ചെരുപ്പില്ല.

അപ്പുവിന്റെ സരസ സംഭാഷണങ്ങൾ കേട്ട് ഉമ്മറത്തെ ചവിട്ടുപടിയിൽ ഇരിന്നിരുന്ന ഞാൻ  എഴുന്നേറ്റ് പൈസ എടുക്കാൻ ഓടി. അപ്പുവിന്റെ തമാശകൾ ഒന്നും വിട്ടു പോകരുതല്ലോ …. അറയിൽ നിന്ന് പൈസ എടുത്തു തിരിച്ചു ഉമ്മറപ്പടിയിൽ എത്തിയപ്പോളേക്കും ധർമ്മക്കാരൻ  മുറ്റത്തെ തുളസിത്തറ വരെ എത്തിയിട്ടുണ്ട്. അപ്പു തൻ്റെ സംസാരം നിർത്തിയിരിക്കുന്നു. മുത്തച്ഛൻ കയ്യിലിരുന്ന പത്രം നിവർത്തിപ്പിടിച്ചിട്ടുണ്ട്. മുഖം കാണാനില്ല. സാധാരണ മുടി വെട്ടുമ്പോൾ പത്രവായന പതിവില്ല. നേരത്തെ വായിച്ചിരുന്ന പേപ്പർ മടക്കി കയ്യിൽ വെച്ചിരുന്നതാണ് നിവർത്തിപ്പിടിച്ചിരിക്കുന്നത്.

ധർമ്മക്കാരൻ തുളസിത്തറയുടെ അടുത്തെത്തിയപ്പോൾ വലത്തോട്ട് തിരിഞ്ഞു നേരെ വടക്കോട്ട്  കിണറിനടുത്തേക്കു നടന്നു. കിണറുകഴിഞ്ഞു പടിഞ്ഞാറോട്ടു തിരിഞ്ഞാൽ അടുക്കളത്തിണ്ണയും അടുക്കളയിൽ നിന്ന് പുറത്തോട്ടുള്ള വാതിലും വീടിൻ്റെ  വടക്കു വശത്തായി കാണാം… അന്ന് കിണറിനെ  മറയ്ക്കുന്ന  മതിലില്ല… വെളുപ്പിൽ നിന്നും ഇളം ചുവപ്പായി നിറം മാറുന്ന ചേഞ്ച് റോസും, മതിലിനോട് ചേർന്ന് വരിയായി നിന്നിരുന്ന നാലുമണിപ്പൂക്കളും, കോഴിവാലൻ  ചെടികളും ഇല്ല. കിഴക്കേപ്പുറത്തുനിന്ന് നേരെ നടന്ന് വടക്കുഭാഗത്തുള്ള അടുക്കളത്തിണ്ണയിലെത്താം.

കാശു വെച്ചു നീട്ടിയ എന്നെ ഗൗനിക്കാതെ  തല താഴ്ത്തിത്തന്നെ പിടിച്ചു അയാൾ വടക്കോട്ടു നടന്നു. അപ്പുവിന്റെ കണ്ണുകൾ അയാളെ പിന്തുടരുന്നുണ്ട്. മുത്തച്ഛനും ഇപ്പോൾ  പേപ്പർ താഴ്ത്തി പാളിനോക്കുന്നുണ്ട്.  കിണറിനടുത്തെത്താറായപ്പോൾ ഞാനും പിന്നാലെ ഓടി, കാര്യം എന്താണെന്നു അറിയണമല്ലോ…

അയാൾ കിണറ്റിനടുത്തുകൂടി അടുക്കളക്കടുത്തെത്തി ചെറുതായൊന്നു മുരടനക്കി. അടുക്കളയിൽ നിന്ന് അമ്മൂമ്മയുടെ സഹായി ശ്രീദേവിചേച്ചി തലപുറത്തിട്ടു നോക്കുന്നു. തല പുറത്തു വന്നതിന്റെ ഇരട്ടി വേഗത്തിൽ അകത്തേക്കു വലിഞ്ഞു. അടുക്കളക്കുള്ളിൽ നിന്നെന്തൊക്കെയോ കുശുകുശുപ്പുകൾ. അമ്മൂമ്മ പുറത്തു വന്നു. “ഓ… അപ്പു ആണോ.. കേറിഇരിക്കൂ …”. അമ്മുമ്മ തിരിച്ചു അടുക്കളക്കകത്തോട്ട് കയറിപ്പോയി.

എനിക്കാളെ പിടികിട്ടി. അപ്പേട്ട … മുത്തച്ഛന്റെ ഏറ്റവും താഴെയുള്ള  അനുജൻ. തളത്തിൽ അറയുടെ വടക്കുഭാഗത്തെ ചുവരിൽ തൂക്കിയിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ്  ചിത്രത്തിലെ ഏറ്റവും യോഗ്യനായ മനുഷ്യൻ. സഹോദരന്മാരോടും, ഏക സഹോദരിയോടും , അമ്മയുടെയും കൂടെ അപ്പേട്ടൻ നിൽക്കുന്ന പടം… അമ്മ പറഞ്ഞുതന്ന് എല്ലാവരെയും അറിയാം.  പിന്നിൽ നിൽക്കുന്നവരിൽ ഇടത്തെ അറ്റത്തു നിൽക്കുന്ന ഏറ്റവും ഇളയവനായ മാധവൻ എന്ന അപ്പേട്ടൻ. ഇടതൂർന്നു വളർന്ന മുടി പിന്നിലോട്ടു ചീകി വെച്ച കട്ട മീശക്കാരനായ അപ്പേട്ടൻ തിളങ്ങുന്ന കണ്ണുകളും കുസൃതിച്ചിരിയും തുടുത്ത  കവിളുകളുമുള്ള ഒരു സുമുഖനായിരുന്നു ആ  ചിത്രത്തിൽ. അമ്മക്കേറ്റവും ഇഷ്‌ടപ്പെട്ട കുഞ്ഞച്ഛൻ. അച്ഛന്റെ കൂട്ടുകാരൻ.  അച്ഛന്റെ പല്ലുകളിൽ  മുകൾ നിരയിലെ നടുവിലത്തെ ഒരു പല്ല്  ചെറുപ്പത്തിലേ തേഞ്ഞതായിരുന്നു. കല്യാണം നിശ്ചയിച്ചതിനു  ശേഷം അത് പറഞ്ഞു അപ്പേട്ടൻ അമ്മയെ കളിയാക്കുമായിരുന്നെന്ന് അമ്മ നാണത്തോടെ പറയാറുണ്ട്. “എടീ” എന്ന് വിളിച്ച്‌ ചൂണ്ടുവിരൽ സ്വന്തം പല്ലിന്റെ നേരെ കാണിച്ചു കണ്ണിറുക്കി ചിരിക്കുമത്രേ അപ്പേട്ടൻ…. അപ്പേട്ടൻ അത് പറയുമ്പോൾ അമ്മ നാണം കൊണ്ട് കൂമ്പുന്നത് ഞാൻ മനസ്സുകൊണ്ടു കാണാറുണ്ട്.

അമ്മൂമ്മ കൊടുത്ത കഞ്ഞി അടുക്കളത്തിണ്ണയിലിരുന്ന്  ഈർക്കിൽ കുത്തി ഭദ്രമാക്കിയ പ്ലാവിലകുമ്പിളിൽ കോരി അപ്പേട്ടൻ പതുക്കെ പതുക്കെ കുടിച്ചു. ഓർമ്മകളിൽ പരതുമ്പോൾ ആദ്യമായി അപ്പേട്ടനെ നേരിൽ കണ്ട ദിവസം അതായിരുന്നു. അമ്മയുടെ കുഞ്ഞച്ഛനെ എന്താണ് വിളിക്കേണ്ടതെന്നെനിക്കറിയില്ല. അമ്മയും അമ്മാവന്മാരും വിളിച്ചു കേട്ട പോലെ ഞങ്ങളും അപ്പേട്ടനെ അപ്പേട്ടൻ എന്ന് തന്നെ വിളിച്ചു.

വിഷാദരോഗത്തിൻ്റെ നീരാളിപ്പിടുത്തം സരസനും സുമുഖനും എന്തുകൊണ്ടും പരമയോഗ്യനും ആയ ഒരാളെ എങ്ങിനെയെല്ലാം അധഃപതനത്തിൽ എത്തിക്കാം എന്നതിന്റെ പരമോദാഹരണമായിരുന്നു ഞാനന്ന് കണ്ട അപ്പേട്ടന്റെ പ്രാകൃതരൂപം.

കഞ്ഞി കുടി കഴിഞ്ഞ അപ്പേട്ടൻ വന്നപോലെ തന്നെ ആർക്കും മുഖം കൊടുക്കാതെ തലകുനിച്ചു സാവധാനം നടന്നു മറഞ്ഞു. അപ്പു പറയുന്നുണ്ടായിരുന്നു കാവിൽ കിഴക്കേ നടയിലാണ് ഇപ്പോൾ ഇരുപ്പ് എന്നൊക്കെ. മുത്തച്ഛൻ അമർത്തിയൊന്നു മൂളിയെന്നു തോന്നുന്നു. കൊടുങ്ങല്ലൂരുകാർക്കു ഭഗവതിക്കാവും ചുറ്റുപാടും ജീവിതത്തിന്റെ പ്രധാനഭാഗമാണ്.

പിന്നീടെല്ലാം അമ്മുമ്മയുടെ കൂടെയോ മുത്തച്ഛന്റെ കൂടെയോ കാവിൽ പോകാനിടവരുകയാണെങ്കിൽ കിഴക്കേ നടയിൽ എത്തുമ്പോൾ എന്റെ കണ്ണുകൾ  അപ്പേട്ടനെ തപ്പാറുണ്ട്. പലപ്പോഴും ഒരു മുനിയെപ്പോലെ കൂനിക്കൂടി അപ്പേട്ടനിരിക്കുന്നുണ്ടാകും. ഒരു മയക്കത്തിലോ, ധ്യാനത്തിലോ അതോ മറ്റെന്തിലോ… വല്ലപ്പോഴും വീട്ടിൽ വരും… അമ്മുമ്മയുടെ കയ്യിൽ നിന്നെന്തെങ്കിലും വാങ്ങി കഴിച്ചു ഉടനെ പോകും. മുത്തച്ഛനോടൊന്നും മിണ്ടില്ല … നേരെ നോക്കുകയുമില്ല… അക്കാലത്ത് എന്റെ ഉള്ളിലെ  വല്ലാത്ത ഒരു നൊമ്പരമായിരുന്നു അപ്പേട്ടൻ.

മുത്തച്ഛന്റേയും നോവായിരിന്നു അപ്പേട്ടൻ… കാവിൽ തൊഴുതു തിരിയുമ്പോൾ കിഴക്കേ നടയിലെ നടപ്പുരയിൽ അപ്പേട്ടൻ കൂനിക്കൂടി ഇരിക്കുന്നത് മുത്തച്ഛൻ ഒളികണ്ണിട്ടു നോക്കുന്നതും കണ്ണ് തുടക്കുന്നതും ഞാൻ പലവട്ടം കണ്ടിട്ടുണ്ട്. അപ്പേട്ടൻ ആരെയെങ്കിലും മനപ്പൂർവം ബുദ്ധിമുട്ടിച്ചതായി ഞാൻ  കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല… ആരോടെങ്കിലും പൈസ ചോദിക്കുന്നതോ ആരെങ്കിലും കൊടുക്കുന്നതോ  ഞാൻ ഒരിക്കലും കണ്ടിട്ടില്ല.

അപ്പേട്ടൻ കിഴക്കേ നടപ്പുരയിൽ സ്ഥാനമുറപ്പിക്കാൻ തീരുമാനിച്ചത് എന്താവാം എന്ന്  ഞാൻ ആലോചിക്കാറുണ്ട്… ഒന്നാമതായി അവിടെ നിന്ന് ഇറങ്ങിപ്പോകാൻ ആരും പറയില്ല…. പറയാൻ ആർക്കും ആവില്ല എന്നതാണ് സത്യം. കടത്തിണ്ണയോ മറ്റോ ആണെങ്കിൽ നേരം വെളുത്താൽ സ്ഥലം കാലിയാക്കണം. ഇതാണെങ്കിൽ അത് വേണ്ട. രാവും പകലും അവിടെയിരിക്കാം. വടക്കേ നടയെ അപേക്ഷിച്ച്   കിഴക്കേ നടയിൽ ഒട്ടും തിരക്കില്ല. മറ്റു പ്രാഥമിക കൃത്യങ്ങൾക്കായി ചാലിയക്കുളവും പരിസരങ്ങളുമുണ്ട്. ഒരു പക്ഷെ അമ്പലത്തിൽ നിന്ന് ഭക്ഷണവും അത്യാവശ്യം കിട്ടാറുണ്ടാവണം. ആരും മിണ്ടാത്തവനും ആരോടും മിണ്ടാത്തവനുമായ അപ്പേട്ടന് രാത്രി മിണ്ടാനും പറയാനും കൊടുങ്ങല്ലൂരമ്മയുടെ ഭൂതഗണങ്ങൾ ഉണ്ടാവുമായിരിക്കും എന്ന്   ഞാനന്ന്  വിചാരിക്കാറുണ്ട്.

അപ്പേട്ടൻ അടിയുറച്ച സഖാവായിരിന്നു എന്നത് അച്ഛൻ പറഞ്ഞറിയാം. മാത്രമല്ല, എണ്ണം പറഞ്ഞ കായിക താരം… മിടുമിടുക്കനായ ഫുട്ബോളർ… അപ്പേട്ടൻ ബാക്ക് പൊസിഷൻ  എടുത്താൽ ഗോൾ പോസ്റ്റിൽ ബോൾ എത്തിക്കാൻ എതിർ ടീമിനു പറ്റില്ലെന്നത് അച്ഛന്റെ സാക്ഷ്യം. നല്ല ഒരു അഭിനേതാവുമായിരുന്നുവത്രേ… പാർട്ടി നാടകവേദികളിൽ സജീവ സാനിദ്ധ്യം. അപ്പേട്ടന് മിലിറ്ററിയിൽ ജോലി കിട്ടിയതായിരുന്നു. അധികം നീണ്ടുനിന്നില്ലെന്നു മാത്രം.  മറ്റുള്ളവരുടെ ഭാഷയിൽ പറഞ്ഞാൽ കമ്മ്യൂണിസ്റ്റ്  കളിച്ചു ജോലി കളഞ്ഞു. തിരിച്ചു നാട്ടിലെത്തിയ അപ്പേട്ടന് ചേട്ടന്മാർ എല്ലാവരും കൂടി ഒരു തുണിക്കട ഇട്ടു കൊടുത്തു. ശ്രീകാളീശ്വരി തീയേറ്ററിന്റെ എതിർവശത്തായിരുന്നു ആ തുണിക്കട. കൂട്ടുകാരെ വിശ്വസിച്ചു കട ഏൽപ്പിച്ചു അപ്പേട്ടൻ പതിവ് പോലെ പാർട്ടി പ്രവർത്തനത്തിനും ഫുട്ബോൾ കളിക്കും പോകും. കടയുടെ സ്ഥിതി എന്തായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

തുടരെ തുടരെ ഉള്ള പരാജയങ്ങൾ അപ്പേട്ടനെ മറ്റുള്ളവരുടെ അവഗണനക്കിടയാക്കിക്കാണണം . താമസിയാതെ വിഷാദ രോഗം അപ്പേട്ടന് മേൽ പിടിയമർത്തി. എല്ലാം നഷ്‌ടപ്പെട്ടപ്പോൾ കരച്ചിലിലിൽ തുടങ്ങിയ വിഷാദ രോഗം പിന്നീടപ്പേട്ടനെ പൂർണ്ണമായി കീഴടക്കിയതായി എല്ലാവരും അറിഞ്ഞത് അപ്പേട്ടൻ സ്വന്തം അമ്മയുടെ  വലിയ  ചിത്രം കാവിലെ ആലിന്മേൽ ആണിയടിച്ചു തൂക്കിയപ്പോഴായിരുന്നു. തിരിച്ചു വരാൻ  പറ്റാത്തതിനുമകലത്തേക്ക്   അപ്പേട്ടൻ എത്തിയെന്നതൊരു നടുക്കത്തോടെ  മറ്റുള്ളവർ തിരിച്ചറിഞ്ഞു കാണണം.

ചിതൽ കയറിയ മരമോ പുഴുക്കുത്തേറ്റ ഇലയോ ഒക്കെ ആയി അപ്പേട്ടൻ മാറി എന്നു വേണമെങ്കിൽ പറയാം. ചിതൽ തിന്ന മരം വെട്ടിപ്പോകണം. പുഴുക്കുത്തേറ്റ ഇലയും പറിച്ചു കളയപ്പെടും. അത് ലോകനിയമമാണ്. മറ്റുള്ളവർക്ക് അതിൽ പരിമിതികളുണ്ട് . ആരെയും അതിൽ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

എനിക്കും അപ്പേട്ടനും ഇടയിൽ ഞങ്ങൾ രണ്ടു പേർക്കും മാത്രം അറിയാമായിരുന്ന ഒരു രഹസ്യമുണ്ടായിരുന്നു. ഒരിടവപ്പാതിയിൽ വീട്ടിൽ നിന്ന് പെരുമഴയത്ത് കിടു കിടാ വിറച്ചുകൊണ്ട് അപ്പേട്ടൻ ഇറങ്ങിപ്പോകുന്നതു കണ്ടപ്പോൾ സങ്കടം വന്നിട്ട്  ഞാനെന്റെ പച്ചപ്പിടിയുള്ള കുടയെടുത്ത്  അപ്പേട്ടന് കൊടുത്തു. എന്തുകൊണ്ടോ വീട്ടിൽ സത്യം പറയാൻ എനിക്കന്നു തോന്നിയതുമില്ല. ഒരു കൂട്ടുകാരന് കടം കൊടുത്തതെന്ന് കള്ളം പറഞ്ഞു തത്ക്കാലം ഒഴിഞ്ഞു. മറക്കാതെ തിരിച്ചു വാങ്ങിക്കാൻ സുഗ്രീവാജ്ഞയും കിട്ടി. കുറച്ചു കാലം ഒഴിഞ്ഞു മാറി നടന്നെങ്കിലും എനിക്കത് അപ്പേട്ടന്റെ കയ്യിൽ നിന്ന് തിരിച്ചു വാങ്ങിക്കേണ്ടതായിത്തന്നെ വന്നു. നരച്ച കറുത്ത മുണ്ടുടുത്ത്, അങ്ങേയറ്റം മുഴിഞ്ഞ ബട്ടണുകൾ പോയ ഒരു  കറുത്ത ഷർട്ടുമിട്ടു രണ്ടു കയ്യുകളും എല്ലുപോലുള്ള തുടകൾക്കടിയിൽ തിരുകി കൂനിക്കൂടി കാവിൽ കിഴക്കേ നടപ്പുരയിൽ ഇരുന്നിരുന്ന അപ്പേട്ടനോട് വളരെ വിഷമത്തോടെ ഞാനാ കുട തിരിച്ചു ചോദിച്ചു. കുണ്ടിൽ പോയ മഞ്ഞ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു, ശ്വാസം വളരെ പ്രയാസപ്പെട്ടു വലിച്ചു വിട്ടു അപ്പേട്ടൻ ദീനമായി ഒന്ന് മൂളി. ശരിയെന്ന അർത്ഥത്തിൽ.

മഞ്ഞും മഴയും വെയിലും ഏറ്റുള്ള നടപ്പും ഭക്ഷണക്കുറവും അപ്പേട്ടനെ ഒരു നിത്യ രോഗിയാക്കി. കൂനിന്മേൽ കുരുവെന്നല്ല, വ്രണങ്ങൾ പോലെ ക്ഷയവും മറ്റു രോഗങ്ങളും അപ്പേട്ടന്റെ സന്തതസഹചാരികളായി മാറി. മുത്തച്ഛനെല്ലാം കൂടി അപ്പേട്ടനെ ആശുപത്രിയിൽ ആക്കിയെങ്കിലും കുറച്ചു ദിവസങ്ങൾക്കു ശേഷം അവിടുന്നും മടക്കി. വാടിയ ചേമ്പും തണ്ടു പോലെ തളർന്നു മടങ്ങിക്കിടക്കുന്ന അപ്പേട്ടനെയും പൊക്കിയെടുത്തു മുത്തച്ഛനും കൂട്ടരും വീട്ടിൽ വന്നു കയറിയ ആ സന്ധ്യാ സമയം ഞാൻ ഇപ്പോഴും ഓർക്കുന്നു. പടിഞ്ഞാറേ മുറി എന്ന് ഞങ്ങൾ വിളിച്ചിരുന്ന ഞങ്ങളുടെ ഔട്ട് ഹൗസിൽ അപ്പേട്ടൻ രണ്ടു മൂന്ന് ദിവസ്സം വലിച്ചു കിടന്നു. പിന്നീട് അപ്പേട്ടനെ സഹോദരിയുടെ വീട്ടിലേക്കു മാറ്റി. അവിടെ  കിടന്നായിരുന്നു അപ്പേട്ടന്റെ അവസാന ശ്വാസം.

ജഡം പട്ടടയിലേക്കെടുക്കുമ്പോൾ അന്ന് സന്ധ്യ മയങ്ങിയിരുന്നു. കോടിമുണ്ടിൽ പൊതിഞ്ഞു കെട്ടിയ ആ അസ്ഥിപഞ്ജരം ചിതയിലേക്കെടുത്തു കൊണ്ടുപോകുന്നതു നോക്കി  ഇളംതിണ്ണയിൽ നിന്നിരുന്ന എന്റെ ചെവിയിൽ  തലേ  ദിവസം കണ്ട നഖങ്ങൾ സിനിമയിലെ “നക്ഷത്രങ്ങളേ സാക്ഷി… നവഗ്രഹങ്ങളേ സാക്ഷി…. യാത്രയായി.. അന്ത്യയാത്രയായി.. ഈ യാഗഭൂമിയിലെ രക്‌തസാക്ഷി..” എന്ന പാട്ട് മുഴങ്ങുന്നുണ്ടായിരുന്നു. മനസ്സിൽ മുഷ്‌ടി ചുരുട്ടിവായുവിലേക്കെറിഞ്ഞ് രാഘവന്റെ കഥാപാത്രം യേശുദാസ് ഉച്ചത്തിൽ ചോദിക്കുന്നുണ്ടായിരുന്നു,  “ഈ നീതിമാൻറെ രക്‌തത്തിൽ നിങ്ങൾക്കു പങ്കില്ലേ……”. മറ്റുള്ളവർ ഏറ്റുപാടുന്നു.. “പങ്കില്ലേ … പങ്കില്ലേ”.   ചെവിയിലത് ഇപ്പോഴും പ്രകമ്പനം കൊള്ളുന്നു…

3 Comments
 1. G.Muraligopal 4 months ago

  Those times we neglect , and do not accept depression as a disease ,
  touching indeed ,ideology and practicality are two parallels.The leaders are efficient to run the lines in parallel .The history has many such disciple characters who tried hard to make them meet and failed .For them the journey become a non returnable death trap .
  Well portrayed

 2. Nandakumar 4 months ago

  Fantastic narration. The characters were so well portrayed that all of them still stay in front of me. I am able to see the expanded version in a bigger screen connecting my childhood memories to it.
  Hats off to the writter.

 3. Devaraj 4 months ago

  Very nice article. touching. You have a bright future in malayalam literature.
  Keep writing. All the best wishes

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account