പെണ്ണുകാണൽ ദിവസം തന്നെ നിലീന പ്രദീപിനെ ശ്രദ്ധിച്ചിരുന്നു. ആകെ ഒരു പന്തികേട്. തന്നോട് തനിച്ചു സംസാരിച്ചപ്പോൾ പോലും പലതും ഓർത്തെടുക്കാൻ ബുദ്ധിമുട്ടുന്നതുപോലെ. മുഖത്ത് നോക്കാതെയായിരുന്നു സംസാരിച്ചിരുന്നത്. നിലീനക്ക് ഒരു അസ്വസ്ഥത തോന്നിയിരുന്നു. ഇക്കാര്യം വീട്ടുകാരോട് പറയുകയുമുണ്ടായി. എന്നാൽ അവരുടെ നോട്ടത്തിൽ അതത്ര ഗുരുതരമായിരുന്നില്ല. ആവശ്യത്തിന് സാമ്പത്തിക ഭദ്രത ഉണ്ടായിരുന്ന കുടുംബമായിരുന്നു പ്രദീപിന്റേത്. പോരാത്തതിന് കാണുവാൻ സുമുഖനും. ബിരുദം പൂർത്തീകരിച്ചിരുന്നില്ല എന്നത് ഒരു പോരായ്‌മയായി നിലീനയുടെ വീട്ടുകാർ കണ്ടതുമില്ല. അവർ കാര്യമായ സ്‌ത്രീധനം ചോദിച്ചിരുന്നില്ല  എന്നതും, നിലീനയ്ക്കു താഴെ രണ്ടു പെൺകുട്ടികൾ കൂടിയുണ്ടെന്നതും പ്രദീപുമായുള്ള വിവാഹത്തിന്റെ സാധ്യതകൾ കൂട്ടുകയായിരുന്നു.

ഒരു വിധം കേമമായി തന്നെയായിരുന്നു അവരുടെ വിവാഹം. ആവശ്യത്തിന് പണവും പൊന്നുമെല്ലാം നൽകിത്തന്നെയായിരുന്നു നിലീനയെ വീട്ടുകാർ ഭർതൃഗൃഹത്തിലേക്കയച്ചത്. അവിടെയും നിലീനക്ക് നല്ലൊരു സ്വീകരണമായിരുന്നു ലഭിച്ചത്. പ്രദീപിന്റെ പ്രതികരണങ്ങൾ ചിലസമയങ്ങളിലെല്ലാം നിലീനയെ വിഷമിപ്പിച്ചിരുന്നെങ്കിലും വലിയ പ്രശ്‌നങ്ങൾ ഇല്ലാതെ മാസങ്ങൾ കടന്നു പോയി. പ്രദീപിന് സുഹൃത്തുക്കൾ ആരും തന്നെയില്ലായിരുന്നു. മിക്കവാറും മുറിയിൽ വെറുതെയിരിക്കുവാൻ ആയിരുന്നു താത്‌പര്യം. പ്രദീപ് ചിരിക്കുന്നത് ഒരിക്കൽ പോലും നിലീന കണ്ടിട്ടുണ്ടായിരുന്നില്ല. സന്തോഷിക്കുവാനോ, സങ്കടപ്പെടുവാനോ ഒരു മനസ്സില്ലാത്തയാളാണ് പ്രദീപെന്ന് അവൾക്ക് തോന്നിയിരുന്നു. അത് അയാളുടെ സ്വഭാവത്തിന്റെ ഒരു പ്രത്യേകതയായി അവൾക്ക് തോന്നി. അതുമായി പൊരുത്തപ്പെടുവാനും അവൾ ശീലിച്ചു തുടങ്ങി.

നിലീന ഗർഭിണിയാണെന്നറിഞ്ഞപ്പോഴും പ്രദീപിൽ യാതൊരു വികാരഭേദവുമുണ്ടായില്ല എന്നത് അവൾക്ക് വേദനാജനകമായിരുന്നു. എങ്കിലും വീട്ടുകാരുടെയെല്ലാം സന്തോഷത്തിൽ അവൾ അതും വിസ്‌മരിക്കുകയായിരുന്നു. എന്നാൽ പൊടുന്നനെ ആയിരുന്നു പ്രദീപ് അതിക്രൂരമായ ഒരു കാര്യം അവളോടാവശ്യപ്പെട്ടത്. എത്രയും പെട്ടെന്ന് ഗർഭഛിദ്രം നടത്തണം. ആ ആവശ്യത്തിനുമുൻപിൽ അവൾ മാത്രമല്ല, അവന്റേയും അവളുടെയും വീട്ടുകാർ കൂടി പകച്ചു പോയി.  അതെന്റെ കുട്ടിയല്ല, മറ്റാരുടേതോ ആണെന്നായിരുന്നു അവന്റെ മറുപടി. നിർവികാരമായിരുന്നു അവൻ അത് പറഞ്ഞതെങ്കിലും അവന്റെ ആവശ്യത്തിന് മാറ്റമില്ലായിരുന്നു. അവനോടു ഏതോ അശരീരി പറയുന്നു എന്നാണ് വാദം. അത് ദൈവത്തിന്റെ വാക്കുകളാണത്രേ. പലദിവസങ്ങളിലും ആരൊക്കെയോ അവനോടിതു പറയുന്നു. ഗർഭഛിദ്രം എത്രയും വേഗം നടത്തണമെന്നവർ വാശിപിടിക്കുന്നു. അവനവർ സ്വൈര്യം കൊടുക്കുന്നില്ലത്രെ.

നിലീനയിൽ ഉത്തമ വിശ്വാസമുണ്ടായിരുന്നു പ്രദീപിന്റെ മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും. അങ്ങനെയാണ് അവർ പ്രദീപിന് എന്തോ പ്രശ്‌നമുണ്ടെന്ന് ഊഹിക്കുന്നതും ചികിത്‌സക്കായി കൊണ്ടുവരുന്നതും. ഇതിനു മുൻപ് ഒരു തവണ പ്രതീപ് ഒരു മാനസിക രോഗ കേന്ദ്രത്തിൽ നിന്നും ചികിത്‌സ തേടിയിരുന്നു. ബിരുദം ഒന്നാം വർഷം പഠിക്കുമ്പോൾ ആയിരുന്നു അത്. തനിയെ സംസാരിക്കുക, കയർത്തു സംസാരിക്കുക, തുടങ്ങിയവ ആയിരുന്നു അന്നത്തെ പ്രശ്‌നങ്ങൾ. ആരോ മുൻപിലുണ്ടെന്ന പോലെയായിരുന്നു സംസാരം. അന്നൊരു മാനസിക രോഗ വിദഗ്‌ധനെ സമീപിക്കുകയും അദ്ദേഹം ചില മരുന്നുകൾ കുറിച്ചു കൊടുക്കുകയും ചെയ്‌തിരുന്നുവത്രെ. കുറച്ചു നാളുകൾക്കു ശേഷം അത്തരം സംസാരം ഇല്ലാതായിരുന്നു. അതൊരു രോഗമായി കണക്കാക്കാതെ അവന്റെ സ്വഭാവ രീതിയായി കാണുകയായിരുന്നു അവന്റെ മാതാപിതാക്കൾ. തുടർചികിത്‌സ നടത്തുന്നതിനും അവർ അന്ന് തയ്യാറായിരുന്നില്ല.

രോഗലക്ഷണങ്ങളിൽ നിന്നും സ്‌കിസോഫ്രേനിയ എന്ന ഗുരുതരമായ മാനസിക രോഗത്തിനടിമയാണ് പ്രദീപ് എന്നു മനസ്സിലായി. തലച്ചോറിലെ ചില രാസവസ്‌തുക്കളുടെ പ്രവർത്തന വൈകല്യമാണിതിന്റെ പുറകിലെന്നും, കൃത്യമായി മരുന്നുകൾ കഴിച്ചാൽ മാത്രമേ രോഗശാന്തി സാധ്യമാകൂ എന്നും, എന്റെ ചികിത്‌സാരീതിയായ ഹോമിയോപ്പതിയിൽ ഇത് വളരെ നല്ല രീതിയിൽ പരിഹരിക്കുവാനുള്ള മരുന്നുകളുണ്ടെന്നും കൂടെയുണ്ടായിരുന്നവരെ പറഞ്ഞു മനസ്സിലാക്കി.

പല മാനസിക രോഗങ്ങളും ഇങ്ങനെയാണ്. രോഗത്തെ അവരുടെ സ്വഭാവമായി പലരും തെറ്റിദ്ധരിക്കപ്പെടുന്നു എന്നത്, ചികിത്‌സ വൈകുവാനോ ലഭ്യമാകാതിരിക്കുന്നതിനോ കാരണമാകുന്നു. മരുന്നുകൾ, കൗൺസിലിങ്, സൈക്കോതെറാപ്പികൾ തുടങ്ങിയവ വഴി പൂർണ്ണമായും പരിഹരിക്കുവാൻ കഴിയുന്നതാണ് മിക്ക മാനസിക രോഗങ്ങളും. സ്വഭാവത്തിലുണ്ടാകുന്ന ഏതൊരു മാറ്റവും രോഗത്തിന്റെ ലക്ഷണങ്ങളാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഒരു മനഃശാസ്ത്രജ്ഞനെയോ, മനോരോഗ ചികിത്‌സകനെയോ സമീപിക്കുക എന്നത് അപമാനമായി കാണേണ്ടതില്ല. മറ്റേതു രോഗങ്ങളും പോലെ ഇതും ഒരു രോഗം മാത്രമാണ്.

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

4 Comments
  1. John 3 weeks ago

    പ്രദീപിന്റെ അസുഖം പൂർണമായും ഭേദമായെന്നു കരുതുന്നു. പലപ്പോഴും തക്ക സമയത്തുള്ള ചികിൽസയുടെ അഭാവമാണ് ഇത്തരം അസുഖങ്ങളെ വഷളാക്കുന്നത്.

  2. Vishwanath 3 weeks ago

    മറ്റേതു രോഗങ്ങളും പോലെ ഇതും ഒരു രോഗം മാത്രമാണ്. True. But need to spread awareness.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account