അമിതമായ ദേഷ്യം, അനുസരണമില്ലായ്‌മ ഇവയായിരുന്നു സൗമ്യയുടെ പ്രശ്‌നങ്ങളായി അവളുടെ അമ്മ എന്നോട് പറഞ്ഞത്. ഞാൻ സൗമ്യയെ ആകെയൊന്ന് വിലയിരുത്തുവാൻ ശ്രമിച്ചു. ഇരുപത്തിയൊന്നു വയസ്സ് പ്രായമുള്ള ഒരു വെളുത്ത സുന്ദരി. എനിക്ക് മുഖം തരാതെയുള്ള ഇരുപ്പ്. പേരുപോലെതന്നെ സൗമ്യ ആയിരുന്നു അവൾ, ഏതാനും വർഷങ്ങൾ മുൻപ് വരെ. ഉച്ചത്തിൽ വർത്തമാനം പറയുകപോലും ചെയ്യാത്ത ഒരു കുട്ടി. പെട്ടെന്നായിരുന്നു അവളുടെ സ്വഭാവം മാറി മറിഞ്ഞത്. എന്തിനുമേതിനും കലഹം. അടുത്തകാലത്ത് ആരോ പറഞ്ഞപ്പോഴാണ് ഇതൊരു രോഗമായിരിക്കാം എന്നവളുടെ അമ്മ ചിന്തിച്ചത്. അങ്ങനെയാണ് എന്നെ കാണുവാനെത്തിയതും.

അച്ഛനില്ലാത്ത ഒരു ബാല്യവും കൗമാരവുമായിരുന്നു അവളുടേത്‌. അച്ഛൻ അവരെവിട്ട് മറ്റെവിടേക്കോ പോയതാണത്രേ. ഇതുവരെയും തിരിച്ചുവന്നിട്ടില്ല. അച്ഛന്റെ അഭാവത്തിൽ സാധുവായ അമ്മ വളരെ കഷ്‌ടപ്പെട്ടാണ് അവളെ വളർത്തിയിരുന്നത്. അമ്മയും മകളും പരസ്‌പര വിശ്വാസത്തിലും സ്‌നേഹത്തിലുമായിരുന്നു ജീവിച്ചിരുന്നത്. ബാല്യത്തിൽ അച്ഛൻ നഷ്‌ടപ്പെട്ടതൊഴികെ മറ്റൊരു പ്രശ്‌നങ്ങളും സൗമ്യയുടെ ജീവിതത്തിൽ കണ്ടെത്താൻ എനിക്ക് കഴിഞ്ഞതുമില്ല. എന്റെ ചോദ്യങ്ങളോട് സൗമ്യ നിസ്സഹകരണമായിരുന്നു പ്രകടിപ്പിച്ചിരുന്നത്. മിക്ക ചോദ്യങ്ങൾക്കും അമ്മയിൽ നിന്നായിരുന്നു എനിക്ക് മറുപടി ലഭിച്ചിരുന്നത്.

അവരുടെ ജീവിതമെല്ലാം ഒരുവിധം അമ്മയിൽ നിന്നും മനസ്സിലാക്കിയെങ്കിലും, സൗമ്യയിൽ വന്ന മാറ്റത്തിന്റെ കാരണം എനിക്ക് അൽപ്പം പോലും ഊഹിക്കുവാൻ കഴിഞ്ഞില്ല. ഏതാണ്ട് മൂന്നു വർഷങ്ങൾ മാത്രമാണ് അവൾ ഇത്തരത്തിൽ പെരുമാറുന്നത്. മൂന്നു വർഷങ്ങൾക്കു മുൻപ് എന്ത് സംഭവിച്ചു എന്നതിന് അമ്മയ്ക്ക് വ്യക്‌തമായ ഒരുത്തരമുണ്ടായിരുന്നില്ല. അമ്മയുടെ അറിവിൽ ഇതിനു തക്ക സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. സൗമ്യയാകട്ടെ അവളുടെ പ്രശ്‌നങ്ങൾ എന്റെ മുൻപിൽ അവതരിപ്പിക്കുന്നതിൽ വിമുഖയുമായിരുന്നു.

പലപ്പോഴും എന്റെ അനുഭവങ്ങൾ ഇങ്ങനെയൊക്കെത്തന്നെയായിരിക്കും. എന്റെ മുന്നിലെത്തിക്കുന്ന  രോഗികൾ, പ്രത്യേകിച്ചും സ്‌ത്രീകൾ, സംശയാലുക്കളായിരിക്കും. ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കരുത് എന്ന് തീർച്ചയില്ലാത്ത ഒരവസ്ഥ. വിശ്വാസം വരുന്നത് വരെ ഇവർ ഡോക്റ്റർമാരോടായാലും എല്ലാ പ്രശ്‌നങ്ങളും തുറന്നു പറയുവാൻ സാധ്യത കുറവ് തന്നെയാണ്. മറ്റൊരു അവസരത്തിനുവേണ്ടി കാത്തിരിക്കുക എന്നത് തന്നെയായാണ് കൂടുതൽ ഫലപ്രദം എന്ന് തന്നെയാണ് എന്റെ പൂർവകാല അനുഭവങ്ങൾ. അതുകൊണ്ട് കൂടുതൽ ചോദിച്ച്‌ സൗമ്യയെ മാനസിക സമ്മർദ്ദത്തിലാക്കാതെ, മാനസിക സമ്മർദ്ദം കുറക്കുന്നതിനുള്ള മരുന്നുകൾ മാത്രം നൽകി അവളെ യാത്രയാക്കി.

അടുത്ത മാസം കൃത്യ ദിവസം തന്നെ അവർ വീണ്ടുമെത്തി. ചില വ്യത്യാസങ്ങൾ, പ്രത്യേകിച്ചും ദേഷ്യത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടെന്ന് അവളുടെ അമ്മ അറിയിച്ചു. ഇത്തവണയും സൗമ്യയുടെ എന്നോടുള്ള മനോഭാവത്തിൽ കാര്യമായ വ്യത്യാസങ്ങളുണ്ടായിരുന്നില്ല. എന്നിരിക്കിലും ഇടക്കെല്ലാം അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു. വീണ്ടും ചില മരുന്നുകളുമായി അവരെ അയക്കേണ്ടി വന്നു. ഇത് ഏറെക്കുറെ മൂന്നു നാല് മാസങ്ങൾ തുടർന്നു. തുടർച്ചയായ പരിചയം കൊണ്ടാവാം അവൾക്കു എന്നോടുള്ള അനിഷ്‌ടത്തിൽ കാര്യമായ കുറവ് കാണുന്നുണ്ടായിരുന്നു.

കിട്ടിയ അവസരത്തിൽ അവളുടെ യഥാർത്ഥ പ്രശ്‌നത്തിലേക്ക് കടക്കുവാൻ തന്നെ ഞാനും തീരുമാനിച്ചു. വളരെയധികം ചുഴിഞ്ഞന്വേഷിച്ചിട്ടും കൂടുതലായൊന്നും പറയുവാൻ അവൾക്കോ അമ്മയ്‌ക്കോ കഴിഞ്ഞില്ല. എന്നാൽ അവർ എന്റെ ചോദ്യങ്ങൾക്കു നിസ്സാരമെന്നവണ്ണം സൂചിപ്പിച്ച ഒരു സംഭവം എന്നെ വല്ലാതെ സ്‌പർശിച്ചു.

അന്ന് സൗമ്യ പ്ലസ് 2 വിദ്യാർത്ഥിയായിരുന്നു. ബസ്സിന്റെ തിരക്കിൽ വച്ച് ആരോ ഒരാൾ  അവളുടെ മാറിടത്തിൽ അമർത്തുകയുണ്ടായി. അയാളെ എതിർക്കണമെന്ന് അവൾക്കു അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ശബ്‌ദം പോലും തൊണ്ടയിൽ കുടുങ്ങിയ അവസ്ഥയായിരുന്നു അവൾക്കപ്പോൾ. എതിർക്കുവാനോ പ്രതികരിക്കുവാനോ അവൾ അശക്‌തയായിരുന്നു. കുറച്ചു സമയങ്ങളോളം അവൾക്കത് സഹിക്കേണ്ടതായി വന്നു. ആകെ അപമാനിതയായി ആയിരുന്നു അവൾ വീട്ടിലെത്തിയത്.

ഒരു പൊട്ടിക്കരച്ചിലിലൂടെയാണ് അവൾ നടന്ന സംഭവം അമ്മയോട് പറഞ്ഞത്. എന്നാൽ അവൾ പ്രതീക്ഷിച്ച ഒരു പ്രതികരണം ആയിരുന്നില്ല അമ്മയിൽ നിന്നും ഉണ്ടായത്. എന്തെങ്കിലും രീതിയിൽ ഇതിനോട് പ്രതികരിക്കുവാൻ തനിക്കു കഴിയില്ലെന്ന നിരാശയായിരിക്കാം അമ്മയെക്കൊണ്ടിങ്ങനെ ഒരു മറുപടി പറയിപ്പിച്ചത്. ‘നിന്റെ സ്വഭാവം കൊണ്ടായിരിക്കും അയാളങ്ങനെ ചെയ്തത്’. ഒരുപക്ഷെ മകളെ എങ്ങനെ സമാധാനിപ്പിക്കണം എന്നവർക്ക് കൃത്യമായ ബോധ്യവുമില്ലായിരുന്നിരിക്കണം. എന്നാൽ ഈ മറുപടി അവൾക്ക് കടുത്ത ആഘാതമായിരുന്നു കൊടുത്തത്. തന്റെ അമ്മ പോലും തന്നെയിത്ര മോശക്കാരിയായി കാണുന്നു എന്ന തോന്നൽ അവളുടെ സുരക്ഷിത ചിന്തകളെ ആകെ തുരങ്കം വയ്‌ക്കുന്നതായിരുന്നു. അന്നവളുടെ മനസ്സിനേറ്റ രണ്ടാമത്തെ ആഘാതവും.

പെൺകുട്ടികൾ ഉറക്കെ സംസാരിക്കുവാൻ പാടില്ല, ഉറക്കെ ചിരിക്കുവാൻ പാടില്ല, ഉറക്കെ കരയുവാൻ പാടില്ല എന്ന് കരുതുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധി ആയിരുന്നു അവളുടെ അമ്മയും. ഭർത്താവില്ലാത്ത ഒരു പെൺകുട്ടിയെ വളർത്തുന്നതിന്റെ ഭയവും ഇതിനു പിന്നിലുണ്ടാകാം. ഇങ്ങനെ വളരുന്ന കുട്ടികൾക്ക് പ്രതിസന്ധിഘട്ടങ്ങളിൽ പ്രതികരിക്കുക നന്നേ പ്രയാസമായിരിക്കുമല്ലോ!

അമ്മയിൽ നിന്നും ലഭിക്കേണ്ട സുരക്ഷിതത്വത്തിന്റെ കുറവും, അമ്മയുടെ ഇത്തരത്തിലുള്ള പ്രതികരണവുമാകാം യഥാർത്ഥ അപമാനത്തിലേറെ അവളുടെ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടാകുക. അതിൽ നിന്നും ഉടലെടുത്ത ഒരു നിഷേധാത്‌മക സ്വഭാവം ആയിരിക്കും അവളെ ഇത്തരത്തിലുള്ള അവസ്ഥയിൽ എത്തിച്ചിട്ടുണ്ടാകുക.

നമ്മുടെ പെൺകുട്ടികൾ ഉറക്കെ ശബ്‌ദമുണ്ടാക്കട്ടെ, ഉറക്കെ ഉറക്കെ ചിരിക്കട്ടെ, കരയട്ടെ. അവർക്കു നമ്മൾ പകർന്നു നൽകേണ്ടത് ധൈര്യമാണ്. അരുത് എന്നാക്രോശിക്കുവാനുള്ള വിവേകമാണ്. അവർ ആൺകുട്ടികൾക്കൊപ്പം നിൽക്കേണ്ടവരാണ്.

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

6 Comments
 1. Prakash 2 years ago

  Story with a good message…

 2. Prema 2 years ago

  നമ്മുടെ പെൺകുട്ടികൾ ഉറക്കെ ശബ്‌ദമുണ്ടാക്കട്ടെ….

  വളരെ നല്ല സന്ദേശം

 3. ഡോ.ബിജു.കെ.പി. 2 years ago

  ജീവിതാനുഭവങ്ങൾ
  നല്ല എഴുത്തുകാരെ സൃഷ്ടിക്കുന്നു!

  എഴുത്തുകാരാ .. നല്ലൊരു സൃഷ്ടിക്ക് അഭിനന്ദനങ്ങൾ

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account