രണ്ടു മാസത്തെ അവധിക്കാലമാരംഭിക്കുകയായി. കടുത്ത വേനലും.

അങ്ങനെ പരീക്ഷകളെല്ലാം ഓരോന്നായി തീർന്നുകൊണ്ടിരിക്കുന്നു. സത്യത്തിൽ ഞങ്ങൾക്ക് മൂന്നുമാസക്കാലമാണ് അവധി. മാർച്ച് ആദ്യമേ പരീക്ഷ തുടങ്ങും, എന്നിട്ട് മാർച്ച് അവസാനമാണ് തീരുക. ഈ ഒരു മാസം ടെൻഷനും, ഭയവും, മടുപ്പും നിറഞ്ഞതാണ്. ഇടയ്ക്കിടെ  ഒരുപാട് അവധികളും. എന്തായാലും മാർച്ച് കഴിഞ്ഞാൽ പിന്നങ്ങോട്ടുള്ള റിലാക്‌സേഷൻ രണ്ടു മാസക്കാലത്തെ അവധിയാണ്. സകല നിബന്ധനകളിൽ നിന്നും, ബന്ധനങ്ങളിൽ നിന്നുംമോചിതരാകുകയാണ് അപ്പോൾ. പത്ത് മാസത്തെ തടവിനു ശേഷം, അത്യാനന്ദത്തിന്റെ, ഉന്മാദത്തിന്റെ, അർമാദത്തിന്റെ രണ്ടുമാസ പരോളിലേക്കിറങ്ങുകയാണ് വിദ്യാർത്ഥികൾ.

എന്താണ് യഥാർത്ഥത്തിൽ അവധിക്കാലം? എന്നെ സംബന്ധിച്ചിടത്തോളം സിനിമ കാണലും, ചില യാത്രകൾ നടത്തലും മാത്രമാണ്. അത്യാവശ്യം വായനയും അതിൽ  ഉൾപ്പെടും. അതിനപ്പുറത്തൊന്നും ഞാൻ ഒരിക്കലും ചെയ്‌തിട്ടില്ല. എന്നാൽ  അച്ഛന്റെയും, അമ്മയുടെയും ഓരോരോ അവധിക്കാല അനുഭവങ്ങൾ കേട്ടപ്പോൾ ഞാൻ അമ്പരന്നു പോയി. അവരുടെ വീരസാഹസിക കൃത്യങ്ങളായിരുന്നു അവയൊക്കെ. മരം കയറലും, മാമ്പഴം എറിഞ്ഞു വീഴ്ത്തലുമൊക്കെ. ഇതുവരെ ഒരു മാവിനുപോലും എറിഞ്ഞിട്ടില്ല ഞാൻ. എന്തിനധികം, വീട്ടുമുറ്റത്തെ  ഞാവൽ മരത്തിൽപോലും വലിഞ്ഞു കേറിയിട്ടില്ല. കയറാത്തതല്ല. കയറ്റിയിട്ടില്ല എന്നു പറയാം. അതുകൊണ്ട് തന്നെ അത്തരംവീരകൃത്യങ്ങളൊന്നും എന്റെ അവധിക്കാല അനുഭവങ്ങളിൽ ഇല്ല.

എന്റെ അവധിക്കാലങ്ങളെ ആകർഷകമാക്കുന്നത് അമ്മയുടെ നാടായ കോട്ടയത്തേക്കുള്ള യാത്രകളാണ്. അതും കാറിൽ. ഏകദേശം 340 കിലോമീറ്ററോളമുണ്ട് കണ്ണൂർ ജില്ലയിലെ തലശേരിയിൽ നിന്ന് കോട്ടയത്തെ കഞ്ഞിക്കുഴി വരെ. ഇത്രയും ദൂരം വണ്ടി യാതൊരു മടിയും കൂടാതെ ഓടിക്കുന്നത് അച്ഛനാണ്. പാട്ടു പാടി, പാട്ടുകേട്ട്, കളിച്ച് രസിച്ച്,  പോർച്ചുഗീസുകാരോട്  പടവെട്ടിയ കുഞ്ഞാലി മരക്കാരുടെയും, സാമൂതിരിയുടെയും നാടായ കോഴിക്കോടു കടന്ന്, വളളുവനാടിന്റെ ഭരണസിരാ കേന്ദ്രമായ ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ മലപ്പുറവും കടന്ന്, പൂരങ്ങളുടെ തൃശൂരും താണ്ടി, കേരളത്തിലെ വ്യവസായ നഗരമായ എറണാകുളത്തെത്തുന്നു. എറണാകുളത്തു നിന്ന് ഡിസയർ 60 km സ്‌പീഡിൽ വിട്ടാൽ പിന്നെ കോട്ടയത്തെത്താം. തുടർന്നുള്ള ദിവസങ്ങൾ കളിയുടെ, ചിരിയുടെ, അർമാദത്തിന്റെ ദിനങ്ങളായ്. കസിൻസ് എല്ലാവരും ചേർന്ന് സാറ്റ് കളിയും, തമാശ പറയലും, ഡബ് മാഷ് കളിക്കലുമൊക്കെയായ് ഏഴെട്ട് ദിനങ്ങൾ. ഒടുവിൽ തിരിച്ചു പോകേണ്ട ദിവസമെത്തും. അങ്ങോട്ടു പോവുന്ന ആവേശമൊന്നും തിരിച്ചു വരുമ്പോൾ കാണില്ല. വീട്ടിലെത്തിയാലും കുറച്ചു നേരം വല്ലാത്ത മൂകതയായിരിക്കും.

പുസ്‌തകങ്ങളും വെക്കേഷൻ കാലത്ത് എന്റെ സുഹൃത്തുക്കളാണ്. രാവിലെ പലപ്പോഴും കുറച്ച് സമയം എങ്കിലും പുസ്‌തകം വായിക്കും.എങ്ങനെ എങ്കിലും സമയം തള്ളി നീക്കാനുള്ള ഒരു ഉപാധിയായാണ് വായന വെക്കേഷൻ കാലങ്ങളിൽ. ഒരു 12:00 മണിക്ക് ശേഷം ടി.വി. ഓൺ ചെയ്യും. പിന്നെ ടി.വിക്ക് മുന്നിൽ തന്നെയാണ്. ഇഷ്‌ടം പോലെ കാണാം. യാതൊരു നിയന്ത്രണങ്ങളുമില്ല. അതുകൊണ്ട് കൂടിയാണ് വെക്കേഷൻ കാലങ്ങൾ വളരെ എന്നെ സന്തോഷിപ്പിക്കുന്നത്.

മറ്റൊരു അവധിക്കാല അനുഭവം കൂടി പറയാം. അച്ഛന്റെ ഉറ്റ സുഹൃത്താണ് കൃഷ്‌ണകുമാർ അങ്കിൾ. ഫലിത പ്രിയൻ. ഒരിക്കൽ ഞങ്ങൾ എല്ലാവരും (അച്ഛൻ, അമ്മ, ചേച്ചി, ഞാൻ) കൃഷ്‌ണകുമാർ അങ്കിളിന്റെ വീട്ടിൽപോയി. അവിടെ  അങ്കിളും, ആന്റിയും, നിരഞ്ജന ചേച്ചിയും, അമ്മിണി ചേച്ചിയുമാണ് താമസിച്ചിരുന്നത്. അവിടെ അടുത്തൊരു അമ്പലക്കുളമുണ്ടായിരുന്നു. രണ്ട് ദിവസം അവിടെ താമസിക്കുകയും, ട്യൂബ് വെച്ച് നീന്തുകയും ചെയ്‌തു ഞങ്ങൾ. മൂന്നാമത്തെ ദിവസം ട്യൂബ് മാറ്റി വെച്ച് നീന്താൻ പറഞ്ഞു അങ്കിൾ. മുങ്ങിയും, പൊങ്ങിയും കഥ കഴിയാറായപ്പോൾ അങ്കിൾ തന്നെ  പിടിച്ച്കേറ്റി. പിന്നെ നീന്തൽ പഠിക്കാൻ ഞാൻ ഇതുവരെ കാര്യമായ് ശ്രമിച്ചിട്ടില്ല. വെക്കേഷൻ അനുഭവങ്ങളിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒന്നാണ് ആ നീന്തൽ അനുഭവം.

വൈകുന്നേരങ്ങളിൽ ഞാനും, അമ്മയും സായാഹ്ന റോന്തുചുറ്റലുകൾക്ക് ഇറങ്ങാറുണ്ട്. ഞങ്ങളുടെ ധർമ്മടം, നാലു ഭാഗവും അറബിക്കടലിന്റെ നീലപ്പട്ടുചേല ഉടുത്ത ഒരു ദ്വീപാണ്. സ്‌കൂളും, കോളേജും, അമ്പലവും പുഴയും, ചെറിയ കടകളും നിറഞ്ഞ ഗ്രാമം. എന്തിനധികം, മ്മടെ (നമ്മുടെ) വിജ്യാട്ടന്റെ (മുഖ്യമന്ത്രി പിണറായി വിജയന്റെ) സ്വന്തം നാട്. പുഴയും കടലും ചുറ്റിക്കിടക്കുന്ന  ധർമ്മടത്തെ കൂടുതൽ അടുത്തറിയാൻ വേനലവധിക്കാലം ഒട്ടേറെ ഉപകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സായാഹ്ന നടത്തങ്ങളെ ഞാൻ കൂടുതൽ ഇഷ്‌ടപ്പെടുന്നു.

രസകരമായ അവധിക്കാലഅനുഭവങ്ങൾ വളരെ കുറവാണ് എനിക്ക്. കാരണം അവധിക്കാലത്തിന്റെ ലഹരി ഞാനറിഞ്ഞിട്ടുള്ളത് സിനിമ തിയ്യേറ്ററുകളിലെ കൂവലുകളിലും ആർപ്പുവിളികളിലും, ദീർഘദൂര യാത്രകളിലും, ചിലപ്പോൾ മാത്രം മറിച്ച് നോക്കുന്ന പുസ്‌തകങ്ങളിൽ നിന്നും മാത്രമാണ്. ഒരുപക്ഷേ എനിക്ക് മാത്രമല്ല, എല്ലാ കുട്ടികൾക്കും ഇതു തന്നെയായിരിക്കും അവധിക്കാല അനുഭവങ്ങൾ. കൂട്ടുകൂടലും വികൃതികളും കളി ചിരികളുമൊക്കെ എല്ലാവർക്കും നഷ്‌ടമാവുന്നു.

പുതിയ കുട്ടികളുടെ അവധിക്കാലവും യഥാർത്ഥത്തിൽ  നിബന്ധനകളും ചട്ടങ്ങളും നിറഞ്ഞതാണ്. മാതാപിതാക്കളുടെ അളവറ്റ സ്‌നേഹവും കരുതലുമാണ് ഇതിനെല്ലാം കാരണം. ഈ അമിതസ്‌നേഹവും, സുരക്ഷിതത്വബോധവും കുട്ടികളെ വില പിടിച്ച പലതിൽ നിന്നും അകറ്റുന്നു. പിന്നൊന്ന് കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആകാംക്ഷ. ട്യൂഷനുകളും സമ്മർ ക്ലാസുകളുമൊക്കെയായി അവധിക്കാലത്തെ നശിപ്പിക്കാൻ ഭയങ്കര താൽപ്പര്യമാണ് ചില രക്ഷിതാക്കൾക്ക്. പണ്ടത്തെ മാതാപിതാക്കൾ രണ്ടു മാസം കുട്ടികളെ കുട്ടികളുടെ ഇഷ്‌ടത്തിനു തുറന്നു വിടുമായിരുന്നു. ഇന്നോ? സ്വന്തമിഷ്‌ടത്തിന് മക്കളെ അടച്ചിടുന്നു.

ഇതാ വീണ്ടുമൊരു അവധിക്കാലം പടിക്കലെത്തി. ആനന്ദത്തിന്റെ അവധിക്കാലമാവട്ടെ ഇത്. നല്ല ഓർമ്മകളുടെയും അനുഭവങ്ങളുടെയും പൂക്കാലവുമാകട്ടെ.

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account