ഒരു ഫോൺ.. ചാണ്ടിക്കുഞ്ഞിനെ ആശുപത്രിയിൽ ആക്കിയിരിക്കയാ… അത്രമാത്രം അറിയാം!!!

നാളെ റീബ പോകും, ദുബായ്ക്ക്..

കൂടെ ആരുണ്ട്?

ഇപ്പൊ ആരും ഇല്ല, നമ്മുടെ കോളേജ് അലുമ്‌നി അല്ലാതെ. എന്തു ചെയ്യാനാ.. പിന്നെ അവർ നമ്മളേക്കാൾ കാര്യമായിട്ടു നോക്കിക്കോളും.

അവളെത്തുന്നിടംവരെ നിൽക്കുമോ? മനസ്സൊന്നു കാളി! ഇല്ല ദൈവം അത്ര ക്രൂരതകാണിക്കില്ല, ഒരിക്കലും ഇല്ല.

ഇന്ന് എല്ലാം നഷ്‌ടമായ അവളെ ഒന്ന് കെട്ടിപ്പിടിച്ചു കരയാൻ പോലും ഉള്ള സ്വാതന്ത്ര്യം എനിക്കില്ല. മനസ്സുകൊണ്ട് എന്നിൽ നിന്ന് എന്നോ അകന്നു പോയ റീബയെ തിരിച്ചു സ്‌നേഹിക്കാനും മനസ്സിലാക്കാനും ഞാൻ എത്ര ശ്രമിച്ചോ, അത്ര കണ്ട് അവൾ എന്നിൽ നിന്ന് അകന്നുപൊയ്ക്കൊണ്ടേയിരുന്നു.

അതോ ഞാൻ എന്റെതായ ഒരു ലോകത്തായിരുന്നോ!! ഏ.. ഒരിക്കലും അല്ല. എനിക്കവളയച്ച എഴുത്തുകളുടെ കൂമ്പാരം ഇന്നും ഞാൻ സൂക്ഷിക്കുന്നു. എന്നു ‘സ്‌നേഹത്തോടെ നിന്റെ സ്വന്തം റീബ’ എന്നു പറഞ്ഞവസാനിപ്പിച്ചിരുന്ന കത്തുകൾ. എല്ലാത്തിലും എന്നും അവളുടേതായ തീരുമാനങ്ങൾ എന്നെക്കൊണ്ടു നടത്തിയെടുക്കാൻ  ബഹുമിടുക്കിയായിരുന്നു, അനുസരിക്കാൻ എന്നും തയ്യാറായി എന്റെ മനസ്സും!! എല്ലാം നല്ലത് മാത്രമല്ലെ റീബ എനിക്കു ചെയ്യൂ എന്ന് സ്വയം എന്നോ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. ആ തീരുമാനം എത്രപേർ ശ്രമിച്ചിട്ടും എന്നെ വിട്ടുമാറിയില്ല. ഒരു നോട്ടത്തിൽ, ഒരു വാക്കിൽ എന്നെ അവൾക്കെന്നും തിരിച്ചുപിടിക്കാനാകും എന്നവൾക്കും  അറിയാമായിരുന്നു എന്നു തോന്നുന്നു.  വർഷങ്ങൾക്കു മുൻപ് ഞങ്ങളുടെ ജീവിതം, ദൈവം തന്നെ കൂട്ടിച്ചേർത്തതാണ്. നല്ലതിനോ, തിന്മക്കോ,.. അറിയില്ല.

‘ലല്ലു നീ ഇന്നു അരുണിനെ കണ്ടിരുന്നോ? ഇല്ല, ആ.. ഞാൻ വിചാരിച്ചു ഈ മോട്ടോർസൈക്കിൾ കറക്കം,  ഷാജിയുടേയും ബിനുവിന്റേയും കൂടെയുള്ളത്, നിനക്കറിയാം എന്ന്. ശ്രീജയൊക്കെ ഇന്നു ബസ്റ്റോപ്പിൽ കണ്ടു എന്നു പറഞ്ഞു, കേട്ടോ!’

എങ്ങും തൊടാതെയുള്ള ഒരു മുന്നറിയിപ്പ്.

അതിനെന്നാ സംസാരിച്ചാൽ, ഞാനും വിട്ടുകൊടുത്തില്ല.

‘നടക്കട്ടെ, ചൊറിയുമ്പോ അറിയും, നീ ഇതുകൊണ്ടൊന്നും പഠിക്കത്തില്ല’, റീബ.

ഞാനും മനസ്സിൽ കരുതി, ഇവക്കെന്നാത്തിന്റെ കേടാ?

ആ… ദൈവത്തിനറിയാം!!

ഓൾ സൈന്റ്‌സ് കോളേജിന്റെ ബസ്സിൽ ഞാൻ കയറിപ്പോകുമ്പോൾ വെറും മൌനം മാത്രം ഭാഷയാക്കിയ ഒരു  ആൺ രൂപം എന്നും കണ്ണിൽ നിന്നു മറയുന്നതുവരെ നോക്കിയിരുന്നിരുന്നു. തിരികെ വന്നാലും ഓരൊ കാരണങ്ങളുണ്ടാക്കി വെളിയിലൂടെയുള്ള ഒരു നടത്തം. എന്റെ കണ്ണുകൾ ചിരപരിചിതമായ ആ മുഖത്തിനായി പരതി. വാക്കുകൾ ഒന്നും പറയാതെ, എന്തിനോ പറഞ്ഞുറപ്പിച്ച ബന്ധം, തീർത്തും എനിക്കായി എന്നൊരു ധൈര്യം മാത്രം മനസ്സിൽ പേറി ഞാൻ ഇരുന്നു എന്നും.

‘ലല്ലൂ നിനക്ക് പഠിക്കാനൊന്നും ഇല്ലെ? പരീക്ഷ ഇങ്ങടുത്തു..’ അമ്മയുടെ നീട്ടിയുള്ള വിളിയിൽ വീണ്ടും ഞാൻ എന്റെ മുറിയിലെത്തി.

ഫോണടിക്കുന്നുണ്ടോ?.. അതും ഇല്ല.

ഇനിയെന്ത്?

പഠിക്കാനിരുന്നു. കണ്ണുകൾ വീണ്ടും വീണ്ടും തിരഞ്ഞുകൊണ്ടേയിരുന്നു. ഇതിനിടെ ദിവസങ്ങൾക്കിടയിൽ റീബയുടെ പലവുരുവായുണ്ടായ വാചക്കസർത്തിനിടയിൽ ‘നിനക്കെന്താ അരുണിനോടു നേരിട്ടു സംസാരിച്ചാൽ’.

‘ഇന്നലെ നിന്നെ ബസ് സ്റ്റോപ്പിൽ  കണ്ടെന്നു പറഞ്ഞല്ലോ?’, റീബ

‘ഇല്ല, റീബാ, ഞാൻ കണ്ടില്ല’. എന്റെ തണുത്ത മറുപടി അവളെ ദേഷ്യപ്പെടുത്തിക്കാണണം.

‘കൂടുതൽ സാമർഥ്യം വേണ്ട കേട്ടോ.. നിനക്കു വേണമെങ്കിൽ മതി!! എനിക്കെന്താ?’. റീബ പറഞ്ഞത് എന്നോടാണോ എന്നാലോചിക്കുന്നതിനിടയിൽ, മനസ്സിൽ എനിക്കു തോന്നിയ ചോദ്യത്തിനുത്തരം അവൾ തന്നെ പറഞ്ഞു. ‘നീന്നോട് എനിക്കുള്ള താത്‌പര്യം  അല്ലാതെ ഇതിനകത്ത് എനിക്കൊന്നും കിട്ടാനില്ല.  അരുണിനെ ഒന്നു സൂക്ഷിച്ച് പിടിച്ചോണം കേട്ടോ!!’

വീണ്ടും മുന്നറിയിപ്പ്? ഞാൻ  വീണ്ടും മനസ്സിൽ കരുതി ഇവക്കിതെന്നാത്തിന്റെ കുഴപ്പമാ!!

ബൈക്കിന്റെ പുറകിൽ ഷാജിയെയും കൊണ്ട്  അരുൺ അന്നും ദൂരേക്ക് പോയിമറയുന്നത് ഞാൻ ഡാഡിയുടെ കാറിന്റെ കണ്ണാടിയിലൂടെ നോക്കിക്കണ്ടിരുന്നൂ.

അങ്ങനെ ധൈര്യം സംഭരിച്ച് ഒന്നു രണ്ടു വാക്കിൽ സംസാരം. 4 വാചകമായി ഫോണിലേക്കും. പിന്നെ, തുണ്ടു പേപ്പറുകളുടെ നീളം കൂടി, നോട്ടുബുക്കുകടലാസുകളായി. ചിലമാസങ്ങൾ മാത്രംഉള്ള, ആ ഹൃദയത്തിൽ തട്ടിയ പരിചയം, എന്നന്നേക്കുമായി അവസാനിപ്പിച്ച് ഞാൻ യാത്രയായി.

ജീവിതം എന്നെ എവിടെക്കാണ് കൊണ്ടുപോകുന്നതെന്ന് അന്ന് ഞാനറിഞ്ഞില്ല. എനിക്ക് വേണ്ടി മുന്നോട്ടുള്ള എന്റെ ജീവിതത്തിലെ പടികൾ കയറാനും, അതിന്റെ കാതലാ‍യ വേരുകൾ എന്നെ പഠിപ്പിക്കാനുള്ള എന്റെ യാത്രയുടെ തുടക്കം മാത്രമായിരുന്നു ഈ കൂടുമാറ്റം എന്ന് പിന്നീടെപ്പൊ അറിഞ്ഞു!

‘ലല്ലൂ.. എന്റെ കോളേജിൽ ആണ് നീ പഠിക്കാൻ പോകുന്നത്! ഞാൻ രാവിലെ കോളേജിൽ കൂടെ വരാം’. സജിച്ചാച്ചൻ പറഞ്ഞു.

കോട്ടയത്ത് എത്തിച്ചേർന്നതിന്റെ സന്തോഷങ്ങളിൽ ഒന്ന്, സജിച്ചാച്ചൻ അവിടെയുണ്ട് എന്നുള്ളതായിരുന്നു. നേഴ്‌സറി ക്ലാസ്സിൽ സൈക്കളിൽ ഇരുത്തി ചാലുക്കുന്നിന്റെ കേറ്റം കയറിക്കൊണ്ടാക്കി, ഉച്ചക്ക് എന്നെ തിരിച്ചും വിളിച്ചുകൊണ്ട് വന്നിരുന്ന സജിച്ചാച്ചൻ! ഇന്ന് എന്റെ കോളേജ് ജീവിതത്തിന്റെ ആദ്യ ചുവടുകളിലും സജിച്ചാച്ചൻ തന്നെ എന്റെ കൂടെ വരുന്നു എന്നതും ഒരു അദ്ധ്യായം പോലെ തോന്നി, ആവോ? എന്നാൽ അന്ന് നേഴ്‌സറി ക്ലാസ്സിൽ കൊണ്ടുപോകും വഴി, എന്റെ കാൽ സൈകിളിന്റെ കമ്പിയിൽ തട്ടി മുറിഞ്ഞു. ഇന്നും ആ പാട് മറക്കാത്ത ഓർമ്മയായി കാലിൽ അവശേഷിക്കുന്നു.

ഡിഗ്രിക്ക് ഇംഗ്ലീഷ് ഐഛികവിഷയമെടുത്തുള്ള പഠിത്തത്തിനിടയിൽ കത്തുകളും ഫോൺ വിളിയും ഒരു ജീവശ്വാസം പോലെ കൂടെ വളർന്നു. റീബയുടെ കത്തുകളിൽ നിന്ന് ആരൊക്കെ വിളിച്ചു, സംസാരിക്കുന്നതു കണ്ടു, കൂടെ കൊണ്ടു പോയി എന്നും, എത്ര വഴക്കു കഴിഞ്ഞു എന്നും, ഇന്നലെ വീട്ടിൽ വന്ന വിശേഷങ്ങളും മറ്റും വിശദമായിത്തന്നെ എത്തിക്കൊണ്ടിരുന്നു. വിവരം എന്നെ അറിയിക്കുകയാണൊ അതോ , എന്റെ ‘കണ്ട്രോളിൽ‘ ആണ് എല്ലാവരും എന്ന് എന്നെ അറിയിക്കുകയായിരുന്നോ? അതും അന്ന് അത്രമാത്രം ചിന്തിച്ചിരുന്നില്ല!

കൈവിട്ടു പോകാതെ നോക്കിക്കോണം! ഒരു പേടിപ്പെടുത്തുന്ന വാചകം ഇടക്കിടയ്ക്ക് വന്നു കൊണ്ടിരുന്നു. എന്റെ പ്രായത്തിന്റെ അപക്വമായ മനസ്സ് അതിനെയെല്ലാം ചിരിച്ചു തള്ളി. കോട്ടയം സി.എം.എസ്സ് കോളേജിന്റെ മാസ്‌മരികമായ ചാമരങ്ങൾ, ലല്ലു എന്ന എന്നിൽ സൌഹൃദങ്ങളും,  പ്രേമങ്ങളും,  നൈരാശ്യങ്ങളും  കൊണ്ട് നിറഞ്ഞു തുളുമ്പി.

മനസ്സിന്റെ ഓളങ്ങൾ ഒരാൾക്കുവേണ്ടി മാത്രമേ തിരതല്ലിയിട്ടുള്ളു, ഒരാൾക്കു വേണ്ടി മാത്രമെ,  നിറഞ്ഞൊഴികിയുള്ളു, ഒരാൾക്കുവേണ്ടി മാത്രമെ കണ്ണുകൾ തിരഞ്ഞിട്ടുള്ളു. എനിക്കായി മാത്രം ആ ഹൃദയം കാത്തിരിക്കും എന്നൊരു വിശ്വാസവും  എന്നിൽ ശക്‌തമായിത്തന്നെ തുടർന്നു. മനസ്സും കണ്ടതൊന്നും കണ്ണ് കണ്ടില്ല. ശബ്‌ദം മാത്രം ഒരു ദിനചര്യയായി. വിവാഹതലേന്നു വരെ അതു തുടർന്നു തന്നെ പോയി. കൂടെ കൈവിട്ടു പോകാതെ നോ‍ക്കിക്കോണം എന്ന റീബയുടെ താക്കീതും മനസ്സിൽ ശക്‌തമായിത്തന്നെ കൂടുക്കൂട്ടി! അവൾ സന്തോഷം പ്രകടിപ്പിച്ചു,  സ്‌നേഹം കാണിച്ചു, കരുതലോടെ നോക്കി. എങ്കിലും, എന്റെ മനസ്സിൽ എവിടെയോ ആ താക്കിതിന്റെ സ്വരം മായാതെ നീന്നിരുന്നു. അവളുടെ കണ്ണുകളുടെ കോണിൽ അസൂയയുടെ ഒരു നക്ഷത്രത്തിളക്കം ഞാൻ എന്നും കണ്ടിരുന്നു. അല്ലെങ്കിൽ എന്നോട് ആരോ ഒരു താക്കീതായി കോറിയിട്ടിരുന്നു!

ജീവിതത്തിന്റെ പടിപടിയായുള്ള എന്റെ ഉയർച്ചയുടേയും,  എന്റെ നഷ്‌ടങ്ങളുടേയും മുന്നിൽ അവൾ എന്നെ നോക്കി ചിരിച്ചു നിന്നു. എന്റെ നഷ്‌ടങ്ങൾ അവൾ കണ്ടില്ലെന്നു നടിച്ചു. എന്നാൽ അതെല്ലാം ഞാൻ എന്റെ മനസ്സിന്റെ കോണിൽ ഒതുക്കി നിർത്തി. ഇല്ല അവളങ്ങനെ ചെയ്യില്ല എന്നോട്!

കൂട്ടുകാരുടെ താക്കീതുകൾക്കു മുന്നിൽ, വീട്ടിലെ ചേട്ടത്തിയുടെ, നാത്തൂന്റെ ഒക്കെ സ്‌നേഹത്തിന്റെ ശകാരങ്ങളെല്ലാം ഞാൻ ആകാശത്തേക്ക് പറത്തിവിട്ടു. എന്റെമേൽ അവൾക്കുള്ള ശക്‌തി, എനിക്കവളോടുള്ള ഭയം  ആണെന്ന് അവൾക്കും വീ‍ട്ടുകാർക്കും തോന്നി. എങ്കിലും,  എനിക്കറിയാമായിരുന്നു,  അവളോടുള്ള സഹതാപവും സ്‌നേഹവും മാത്രം ആണ് എന്ന്!

ജീവിതം തുടരുന്നതുപോലെ റീബയോടുള്ള എന്റെ സ്‌നേഹവും തുടരും,   മൌനമായി,  കഥയായി…

-സപ്‌ന അനു ബി ജോർജ്

4 Comments
 1. Valsaraj 3 years ago

  Interesting…

 2. Swathi Sasidharan 3 years ago

  നല്ലെഴുത്തു

 3. Jacob 3 years ago

  Good language. Great! Then what happened….?

  • Sapna 3 years ago

   Its a story in itself & reality binds you to stop, but yes will continue in another! Thanks bijuchacha

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account