‘നല്ലചിന്തകൾ നമ്മുടെ മനസ്സിന്റെ താക്കോലുകളാണ്, സപ്‌ന. അതിനെ ശ്രദ്ധയോടെ വേണം തിരഞ്ഞെടുക്കാൻ’. പ്രിയ, എന്റെ കൌൺസിലർ സുഹൃത്തിന്റെ ഓർമ്മപ്പെടുത്തൽ മനസ്സിൽ ഞാൻ എവിടെയോ ശക്‌തമായിത്തന്നെ കുറിച്ചിട്ടിരുന്നു!

മഴക്കാറുകളും മഴയും എന്നും ഒരു സ്‌നേഹത്തിന്റെ, പ്രേമത്തിന്റെ, സൌഹൃദത്തിന്റെ, ഓർമ്മയുടെ മാറ്റൊലികൾ മനസ്സിന്റെ വാതിലിൽ ഒരു മുട്ട് തരാറുണ്ട്. ഓർമ്മകൾ സ്വയം പുറകോട്ട് ചിറകുകൾ അടിച്ചു പറന്നു പോകാറുണ്ട്. കൂടെ മനസ്സും അതിന്റെ സന്തോഷങ്ങളും. അകാരണമായുണ്ടാകുന്ന ഓർമ്മകൾ മനസ്സിനെ അലട്ടാതെ, അവയിൽ സന്തോഷത്തിന്റെ മാത്രം ഏടുകൾ ചികഞ്ഞെടുത്തു കൂടുകൂട്ടാൻ ഇന്ന് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ജീവിതത്തിൽ വായന എന്നും ഒരു ആവേശമായിരുന്നു. എന്നുതൊട്ടോ പുസ്‌തകങ്ങളെ സ്‌നേഹിച്ചു തുടങ്ങി എന്നതിന് ഞാൻ എന്നും ഡാഡിയോട് മാത്രം കടപ്പെട്ടിരിക്കുന്നു. ഒരിക്കലും പുസ്‌തകം വായിക്കാനായി നിർബന്ധിച്ചിട്ടില്ല. വൈകുന്നേരങ്ങളിൽ ജോലികഴിഞ്ഞ് എത്തുന്ന അമ്മയും ഡാഡിയും ഒരുമിച്ചിരുന്നുള്ള വർത്തമാനങ്ങൾ, ഇന്ദിരാനഗർ വീട്ടിലെ പുൽത്തകിടിയിലെ സന്ധ്യാസമയങ്ങളുടെ ചുവപ്പിൽ, തണുത്തകാറ്റിനൊപ്പെം ഇരിക്കാറുണ്ടായിരുന്ന ഓർമ്മകൾ..

‘ഇന്നെന്തുണ്ട് ബാബുച്ചായ ഓഫിസിൽ’

‘എന്തുണ്ടാവാൻ, സെയിം റുട്ടീൻ’. ഒരു ഒഴുക്കൻ മട്ടിലെ ഡാഡിയുടെ ഉത്തരത്തിലൂടെ അടുത്ത ചോദ്യം അമ്മ തയ്യാറാക്കും.

‘ഇന്ന് ആരോ ചെറുതായി ‘ചൊറിഞ്ഞ ലക്ഷണം’ ഉണ്ടല്ലൊ?’

‘എയ്, അത്രമാത്രം ഒരുത്തനും എന്റെ മുന്നിൽ വളർന്നിട്ടില്ല’ എന്നുള്ള കടുത്ത ശബ്‌ദത്തിനു ശേഷം വരുന്ന മൌനത്തിനു ശേഷം, ഒരു കഥപോലെ ഡാഡി ആ ചൊറിച്ചിലിന്റെ കഥ നിരത്തി.

അനാവശ്യമെന്നു സ്വയം തോന്നുന്ന സമയം, എന്നെ ഒഴിവാക്കാൻ വേണ്ടി, സപ്‌ന നീ എനിക്കൊരു ബ്രാൻഡി എടുത്തുകൊണ്ടുവരൂ…

അതോടെ എനിക്കും മനസ്സിലാകും, ചില സംസാരങ്ങൾ കുട്ടികളുടെ മുന്നിലാവശ്യം ഇല്ല എന്നും. പക്ഷെ ഇതൊക്കെ പിന്നീട് എന്റെ ജീവിതത്തിൽ ഞാൻ സ്വയം പ്രയോജനപ്പെടുത്തേണ്ടതിനായിരിക്കുമോ! സംസാരം നീണ്ടു നീണ്ട് ചെന്നെത്തുന്നത് കല്ലുപാലത്തിങ്കൽ വീട്ടുകാരുടെ ചരിത്രത്തിലേക്കും, പലരുടെ വീരസാഹസിക കഥകളിലേക്കും ആയിരിക്കും. എന്നിരുന്നാലും ഒരിക്കലും അധികം ആഴത്തിലേക്ക് പോകാതെ, എന്നാൽ എല്ലാം പറഞ്ഞിരുന്നത് ഒരാളെക്കുറിച്ച് മാത്രമായിരുന്നു, ലീലാമ്മ കൊച്ചമ്മ! ലീല ജെ എന്നിരിയിൽ എന്ന പേരിൽ എഴുത്തുകാരി എന്നൊരു വേഷം ജീവിതത്തിലാടി, സ്വയം ഇല്ലാതായ ഡാഡിയുടെ നേരെ മൂത്ത ചേച്ചി.

എഴുത്തുകാരി എന്നൊരു പരിവേഷം ലീലാമ്മ കൊച്ചമ്മക്ക് ഉണ്ടെന്നൊരു വിവരം എന്തുകൊണ്ടൊ അന്നൊന്നും ഡാഡി എന്നോട് പറഞ്ഞതായി ഓർക്കുന്നേ ഇല്ല. അതിലൊക്കെ വലിയതെന്തോ ഡാഡിയുടെ മനസ്സിന്റെ കീറിമുറിച്ചിട്ടുണ്ടാകണം, അന്നും ഇന്നും. എന്നാൽ എന്നും കൊച്ചമ്മയുടെ സ്‌നേഹത്തിന്റെ കഥകൾ, ഹോസ്‌പിറ്റലിൽ കിടക്കുമ്പോൾ കൈപിടിച്ചു കരഞ്ഞതും മറ്റും, അമ്മയോട് പറഞ്ഞിരിക്കുന്നതു കാണാം. ബ്രാൻഡി ഗ്ലാസ്സുമായി നടന്നടുക്കുന്ന ഞാൻ എന്നും കണ്ടത് കൈലിയുടെ തുമ്പെടുത്ത് കണ്ണുതുടക്കുന്ന ഡഡിയുടെ മുഖം. ഇന്നും അതെന്റെ ഓർമ്മയിൽ നിന്നു മാഞ്ഞിട്ടില്ല.

ഡാഡി, എന്നോട് എന്താ ഇതൊന്നും പറയാത്തത്? ലീ‍ലാമ്മ കൊച്ചമ്മക്ക് എന്തസുഖം ആയിരുന്നു? അമ്മയുടെ മുഖത്തേക്ക് ഒരു നോട്ടം എറിഞ്ഞുകൊണ്ട് ഡാഡി പറഞ്ഞു, ‘ഹൃദയത്തിന്റെ വാൽവ് ജനിച്ചപ്പോൾ മുതൽ തകരാറിലായിരുന്നെന്നറിയാമായിരുന്നു. അതിനാൽ എന്നും ഹോസ്‌പിറ്റലും മരുന്നും തന്നെയായിരുന്നു. എങ്കിലും പഠിക്കാൻ മിടുക്കിയായിരുന്നു. അതിനാൽ മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ ആയിരുന്നു പഠിച്ചത്. എന്തുകാര്യവും വെട്ടിത്തുറന്നു പറയുന്ന, വളരെ സ്‌ട്രോങ് ആയ ഒരു മനസ്സിന്റെ ഉടമയായിരുന്നു. വീട്ടിലും പല കാര്യങ്ങളിലും അച്ചായനും ആയി ചേർന്നു പോകില്ലായിരുന്നു.  ‘കല്ലുപാലത്തെ പെണ്ണുങ്ങളുടെ ഒരെല്ല് കൂടുതൽ‘ എന്ന സ്വഭാവം പ്രകടിപ്പിച്ചിരുന്നു പോലും. അച്ചായൻ പലപ്പോഴായി പറഞ്ഞു കേട്ടിട്ടുണ്ട്’. ഡാഡി പറഞ്ഞു നിർത്തി.

എന്നിട്ട് ? ഞാനും വിട്ടില്ല, എന്തോ പറയാൻ, അല്ലെങ്കിൽ എന്നോട് പറഞ്ഞാൽ മനസ്സിലാകില്ല എന്ന തോന്നലാകാം.

എന്നിട്ടെന്താ,ലീലാമ്മ വീട്ടിൽ അധികം വരാതെയായി. അത് അച്ചായനെ വീണ്ടും വീണ്ടും ദേഷ്യപ്പെടുത്തിക്കൊണ്ടിരുന്നു.

അടക്കം പറയുന്നപോലെ അമ്മ എന്തൊക്കെയോ അച്ചായനോട് പറയുന്നതും കരയുന്നതും പലപ്പോഴുംകണ്ടിട്ടുണ്ട്. എന്നാൽ അതൊന്നും എന്താ ഏതാ എന്നൊന്നും എന്റെ പ്രായത്തിൽ ചോദിക്കാറില്ലായിരുന്നു.

ഡാഡിയെ വിളിക്കാറൊന്നും ഇല്ലായിരുന്നോ കൊച്ചമ്മ?

എടീ അന്നൊന്നും ഫോൺ ഒന്നും ഇല്ല. ആകപ്പാടെ അത്യാവശ്യങ്ങളും വിവരങ്ങളും അറിയുക്കാനുള്ള കമ്പി സന്ദേശങൾ, അല്ലെങ്കിൽ ഇൻലെന്റ് എഴുത്തുകൾ, അത്രമാത്രം. ബാബു, എടാ എന്നുള്ള വിളിയും ഒരു കെട്ടിപ്പിടുത്തവും, നന്നായി പഠിക്കണം എന്നൊരു സ്വകാര്യവും ചെവിയിൽ, അങ്ങനെ പുള്ളിക്കാരിയുടെ യാത്രയ്ക്ക് മുമ്പായി എന്തൊക്കെയോ എന്നോട് പറഞ്ഞതിന്റെ ഓർമ്മകൾ മാത്രമെയുള്ളു.

വീണ്ടും ഡാഡി അർദ്ധോക്‌തിയിൽ നിർത്തിയപോലെ.

എന്തോന്നിനാ കൊച്ചമ്മ വീട്ടിൽ അധികം വരാതെയായത്? എന്റെ ചോദ്യത്തിനുത്തരം വന്നത് എനിക്കെന്നും ഒരു ചോദ്യചിഹ്നമായിരുന്നു.

ലീലാമ്മയ്ക്ക് അച്ചായന്റെ ഈ ദത്തുകയറ്റവും പേരും എല്ലാം വലിയ ദേഷ്യം ആയിരുന്നു.

ങെ , ആര് ദത്തുകയറി, ആര് പേരുമാറ്റി?

അച്ചായന്റെ വീട്ടുപേർ ‘എന്നിരിയിൽ’ എന്നായിരുന്നു. അത് ദത്തുകയറിയതുകൊണ്ടാണ് കല്ലുപാലത്തിങ്കൽ എന്നായത് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.

അന്നൊന്നും എനിക്ക് മനസ്സിലായില്ലെങ്കിലും, ഡാഡി എന്താണ് പറഞ്ഞതെന്ന് ഇന്നെനിക്ക് ഉഹിക്കാം, അറിയാം, മനസ്സിലായി.സ്വന്തം പേരിൽ കഥയെഴുതിയപ്പോൾ, സ്വന്തം കാലിൽ നിന്നപ്പോൾ, ഞാനെന്ന ഭാവം മനസ്സിൽ ശക്‌തമായി കൊണ്ടുനടന്നപ്പോൾ പറഞ്ഞറിയിക്കാൻ മേലാത്തൊരു ആത്‌മാഭിമാനം ഇന്നെനിക്ക് തോന്നുന്നതിന്റെ ഉത്‌ഭവം എവിടെ എന്നെനിക്ക് സ്വയം മനസ്സിലാക്കാം. അന്നെത്തെ ലീലാമ്മ കൊച്ചമ്മയുടെ പേരിന്റെ മാറ്റക്കഥകളും ഇന്നത്തെ എന്റെ കഥകളുടെ തേങ്ങലുകളും, വിങ്ങലുകളും ഞാൻ സ്വയം മനസ്സിലാക്കിയതിന്റെ അന്തസത്ത ഇന്നെനിക്ക് അറിയാം. കഥകൾ മനസ്സിൽ തിങ്ങിനിറയുമ്പോൾ, വാക്കുകൾ ഇല്ലാതെയാകുന്നോ, അല്ലെങ്കിൽ മനസ്സിലെ കഥകൾക്ക് ചിറകുകൾ വെക്കുമ്പോൾ അവയെ താളുകളുമായുള്ള സ്‌നേഹത്തിന്റെ നൂലിൽ കോർക്കാൻ ഞാൻ മനസ്സുകൊണ്ട് തയ്യാറെടുക്കുകയേ വേണ്ടൂ എന്ന് ഇന്ന് എനിക്ക് മനസ്സിലായിത്തുടങ്ങി.

അന്നത്തെ എന്റെ ചോദ്യങ്ങളുടെ ഉത്തരം, 30 വർഷങ്ങൾക്കു ശേഷം വെറും ഒരു ഇമെയിൽ ബൊംബ് പൊലെ എന്റെ മുന്നിലെത്തി! ജോളിച്ചായൻ എന്ന എന്റെ അപ്പന്റെ അനിയൻ ഒരു ക്യാപ്സ്യൂൾ പരുവത്തിൽ എനിക്ക് മുന്നിൽ നിരത്തി.. ഒരു ജിഗ്‌സോ പസ്സിലിന്റെ ബാക്കി കള്ളികൾ എന്റെ മുന്നിൽ വ്യക്‌തമായി നിരത്തി. ലീലമ്മ ജേക്കബ് എന്ന ലീലാമ്മ അപ്പച്ചന്റെ കുടുംബപ്പേരിൽ ‘എന്നിരിയിൽ‘ എന്ന തൂലീകാനാമത്തിൽ മാത്രം എഴുതിത്തുടങ്ങി. എന്നന്നേക്കുമായി മദ്രാസിലെ സാംബാറിന്റെയും ഇഡ്ഡലിയുടെയും കൂട്ടുകൂടിയുള്ള ജീവിതം സ്വീകരിച്ചു. കൂടെ പേരും നിയമപ്രകാരം മാറ്റി. ജീവിതത്തിൽ അച്ചായന്റെ അസ്‌തിത്വം ഇതാണ് എന്ന് അച്ചായനു നേരെ എറിയുന്ന ഒരു മുള്ളു പോലെയായിരുന്നു അത്. അത് കൊള്ളേണ്ടിടത്ത് തറച്ച് വർഷങ്ങളോളം അച്ചായന്റെ രക്‌തമായും, അമ്മയുടെ കണ്ണുനീരായും പൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു. ബന്ധങ്ങൾ ഏതാണ്ട് മുറിച്ചു മാറ്റിയതുപോലെയായി. ആരുടെയും കണ്ണിനീർപ്പുഴകളും, പരിഭവങ്ങളും ആ ശക്‌തിക്ക് ആക്കം കുറച്ചില്ല.  മറിച്ച്, ലീലമ്മയുടെ എഴുത്തിന്റെ ശക്‌തിക്ക് പർവ്വതങ്ങളെ വെല്ലുന്ന രക്‌തച്ചുവപ്പു നിറങ്ങൾ നൽകി.

ഡാഡി മരിച്ചു.

എന്റെ മനസ്സിന്റെ ചോദ്യങ്ങൾ വീണ്ടും വീണ്ടും നിർദ്ദയമായ നിരാശയിലേക്ക് മടങ്ങി.

ഇനി ഇതിനൊന്നും ഒരിക്കലും ഉത്തരങ്ങൾ കിട്ടില്ലേ? എന്റെ മനസ്സിന്റെ മനസ്സിൽ ഞാൻ ഉറപ്പിച്ചു. ലീലാമ്മ കൊച്ചമ്മയുടെ ‘നാടിന്റെ മക്കൾ’ എന്ന നോവൽ, വർഷങ്ങളുടെ തിരച്ചിലിന്നവസാനം, എന്റെ മുന്നിൽ ഒരു പ്രിന്റ് പേപ്പറിൽ അച്ചടിച്ചെത്തി. അതിലെ കഥാപാത്രങ്ങളുടെ പ്രേമവും നൈരാശ്യങ്ങൾക്കൊപ്പം എന്റെ സംശയങ്ങളും ചോദ്യങ്ങളും വീണ്ടും പുനർജനിച്ചു.

എന്തോ ഒളിക്കാൻ ശ്രമിച്ചോ ഡാഡി? അതോ, എന്നിലേക്ക് ഓടിയടുത്ത പ്രേമങ്ങളെ, സ്‌നേഹങ്ങളിലെ ഇഷ്‌ടങ്ങളിൽ, ലീലാമ്മ കൊച്ചമ്മയുടെ സ്വഭാവത്തിന്റെ രൂപസാദർശ്യങ്ങൾ ഡാഡിയെ പേടിപ്പിച്ചിരുന്നോ? ആയിരിക്കാം.

ഇന്നെനിക്ക് തോന്നുന്നു , ഒരോ കാര്യങ്ങളും, അതിന്റെ ഏറ്റവും ചെറുതായ അന്തസത്തകളിൽ നിന്ന് പറഞ്ഞു മനസ്സിലാക്കിത്തന്നിരുന്ന ഡാഡി, ലീലാമ്മ കൊച്ചമ്മയുടെ കാര്യം എന്നിൽ നിന്ന് എന്തിനു മറച്ചുവെച്ചു, അല്ലെങ്കിൽ സത്യസന്ധമായി എന്തുകൊണ്ട് എന്നോട് പറഞ്ഞു തന്നില്ല?

ഇന്നു ഞാൻ അനുഭവിക്കുന്ന അനാഥത്വം, എന്റെ എഴുത്തിന്റെ ചേരാത്ത കണ്ണികളിൽ, ഞാൻ ആഹ്രഹിക്കുന്ന പ്രചോദനങ്ങൾ, പ്രോത്‌സാഹനങ്ങൾ, ഇതൊക്കെ എനിക്ക് ഡാഡിയിൽ നിന്ന് എന്തുകൊണ്ട് ലഭിച്ചില്ല?

എന്തിന് എന്റെ എഴുത്തിന്റെ നറുമുകുളങ്ങളെ ഡാഡി പ്രചോദനങ്ങളും, [പ്രോത്‌സാഹനങ്ങളും നൽകിയില്ല? ഞാൻ എഴുതിയിരുന്ന കവിതാ പദ്യങ്ങൾ, ഞാൻ വായിച്ചിരുന്ന പുസ്‌തകത്തിന്റെ കഥകൾ, ഞാൻ എഴുതിയിരുന്ന ഡയറി കുറിപ്പുകൾ ഡാഡി കണ്ടിരുന്നു എന്നെനിക്ക്‌  തീർച്ചയായിരുന്നു.

അതുകണ്ട് മിണ്ടാതെ, കണ്ടു എന്ന് എന്നോട് പോലും പറയാതെ ഡാഡി എന്തുകൊണ്ട് നിശ്ശബ്‌ദനായി നടന്നു നീങ്ങി?

വർഷങ്ങൾക്കു ശേഷവും, എന്റെ ജീവിതത്തിന്റെ നെടുനീളൻ പാതയിൽ, പ്രേമവും വിവാഹവും, കുട്ടികളും, എല്ലാം മുറക്ക് മുറക്ക്, എന്റെ ആഗ്രഹങ്ങൾക്കും, സ്വപ്‌നങ്ങൾക്കും അനുസരിച്ചു നടന്നു? എന്നിലെ പ്രേരണകൾ, വിങ്ങലുകൾ, നഷ്‌ടങ്ങൾ, മോഹങ്ങളുടെ ചില കെട്ടുപാടുകൾ, എന്നെ എഴുത്തിൽ കൊണ്ടെത്തിക്കുകയായിരുന്നുവെന്ന് ഇന്നെനിക്കു മനസ്സിലായി. അവിടുന്നു ഞാൻ ശക്‌തമായി തുഴഞ്ഞു. വാക്കുകളുടെ പേമാരികളിൽ ഞാൻ നനഞ്ഞു. വിമർശനങ്ങളുടെ ഇടിമുഴക്കങ്ങളും മിന്നലുകളും എന്റെ പ്രചോദനങ്ങളുടെ തലോടലുകളാക്കാൻ പല സുഹൃത്തുക്കളും, എന്നെ സ്‌നേഹിച്ചവരും എന്നെ ശീലിപ്പിച്ചു. അവിടെ ഇക്‌ബാലിക്കയെപ്പോലെ  മിന്നാനിനുങ്ങുകളുടെ നേരിയ വെട്ടങ്ങൾ പോലും എന്നിൽ ശക്‌തമായ എഴുത്തിന്റെ നേർവഴികളായി. ഇന്നും പ്രചോദനങ്ങളും എന്റെ ഉത്തരങ്ങൾക്കുമായുള്ള ഉരുൾപൊട്ടലുകളും, നീരൊഴുക്കുകളും എന്റെ മനസ്സിന്റെ നീർമണിമുത്തുകളെ നിർഗളം ഒഴുക്കിക്കൊണ്ടിരുന്നു. ഓരോ കരച്ചിലിനും, കണ്ണുനീരീനു ശേഷവും ഞാൻ ഒരു ഫീനിക്‌സ് പക്ഷിയുടെ ചിറകടികളോടുകൂടി ഉയർത്തെഴുന്നേറ്റു.

അതും ഡാഡി പറഞ്ഞുതന്ന ഒരു കഥയിലെ മുഖ്യകഥാപാത്രം ആയിരുന്നു, ഫീനിക്‌സ് പക്ഷി. കത്തിയെരിയുന്ന തീയിൽ നിന്നും സ്വയം രക്ഷക്കായി, ബാക്കി അവശേഷിച്ച സർവ്വശക്‌തിയും എടുത്ത് പറന്നുയരുന്ന പക്ഷി. സാങ്കൽപ്പിക കഥാപാത്രത്തെ ആരോ സ്വയരക്ഷ എന്ന പേരിൽ സൃഷ്‌ടിച്ചാതാണെന്നുള്ളതാണ് ഈ കഥയുടെ മുഖ്യതന്തു എന്നാതായിരുന്നു, ഒരു കള്ളച്ചിരിയോടെ ഡാഡി പറഞ്ഞ് തന്നത്. അതുപോലെയാണ് എല്ലാ പ്രതിബന്ധങ്ങളും. നമ്മൾ സ്വയം രക്ഷിച്ചാൽ മാത്രമെ നമുക്ക് രക്ഷയുള്ളു. എന്തുകൊണ്ടെന്നാൽ നമ്മുടെ പ്രശ്‌നങ്ങളുടെ വ്യാപ്‌തിയും സ്വഭാവവും നമുക്കുമാത്രമെ അറിയൂ, അതിനാൽ അതിനുള്ള പരിഹാരവും നമ്മൾ തന്നെ കണ്ടുപിടിക്കണം. മറ്റുള്ളവരോട് കരയാനും, പരിഭവം പറയാനും, സഹതാപം പിടിച്ചുപറ്റാനും  നമ്മുക്കാർക്കും സാധിക്കും. ഈ കഥയെല്ലാം കേട്ടുകഴിഞ്ഞില്ലെ? ഇനി എനിക്കൊരു ബ്രാണ്ടി കൂടെ എടുത്തുകൊണ്ടുവാ… നിന്നോട് കഥപറഞ്ഞ് ഞാൻ ക്ഷീണിച്ചു!

ഡാഡിയുടെ കഥകൾ എന്റെ മനസ്സിന്റെ നീർത്തുള്ളികൾ ഇന്നും കോർത്തിണക്കുന്നു എന്നകാര്യം അന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇന്നും ആ കഥകളുടെ ശക്‌തിയായിരുന്നു എന്റെ പ്രചോദനങ്ങൾ എന്നു ഞാൻ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.

നന്ദി ഡാഡി.

എന്നും സന്ധ്യക്ക് ഡാഡി ചൂണ്ടിക്കാണിച്ചു തന്നിരുന്ന പോളാർ നക്ഷത്രങ്ങളുടെയും, ഓറിയോൾ യോദ്ധാവിനെയും നോക്കുന്ന കൂട്ടത്തിൽ ‘ഞാനും നിന്നെ എന്നും നോക്കിയിക്കും’ എന്ന് അന്ന് ഡാഡി പറഞ്ഞത് ഓർത്ത് ഞാനിന്നുള്ള സന്ധ്യകളിൽ ആകാശത്തേക്ക് നോക്കി എന്റെ കണ്ണുനീർത്തുള്ളികൾ തുടച്ചു മാറ്റുന്നു.

അന്നും ഇന്നും എന്നും സന്ധ്യക്ക് കണ്ണുചിമ്മി, ഞാൻ നോക്കി നിൽക്കുന്ന  നക്ഷത്രങ്ങൾക്ക്  ഡാഡിയുടെയും  അമ്മയുടെയും സ്‌നേഹത്തിന്റെ  മിന്നാമിനുങ്ങു വെട്ടത്തിന്റെ ശോഭയുണ്ടായിരുന്നു.

സപ്‌ന അനു ബി ജോർജ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account