ജീവിതത്തിലൂടെ പ്രത്യാശയേടെ പ്രവഹിക്കുമ്പോഴും ചില ചുഴികൾ നമ്മെ വന്നു പുൽകാതിരിക്കില്ല. അമാവാസിയുടെ ഇരുൾ സ്പർശമേൽക്കാതെ ഒരു പൗർണ്ണമിയും ആകാശത്തിൽ വിരിഞ്ഞിട്ടുമില്ല.
ആകാശം തൊട്ടു നില്ക്കുന്ന ഹിമപർവ്വതത്തിലേക്ക് അത്യുത്സാ ത്തോടെ സഞ്ചരിക്കുന്നവൻ കടൽപോലെ പരന്നു കിടക്കുന്ന തൂവെള്ള മഞ്ഞിൽ വഴിയറിയാതെ അകപ്പെടുമ്പോൾ അനുഭവിക്കുന്ന ഒരു നിർവ്വികാരതയുണ്ട്.
അത് ഭയമല്ല. ആശങ്കയുമല്ല. നിർജ്ജിവമായിപ്പോകുന്ന ഒരു വിരസാവസ്ഥ.
ജീവിതത്തിന്റെ ആഴം തേടിയ ഏതു യാത്രയും ആ അതിരുകളില്ലാത്ത ഹിമ ധവളിമയുടെ നിശ്ചലത്വത്തിൽ അകപ്പെട്ടു പോയിട്ടുണ്ട്.
എങ്ങനെയാണ് ആ വെളിച്ചം നിറഞ്ഞ ഇരുട്ടിൽ നിന്ന് പുറത്തു വന്നതെന്ന് ചോദിച്ചാൽ അവർക്കെല്ലാം ഒരേ മറുപടിയാണ്.
അജ്ഞാതം.. അനുഗ്രഹം.. അതൊരു മഹത്തായ അതിജീവനം…
ഡിപ്രഷൻ എന്നു നാം ഇംഗ്ലീഷിൽ രോഗമായി പറയുന്ന ആ മനോരോഗം പോലെ ഒന്ന്. മനസ്സിനെ നശിപ്പിക്കുന്ന ആ രോഗം ഇവിടെ ദിവ്യമായ ആകാശത്തിലേക്കുള്ള വഴി തുറക്കലാണ്. ഒരേ ലക്ഷണം. ഒരേ ഭാവം. ഒരേ സഞ്ചാരം!
നിരാശയുടെയും ദു:ഖത്തിന്റെയും ഇരുളിമയിൽ അകപ്പെട്ടു പോകുന്ന സഹൃദയരോട് ആ വഴിയിൽ സഞ്ചരിച്ചവർക്ക് എന്നും ഒന്നേ പറയാനുള്ളൂ. “ഒരു കാർമേഘവും സൂര്യനു കീഴെ അധികനേരം തങ്ങി നില്ക്കുന്നില്ല.”
ജീവിതം ഏകമുഖമല്ല. ബഹുവിധമായ ഏറ്റിറക്കങ്ങളിലൂടെയേ സജീവമായ എന്തും പ്രവഹിക്കുകയുള്ളൂ. കാലത്തിൽ വിശ്വസിച്ച് ക്ഷമയോടെയും സ്നേഹത്തോടെയും കാത്തിരിക്കാൻ നമുക്കാവുമെങ്കിൽ കൂടുതൽ തെളിമയുള്ള ഒരു ധാരയിലേക്കാവും നാം പ്രവേശിക്കുക. നമ്മുടെ ഓരോരുത്തരുടെയും പൂർവ്വകാലാനുഭവത്തിലേക്ക് വെറുതെ ഒന്നു തിരിഞ്ഞു നോക്കിയാൽ മതി. അതെത്ര സത്യമാണെന്ന് തെളിയാൻ.
ഓരോ വിത്തും മരമാവാനും പൂക്കാനും വെമ്പുമ്പോഴും വളർച്ചയുടെ സ്വാഭാവിക സഞ്ചാരത്തിൽ ഇടപെടുന്നേയില്ല. പെട്ടെന്ന് പൂക്കുന്നില്ലല്ലോയെന്ന് വിതുമ്പുന്നില്ല. പരാതി പരിഭവങ്ങളിൽ ഉഴറുന്നില്ല. എല്ലാ ആഴത്തോടെയും ആ അന്തർദാഹത്തിൽ ധ്യാനനിരതരാകുന്നതേയുള്ളൂ.
അതെ, വഴിയിലെ കാർമേഘങ്ങളെ പഴിക്കേണ്ടതില്ല. അതും സജീവമായ വഴിയമ്പലമാണ്. അവിടെ അൽപ്പമൊന്നു വിശ്രമിച്ച് ആ സഹജമായ യാത്രയുടെ ഭാവഹാവാഭികളെ നമുക്ക് ഹൃദയപൂർവം സ്വീകരിക്കാം. നിശ്ചലത്വവും യാത്രയാണെന്ന് നമുക്ക് മറക്കാതിരിക്കാം.
-ഷൗക്കത്ത്