ഇന്ന് കൗതുകകരമായ ഒരനുഭവമുണ്ടായി. എന്റെയൊരു സുഹൃത്ത് വിളിച്ചു. അവൾക്ക് 26 വയസ്സു കഴിഞ്ഞു. പല പ്രാരാബ്‌ധ‌ങ്ങള്‍ കാരണം വിവാഹം നടന്നില്ല. ഈയിടെ അവൾക്ക് ഒരു സൗഹൃദമുണ്ടായി. പല പണികളെടുത്ത് ജീവിക്കുന്ന ഒരാൾ. സ്ഥിരമായ ഒരു തൊഴിലില്ല. ഇവൾക്കാണെങ്കിൽ സർക്കാർ ജോലിയുണ്ട്.

കാര്യമവൾ വീട്ടിൽ പറഞ്ഞു. പൊട്ടിത്തെറിച്ച് മാതാപിതാക്കൾ പറഞ്ഞു: വീടും പണിയുമൊന്നുമില്ലാതെ തെണ്ടി നടക്കുന്ന അവനെയല്ലാതെ വേറെ ആരെയും കണ്ടില്ലേ നിനക്ക്? ഇതിലും നല്ലത് വേറെ ജാതീലും മതത്തിലുമുള്ള കൊള്ളാവുന്ന ആളാ. പോറ്റാൻ കഴിയണം. പോറ്റാൻ….

ഒരു ആവേശത്തിന് സങ്കടത്തിൽ പറഞ്ഞതാണെങ്കിലും ഇതിൽ ഒരു സത്യമില്ലേ? ഇതിനു പകരം പണവും പ്രശസ്‌തിയും അധികാരവും ഏറെയുള്ള അന്യമതത്തിലെ മക്കളെ സാധാരണ വീട്ടിലെ ഒരു കുട്ടി സ്‌നേഹിച്ചാൽ എന്തായിരിക്കും നമ്മുടെ മനോഗതം?

ഒന്നുകിൽ പറയും; മ്മടെ കൂട്ടത്തിലുള്ളതായിരുന്നെങ്കിൽ നന്നായേനെ. അല്ലെങ്കിൽ പറയും; സ്‌നേഹിക്കുന്നതും കല്യാണം കഴിക്കുന്നതുമൊക്കെ കൊള്ളാം. എന്നാൽ മെല്ലെ നമ്മുടെ കൂട്ടത്തിലേക്ക് കൊണ്ടു വന്നേക്കണം. ഒരിക്കലും നമ്മൾ ആ ബന്ധം വേണ്ടെന്ന് തീർത്തു പറയില്ല. ഇനി അതുമല്ലെങ്കിൽ അവരെ തടി കേടാകാതെ ഒരുമിപ്പിക്കാനുള്ള ഒരു വഴി നാം തേടും.

എന്നാൽ നല്ല ദീനീബോധമുള്ള, ഭഗവദ് ഗീതയും ഉപനിഷത്തും ആഴത്തിൽ പഠിക്കുകയും അമ്പലത്തിൽ സ്ഥിരമായി പോകുകയും ചെയ്യുന്ന, അതുമല്ല, ഒരു കുർബാനയും മുടക്കാത്ത, ഇനി കടുത്ത യുക്തിവാദി (വിശ്വാസിതന്നെ) യായ സാമ്പത്തിക ശേഷി കുറഞ്ഞ ഒരു വിശ്വാസി അതേ മതത്തിൽ പെട്ട ഒരു സമ്പന്ന കുടുംബത്തിലെ കുട്ടിയെ സ്‌നേഹിച്ചാൽ എന്താവും സ്ഥിതി?

ചിരി വരുന്നു ഓർക്കുമ്പോൾ തന്നെ! പൊടിപോലുമുണ്ടാകില്ല കണ്ടു പിടിക്കാൻ. സിനിമയിൽ മാത്രം ശുഭപര്യവസായിയാകുന്ന ഒരു അനുഭവമാണ് അതെന്ന് നമുക്ക് നന്നായി അറിയാം. അപൂർവ്വത്തിൽ അപൂർവ്വമായേ തിരിച്ചു സംഭവിക്കാൻ സാദ്ധ്യതയുള്ളു. കുടുംബത്തിന്റെ സമ്മതത്തോടെ ഒന്നിക്കാൻ സാധിക്കുകയെന്നത് പ്രയാസംതന്നെയാകും.

സത്യത്തിൽ എന്തിലാണ് നമുക്ക് വിശ്വാസം? നാം പ്രാധാന്യം കൊടുക്കുന്നത് എന്തിനാണ്? സംശയം വേണ്ട. അത് പണവും പ്രശസ്‌തിയും അധികാരവും തന്നെ. സ്വഭാവംപോലും അതിനു ശേഷമേ വരൂ!

ഇതൊരു യാഥാർത്ഥ്യമാണ്. പച്ചയായ യാഥാർത്ഥ്യം. മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും ദേശത്തിന്റെയും പേരിൽ തമ്മിൽ തല്ലി ചത്തുവീഴുന്നത് ദരിദ്രർ മാത്രമാണ്. വിഡ്ഢികളായ നാം അത് അറിയാതെ ആർക്കൊക്കെയോ വേണ്ടി ബലിയാടാവുകയാണ്. സങ്കടമാണ് കാര്യങ്ങൾ !!!

മനുഷ്യൻ അവന്റെ നിലനിൽപ്പിനും തുടർച്ചയ്ക്കും അനുഗുണമായ ഭൗതിക സാഹചര്യങ്ങൾക്കു തന്നെയാണ് പ്രാധാന്യം കൊടുക്കുന്നത്. അത് നിലനിറുത്താനും വർദ്ധിപ്പിക്കാനും എന്തൊക്കെ സഹായകരമാകമോ അതിനെയൊക്കെ അവർ പിൻപറ്റും. പുട്ടിലെ തേങ്ങ പോലെ അപൂർവ്വമായി മാത്രമെ അങ്ങനെയല്ലാത്തവരെ കാണാനാകൂ…

-ഷൗക്കത്ത്

2 Comments
  1. Sunil 3 years ago

    Very true!

  2. Haridasan 3 years ago

    Well said..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account