കേരളത്തിലെ നിയമപാലന സംവിധാനത്തിന് പൊതുവിൽ ചില അപചയങ്ങൾ സംഭവിച്ചിട്ടുണ്ട് എന്ന് ബോധ്യപ്പെടുന്ന സന്ദർഭങ്ങളിലൂടെയാണ് നാം ഇപ്പോൾ കടന്നു പോകുന്നത്. പോലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട് ഈ ഗവർമെന്റ് എന്ന് സർക്കാരിനോടടുത്ത വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുകയും ചെയ്തു. ഒരു ജനാധിപത്യ സമൂഹത്തിൽ സൈന്യത്തിനോ സൈനിക ഘടകങ്ങൾക്കോ പരിപൂർണ സ്വാതന്ത്ര്യം അനുവദിക്കുന്നത് അപകടകരമായ നടപടിയാവാനേ തരമുള്ളൂ. പോലീസ് ഉൾപ്പെടെയുള്ള സൈന്യത്തിനു മേൽ കൃത്യവും കാര്യക്ഷമവുമായ രാഷ്ട്രീയ നിയന്ത്രണം സാധ്യമായാൽ മാത്രമേ ജനാധിപത്യം അതിന്റെ പൂർണാവസ്ഥയിൽ നിലനിൽക്കുകയുള്ളൂ.

മിസോറാമിലും ആസാമിലും കാശ്മീരിലും സായുധ സേന എങ്ങനെയാണ് സാമാന്യ ജനത്തെ കൈകാര്യം ചെയ്യുന്നത് എന്ന് നമുക്ക് അറിവുള്ളതാണ്. കേരളത്തിൽ തന്നെ പോലീസിനെ തന്നിഷ്ടം പ്രവർത്തിക്കാൻ അനുവദിച്ച ആൻറണി ഭരണകൂടത്തിന്, മുത്തങ്ങയിൽ പോലീസ് എങ്ങനെയാണ് മറുപടി നൽകിയത് എന്ന ചരിത്രവും നമ്മൾ മറന്നു കൂടാ. പോലീസ് എന്നും മർദ്ദനോപകരണമായി മാത്രമാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. അത് ഭരണകൂടങ്ങളുടെ നിലനിൽപിന് അത്യന്താപേക്ഷിതവുമാണ്. അതിനാൽ തന്നെ പോലീസിനെ ജനകീയവൽക്കരിക്കുന്നതിനുള്ള ഒരു നീക്കവും ഒരിക്കലും വിജയിക്കുകയുമില്ല.

പോലീസിലെ ഉന്നത സ്ഥാനീയരുടെ കാര്യമവിടെ നിൽക്കട്ടെ. സ്വന്തം ചുമതലകളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും ശരിയായ ധാരണയുള്ള എത്ര പോലീസുകാരുണ്ട് ഇവിടെ എന്നത് പ്രസക്തമായ ഒരു ചോദ്യമാണ്. പോലീസിൽ മാത്രമല്ല, എല്ലാ സർക്കാർ വകുപ്പുകളുടേയും പൊതുവിലുള്ള അവസ്ഥയാണിത്. ഏതു നിയമമനുസരിച്ചാണ്, ഏതു ചട്ടപ്രകാരമാണ് തങ്ങൾ പ്രവർത്തിക്കുന്നത്, പ്രവർത്തിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് മിക്കവരും അജ്ഞരാണ്. കേവലം കീഴ്വഴക്കങ്ങളുടേയും ധാരണകളുടേയും ഒക്കെ അടിസ്ഥാനത്തിലാണ് മിക്കപ്പോഴും നടപടികൾ സ്വീകരിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള അജ്ഞത പക്ഷേ പോലീസിലാവുമ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. പോലീസ് നേരിട്ടിടപെടുന്നത് സാമാന്യജനത്തിന്റെ നിത്യജീവിതത്തിലാണ് എന്നതു തന്നെ അതിന് കാരണം. കൊല്ലത്ത് വഴിയിൽ നിൽക്കുകയായിരുന്ന ഒരു സ്ത്രീയെ ബലമായി പിടികൂടാൻ ശ്രമിക്കുന്ന പോലീസിന് തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് എത്രമാത്രം ബോധ്യമുണ്ട് എന്ന് നമുക്ക് ആലോചിക്കാവുന്നതേയുള്ളു.

മറ്റൊരു വലിയ പ്രതിസന്ധി നിയമ നടപടികളെയും കുറ്റാന്വേഷണത്തെയുമൊക്കെ പൊതു സമൂഹം വല്ലാതെ സ്വാധീനിക്കുന്നു എന്നതാണ്. പലപ്പോഴും നീതിപൂർവകമായല്ല, മറിച്ച് പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതിനുള്ള നടപടികളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. പെരുമ്പാവൂർ ജിഷ കൊലക്കേസിലും നേരത്തെ സരിത എസ് നായരുടെ തട്ടിപ്പ് കേസുകളിലും നമ്മളതു കണ്ടതാണ്. ജിഷ കേസിൽ ഒരു പ്രതിയെ നിർമിച്ചെടുത്ത പോലീസിന് കോടതിയിൽ എന്താണു കിട്ടുക എന്ന് കാത്തിരുന്ന് കാണാം. ബാഹ്യസമൂഹത്തിന്റെ നിലപാടുകളും പരിഗണനകളുമല്ല ക്രമസമാധാന നിയമപാലന സംവിധാനങ്ങളെ നിയന്ത്രിക്കേണ്ടത്. അഥവാ അപ്രകാരമുള്ള ഇടപെടലുകൾ നിയമത്തെ സ്വാധീനിക്കാതിരിക്കാനും പൗരന്റെ പരമാധികാരത്തേയും അവകാശങ്ങളേയും പൂർണമായും സംരക്ഷിക്കേണ്ടതിനും വേണ്ടി തന്നെയാണ് കൃത്യമായ ചട്ടങ്ങൾ ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ളതും രാജ്യത്തെ കോടതികൾ കാലാകാലങ്ങളിൽ നിർദ്ദേശങ്ങളിലൂടെ ചിട്ടപ്പെടുത്തിയിട്ടുള്ളതും . എന്നാൽ എല്ലാ നിയമങ്ങളെയും അതിലംഘിക്കുകയും സ്വന്തം യുക്തിയുടേയും ബോധ്യത്തിന്റേയും മാത്രം അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതാണ് ഇന്ന് പോലീസിന്റെ ദുരവസ്ഥ . ഇപ്പറഞ്ഞ യുക്തിയാകട്ടെ ഇതേ സമൂഹത്തിലെ അംഗങ്ങൾ എന്ന നിലക്ക് സാമൂഹ്യ യുക്തിയോട് ചേർന്നു പോകുന്നതു മാത്രമായി തീരുകയും നിഷ്പക്ഷവും സമ്പൂർണവുമായ നീതി നിർവഹണം അസാധ്യമാവുകയും ചെയ്യുന്നു. സംരക്ഷിക്കേണ്ടവർ തന്നെ സംഹാര കരായി തീരുന്ന ദുരവസ്ഥ നമ്മുടെ ജീവിതത്തിനും സംസ്കാരത്തിനും ഒട്ടും യോജിച്ചതല്ല.

എന്തുകൊണ്ടാണ് പോലീസ് ഇങ്ങനെയായിത്തീരുന്നതെന്ന് തീർച്ചയായും ചോദിക്കപ്പെടേണ്ടതുണ്ട്. എല്ലാ വിഭാഗത്തിലുമെന്നതു പോലെ പോലീസിലും സമൂഹത്തിന്റെ പ്രാതിനിധ്യം ഉണ്ട് എന്നത് യാഥാർഥ്യമാണ്. അതിലുപരി നിയമനത്തിന്റെ തുടക്കത്തിൽ കിട്ടുന്ന പരിശീലനത്തിനപ്പുറം നിയമങ്ങളെക്കുറിച്ചും ലോകത്തുണ്ടാവുന്ന ശാസ്ത്രീയവും ബൗദ്ധികവുമായ കാര്യങ്ങളെക്കുറിച്ചും യാതൊരു തരത്തിലുള്ള കാലികമാക്കലും (updation) സേവന കാല പരിശീലനങ്ങളും സാധാരണ പോലീസുകാർക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. കേവലം മുഖം മിനുക്കൽ ശ്രമങ്ങൾക്കുപരിയായി ആഴത്തിലുള്ള ഒരു നവീകരണ പ്രവർത്തനങ്ങളും ഇന്നും സേനയിൽ നടന്നിട്ടില്ല, നടക്കാൻ സാധ്യതയുമില്ല. തങ്ങളുടെ ഉത്തരവാദിത്തമെന്തെന്ന് ധാരണയില്ലാത്ത, വൈയക്തിക പരിഗണനകളേയും മുൻവിധികളേയും മറികടക്കാനുള്ള ആർജവമില്ലാത്ത ഒരു ആൾക്കൂട്ടം മാത്രമാണ് ഇന്ന് കേരളത്തിലെ പോലീസ് സേന. ഈ പോലീസ് സേനയെ പ്രകീർത്തിക്കാനും ന്യായീകരിക്കാനും മഹത്വവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ ബോധപൂർവം നമുക്കിടയിൽ നടക്കുന്നു എന്നതും ചേർത്തു വായിക്കേണ്ടതാണ്. ഇന്ത്യൻ പട്ടാളത്തോടുള്ള ഭക്തിയും വിധേയത്വവുമാണ് രാജ്യസ്നേഹത്തിന്റെ ലക്ഷണങ്ങൾ എന്നു പറയുന്ന സംഘപരിവാര നിലപാടുകളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല പോലീസ് സേനയോടുള്ള വിധേയത്വവും വിശ്വാസവും ഉദ്ഘോഷിക്കുന്ന ഭരണകൂടങ്ങളുടെ നിലപാടുകൾ. ഏതു സൈനിക ഘടകവും പൂർണമായും രാഷ്ട്രീയ നിയന്ത്രണത്തിനു വിധേയമായി പ്രവർത്തിക്കുന്നു എന്നുറപ്പുവരുത്താനുളള ബാധ്യതയിൽ നിന്ന് ഒളിച്ചോടാനുള്ള ശ്രമങ്ങൾ ജനാധിപത്യത്തെ തന്നെ നിരർഥകമാക്കും.

3 Comments
  1. Sunil 11 months ago

    സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നു… നന്നായി എഴുതി..

  2. Haridasan 11 months ago

    വളരെ പ്രസക്തമായ ആർട്ടിക്കിൾ…. thanks.

  3. Retnakaran 11 months ago

    Good article on current state of Kerala Police…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account