തലശ്ശേരിക്കാരനായ കവി ടി. ഗോപി എഴുതിയ ‘ഹിഗ്വിറ്റയുടെ രണ്ടാംവരവ്’ എന്ന കവിതാ സമാഹരം കൗതുകത്തോടെയാണ് ഞാൻ വായിച്ചത്. അതിലെ ഓരോ അക്ഷരങ്ങൾക്കും 4 വർഷങ്ങളായ് ശരീരത്തെ കീഴ്‌പ്പെടുത്തിയ കാൻസറിനെയും 46 മണിക്കൂർ നീണ്ട് നിന്നിരുന്ന 16 കീമോകളെയും ഇത് വരെ നടത്തിയ രണ്ട് മേജർ ശസ്‌ത്രക്രിയകളെയും മനസിനെയും ശരീരത്തെയും ഒരുപോലെ തുളച്ച് നോവിച്ചിരുന്ന റേഡിയേഷനുകളെയും മറികടക്കാനുള്ള  ഊർജമുണ്ട്. കാൻസറിന്റെ നാലാം ഘട്ടത്തിൽ എത്തിയിട്ടും കവിതയെ കൈവിടാതെ സ്വയമൊരു കവിതയായ് ജ്വലിച്ച്  അതിജീവനത്തിനായ് തുഴയുകയാണ് ഈ  കവി.

‘വീണ്ടും സ്വത്വ പ്രതിസന്ധി’ എന്ന കവിത ദളിത് ജീവിതത്തിന്റെ വിധേയത്വത്തിന് നേരെയാണ് വിരൽ ചൂണ്ടുന്നത്. ഒരു ദളിതനാകാൻ അവരുടെ ജീവിതരീതി അനുകരിച്ചാൽ മതിയാകും. പക്ഷേ അവരനുഭവിച്ച ആത്‌മസംഘർഷങ്ങളും നൂറ്റാണ്ടുകളായ് അവർ സമൂഹത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചൂഷണങ്ങളും ഒരിക്കലും പുറത്തുള്ള ഒരാൾക്ക്  പറയാൻ സാധിക്കില്ല. പഴയ കാലത്തെ കേരളീയ സമൂഹത്തെക്കുറിച്ചാണ് കവി ഇവിടെ വിശദീകരിക്കുന്നതെങ്കിലും ജാതിവിവേചനവും അതിന്റെ കഠിന പീഢനങ്ങളും നമ്മുടെ ഇന്ത്യൻ ദളിത്  സമൂഹം എല്ലായ്‌പ്പോഴും അനുഭവിക്കേണ്ടി വരുന്നുണ്ട്. ഒരു നിമിഷം ഈ കവിത രോഹിത് വെമൂലയേയും, ഡോ. പായലിനെയും വിനായകനെയുമൊക്കെ ഓർമ്മിപ്പിച്ചു. ഒരിക്കലും മനസിൽ നിന്ന് മായാത്ത വരികളാണ് ഈ കവിതയിലേത്.

‘ഏഴിലും വലിയ കടൽ’ എന്ന കവിതയാണ് രസകരമായ് തോന്നിയത്. ഒരു ചെറു മത്‌സത്തിന്റെ ജീവിതകഥയാണ് ഈ കവിത. കാവ്യനായകനായ മത്‌സ്യം ഏഴു കടലും നീന്തി പിന്നീട് നദിയിലും പുഴയിലുമൊക്കെ ഒഴുകി നടന്ന് ഒടുവിൽ ഒരു മീൻ തീറ്റപ്രാന്തന്റെ വായ്ക്കുള്ളിലകപ്പെടുന്നതാണ് ഇതിവൃത്തം. ടി. ഗോപിയുടെ ജീവിതവുമായ് ഈ കവിതയെ ചേർത്തുവെക്കാം. കവിതയും പുസ്‌തക വ്യാപാരവുമായ് അക്ഷരങ്ങൾക്കൊപ്പം നടന്ന കവി പെട്ടെന്നാണ് കാൻസർ എന്ന മാരകരോഗത്തിന് അടിമയാകുന്നത്. എന്നാലും അതിന് മുൻപിൽ തോറ്റു കൊടുക്കാൻ കവി സമ്മതിക്കുന്നില്ല. കാൻസറിന്റെ ഫോർത്ത് സ്റ്റേജിലെത്തിയിട്ടും കവിതയെ കൈവിടാതെ, കവിത കൊണ്ട് രോഗത്തോട്  യുദ്ധം ചെയ്യുകയാണ് ടി. ഗോപി.

അതിജീവനത്തിന്റെ മറ്റ് ചില വരികൾ കണ്ടത് ‘ഹിഗ്വിറ്റയുടെ രണ്ടാം വരവ്’ എന്ന കവിതയിലാണ്. ഫുട്ബോൾ ലോകകപ്പ് മത്‌സരങ്ങളിൽ എല്ലാവരെയും ആവേശത്തിലാഴ്ത്തുന്ന കൊളംബിയൻ ഫുട്ബോൾ കളിക്കാരനാണ് ‘ഹിഗ്വിറ്റ’. ലോകം കണ്ട  മികച്ച ഗോൾകീപ്പറിലൊരാൾ. ഹിഗ്വിറ്റ എന്ന പേരിൽ  എൻ.എസ്. മാധവൻ എഴുതിയ പ്രശസ്‌തമായ കഥയുടെ ചുവട് പിടിച്ചാണ് കവി ഈ കവിത എഴുതിയിരിക്കുന്നത്. ഹിഗ്വിറ്റയെ പോലെ മികച്ച ഒരു കാൽപ്പന്തുകളിക്കാരനായിരുന്നു കവിയും. കളിക്കളത്തിലെ കവിയുടെ ഓരോ മൂവ്‌മെന്റുകളും ഗംഭീരമായിരുന്നു. ഡ്രിബിൾ ചെയ്‌തും ഹിറ്റ് ചെയ്തും എതിരാളികളുടെ ഗോൾ വലയങ്ങളിൽ ഗോൾ മഴ പെയ്യിച്ച ഹിഗ്വിറ്റയെ പോലെ കവിയും ഒരുപാട് ഗോളുകൾ നേടി.പിന്നീട് ഗോൾവലയങ്ങളെ മറന്ന് കവി കവിതകളിലേക്കാണ് പറന്ന് ചെന്നത്. കവിതയുടെ പതിവ് ശൈലികളിൽ നിന്ന് വിഭിന്നമായ് കവി എഴുതുകയാണ്.  ജീവിത യാഥാർത്ഥ്യങ്ങളെയാണ് ടി. ഗോപി തന്റെ ഓരോ അക്ഷരങ്ങളിലും സന്നിവേശിപ്പിക്കുന്നത്.

ആശയാണെല്ലാ നിരാശകൾക്കും കാരണമെന്ന് ബോധി വൃക്ഷത്തണലിലിരുന്ന് പണ്ട് ഗൗതമ ബുദ്ധൻ പറഞ്ഞിട്ടുണ്ട്. കൊട്ടാര ജീവിതവും സർവ്വ ആഢംബരങ്ങളും വലിച്ചെറിഞ്ഞ് സന്യാസ ജീവിതം നയിക്കുകയും എല്ലാ വ്യക്‌തികൾക്കും ലളിത ജീവിതത്തിന്റെ പാഠങ്ങൾ പകർന്നു നൽകുകയും ചെയ്‌ത ശ്രീബുദ്ധൻ മഹാനായ സന്യാസിയായിരുന്നു. ഈ പുസ്‌തകത്തിലെ ‘ബുദ്ധനും ഞാനും’ എന്ന കവിതയിൽ ആശകളെ ഉപേക്ഷിക്കാനുള്ള ആശയിൽ ആശിച്ച്, ആ ആശയിൽ തന്റെ മറ്റു  ആശകളെ ഉപേക്ഷിക്കുവാൻ ശ്രമിക്കുകയാണ് കവി. പക്ഷേ അദ്ദേഹത്തിന് അത് സാധിക്കുന്നില്ല. ഒരു ബുമറാങ്ങ് പോലെ ഉപേക്ഷിച്ച ഒരായിരം ആശകൾ തിരിച്ച് വരുന്നു. ഒടുവിൽ ആശകളെ ഉപേക്ഷിക്കുന്നത് അത്ര എളുപ്പമല്ല എന്ന നിരീക്ഷണത്തിൽ എത്തുകയാണ്. ബുദ്ധനെങ്ങനെ തന്റെ ജീവിതത്തിലെ ആശകളുടെ പ്രലോഭനങ്ങളെ തകർത്തെറിഞ്ഞു എന്നോർത്ത് കവി അത്‌ഭുതപ്പെടുന്നു. ജീവിതം ആസ്വാദ്യകരമാക്കണമെങ്കിൽ സുഖങ്ങളും ദുഃഖങ്ങളും ജീവിതത്തിൽ രാവും പകലുമെന്ന പോലെ ഉണ്ടാകണം. ബുദ്ധന്റെ ജീവിതം ഈ ഉലകത്തിനാകെ സമർപ്പിച്ചതായിരുന്നു. ഒരിക്കലും നമുക്ക് ആർക്കും അദ്ദേഹത്തെ പോലെ ഇഹലോക ജീവിതം ലോകത്തിനായി സമർപ്പിക്കാൻ കഴിയില്ല. ആ ഒരു അവബോധം നമുക്ക് എല്ലാവർക്കും സമ്മാനിച്ചാണ് കവിത അവസാനിക്കുന്നത്.

എന്റെ വിദ്യാഭ്യാസ സാഹചര്യങ്ങളുമായ് ഏറെ ബന്ധപ്പെടുത്താൻ കഴിഞ്ഞ ഒരു കവിതയാണ് ‘വട്ടപ്പൂജ്യം’. നിത്യജീവിതത്തിൽ കണക്ക് പല തരത്തിലും പ്രത്യക്ഷപ്പെടാറുണ്ട്. പരീക്ഷകൾ എഴുതുമ്പോൾ മുന്നൂറ്റി അറുപത് ഡിഗ്രിയിൽ വളരെ പെട്ടെന്ന് വട്ടം ചുറ്റി മനസിനെ വട്ടം കറക്കി, ഒടുവിൽ പരീക്ഷ പേപ്പറുകളിൽ ചുവന്ന ബാൾ പേനകൾ കൊണ്ട് ഛർദ്ദിക്കുന്ന മാർക്കുകളായ്, ഫിസിക്‌സിൽ ദൂരവും, സമയവുമായ്, കെമിസ്‌ട്രിയിൽ 2ഉം3ഉം ഉപയോഗിച്ച് പുതിയ രാസസമവാക്യങ്ങൾ വരെ ഉണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഒൻപത് വർഷത്തെ വിദ്യാഭ്യാസ ജീവിതത്തിലേക്കൊന്ന് തിരിഞ്ഞ് നോക്കിയാൽ കണക്കും ഞാനും തമ്മിൽ മംഗലശേരി നീലകണ്ഠൻ – മുണ്ടക്കൽ ശേഖരൻ  ബന്ധമാണ്. ഞാനും കവിയും കണക്കിൽ കണക്കാണ്. എല്ലാ വിഷയങ്ങളിലും കണക്ക് കയറി വന്ന് കവിയെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. എന്തുകൊണ്ടൊ ഈ കവിത ഞാനുമായ് വളരെ അടുത്ത ഒന്നാണെന്നനിക്ക് തോന്നി.

ജീവിതദുരിതങ്ങളെ പേറി നടക്കുമ്പോഴും അസുഖം നാൾക്കുനാൾ കൂടുതൽ വിധേയപ്പെടുത്തുമ്പോഴും കവിതയെ മറക്കാതെ ഹൃദയത്തോട് ചേർത്തണച്ച് തന്റെ അതിജീവന ശ്രമങ്ങൾ തുടരുകയാണ് കവി. ഈ സമാഹാരത്തിൽ നിന്നുള്ള വരുമാനമാണദ്ദേഹത്തിന്റെ ചികിത്‌സാച്ചെലവുകൾ നിർവ്വഹിക്കുന്നത്. എല്ലാവരും ഹിഗ്വിറ്റയുടെ രണ്ടാം വരവ് വാങ്ങിക്കേണ്ടതും വായിക്കേണ്ടതും കവിയെന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും അദ്ദേഹത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account