ഒരു പക്കാ വിജയ് പടം എന്നതിലപ്പുറം ഒന്നുമുണ്ടാവില്ലെന്നറിഞ്ഞു കൊണ്ട് തന്നെയാണ് ‘സർക്കാർ’  കാണാനിരുന്നത്. അന്തമില്ലാതെ തിരുകുന്ന പാട്ടുകളും ആട്ടങ്ങളും കൊന്നു കൊലവിളിക്കുന്ന സംഘട്ടനങ്ങളും ഇല്ലാതെന്ത് വിജയ് പടം! റിലീസിന് മുൻപേ തന്നെ മൂന്നു കോടി രൂപയുടെ ടിക്കറ്റുകൾ റിസർവ് ചെയ്‌തവരുടെ പ്രതീക്ഷയും  ഒരു പക്കാ മാസ്സ് മസാല പടം തന്നെയാണ്. ആ പ്രതീക്ഷകൾ തെറ്റിക്കാതെയാണ് എ. ആർ. മുരുകദാസ് ‘സർക്കാർ’ അവതരിപ്പിക്കുന്നത്.  സുന്ദർ രാമസ്വാമിയായി വിജയ് ആടിയും പാടിയും എതിരാളികളെ അടിച്ചൊതുക്കിയും കിടിലൻ ഡയലോഗ് പറഞ്ഞും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നുണ്ട്. അതിമാനുഷികതയും മറ്റു സകല വിധ ക്ളീഷേകളും നിറഞ്ഞ മസാല മിക്‌സ് ആഘോഷമാണ്  ‘സർക്കാർ’.

ആ മസാലക്കാഴ്ച്ചകളുടെ ഇടവേളയിൽ സിനിമ രാഷ്‌ട്രീയം പറയുന്നുണ്ട്. സംവിധായകന്റെ/എഴുത്തുകാരന്റെ  രാഷ്‌ട്രീയ ആശയങ്ങളെ/സംശയങ്ങളെ  ഏറ്റവും കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കുന്നതിൽ  കച്ചവടസിനിമ നല്ല മാധ്യമമാണ്. അധികാരരാഷ്‌ട്രീയത്തിന്റെ മുഖം (തമിഴ് നാടിന്റെ മാത്രമല്ല) ലളിതമായി പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കാൻ കഴിയുന്നതോടെ ‘സർക്കാർ’ പതിവ് കാഴ്ച്ചകളിൽ ഒതുങ്ങാതെ അൽപ്പം വേറിട്ട് നിൽക്കുന്നു .

കുറച്ചു കാലം മുൻപ് പലിശക്കുടുക്കിൽ പെട്ട ഒരു കുടുംബം കളക്റ്ററേറ്റിന് മുൻപിൽ തീകൊളുത്തി മരിച്ചതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നമ്മൾ ഷെയർ ചെയ്‌തിരുന്നു. അടുത്ത വിഷയം വന്നതോടെ നമ്മൾ അത് വിട്ട് പോന്നു. മാറി മാറി വരുന്ന പ്രശ്‍നങ്ങളുടെ പേരിൽ നമ്മൾ പ്രൊഫൈലുകളിലും ഗ്രൂപ്പുകളിലും അഭിപ്രായങ്ങളും കൊലവിളികളും നിറച്ചു. പ്രശ്‌നങ്ങളില്ലാത്ത ദിവസങ്ങളിൽ ചർച്ച ചെയ്യാനൊന്നുമില്ലാതെ സെൽഫികൾ മാറ്റിമാറ്റിയിട്ടു ബോറടിച്ചു.  കൂട്ടം കൂടി തല്ലിക്കൊന്ന മധുവും  ജീവന് വേണ്ടി നിലവിളിച്ച പ്രളയകാലവുമൊക്കെ നമുക്ക് പഴങ്കഥകളായി.

എല്ലാദിവസവും ചർച്ച ചെയ്‌താഘോഷിക്കാൻ പ്രശ്‍നങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കണം എന്ന് പ്രാർത്ഥിക്കുന്നവരുടെ കൂടി സമൂഹമാണിത്. ആ സമൂഹത്തിലേക്ക് (നമ്മളിലേക്ക്) അമ്പെയ്‌തുകൊണ്ടാണ് ‘സർക്കാർ’ അതിന്റെ രാഷ്‌ട്രീയപ്രവേശനം സാധ്യമാക്കുന്നത്. നിശ്ശബ്‌ദരായി നിന്ന് കത്തിത്തീർന്ന പെൺകുട്ടികളെ  കണ്ട്  പൊള്ളിയ  നമ്മളെന്താണ് അപ്പോഴും പിന്നീടും ചെയ്‌തത്? സർക്കാർ എന്താണ് ചെയ്‌തത്? ഈ രണ്ടു ചോദ്യങ്ങളും അതിനു കിട്ടിയ മറുപടികളുമാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്. പതിയെ തുടങ്ങിയ സിനിമ ചടുലമായ രണ്ടാം പകുതിയിലേക്കു പോകുന്നതോടെ ചടുലമാകുന്നു.

ചോദ്യങ്ങൾ ചോദിക്കുന്നവനെ അടിച്ചൊതുക്കുന്ന ഭരണകൂടങ്ങളുടെ കാലത്ത്, കോടതി വിധികളെ പുച്ഛിച്ചു തള്ളുന്ന നേതാക്കളുടെ കാലത്ത്, കലാപങ്ങളുണ്ടാക്കി സാധാരണ മനുഷ്യരുടെ രക്‌തത്തിനുമേൽ അധികാരം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവരുടെ കാലത്ത് ‘സർക്കാർ’ വളരെ പ്രസക്‌തമായ ഒരു വാണിജ്യസിനിമയാണ്.

കീർത്തി സുരേഷിൻ്റെ നിലാ എന്ന നായികയെ വെറുതെയും വരലക്ഷ്‌മിയുടെ കോമളവല്ലിയെ പ്രസക്‌തമായും (ക്ളീഷേ തന്നെ) അവതരിപ്പിക്കുന്നു സിനിമയിൽ. രാധാ രവിയും  കറുപ്പയ്യയുമാണ് വില്ലൻ  വേഷങ്ങളിൽ. രണ്ടാളും തിളങ്ങി നിന്നു. ബാക്കിയെല്ലാമേ വിജയ് മട്ടും താൻ.

സിനിമയിലെ ഏറ്റവും പ്രസക്‌തമായ ഘടകം സംവിധായകൻ  മുരുകദാസും ജയമോഹനും ചേർന്നെഴുതിയ സംഭാഷണങ്ങളാണ്. (സംഭാഷണങ്ങൾക്കു മാത്രമായി ഒരുവട്ടം കൂടി പടം കാണണമെന്നുണ്ട്).  കുട്ടിക്കാലത്ത് മണിരത്‌നം സിനിമകളിൽ കേട്ടുതുടങ്ങി പിന്നീട് അതുല്യരായി മാറിയ എ. ആർ. റഹ്‌മാൻ സംഗീതവും ശ്രീകർ പ്രസാദ്‌ എഡിറ്റിങ്ങും നിർവഹിച്ചപ്പോൾ താരതമ്യേന പുതുമുഖവും മലയാളിയുമായ  ഗിരീഷ്  ഗംഗാധരനാണ് ഛായാഗ്രാഹകൻ. ഇന്ത്യൻ വാണിജ്യസിനിമാലോകത്തെ എണ്ണപ്പെട്ട  സിനിമോട്ടോഗ്രാഫർമാരിൽ പലരും മലയാളികളാണ്. അക്കൂട്ടത്തിലെത്താനുള്ള  മികച്ച ചുവടുവെപ്പാണ് ഗിരീഷ് ഗംഗാധരന് ‘സർക്കാർ’.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മാതാവ്. പടം കാണുമ്പോൾ സൺഗ്രൂപ്പിന്റെ പിന്നിലെ രാഷ്‌ട്രീയ കക്ഷിയെയും പ്രേക്ഷകർക്ക് ഓർമ്മ വരുമെന്നത് രസകരമാണ്.

– ഉമേഷ് വള്ളിക്കുന്ന്

 

2 Comments
  1. Anil 1 week ago

    Good review as usual

  2. Sreeraj 1 week ago

    Nice review

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account