കഴിഞ്ഞ ദിവസം എനിക്ക് കണക്ക് പരീക്ഷയായിരുന്നു. ഒമ്പതാം ക്ലാസിൽ പൊതുവെ കണക്ക് ബുദ്ധിമുട്ടാണ്. എനിക്ക് കുറച്ച് ബുദ്ധി ദാരിദ്ര്യമുളളതുകൊണ്ട് കണക്ക് പഠിക്കുക എന്നത് വളരെ ശ്രമകരമാണ്. ‘ഇടഞ്ഞ കൊമ്പന്റെ കൃഷ്‌ണമണിയിൽ തോട്ടി കേറ്റി കളിക്കല്ലേ’ എന്ന് ലാലേട്ടൻ പറഞ്ഞപോലെ കണക്ക് പഠിക്കാൻ എത്ര ഉത്‌സാഹം കാണിച്ചാലും പുള്ളി പിടി തരാതെ ഇടഞ്ഞു തന്നെ നിൽക്കും. ആദ്യം മാറേണ്ടത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമാണ്.

ഒന്നാം ക്ലാസ് മുതൽ എട്ടാംക്ലാസ് വരെ ഞാൻ പഠിച്ചത് അടിസ്ഥാനപരമായ കണക്കുകളാണ്. കൂട്ടാനും കുറക്കാനും, ഗുണിക്കാനും, ഹരിക്കാനും, വരക്കാനും, കോൺ അളക്കാനും തുടങ്ങി നമ്മൾ അറിഞ്ഞിരിക്കേണ്ട വസ്‌തുതകളും, തത്ത്വങ്ങളും. അതിനാൽ ‘ അവ കുറച്ചൊക്കെ എളുപ്പമായിരുന്നു. മാത്രമല്ല, അവയെല്ലാം നാം നിത്യജീവിതത്തിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട, ഉപകാരപ്രദമായ വസ്‌തുതകളാണ്. എന്നാൽ ഒമ്പതാം ക്ലാസിൽ കീരിക്കാടൻ ജോസിനെ പോലെയാണ് കണക്ക്. വല്ലാത്ത ബുദ്ധിമുട്ടാണ്. x ഉം, yഉം, പൈഥഗോറസ് സിദ്ധാന്തവും, പാദവും, ലംബവും, കർണവും എല്ലാം കൂടി കലർന്ന് ഈ പാവം സേതുമാധവൻ (ഞാൻ) കണ്ണീർപൂവ് കവിളിൽ തലോടിയ അവസ്ഥയിലായിരിക്കും. പലതും മനസ്സിലാക്കാൻ സാധിക്കാതെ പരീക്ഷകളിൽ മാർക്കും കുറഞ്ഞ് ആകെ ധർമ്മസങ്കടത്തിലാകും. ഉന്നത നിലവാരത്തിലുള്ള കണക്കുകളാണ് ഒമ്പതാംക്ലാസിൽ പഠിക്കാനുള്ളത്. നല്ലോണം പഠിക്കുന്ന വിദ്യാർത്ഥികൾക്കുപോലും ബുദ്ധിമുട്ടായിരിക്കും ഈ  കണക്കുകൾ. ഒമ്പതാം ക്ലാസിലെ കണക്ക് ചെയ്യുമ്പോൾ ഏതൊരു M.Sc. കണക്കുകാരനും ഒരു തവണയെങ്കിലും ഗഹനമായ് ആലോചിക്കുമെന്നാണ് വിദ്യാർത്ഥികൾക്കിടയിലെ ഒരു പുതു ചൊല്ല്. പതിവുപോലെ ദുഷ്‌കരമായ കണക്കുപരീക്ഷ കഴിഞ്ഞപ്പോഴാണ് ഞാൻ ചില കാര്യങ്ങളോർത്തത്.

എല്ലാ ക്ലാസുകളിലെയും ഗണിത പാഠഭാഗങ്ങൾ കൂടുതൽ ലഘൂകരിക്കണം. എല്ലാ തരത്തിലുമുള്ള വിദ്യാർത്ഥികൾക്കും മനസിലാകുന്ന തരത്തിൽ വേണം പാഠ പുസ്‌തകത്തിന്റെ നിർമ്മാണം. അടിസ്ഥാനപരമായ വിദ്യാഭ്യാസപ്രവർത്തനങ്ങളാണ് ഒന്ന് മുതൽ പത്താം ക്ലാസ് വരെ വിദ്യാർത്ഥികൾക്കായ് നടത്തേണ്ടത്.

കണക്ക് ക്ലാസുകളിൽ പൊതുവെ കാണുന്ന ഒരു കാഴ്ച്ചയാണ്, അധ്യാപകർ പഠിക്കാൻ കഴിവുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന നൽകുന്നത്. അവരുടെ നിലവാരത്തിനനുസരിച്ചാണ് അധ്യാപകർ പാഠഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത്. അത്തരം വിദ്യാർത്ഥികൾ അധ്യാപകരെയും വളരെ എളുപ്പം പിന്തുടർന്നു പോകുന്നു.

എന്നാൽ പിന്നോട്ട് നിൽക്കുന്ന വിദ്യാർത്ഥികളുടെ പഠന പ്രശ്‌നങ്ങളെ തിരിച്ചറിയാൻ ഈ അധ്യാപകർ ശ്രമിക്കുന്നില്ല. അവരെ എപ്പോഴും പഠിക്കാൻ കഴിവില്ലാത്തവർ എന്ന പേരിൽ മാറ്റിനിർത്തുന്നു. അവരെ അവഗണിക്കുന്നു. വിദ്യാർത്ഥികളുടെ പഠന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് അധ്യാപകർ ശ്രമിക്കേണ്ടത്. പിന്നോട്ടുള്ള വിദ്യാർത്ഥികളെ കണ്ടെത്തി അവരെ പരിശീലിപ്പിക്കണം. നാൽപ്പത്തിയെട്ട് പേരിൽ എട്ട് പേർ നല്ലോണം പഠിക്കുന്നെങ്കിൽ അതിന്റെ അർത്ഥം ആ അധ്യാപകന്റെ ആധ്യാപനം വലിയ വിജയമായി എന്നല്ല. എല്ലാ വിദ്യാർത്ഥികളെയും സമഭാവനയോടെ കാണാൻ ശ്രമിക്കുന്നിടത്ത്, അവരെ കേൾക്കാൻ ശ്രമിക്കുന്നിടത്താണ് ഓരോ അധ്യാപകനും വിജയമാകുന്നത്.

എല്ലാ  അധ്യായന വർഷവും തുടങ്ങുമ്പോൾ  അധ്യാപകർക്കായ് ഓരോരോ പരിശീലന ക്ലാസ്സുകളും മറ്റും നടത്താറുണ്ടല്ലോ. വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും സ്വീകാര്യമാകുന്നഅധ്യാപന മാന്വലുകൾ തയ്യാറാക്കുന്നു. എന്നാൽ എത്ര അധ്യാപകർ ഇതൊക്കെ അവരുടെ അധ്യാപന ജീവിതത്തിൽ പ്രാവർത്തികമാക്കുന്നുണ്ട്? പാഠഭാഗങ്ങൾ കൃത്യസമയം എടുത്ത് തീർക്കുക എന്നതിലുപരി എന്ത് പ്രതിബദ്ധതയാണ് പല അധ്യാപകരും വിദ്യാർത്ഥികളോട് കാണിക്കുന്നത്? യുദ്ധങ്ങളും, ഭൗമപാളികളിലെ വിള്ളലുകളും, ഭിന്നവും, സമവാക്യങ്ങളും ലസാഗുവും, ഉസാഗുവും, രാസസമവാക്യങ്ങളും, രാസ നാമങ്ങളും, ചലന നിയമങ്ങളും മനപാഠമാക്കി വിഴുങ്ങി തളർന്നുറങ്ങുന്ന വിദ്യാർത്ഥികളെക്കുറിച്ച് അധ്യാപകർ മനസിലാക്കണം. അവരുടെ പഠന പ്രശ്‌നങ്ങളെ അധ്യാപകർ തിരിച്ചറിയണം.അവരോട് ഒരു സുഹൃത്ത് എന്ന നിലയിൽ പെരുമാറണം.

സ്ഫടികത്തിലെ ചാക്കോ മാഷിനെ പോലെയുള്ള ചില അധ്യാപകരെ ഞാൻ കണ്ടിട്ടുണ്ട്. കുട്ടികളിൽ പഠനം അടിച്ചേൽപ്പിക്കുന്നവർ. ഉത്തരങ്ങൾ തെറ്റിയാൽ അടിച്ച് തോല് പൊളിക്കുന്നവർ. ഇത്തരം അധ്യാപകർ ഒരിക്കലും വിദ്യാർത്ഥികളെ മനസിലാക്കുന്നില്ല. പാഠപുസ്‌തകങ്ങൾ അരച്ചുകലക്കി പഠിച്ച് പേനകൾ കൊണ്ട് ഉത്തരങ്ങൾ പരീക്ഷകളിൽ ഛർദിക്കുന്ന വിദ്യാർത്ഥികളെയാണ് അവർക്ക് ആവശ്യം. മാർക്ക് കുറഞ്ഞ വിദ്യാർത്ഥികളിൽ അധ്യാപകർ അവരുടെ മർദ്ദന കല പ്രദർശിപ്പിക്കുന്നു. അവരെ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ അപമാനിക്കുന്നു. സഹപ്രവർത്തകരോട് അത്തരം വിദ്യാർത്ഥികളുടെ കഴിവുകേടിനേക്കുറിച്ച് അധ്യാപകർ വാ തോരാതെ സംസാരിക്കുന്നു. പിന്നെ ഓരോ അധ്യാപകരുടെയും ചോദ്യങ്ങളും, ഉത്തരങ്ങളുമായ് വിദ്യാർത്ഥികൾ മാനസികമായ് തളരുന്നു. അധ്യാപകരുടെ ഈ സ്വഭാവ ഗുണങ്ങൾ കാരണം വിദ്യാർത്ഥികളുടെ മനസ്സിൽ അവർ  ചാക്കോ മാഷായും, ചെകുത്താന്മാരായും സ്ഥിര പ്രതിഷ്ഠയാർജജിക്കുന്നു.

എല്ലാ വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ എത്തുന്നത് പഠിക്കാനാണ്. അവരെ പഠിപ്പിക്കുക എന്നത് അധ്യാപകരുടെ കടമയാണ്. എന്നാൽ കേവലം ശമ്പളം ലഭിക്കുന്നഒരു സ്രോതസ്സായ് മാത്രം അധ്യാപകർ അധ്യാപനത്തെ കാണരുത്. ഒരു ക്ലാസ്സിൽ ഒരുപാട് A+കാരെ സൃഷ്‌ടിക്കുകയല്ല അധ്യാപനത്തിന്റെ ലക്ഷ്യം. എല്ലാ വിദ്യാർത്ഥികളെയും അവരവരുടെ മേഖലകളിൽ മികച്ചതാക്കി തീർക്കുക എന്നതു കൂടിയാണ്. അതിനായ് അധ്യാപകർ ആത്‌മാർത്ഥമായ് ശ്രമിക്കണം. എല്ലാവരുടെയും കഴിവുകൾ വ്യത്യസ്‌തമാണ്. എന്നാൽ അവയെ പ്രോത്‌സാഹിപ്പിക്കാതെ പഠനത്തിന് മാത്രം പല അധ്യാപകരും ഊന്നൽ നൽകുന്നതാണ് മറ്റൊരു വിരോധാഭാസം.

പല അധ്യാപകർക്കും വിദ്യാർത്ഥികൾക്കിടയിൽ ചില ഇരട്ട പേരുകളുണ്ടാകും. അത്തരം പേരുകൾ അവരുടെ ശരീരപ്രകൃതി, സംഭാഷണ ശൈലി, എന്നിവ മാനദണ്ഡമാക്കി മുൻപ് ഏതെങ്കിലും ഒരു വിദ്യാർത്ഥി നാമകരണം ചെയ്‌തതായിരിക്കും. ആ ഒരു പേരിന് പിന്നിലുള്ള ചരിത്രമൊന്നും ആർക്കും അറിയില്ലെങ്കിലും എല്ലാവർക്കും ഓരോ അധ്യാപകരുടെയും ഇരട്ട പേരുകൾ സീനിയർ വിദ്യാർത്ഥികളിൽ നിന്നും ലഭിക്കും. സൗഹൃദ സംഭാഷണങ്ങളിൽ അവർ അധ്യാപകരെ അഭിസംബോധന ചെയ്യുന്നത് ഇരട്ടപ്പേരുകളിലാണ്.  വിരളമായ് ചില അധ്യാപകരെ മാത്രം സാറ് എന്നും ടീച്ചർ എന്നും ആത്‌മാർത്ഥതയോടെ എന്റെ ചിലകൂട്ടുകാർ അഭിസംബോധന ചെയ്യുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതിൽ കവിഞ്ഞൊഴുകുന്ന സ്‌നേഹവും, ആ അധ്യാപകനെടുക്കുന്ന വിഷയത്തോടുള്ള ഇഷ്‌ടവും നമുക്ക് കാണാൻ കഴിയും. അത്തരം അധ്യാപകരുടെ വിദ്യാർത്ഥികളോടുള്ള നല്ല പെരുമാറ്റമാണ് ആ കുട്ടികളുടെ മനസിൽ അധ്യാപകർക്ക് ഒരു സൂപ്പർ സ്റ്റാർ പരിവേഷം നൽകുന്നത്. അത്തരം അധ്യാപകരെ വിദ്യാർത്ഥികൾ ഇഷ്‌ടപ്പെടുന്നു, ബഹുമാനിക്കുന്നു. അധ്യാപകരുടെ മനോഭാവം മാറിയാൽ തന്നെ വിദ്യാർത്ഥികളും മാറും. ക്ലാസുകൾ സ്‌മാർട്ടും, ഹൈടെക്കുമാകുമ്പോൾ അധ്യാപകരും കുറച്ച് മാറണം. സ്‌മാർട്ടും, ബ്രില്ല്യന്റും ആകണം.

ഇന്ന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ചില പരിവർത്തനങ്ങൾ സംഭവിക്കുന്നുണ്ട്. വിദ്യാർത്ഥികളും, രക്ഷിതാക്കളുമടങ്ങുന്ന പ്രാദേശിക പി.ടി.എ. ഓരോ ഗ്രാമങ്ങളിലുമായ് ഇന്ന് നടന്നു വരുന്നുണ്ട്. വിദ്യാർത്ഥികളുടെ പഠന പ്രശ്‌നങ്ങൾ പരിഹരിക്കാനും, കൂടുതൽ പാഠ്യപദ്ധതികൾ ആവിഷ്‌കരിക്കുവാനും വേണ്ടിയുള്ള, അധ്യാപകരും, വിദ്യാർത്ഥികളും, രക്ഷിതാക്കളുമടങ്ങുന്ന ഒരു സംവാദ വേദിയാണ് യഥാർത്ഥത്തിൽ പ്രാദേശിക പി.ടി.എ. അധ്യാപക വിദ്യാർത്ഥി ബന്ധം ഊഷ്‌മളമാക്കുക എന്ന മഹത്തായ മറ്റൊരു ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഈ പാഠ്യ പ്രവർത്തനങ്ങൾ എല്ലാം വിജയം കാണാൻ അധ്യാപകരും, വിദ്യാർത്ഥികളും ഐക്യത്തോടെ നിൽക്കണം. ചൂരലും, ക്രോധവും പുറത്ത് കളഞ്ഞ് അധ്യാപകർ കുട്ടികളോട് പുഞ്ചിരിക്കണം. അവരെ മനസിലാക്കണം. ഇത്തരം പ്രാദേശിക വിദ്യാഭ്യാസ യോഗങ്ങളുടെ ആവശ്യകതയും അത് തന്നെയാണ്. ചാക്കോ മാഷും, മറ്റ് വില്ലൻ മാഷൻമാരും കണ്ടം വഴി ഓടേണ്ട കാലം എന്നേ കഴിഞ്ഞു.

എന്നെ ഇത്രയും കാലത്തിനിടക്ക് സ്വാധീനിച്ച ഒരുപാട് അധ്യാപകരുണ്ട്. അവർ എനിക്ക് സുഹൃത്തുക്കളായിരുന്നു. ഒരുപാട് പ്രചോദനങ്ങളും, സ്വപ്‌നങ്ങളും തന്നവരായിരുന്നു അവർ. ഭാരതീയ സംസ്‌കാരമനുസരിച്ച് ‘മാതാ, പിതാ, ഗുരു ദൈവം’ എന്നതിൽ ഗുരുവിന് മൂന്നാം സ്ഥാനമേയുള്ളു. എങ്കിലും അവർ നമുക്ക്  പുതിയ അറിവുകൾ പഠിപ്പിച്ച് തരുന്നു. ഒരിക്കലും എരിഞ്ഞടങ്ങാതെ നമ്മുടെ ജീവിത പാതകളിൽ നിത്യപ്രകാശമായ് നിലകൊള്ളുന്നു. അവരെ ഒരിക്കലും നിന്ദിക്കാതിരിക്കുക. ഈ അധ്യാപക ദിനത്തിൽ പ്രിയപ്പെട്ട അധ്യാപകരെ ഓർമ്മിക്കുന്നു. ഒപ്പം പ്രിയപ്പെട്ട അനുഭവങ്ങളെയും.

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account