ഞാന്‍ കാര്‍ത്ത്യാനി.

അടുത്ത വൃശ്ചികം വന്നാല്‍ ഈ വലിയ വീട്ടില്‍ നിയ്ക്ക് പണി കിട്ടീട്ട് ഒരു കൊല്ലം കൃത്യായി തികയും. ഞാനെങ്ങാനും ഇവിടന്ന് പോയാല്‍ ഇവിടുത്തെ കാര്യങ്ങളെല്ലാം കൊഴയുംന്നും ഒറപ്പായി. സ്വയം പുകഴ്ത്തല്ലാ, ഞാനൊരു ഒന്നാം തരം പണിക്കാരിയാണെന്നാ ഇവിടുത്തെ ഏടത്തീം പറയണത്. ഇനി എങ്ങാനും ന്നെ പെണക്കി അയയ്ക്കാന്നു കരുതിയാല്‍ അതും നടപ്പില്ലാ,വേറൊന്നും അല്ലാ…നിയ്ക്കും ഇവിടെ ഇശ്ശി പിടിച്ചു

മാത്രല്ലാ, ഈ വലിയ വീട്ടില്‍ വന്നേ പിന്നെയാ ന്റ്റെ കുട്ട്യോളടെ എല്ലൊന്നു തൂര്‍ന്നു കിട്ടീത്. ഈ സൌഭാഗ്യം ഞാനായിട്ട് വേണ്ടാന്ന് വെയ്ക്കാന്‍ നിയ്ക്ക് പിരാന്തൊന്നും ഇല്ല. കുള്ളും കുടിച്ച് നാലു കാലില്‍ വരണ മനുഷ്യനെ നമ്പീട്ട് പെഴയ്ക്കാനുണ്ടോ ഇന്നത്തെ കാലത്ത് പറ്റുണൂ..?
ഇപ്പൊ കൊറച്ച് ദിവസായിട്ട് ഞങ്ങള്‍ തമ്മിലാണേങ്കി മുണ്ടാട്ടോം ഇല്ല. അതോണ്ടെന്താ, നിയ്ക്കും ന്റ്റെ മക്കള്‍ക്കും കുടീല്‍ ഇശ്ശി സ്വൈര്യം ഉണ്ട്., അയാക്കടെ പിരാന്തിനും ഇശ്ശി കൊറവുണ്ട്.
.
അതെന്താ ഉണ്ടായ്ച്ചേല്‍, ഞങ്ങള്‍ തമ്മില്‍ ഒരു കലമ്പല്‍ ഉണ്ടായപ്പൊ അടുത്തുണ്ടായിരുന്ന ഒരു മര പലക എടുത്ത് ആ മനുഷ്യന്‍ ന്റ്റെ മുതുകത്തോട്ട് ഒരു താങ്ങ്. ന്റ്റെ പൊന്നേ, കണ്ണീക്കൂടെ പൊന്നീച്ച പറന്നു. ഞാനും രണ്ടാമതൊന്നും ആലോയ്ചില്ലാ, മൂലയ്ക്ക് കുത്തി വെച്ചിരുന്ന കൊട എടുത്ത് ഒരൊറ്റ വീശ്. പ്രാണന്‍ പോണ വേദനയില്‍ കെട്ട്യോനാണോ, കള്ളുകുടിയനാണോ, കള്ളനാണോ എന്നൊക്കെ ആരേലും ഓര്‍ക്കാന്‍ മെനക്കെടോ..? കണ്ണടച്ചോണ്ട് എലോം വലോം നോക്കാതെയങ്ക്ട് കൊടുത്തു.

ന്റ്റെ പണി ഇവിടെ സ്ഥിരായി കിട്ടാന്‍ വേറേം കാര്യം ഉണ്ട്. ഈ വലിയ പുരയില്‍ പെണ്ണുങ്ങളൊന്നും അധിക നാള്‍ പണിയ്ക്ക് നിക്കാറില്ലാത്രെ. രണ്ടു കൊല്ലങ്ങളായിട്ട്, അഞ്ചാറു മാസങ്ങള്‍ക്കുള്ളില്‍ ദുര്‍ മരണങ്ങളും, മാറാ ദീനങ്ങളും ഒന്നൊന്നായി അകത്തേ തളത്തിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടോണ കാഴ്ച്ചേ ഉള്ളോത്രെ. ഞാന്‍ വരുന്നതിന്‍ മുന്നെയായിട്ട് ഈ കുടീലെ കാര്ന്നോരും, രണ്ട് പെണ്‍ കുട്ട്യോളും, അവക്കടെ ആങ്ങള ചെറുക്കനും മേപ്പോട്ട് പോയത്രെ. എല്ലാം അപ മൃത്യുകള്‍. എന്തു പറയാന്‍, നമ്മള്‍ക്ക് സഹതപിയ്ക്കാനല്ലേ ഒക്കൂ. ഇപ്പൊ ആണേല്‍ ഏടത്തീം കിടപ്പിലാ, സന്ധി വാതം.

ഈ കുടുംബത്തില്‍ ഇപ്പള്‍ അവശേഷിച്ചിരിയ്ക്കണത് ഈ അമ്മേം, അവക്കടെ മോള്‍ ഭാമയുമാ. ഭാമ കുഞ്ഞിന്‍ പറയത്തക്ക സൌന്ദര്യം ഇല്ലേലും ശ്രീത്വമുള്ള കുട്ടിയാ. നല്ല അനുസരണ ശീലോം, അച്ചടക്കോം ഒള്ള കുട്ട്യാന്നും, പഠിപ്പിലും, വീട്ടു കാര്യങ്ങളിമൊക്കെയായിട്ട് നല്ല മിടുക്കും വക തിരിവും കാണിയ്ക്കണ കുട്ട്യാന്നും ഉച്ച മയക്കത്തിലെ സംഭാഷണങ്ങളില്‍ ഏടത്തി ഉരുവിട്ടോണ്ടേ ഇരിയ്ക്കും. പാവം അതിനിപ്പൊ ആ കുഞ്ഞു മാത്രല്ലേ ഉള്ളൂ. അവരാണേങ്കില്‍ ഇപ്പൊ മതി മറന്നു ആനന്ദിച്ചിരിയ്ക്കാ. ഭാമ കുഞ്ഞ് ഗര്‍ഭിണിയാ, അതെന്നെ കാര്യം.

തരക്കേടില്ലാത്ത വല്യേ ഒരു തറവാട്ടിലേയ്ക്കാ അതിനെ കെട്ടിച്ചു വിട്ടിരിയ്ക്കണത്, പിന്നെ എന്തിന്റ്റെ കൊറവുണ്ടാകാനാ. ഭാഗ്യവതികളല്ലേ വല്യേ വീട്ടിലെ പെണ്‍കുട്ട്യോള്‍. ഞാനായിട്ട് കൂടുതല്‍ കഥകള്‍ അറിയാനും പോയിട്ടില്ലാ, നിയ്ക്ക് എന്തിന്‍റെ ആവശ്യാ, ന്റ്റെ പണി നോക്കി നടന്നാല്‍ മത്യാലോ.

ആഴ്ച്ചേല്‍ തിങ്കള്‍ എന്നൊരു ദിനം ഉണ്ടേല്‍ കാലേല്‍ ഭാമ കുഞ്ഞ് വലിയ വീട്ടില്‍ ഉണ്ടായിരിയ്ക്കും. അതൊരു പതിവായിരിയ്ക്കുണൂ, കൊറേ നാളായിരിയ്ക്കുണു ഇത് തുടങ്ങീട്ട്. അമ്മേന്നും വിളിച്ചോണ്ട് ഉമ്മറ കോലായില്‍ ഓടി കേറും. വിശേഷം ആയേ പിന്നെ ആ കുട്ടി ആകെ വിളറി കൊണ്ടായിരിയ്ക്കുണൂ.കീ ഴ്ത്താടി ഇശ്ശി നീണ്ട പോലേം, കഴുത്തിലെ എല്ല് ഇശ്ശി ഉന്തിയ പോലേം ഒക്കെ തോന്നിയ്ക്കണുണ്ട്. ആദ്യത്തേതല്ലേ, അതിന്റ്റെ ഏനക്കേടൊക്കെ കാണാതിരിയ്ക്കോ..?

നേരം വെളുക്കുമ്പോഴേയ്ക്കും കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിയ്ക്കണ ഏടത്തിയ്ക്ക് കുഞ്ഞ് എത്തും വരെ ആവലാതിയാ, ആ നാലു ചക്രം നിര്‍ത്തണ ശബ്ദം കേള്‍ക്കുമ്പോഴേയ്ക്കും അതിനോട് ഉച്ഛത്തില്‍ പറയണ കേള്‍ക്കാ, മോളേ, പതുക്കെ നോക്കീം കണ്ടുമൊക്കെ കേറൂ ട്ടൊന്ന്… പെറ്റ അമ്മയല്ലേ, ആയിക്കോട്ടേന്നെയ്.

പ്രസന്ന മുഖായി ഉല്ലാസത്തോടെ വീട്ടില്‍ കാലെടുത്തു വച്ചതും ഏടത്തീടെ മുറീലിയ്ക്കങ്ക്ട് ഓടി കേറും ഭാമ കുഞ്ഞ്. താഴിട്ടു പൂട്ടിയാല്‍ പിന്നെ ആ മുറി തുറക്കണത് ന്റ്റെ അടുക്കള പണീം, പുറം പണീം ഒക്കെ കഴിഞ്ഞിട്ടായിരിയ്ക്കും, ഉണ്ണാനായിട്ട്. എല്ലാം മുന്നില്‍ വെച്ചു കൊടുത്തിട്ട് ഞാന്‍ ന്റ്റെ പണീം നോക്കിട്ട് പോകും. ന്നാലും അവര്‍ എന്തായിരിയ്ക്കും ഇത്രേം നേരം അതിന്നകത്ത് കാട്ടണുണ്ടാവാ, അതറിയാഞ്ഞിട്ട് ഇരിയ്ക്ക പൊറുതി ഇല്ലാണ്ടായി.

അറിഞ്ഞിട്ടെന്നെ കാര്യം, മനസ്സില്‍ തിട്ടപ്പെടുത്തി.

അങ്ങനെ ഒരീസം ഭാമ കുഞ്ഞ് മുറിയ്ക്കകത്ത് കേറി താഴിട്ടതും ഒച്ചേം അനക്കോം ഇല്ലാണ്ട് കതകില്‍ ചെവി വട്ടം പിടിച്ചോണ്ട് നിന്നു. അടക്കം പറച്ചിലുകള്‍ കേള്‍ക്കാം..അത്രന്നെ. ഒടുക്കം രണ്ടും കൽപ്പിച്ച് ഇത്തിരീം പോന്ന താക്കോല്‍ പഴുതിലൂടെ ഒളിഞ്ഞു നോക്കാന്‍ തന്നെ തീരുമാനിച്ചു. ഈശ്വരന്‍ പൊറുക്കില്ലാന്ന് അറിയാം, പക്ഷേങ്കി എന്തു ചെയ്യാനൊക്കും ഉള്ളിലെ ആവലാതി മൂത്താല്‍. ന്റ്റെ ഭഗവതീ….. ഞാനങ്ങ് തരിച്ചു പോയി, ആ കാഴ്ച്ച കണ്ടിട്ട്.

ഭാമ കുഞ്ഞ് അതിന്റ്റെ സാരീം ഉരിഞ്ഞ് അമ്മേടെ മുന്നില്‍ നിക്കണ കാഴ്ച്ച. ആ ശോഷിച്ച ദേഹത്തില്‍ ഓരോ ഭാഗങ്ങളിലായി അമ്മ തഴുകുന്നൂ, ചിലപ്പോള്‍ മുത്തമിടുന്നൂ… അമ്പരപ്പിയ്ക്കണ കാഴ്ച്ച, വിശ്വാസിയ്ക്കാനാവണില്ലാ…ന്റ്റെ നെഞ്ച് പട പടാന്ന് മിടിയ്ക്കാന്‍ തുടങ്ങി.

ആ പഴുതിലൂടെ അവരുടെ മൊഖങ്ങള്‍ കണ്ടൂടാ, ഭാവങ്ങള്‍ വ്യക്ത്തല്ലാ. ന്നാലും നിക്ക് അവരോട് അറപ്പും വെറുപ്പുമൊക്കെ തോന്നണ പോലെ.

മനസ്സില്‍ ന്യായീകരിയ്ക്കാന്‍ പറ്റാത്ത കാരണങ്ങളെല്ലാം മൂടി വെച്ച് ഞാനെന്റ്റെ പണികളുടെ ഇടയിലൂടെ തിരക്ക് അഭിനയിച്ച് ദിനങ്ങള്‍ തള്ളി നീക്കി. ന്നാലും തിങ്കളാഴ്ച്ചകളില്‍ താക്കോല്‍ പഴുതിലൂടെയുള്ള ഒളി നോട്ടം സ്ഥിരാക്കി. വേറൊന്നിനുമല്ലാ, ന്റ്റെ മനസ്സിനെ തൃപ്തിപ്പെടുത്തണ ഒരുത്തരം കിട്ടാനായിട്ട്. കൂടെ ന്റ്റെ മനം മൂടി കെട്ടിയ മാനം പോലെ എപ്പഴും കറുത്തിരുണ്ടു, മൊഖത്തെ വെളിച്ചം അരണ്ടു, ഉള്ളു തുറന്ന് ഏടത്ത്യോട് മിണ്ടാന്‍ തോന്നാണ്ടായി.

പണിയാനുള്ള ആവത് പോയി,എല്ലാം ചോര്ന്നൊലിച്ചു പോയ പോലെ.. തിങ്കളുകളും പതിവുകള്‍ തെറ്റിയ്ക്കാതെ കടന്നു പോയികൊണ്ടേയിരുന്നൂ..

അന്നൊരു തിങ്കള്‍.., വെളുപ്പിനേ എടത്തി പറഞ്ഞു, കാര്‍ത്ത്യാനീ ഇന്ന് ഭാമ വരുന്ന ദിവസല്ലേ, എന്‍റെ മുറിയിലായ്ച്ചാല്‍ ഉഷ്ണം കൂടിയിരിയ്ക്കുണൂ. കാറ്റ് ഏഴയലത്തു കൂടി വരണില്ലാ, നീയൊരു കാര്യം ചെയ്യ് എന്‍റെ കട്ടില്‍ കതകിന്നടുത്തുള്ള ജനലയ്ക്കടുത്തായിട്ടൊന്ന് നീക്കി ഇടൂ, എന്‍റെ മോള്‍ക്ക് കാറ്റും വെളിച്ചും കിട്ടിക്കോട്ടേന്ന്.

ഉള്ളില്‍ ദേഷ്യാ വന്നത്,ഹ്മ്മ്…ഒരമ്മയും മോളും വൃത്തികെട്ടവറ്റങ്ങള്‍. എന്തൊക്കെ മനസ്സില്‍ നിരീച്ചാലും ഇവിടുത്തെ ഉപ്പും ചോറും തിന്നുന്നവളായി പോയില്ലേ, ന്റ്റെ മക്കളുടെ ചിരീം കളീം ഇവിടുത്തെ അന്നല്ലേ..അതും ചെയ്തു.

പതിവു പോലെ ഭാമ കുഞ്ഞെത്തി, ഒന്നും ഉരിയിടാതെ പുഞ്ചിരിച്ചോണ്ട് അകത്തു കയറി താഴിട്ടു. ഞാനും നീങ്ങി, താക്കോല്‍ പഴുതിലേയ്ക്ക്. ഈശ്വരാ ഇപ്പോള്‍ എല്ലാം വ്യക്തായി കാണാം. പതിവു പടി അതാ കുഞ്ഞ് ഉടുതുണി അഴിയ്ക്കുന്നൂ, ഹ്മ്മ്..നാണോം മാനോം ഇല്ലാത്ത സാധനം.

പെട്ടെന്നാണ് ന്നെ ഞെട്ടിച്ചോണ്ട്, അതാ ഭാമ കുഞ്ഞ് പൊട്ടി കരയുന്നൂ… ഏടത്തി വിങ്ങി പൊട്ടുന്നൂ, ആ അമ്മേടെ വിരലുകള്‍ ഉടലാകെ ചലിയ്ക്കുന്നൂ. അപ്പഴാണ് ന്റ്റെ ശ്രദ്ധയില്‍ പെട്ടത്, ആ ശോഷിച്ച മേനിയിലാകെ എന്തു കൊണ്ടെല്ലാമോ അടിച്ച പാടുകള്‍, പൊള്ളിച്ച പാടുകള്‍ തണര്‍ത്ത് കിടക്കുന്നൂ. ഭഗവാനേ..ഞാനെന്താ ഈ കാണണത്, ഉണ്ണി വയറും പേറി നടക്കണ ആ കുട്ടീടെ ദേഹം മുഴുവന്‍.

ആ അമ്മ മകളുടെ മുറിവുകളെല്ലാം തടവി ആശ്വാസിപ്പിയ്ക്കുന്നിടെ എന്തെല്ലാമോ കരഞ്ഞ് ഉരുവിടുന്നുണ്ട്, ആ കുഞ്ഞിന്‍റെ ഗതി കേടും വിധിയും ഓര്‍ത്തായിരിയ്ക്കും. ആ അമ്മയും മോളും…ന്നെ പൊട്ടി കരയിച്ചു, ആ വേദനകളില്‍ ഞാനും പങ്കാളിയായി അങ്ങനേ മരവിച്ചു നിന്നു പോയി. ന്റ്റെ ഉള്ളു നീറി പുകഞ്ഞു, സ്വയം പഴിച്ചു, ന്റ്റെ ദുഷിച്ച ചിന്തകള്‍…..ഞാനും ഒരു സ്ത്രീയല്ലേ ഭഗവതീ… ആ രണ്ട് സ്ത്രീ ഹൃദയങ്ങളുടെ കൂടെ ന്റ്റെ നെഞ്ചും പൊട്ടി കരഞ്ഞു, പാപ ചിന്തയാല്‍ പൊട്ടി തകര്‍ന്നൂ. ഈശ്വരാ ആ അമ്മയ്ക്കും മകള്‍ക്കും നല്ലത് മാത്രം വരുത്തണേ, ആ പിറക്കാന്‍ പോണ ജീവന്‍ തുടിപ്പിന് ആയുസ്സ് ഇട്ടു കൊടുക്കണേ.

അന്ന് ഉറങ്ങാന്‍ പായ വിരിച്ചപ്പോഴ് അടുത്ത പായയില്‍ ചുരുണ്ടു കൂടി കിടക്കണ കെട്ട്യോനെ വെളക്കിന്റ്റെ മങ്ങിയ തിരി വെട്ടത്തില്‍ വെറുങ്ങനേ നോക്കി കിടന്നൂ..

പാവം മനുഷ്യന്‍.

12 Comments
 1. Haridasan 3 years ago

  മനോഹരം !

 2. Pramod 3 years ago

  അസ്സലായിട്ടുണ്ട്, “പാവം മനുഷ്യൻ”… എന്നെ അല്പം ആലോചനയിലേക്ക് തെള്ളി വിടാതിരുന്നില്ല!!

  • Author
   വർഷിണി 3 years ago

   വായനയ്ക്ക്‌ നന്ദി..സ്നേഹപൂർവ്വം

 3. ISMAIL 3 years ago

  അതെ …………….മറ്റുള്ളവരുടെ അവസ്ഥയുമായി തട്ടിച്ചു നോക്കുമ്പോഴേ നമ്മുടെ ഭാഗ്യം മനസ്സിലാവൂ ……….പാവം മനുഷ്യൻ

 4. KGP Nair 3 years ago

  Excellent expression!

 5. ashokan kannur 3 years ago

  നന്നായിരിക്കുന്നു വിനോദിനി.

 6. jaifer ali 3 years ago

  excellent

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account