തലശ്ശേരിയുടെ പെരുമയെക്കുറിച്ച്  പലതും കേട്ടുകാണുമല്ലോ?

കേക്കിന്റെ നാട്. പ്ലംകേക്ക് മുതൽ റെഡ് വെൽവറ്റും കടന്ന് മുന്നോട്ടു നീളുന്ന ഇന്ത്യയുടെ കേക്ക് ചരിത്രത്തിന്റെ  സുപ്രധാനമായ ആരംഭം തലശ്ശേരിയിൽ നിന്നായിരുന്നു. കേരളത്തിലെ ആദ്യത്തെ ബേക്കറി സ്ഥാപിതമായത് തലശ്ശേരിയിലാണ്. 1880ൽ മാമ്പള്ളി ബാപ്പു റോയൽ ബിസ്ക്കറ്റ്സ് എന്ന ആ ബേക്കറി സ്ഥാപിച്ചു.

കല്ലുകൊണ്ടുള്ള കുടുക്കയിൽ ഗോതമ്പിട്ട് പൊടിക്കുന്ന യന്ത്രം കൊണ്ടാണത്രേ അക്കാലത്ത്  അദ്ദേഹം ബിസ്ക്കറ്റ് നിർമ്മിച്ചത്. തലശ്ശേരിയിൽ ജീവിച്ചിരുന്ന സായിപ്പുമാർ ഇംഗ്ലണ്ടിൽ നിന്നു ബിസ്ക്കറ്റു വരുത്തി അതേ പോലെയുണ്ടാക്കണമെന്ന് ബാപ്പുവിനോട് ചട്ടം കെട്ടി. അങ്ങനെ പരീക്ഷണാടിസ്ഥാനത്തിലാണ് മാമ്പളളി ബാപ്പു ബിസ്ക്കറ്റും കേക്കും നിർമ്മിക്കാനാരംഭിച്ചത്.  ഇന്നും തലശ്ശേരിയിൽ ബേക്കറികൾക്കു പഞ്ഞമില്ല.

ഈ അടുത്ത് വിരാട് കൊഹ്‌ലി 10000  റൺസ് തികച്ചല്ലോ?  നമ്മുടെ ക്രിക്കറ്റും ഇന്ത്യയിലാദ്യം കളിച്ചത്  തലശ്ശേരിയിലാണ്. പിന്നെ സർക്കസ്. ചിരിപ്പിക്കുന്ന കോമാളി വേഷങ്ങൾ കെട്ടുന്ന ജോക്കേഴ്‌സ് വലിയ ജോക്കാണല്ലോ? വിസ്‌മയിപ്പിക്കുന്ന എന്തെല്ലാം അഭ്യാസമുറകൾ വേറെയും. കീലേരി കുഞ്ഞിക്കണ്ണൻ എന്ന തലശ്ശേരിക്കാരൻ ഇന്ത്യൻ സർക്കസിന്റെ ചരിത്രമാണ്.

തലശ്ശേരി ഭാഷയുടെ  തമാശ പറയാതിരിക്കാൻ വയ്യ. ഇന്ന് ഒരു സോദരൻ പറയുന്നത് കേട്ടതാണ്: ‘ഓറ് ആടെ പോയിന്’.  ഇവിടെ ‘ഓർ’ എന്നത് അവർ എന്ന അർത്ഥത്തിലാണ് പ്രയോഗിക്കുന്നത്. ആദ്യം കേൾക്കുന്നവർക്ക് ‘ആടെ’ എന്നത് മുട്ടനാടാണോ, ജമ്‌നാ പ്യാരിയാണോ എന്നൊക്കെ  സംശയങ്ങളുണ്ടാകും. എന്നാൽ തലശ്ശേരിയിലെ ‘ആടെ’ അവിടെ എന്ന അർത്ഥത്തിലാണ്. തലശ്ശേരി മലയാളം തന്നെ ഒരു സങ്കരയിനം ഭാഷയാണോന്ന് സംശയം തോന്നിപ്പോവും. ആടെയും ഈടയുമൊക്കെ നിറഞ്ഞ നല്ല രസികൻ ഭാഷ.

തലശ്ശേരിയെക്കുറിച്ചു പറയുമ്പോൾ ബിരിയാണിയെക്കുറിച്ചെങ്ങനെ പറയാതിരിക്കും! ദമ്മ് പൊട്ടിച്ച് കഴിഞ്ഞ് പരക്കുന്ന ഒരു മണമുണ്ട്. അത് മൂക്കിലേക്കടിച്ച് കേറിയാ പിന്നെ ചുറ്റുള്ളതൊന്നും കാണാൻ കഴിയില്ല, ബിരിയാണിയല്ലാതെ.  ബിരിയാണിയുടെ ഈ മസാലഗന്ധം തലശ്ശേരിയുടെ ദേശീയ ഗന്ധമാണ്. കെ.എഫ്.സി വന്നാലും പിസ്സ വന്നാലും നമുക്ക് അഗ്രഗണ്യൻ ബിരിയാണി തന്നെയാണ്.

നന്മയുടെ നാടാണ് തലശ്ശേരി. ദൈവികമായ മനുഷ്യസാന്നിധ്യങ്ങൾ എന്നെ സന്തോഷിപ്പിക്കുമെന്നു മുമ്പു പറഞ്ഞിരുന്നല്ലോ. അത് സത്യമാണ്. നിരവധി  ദൈവങ്ങളുണ്ട് തലശ്ശേരിയിൽ. അമ്പലത്തിലും പള്ളിയിലുമൊന്നുമല്ല, പക്ഷെ.  വിശക്കുന്ന പാവങ്ങൾക്കു ഭക്ഷണവുമായെത്തുന്ന, മിഠായ് പൊതികളുമായ് കുഞ്ഞു പുഞ്ചിരി കാണാനെത്തുന്ന, നന്മയും, വിശുദ്ധിയും കാത്തു സൂക്ഷിക്കുന്ന ചില മനുഷ്യർ. പലരേയും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എന്തിനധികം ഭിക്ഷക്കാരും തെരുവു വാസികളും  പട്ടിണിയാകാതിരിക്കാൻ 24 hrs ഫുഡ് നിറച്ച ഫ്രീസറുകൾ  നഗരങ്ങളിൽ പലയിടങ്ങളിലുമുണ്ട്. ഭക്ഷണം കൊടുക്കാൻ താത്‌പര്യമുള്ളവർക്ക് അവിടെ കൊണ്ടുപോയി വെക്കാം. വിശക്കുന്ന പാവങ്ങൾക്ക് അതു തുറന്ന് ഭക്ഷണപ്പൊതികളെടുത്തു കഴിക്കാം.

കവി യൂസഫലി കേച്ചേരി പറഞ്ഞിട്ടുണ്ടല്ലോ, ‘പൈയ്ക്കുന്ന പള്ളക്കിര തേടി വാടുന്ന പാവത്തിൽ കാണാം പടച്ചവനെ’ എന്ന്. ആ പടച്ചവനുള്ള നന്മനിറഞ്ഞ നേർച്ചകളാണ് ഈ ഫുഡ് ഫ്രീസറും ഒക്കെ.

കടൽത്തീരപട്ടണമാണ് തലശ്ശേരി. എവിടെ നോക്കിയാലും കടൽ. തലശ്ശേരിയുടെ സംഗീതമാണ് അലയടിച്ചെത്തുന്ന തിരമാലകൾ പോലും. കാതോർത്തിരുന്നാൽ അത് ചില ചരിത്ര കഥകൾ നമ്മോട് പറയും.

തലശ്ശേരിയുടെ ആദ്യ നാമം തലച്ചേരി എന്നായിരുന്നത്രേ. ഒട്ടേറെ ജനവാസ കേന്ദ്രങ്ങൾ നിലനിന്നിരുന്നതു കൊണ്ടാണത്രേ ഈ പേരു വന്നത്. മറ്റു ചില വിശ്വാസങ്ങളും തലശ്ശേരിയെന്ന നാമധേയത്തിന് പിന്നിലുണ്ട്.

ഗജകേസരിയായ വീരപഴശ്ശിരാജ തലശ്ശേരിയുടെ ധീരപുത്രനാണ്. പഴശ്ശിരാജയും ബ്രിട്ടീഷുകാരുമായുള്ള  പ്രധാന സന്ധി സംഭാഷണങ്ങൾ നടന്നത് തലശ്ശേരിയിൽ  വെച്ചായിരുന്നു. വടക്കൻ കേരളത്തിലെ മിഷനറി പ്രവർത്തനങ്ങളുടെയെല്ലാം സിരാകേന്ദ്രം തലശ്ശേരിയായിരുന്നു. മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യ സമാചാരം പ്രസിദ്ധീകരിച്ചതു തലശ്ശേരിയിൽ നിന്നാണ്. അങ്ങനെയങ്ങനെ നവോത്ഥാനവും, ചരിത്രവും ഇടകലർന്ന ഒരുപാട് പഴങ്കഥകൾ തലശ്ശേരിക്ക് പറയാനുണ്ട്.

തലശ്ശേരി ബിരിയാണി കഴിക്കാത്തവനും, ചെങ്കണ്ണു വരാത്തവനും ജീവിതസുഖമനുഭവിച്ചിട്ടില്ല. As a തലശ്ശേരിക്കാരൻ,  തലശേരിയുടെ സമ്പന്നതയിലും, വെവിധ്യത്തിലും ഞാനഭിമാനിക്കുന്നു.

– സ്വരൺദീപ്

1 Comment
  1. Anil 4 years ago

    Good

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account