വളരെ നാളായി ഓര്‍ക്കുന്നു എന്റെ അസ്വാതന്ത്ര്യത്തെ പറ്റി. അസിയും ജബ്ബാറും റഷീദും അശ്രഫും എത്ര ഭാഗ്യവാന്മാരാണ്! അവരുടെ പുറകെ നിയമങ്ങള്‍ ചുരുട്ടിപ്പിടിച്ച മുഷ്ടിയുമായി  വീട്ടുകാരില്ല, അവര്‍ക്കിഷ്ടം പോലെ കളിക്കാം, എവിടെ വേണോങ്കി പോകാം.  ഞാനോ… വീട്ടീന്നിറങ്ങിയാല്‍ കയറുന്ന വരെ CC TV നീരീക്ഷണത്തില്‍ എന്ന പോലാണ്. ആകെപ്പാടെ പറ്റിക്കാന്‍ പറ്റുന്നത് ഉമ്മയെ മാത്രം. എന്ത് നുണയും എത്ര പ്രാവശ്യം വേണേലും അവിടെ ചിലവാകും. ഓങ്ങി വയ്ക്കുന്ന കൈകള്‍ ശരീരത്തിലേക്ക് പതിക്കുന്നത് വിരളം. പതിച്ചാല്‍ തന്നെ ആ കൈയ്യുടെ ശക്തി മുഴുവന്‍ ചോര്‍ന്നതിന് ശേഷമാകും. ഉമ്മ പറയുന്ന കഥകളിലെ രാജകുമാരനായി വേഷമിട്ട എനിക്ക് പലപ്പോഴും മടുത്തിട്ടുണ്ട്. രാജകുമാരന് റോഡരികിലെ അയ്യന്റെ മിഠായി തിന്നാന്‍ പറ്റില്ല, പുള്ളേരുമായ് അടി കൂടാന്‍ പറ്റില്ല, ഇഷ്ടമുള്ള വഴിയെ ഓതാന്‍ പോകാനും സ്കൂളില്‍ പോകാനും പറ്റില്ല. രാജവീധികള്‍ തന്നെ വേണം. എന്നാല്‍ കൂടെയുള്ളവര്‍ സമ്മതിച്ച് തരുമോ “താന്‍ രാജകുമാര” നാണെന്ന്.

വളഞ്ഞ് ചുറ്റി സ്കൂളില്‍ പോകാന്‍ മൂന്ന് കിലോമീറ്റര്‍ നടക്കണം. പക്ഷെ അന്നത്തെ കിലോമീറ്റര്‍ ഇന്നത്തെ അത്രേം വരില്ലാട്ടോ…  ഇന്നത്തെ ഒരു കാല്‍ കിലോമീറ്റര്‍. വീട്ടീന്ന് നേരേ ചവര്‍പ്പാടത്തേക്കിറങ്ങിയാല്‍ ഒരു വര വരച്ച പോലെ സ്കൂളില്‍ എത്താം പകുതി വഴിയില്‍. പ്രശ്നം അവിടെയല്ല. ചവര്‍പ്പാടം സകല ഭൂത പ്രേത പിശാചുകളുടേയും ആവാസ കേന്ദ്രം, തോടൊരെണ്ണം കുറുകെ കടക്കണം. ഒന്നു പോകണം അതിലെ, അതൊരു സ്വപ്നമാണ്… എന്തും വരട്ടെ… ഒരു ദിവസം സ്കൂളില്‍ പോകാന്‍ ആ വഴി തിരഞ്ഞെടുത്തു.

എനിയ്ക്ക് ഉച്ച കഴിഞ്ഞുള്ള ഷിഫ്റ്റാണ്. ഒരു മണിക്ക് സെക്കന്റ് ബെല്ലടിക്കും. പതിനൊന്ന് മണിക്ക് മദ്രസ്സ കഴിഞ്ഞ് ഊണും കഴിഞ്ഞ് പന്ത്രണ്ട് മണിക്കിറങ്ങിയാല്‍ പന്ത്രണ്ടേ മുക്കാലിന് ഫസ്റ്റ് ബെല്‍ അടിക്കുമ്പോള്‍ എത്താം. അങ്ങിനെ ചവര്‍പ്പാടത്തിന്റെ അതിര്‍ത്തിയില്‍ എത്തി. എന്റെ ഒരു ചിരകാല സ്വപ്നമാണ് സാക്ഷാത്കരിക്കാന്‍ പോകുന്നത്. അങ്ങ് കണ്ണെത്താ ദൂരത്തോളം പച്ച പുതച്ച വയല്‍ ചെടികള്‍ വെയില്‍ കായുന്നു. സുന്ദരമായ ആ കാഴ്ചക്ക് കുളിര്‍ കാറ്റിന്റെ അകമ്പടി. മോഹന്‍ലാല്‍ ചോദിക്കും പോലെ മനസ്സ് ചോദിച്ചു, “എന്താണ് മുഹമ്മദേ നിനക്കിത് നേരത്തേ തോന്നാതിരുന്നത്”.

എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ… അല്ലേ? ചുറ്റും നോക്കി ആരും കാണുന്നില്ലന്നുറപ്പു വരുത്തി വരമ്പിലേക്കിറങ്ങി. എന്നെ ആദ്യമായ് കണ്ടിട്ടാകും നെല്ലോലകള്‍ ആഹ്ലാദതിമിര്‍പ്പോടെ തലയാട്ടി. ഒലിച്ചിറങ്ങുന്ന തെളി നീരില്‍ തവളകുഞ്ഞുങ്ങള്‍ നീന്തിക്കളിച്ചു. വഴുക്കുന്ന പാട വരമ്പില്‍ ഞാന്‍ കാലെടുത്തു വച്ചു. അകലെ ഒരു തീവണ്ടിയുടെ കൂവല്‍.

തീവണ്ടിയുടെ ചൂളം വിളി സുഷുമ്നയിലൂടെ ഒരു തണുപ്പ് പായിച്ചു. കറുത്ത പുക തുപ്പി കിതച്ചോടുന്ന തീവണ്ടിയെ പണ്ടേ പേടിയാ. പേടിയുടെ പേടകം തുറക്കുകയാണ്… ഏതായാലും പിന്നോട്ടില്ല… ഒരുപാട് നാളത്തെ ആഗ്രഹമാണ്. സാധാരണ പേടി തോന്നുമ്പോള്‍ കണ്ണിറുക്കി അടച്ച് ഉമ്മയെ ഓര്‍ത്താല്‍ പേടി പോകും, ഇതിപ്പോ കണ്ണടച്ചാല്‍ തെന്നി വീഴും… ഉമ്മയെ അറിയിക്കാത്ത കള്ളത്തരമായതിനാല്‍ ഉമ്മയെ ഓര്‍ക്കാനും വയ്യ. എന്തും വരട്ടെ നടക്കുക തന്നെ. ഒരു ഒട്ടേച്ചി തലക്കു മുകളിലൂടെ തന്റെ മുട്ട കട്ടു തിന്നവരെ പ്രാകിക്കൊണ്ട് പറന്നു പോയി. അതിന്റെ കാര്യം കഷ്ടമാണ് വയല്‍ വരമ്പില്‍ മുട്ടയിടും ഏതെങ്കിലും കിളിയോ പാമ്പോ ആ മുട്ട അപഹരിക്കും… പിന്നെ പ്രാകിക്കൊണ്ട് നടപ്പാ.. “ഒട്ടേച്ചി മൊട്ടേട്ടു… ആരാണ്ടും കട്ടോണ്ടു പോയ്.. ഒടുക്കത്തെ തീറ്റ.. ഒടുക്കത്തെ തീറ്റ”.

ഒരിക്കല്‍ ഒരു കുഞ്ഞിക്കിളിയുടെ മുട്ട കൂട്ടില്‍ നിന്നെടുത്തതിന് ഉമ്മ എത്ര വഴക്കാ പറഞ്ഞത്… എനിക്കൊന്നും മനസ്സിലായില്ല, എന്തിനിത്രയും വഴക്ക് പറയണം? ആ കിളിക്ക് ഇനിയും മുട്ടയിടാമല്ലോ.. അല്ലങ്കില്‍ തന്നെ ഞാനത് തിരിച്ച് വയ്ക്കില്ലേ. മനുഷ്യന്‍ തൊട്ടാല്‍ പിന്നെ വിരിയില്ലത്രേ… ശരിയാരിക്കും ഉമ്മക്ക് നല്ല അറിവാ. പിന്നെ ഇനിയും കിളി മുട്ടയിടില്ലേ എന്ന് ചോദിച്ചപ്പോള്‍ പറയുവാണേ… “നീ എന്റെ പത്താമത്തെ മോനല്ലേ.. നിന്നെ ആരെങ്കിലും കൊണ്ടോയാല്‍ ഞാന്‍ സഹിക്കോ”. ഈ ഉമ്മാടെ ഒരു കാര്യം… അത് പോലാണോ ഇത്.

പെട്ടെന്ന് ഒരു കരച്ചില്‍ കേട്ടു; ഒരു തവളാച്ചിയെ നീര്‍ക്കോലി പിടിക്കുന്നതാ. പെട്ടെന്നാണ് പരിസര ബോധമുണ്ടായത്. താന്‍ പാടത്തിന്റെ നടുവില്‍ എത്തിയിരിക്കുന്നു… ചുറ്റും പച്ചപ്പ് മാത്രം. ഒരു തരം വിജനത.. കാക്കകള്‍ പോലും പറക്കുന്നില്ല. എങ്ങു നിന്നോ വന്ന ഒരു കാറ്റ് പാലപ്പൂവിന്റെ ഗന്ധം തളിച്ചോണ്ട് പോയി. ഹേയ്… ഞാനെന്ത് മണ്ടനാ.. യക്ഷികള്‍ നട്ടാരം ഉച്ച നേരത്തോ… ഹേയ്…. നടന്ന് നടന്നെത്തിയത് ഒരു തോടിന്റെ കരയില്‍. ഇനി ചാടണം അല്ലങ്കില്‍ ഇറങ്ങി കടക്കണം. മനസ്സില്‍ അകലം കണക്ക് കൂട്ടി, ചാടാന്‍ വേണ്ട ആയം മനസ്സില്‍ വന്നു… അപ്പോ ഒരു സംശയം… ചാട്ടത്തിന്റെ ശക്തിയില്‍ സ്ലേറ്റോ പുസ്തകമോ തോട്ടില്‍ പോയാലോ. എന്നോടാ കളി… ചെളിയും വെള്ളവും ഏല്‍ക്കാത്ത വരമ്പിന്റെ ഒരറ്റത്ത് ബുക്ക് വച്ച് നിക്കര്‍ വലിച്ചു കേറ്റി … റെഡി.. 1…2…3. ചാട്ടം കൃത്യം ഒന്ന് ചരിയുകപോലും ചെയ്തില്ല. മൂന്നാം ക്ലാസ്സില്‍ എത്തുമ്പോള്‍ ചാട്ടത്തിന് ചേരണം. പോകാനായി തിരിയുമ്പോള്‍… പടച്ചോനേ എന്റെ സ്ലേറ്റും പുസ്തകവും തോടിന്റെ മറു കരയില്‍. എന്ത് ചെയ്യും….

ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. ഉമ്മ പറയാറുള്ളതോര്‍ത്തു, “ഒരു കാര്യം ചെയ്യുമ്പോള്‍ രണ്ട് വട്ടം ആലോചിക്കണം”.

എത്ര ശരിയാ… ഇനിയിപ്പോ എന്താ ചെയ്യാ… തിരിച്ച് ചാടി പുസ്തകമെടുത്ത് വീണ്ടും ചാടുക. കഴിഞ്ഞ ചാട്ടത്തിന്റെ ആത്മവിശ്വാസം അടുത്ത ചാട്ടത്തെ പ്രോത്സാഹിപ്പിച്ചു. റെഡി… 1…2…3.

“എടാ..”ഞെട്ടി തിരിഞ്ഞു നോക്കി… കല്ലുങ്ങലെ കുട്ടി കാക്ക.

“എടാ നീയാ ഐമുള്ളാക്കാടെ മോനല്ല?..”

എന്ത് പറയണം… അല്ലെന്ന് പറഞ്ഞാലോ… അത് വേണ്ടാ… എന്റെ പൊന്ന് വാപ്പയെ അല്ലന്ന് പറയാനോ… വേണ്ട… വരും പോലെ വരട്ടെ… 18ാം അടവു തന്നെ എടുക്കാം. ഒറ്റക്കരച്ചില്‍. അയാള്‍ വീണു…

“എന്തിനാ മോന്‍ കരയുന്നേ?.”

“എന്റെ പുസ്തകം…”

“അത്രേള്ളോ… ദാ ഇപ്പം എടുത്ത് തരാട്ടോ..”

കാലൊന്ന് കവച്ച് വച്ച് കുട്ടി കാക്ക പുസ്തകം എടുത്ത് തന്നു. കവിളിലെ കണ്ണീര്‍ തുടച്ചു.

“നീ സ്കൂളിലേക്കല്ലേ … ഇതിലേ നിന്നെ കാണാറില്ലല്ലോ?”

“ഇന്നിതിലേ അസീം വരാന്ന് പറഞ്ഞതാ… അവനെ കണ്ടില്ല.”

“സുക്ഷിച്ചു പോണോട്ടാ… അഞ്ചലക്കാരന്റെ പാലത്തിന്റെ അടിയില്‍ വെള്ളമുണ്ട്… ഇറങ്ങി പോയാ മതീട്ടോ..”

തലകുലുക്കി ബുക്കും കക്ഷത്തില്‍ വച്ച് നടന്നു. അതാ അകലെ അഞ്ചല്‍ കാരന്റെ പാലം… അതൊരു ആത്മഹത്യാ മുനമ്പാണ്… രണ്ട് പാടും വളവായതിനാല്‍ ആത്മഹത്യക്ക് വരുന്നവര്‍ക്ക് ആരും കാണാതെ സൗകര്യമായി ചെയ്യാം. അങ്ങ് പാടത്തിന്റെ അങ്ങേക്കരയില്‍ നിന്നും കൊച്ചയമ്മു കാക്കാടെ മുക്ര കാളയുടെ “മുക്ര” കേള്‍ക്കാം… ഇവിടെ എവിടെയോ ആണ് ഞങ്ങളുടെ പാടം. നടന്ന് നടന്ന് പാലത്തോട് അടുക്കുകയാണ്. നല്ല വെയിൽ തിളക്കുന്നുണ്ടെങ്കിലും പച്ചപ്പും വെള്ളവും കാറ്റും ചൂടിനെ തുരത്തിക്കൊണ്ടിരുന്നു. അതാ അകലെ ഒരു കൊച്ച് തടാകം ആമ്പല്‍ പൂക്കള്‍ ഒരുപാട് വിരിഞ്ഞ് നില്‍ക്കുന്നു. ആലുവാ ലക്ഷമണാസിന്റെ കലണ്ടറില്‍ ഉള്ളപോലത്തെ സുന്ദരമായ ചിത്രം പോലെ. അവിടെ എത്തുമ്പോള്‍  കുറച്ച് നേരം നില്‍ക്കണം… എന്താ രസം കാണാന്‍. വെറുതെയല്ല അസീം ജബ്ബാറും എന്നും ഇതിലേ വരുന്നേ. പെട്ടെന്ന് കണ്ണ് റെയില്‍ പലത്തിലുടക്കി. പാലത്തിലേക്ക് കയറാന്‍ ചെറിയ ഒരു വഴിച്ചാലുണ്ട് ഒരാള്‍ക്ക് നടക്കാന്‍ പാകത്തിന്. അതിലൂടെ വെളുത്ത ഷര്‍ട്ടിട്ട ഒരാളും കൂടെ പാവാട ഉടുത്ത ഒരിത്തിയും കയറി പോകുന്നു. തീവണ്ടി വരാറായോ ആവോ… അന്ന് ഒറ്റ വരി പാളമേ ഉണ്ടായിരുന്നുള്ളൂ… അതിനാല്‍ ഒരു വണ്ടി പോയി കുറേ കഴിഞ്ഞാലേ അടുത്തത് വരൂ.

രണ്ട് പേരും ചുറ്റും നോക്കുന്നുണ്ട്… എനിക്കവരെ പരിചയമില്ല. പുറമേ നിന്നുള്ളവരാണ് ഈ സ്ഥലത്ത് വന്ന് റയിലിന് തല വയ്ക്കുന്നത്. പടച്ചവനേ, ഇന്നതും കാണേണ്ടി വരുമോ… ഇന്നിനി ആമ്പല്‍ കാണലോ പറിക്കലോ നടക്കില്ല. വേണ്ടാ വേഗം പോകാം.. തീവണ്ടി വരും മുമ്പേ പാലം കടക്കാം. പടച്ചോനേ, ഓടാനും വയ്യ. വരമ്പല്ലേ, വഴുക്കി വീഴും. ഞാന്‍ ആമ്പല്‍ പൂത്തു നില്‍ക്കുന്ന കുളത്തിനടുത്തേക്ക് അടുക്കുമ്പോള്‍ അങ്ങകലെ നിന്നും തീവണ്ടിയുടെ ചൂളം… വിളി പടച്ചോനേ അവരെവിടേ… അള്ളാ.. അതാ അവര്‍ രണ്ടും പാലത്തിന്റെ നടുവില്‍ നില്‍ക്കുന്നു. എന്തോ പരസ്പരം പറയുന്നുമുണ്ട്…. കരയുകയാണോ… കണ്ണും ഇറുക്കിയടച്ച് അനങ്ങാന്‍ വയ്യാത്ത കാലുമായി ഞാന്‍ അവിടെ തന്നെ വരമ്പില്‍ ഇരുന്നു. തീവണ്ടിയുടെ ശബ്ദം അടുത്തടുത്ത് വരുന്നു. നെഞ്ചില്‍ മിടിച്ചു കൊണ്ടിരിക്കുന്ന ഹൃദയം വായിലൂടെ ഇപ്പോള്‍ പുറത്ത് ചാടുമെന്ന് തോന്നി… കണ്ണുകള്‍ ഒന്നു കൂടി ഇറുക്കി അടച്ചു… തീവണ്ടി പാലത്തിലേക്ക് കയറുമ്പോളുള്ള പ്രത്യേക ശബ്ദം തിരിച്ചറിഞ്ഞു.

തലക്ക് മുകളിലൂടെ ഭൂമിയും കുലുക്കി ഒററക്കണ്ണന്‍ ഇരച്ചു പാഞ്ഞു… മുന്നിലുള്ളതൊന്നും കാണാതെ, കണ്ടാല്‍ തന്നെ വക വയ്ക്കാതെ, കറുത്ത പുകയും തുപ്പി കുതിച്ചു പായുമ്പോള്‍ പെട്ടെന്ന് വെള്ളത്തിലേക്കെന്തോ വീഴുന്ന ശബ്ദം… വെള്ളം മുഖത്തേക്കും ഉടുപ്പിലേക്കും തെറിച്ചു. കണ്ണ് തുറക്കാന്‍ പേടിയാകുകയാണ്… തീവണ്ടി കയറി തെറിച്ച കാലോ കയ്യോ വെള്ളത്തില്‍ വീണതാകാം. അങ്ങകലെ ശബ്ദം അലിഞ്ഞലിഞ്ഞില്ലാതായിട്ടും കണ്ണ് തുറക്കാന്‍ പേടിയായിരുന്നു. എങ്ങും നിശബ്ദത… പതിയെ കണ്ണ് തുറന്ന് നോക്കുമ്പോള്‍ ചിരിച്ചു കൊണ്ട് അസി മുമ്പില്‍ നില്‍ക്കുന്നു. അവന്‍ ഒരു കല്ലെടുത്ത് വെള്ളത്തിലേക്ക് എറിഞ്ഞതാണ് എന്നെ പേടിപ്പിക്കാന്‍.

ഞാന്‍ പതിയെ തലയുയര്‍ത്തി നോക്കി. റെയിലിലേക്ക് കയറിയവരെവിടെ? നോക്കുമ്പോള്‍ അവര്‍ രണ്ട് പേരും ചിരിച്ചു കളിച്ച് നടന്ന് ദൂരെ എത്തിയിരുന്നു. തിരിഞ്ഞ് അസിയെ നോക്കുമ്പോള്‍ അവന്‍ അരക്കൊപ്പം വെള്ളത്തില്‍ ഇറങ്ങി ആമ്പല്‍പ്പൂ  പറിക്കുകയായിരുന്നു. അവനൊരു പേടിയുമില്ല. പറിച്ച പൂക്കള്‍ എന്റെ നേരെ നീട്ടി, അവന്‍ അടുത്തതിനായി ഇറങ്ങി. പറിച്ച പൂക്കളുമായി കയറിയ അവന്‍ മുണ്ട് പിഴിഞ്ഞ്  വെള്ളം കളഞ്ഞു. എന്റെ സ്ലേറ്റും പുസ്തകവും കൂടി തലയില്‍ വച്ച് എന്റെ കൈയും പിടിച്ച് തോട് കടക്കാന്‍ തുടങ്ങി. കലങ്ങിയ വെള്ളത്തില്‍ പരല്‍ മീനുകള്‍ പുളച്ച് നടന്നു. അങ്ങിനെ ജീവിതത്തിലെ വലിയൊരാഗ്രഹം നിറവേറിയ സന്തോഷത്തോടെ സ്കൂളിലേക്ക് നടന്നു. വൈകുന്നേരം വീട്ടില്‍ ചെല്ലുമ്പോള്‍ ഉണ്ടാകുന്ന ഭൂകമ്പം ഓര്‍ക്കാതെ സ്കൂളിലെത്തുമ്പോള്‍ പൂവിനായി പെണ്‍കുട്ടികള്‍ അസിക്ക് ചുറ്റും കൂടുകയായിരുന്നു.

7 Comments
 1. Prabha 3 years ago

  ഐമുള്ളാക്കാന്റെ, ഉമ്മയുടെ കളവുപറയുന്ന, നിഷ്കളങ്കനായ മകന്റെ കഥ പെരുത്ത് പിടിച്ചു… കുട്ടിക്കാല ഒർണകളെ തൊട്ടുണർത്തി.. നന്ദി

 2. sugathan Velayi 3 years ago

  വിലക്കുകളും അതിർവരമ്പുകളും തീർത്ത് കുട്ടിക്കാലത്തിന്റെ വർണ്ണചിറകുകളും സ്വപ്നങ്ങളും തല്ലിക്കൊഴിച്ച് സമ്പന്നതയിലും സുരക്ഷിതത്വത്തിലും വളർത്തി ‘താമരക്കുളത്തിലെ തവള’ യാവേണ്ടി വന്ന നിഷ്കളങ്ക ബാല്യത്തിന്റെ ഓർമ്മപ്പെടുത്തലുകൾ കുഞ്ഞു മനസ്സിന്റെ കൗതുകത്തോടെ കോറിവരഞ്ഞ കുഞ്ഞുമുഹമ്മദിന് അഭിനന്ദനങ്ങൾ..

 3. Haridasan 3 years ago

  പച്ചപ്പാടവും തവളക്കരച്ചിലും തോടും റൈൽപ്പാലവും യക്ഷിയുടെ ഭയവും ഉമ്മയോടുള്ള കളവുപറച്ചിലും നന്നായി ഇഷ്ടമായി.. നിഷ്കളങ്കമായ കുട്ടിക്കാലത്തിന്റെ ഓർമ്മപ്പെടുത്തലുകൾ…

 4. Meera Kamala 3 years ago

  🙂

 5. Author
  Kunjumohammed 3 years ago

  നന്ദി സൗഹൃദങ്ങളേ

 6. Retnakaran 3 years ago

  Nice story… well written.

 7. Meera Achuthan 3 years ago

  ഉമ്മാന്റെ പുന്നാര മോന്റെ കഥ അസ്സലായിട്ടുണ്ട്. ഇനീം എഴുതണം.കാത്തിരിക്കും.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account