തമാശയെന്നാണ് സിനിമയുടെ പേര് തന്നെ. റഹീം എന്ന കഥാപാത്രം സ്‌ക്രീനിൽ വന്നപ്പോൾ മുതൽ ചിരിയോടെയാണ് സിനിമ കണ്ടത്. പുഞ്ചിരിയും പൊട്ടിച്ചിരിയും കണ്ണീർചിരിയുമൊക്കെയായി ചിരിയുടെ വിവിധ ഭാവങ്ങൾ സിനിമ തീരും വരെ മാറി മാറി അനുഭവിച്ചതുമാണ്. എന്നിട്ടും സിനിമ കണ്ടിറങ്ങി നടക്കുമ്പോൾ, ഊണ് കഴിക്കുമ്പോൾ, ഇപ്പോഴിതെഴുതാനിരിക്കുമ്പോൾ – ഒക്കെ ഒരു വല്ലാത്ത വിങ്ങലാണ്. ഇതിനിടയിലെങ്ങാനും അഷ്‌റഫ് ഹംസ എന്ന സംവിധായകനെ കണ്ടുമുട്ടിയിരുന്നെങ്കിൽ കെട്ടിപ്പിടിച്ചു കരഞ്ഞുപോയേനെ.  സമീർ താഹിറോ, ഷഹബാസ് അമനോ, റെക്‌സ് വിജയനോ, ചിന്നു ചാന്ദ്‌നിയോ നവാസ് വള്ളിക്കുന്നോ, വിനയ് ഫോർട്ടോ, ദിവ്യപ്രഭയോ ഒറ്റ സീനിൽ  വന്നു പോകുന്ന മണി കൂടല്ലൂരോ മുന്നിൽ വന്നു പെട്ടാലും നിറകണ്ണുകളോടെയല്ലാതെ അവരോടു സംസാരിക്കാനാകുമായിരുന്നില്ല. കരഞ്ഞു തീർക്കേണ്ടത്ര സങ്കടം ‘വെറും തമാശ’യായി നെഞ്ചിൽ കയറ്റി വിട്ടിരിക്കുന്നു അഷ്‌റഫ് ഹംസയും സംഘവും. എന്താണെഴുതുകയെന്നറിയാതെ വിങ്ങിയിരിക്കുമ്പോഴാണ് ഹേനയുടെ എങ്ങനെയുണ്ട് പടമെന്ന ചോദ്യം മെസ്സേജായി വരുന്നത്. ‘ഗ്രേറ്റ് മൂവി’ എന്നല്ലാതെ എന്ത് പറയാൻ… അതെ ഉറപ്പിച്ചു പറയാം- തമാശ ഒരു  ഗ്രേറ്റ് മൂവിയാണ്.

തമാശയുള്ള ഒരു ക്ലാസ്സ്‌റൂം സീനിലാണ് സിനിമ തുടങ്ങുന്നത്. പ്രേമത്തിലെ വിനയ് ഫോർട്ടിന്റെ മാഷെ ഓർമ്മിപ്പിക്കുന്ന രംഗം.  അതങ്ങനെ കണ്ടു പോകെയാണ് റഹീം എന്ന കഥാപാത്രം സ്‌ക്രീനിലേക്കെത്തുന്നത്. അയാളുടെ ചുണ്ടിലൂറുന്ന ചെറു ചിരി അതോടെ പ്രേക്ഷകരിലേക്കും പകരുന്നു. ഇടവേള വരെ ആ ചിരി മായാതെ നമ്മെ കൊണ്ടുപോകുന്നു തിരക്കഥാകൃത്ത് കൂടിയായ  സംവിധായകൻ. കഷണ്ടി കയറിയ മുപ്പതുകാരനായ കോളേജദ്ധ്യാപകൻ ശ്രീനിവാസന്റെ കല്യാണാലോചനകളും പ്രണയപരിശ്രങ്ങളും അയാളുടെ പ്രശ്‌നങ്ങളുമൊക്കെ രസകരവും ഹൃദ്യവുമായി അവതരിപ്പിക്കുന്നു. ബബിത ടീച്ചറും സഫിയയുമൊക്കെ കൊതിപ്പിച്ചു കൊണ്ടുപോകുന്നു ശ്രീനിവാസനെയും നമ്മളെയും. റഹീമാണ് ടീമിനെ രസകരമായി നയിക്കുന്നത്. ‘പാടീ ഞാൻ മൂളക്കമാലെ’ ഷഹബാസിന്റെ ശബ്‌ദത്തിൽ കൊളുത്തി വലിക്കുന്നതുകൂടാതെ റെക്‌സ് വിജയൻ ഈണമിട്ട പാട്ടുകളിലുമുണ്ട് പൊന്നാനിയുടെ താളവും രുചിയും മണവും പ്രേമവും. മുഹ്‌സിൻ പരാരി എഴുതിയ വരികളിൽ തുടിക്കുന്ന  പ്രാദേശികമായ ഭാഷയുടെയും ബിംബങ്ങളുടെയും  ജീവൻ  സിനിമയുമായി ഇഴ ചേർന്ന് നിൽക്കുന്നു. (ഷഹബാസ് അമൻ പാടിയ പാട്ടിന്റെ ആദ്യത്തെ രണ്ടു വരി ഏറനാടൻ കവിയായ പുലിക്കോട്ടിൽ ഹൈദറിന്റേതാണെന്നും (1879 -1975) അത് കണ്ടെടുത്ത വഴികളും ഷഹബാസ് അമൻ ഫെയ്‌സ്ബുക്കിൽ എഴുതിയത് ഗംഭീരമായൊരു വായനാനുഭവമാണ്).  ദൃശ്യങ്ങളിൽ ലയിച്ച പശ്ചാത്തല സംഗീതം അതിൽ നിന്ന് വേർതിരിച്ചെടുക്കാൻ സിനിമ രണ്ടാമതും കാണേണ്ടി വരും. റെക്‌സ് വിജയനും നേഹ എസ് നായരും ഉൾപ്പെടെ മൂന്നു പേരാണ്  ക്രെഡിറ്റിനവകാശികൾ. (മൂന്നാമത്തെയാളുടെ പേര്  വായിക്കും മുൻപേ മാഞ്ഞു പോയി. ഗൂഗിളിലും കിട്ടിയില്ല).

ഇടവേളക്ക് പുറത്തിറങ്ങിയപ്പോഴാണ് ആർട്‌സ് കോളേജിലെ പഴയ സീനിയറും പരപ്പനങ്ങാടിക്കാരനും നാടകക്കാരനുമൊക്കെയായ മധുവേട്ടനെ കാണുന്നത്. ‘രസായിട്ടുണ്ട് ല്ലേ’ എന്ന് മറ്റും അഭിപ്രായം പങ്കുവെച്ച് തിരിച്ചു കയറിയപ്പോഴാണ് അത് വരെ നാം ചിരിച്ചതൊക്കെ, രസിച്ചതൊക്കെ എന്തായിരുന്നുവെന്നു രസകരമായി തന്നെ മനസ്സിലാക്കിത്തന്നുകൊണ്ട്  നമ്മുടെ ഹൃദയത്തിൽ സംവിധായകൻ മൂർച്ചയുള്ള കൊളുത്തിടുന്നത്. ഷഹബാസ് അമൻ തന്നെ പറഞ്ഞ പോലെ ‘ഉൾപ്പണിയാണ് മെയിനായിട്ട്’!

ഉള്ളിൽ പണി കിട്ടിയ പ്രേക്ഷകന് ചിരിക്കാനുള്ള തമാശകൾ ഏറെയുണ്ട് പിന്നെയും. പക്ഷെ, ചിരിക്കുമ്പോഴൊക്കെയും ഉള്ളിലുണ്ടാവുന്നു വല്ലാത്തൊരു വേദന. സിനിമയുടെ ആദ്യ ഭാഗത്ത്   പ്രേമം  മനസ്സിൽ നിറഞ്ഞ ശ്രീനിവാസനോട് റഹിം പറയുന്നുണ്ട് ‘ഇപ്പോ  ഉള്ളിൽ തോന്നുന്ന ആ  ഒരു ഇത്, അനുഭവിക്കാത്തോർക്ക്  മനസ്സിലാവൂല’ എന്ന്. എന്നാൽ നമ്മുടെ തമാശയായ ബോഡി ഷെയ്‌മിങ് ഇരയാകുന്നവർക്ക് അങ്ങനെയല്ല എന്നും അതനുഭവിക്കാത്തവർക്ക് മനസ്സിലാകില്ല എന്നും രണ്ടാം പകുതിയിലേക്കു നീട്ടിയെറിഞ്ഞ ഒരു ചൂണ്ടക്കൊളുത്തായിരുന്നു ആ ഡയലോഗ്. ആ ചൂണ്ടയിൽ കുരുങ്ങിയ പ്രേക്ഷകരെ  രണ്ടാം പകുതിയിൽ അതെന്താണെന്ന്  അനുഭവിപ്പിക്കുന്നു സിനിമ. ഒരു പഞ്ച് ഡയലോഗോ ഉപദേശമോ വാദങ്ങളോ  ഇല്ലാതെ  ചിരിപ്പിച്ച് രസിപ്പിച്ച് സംവിധായകൻ പ്രേക്ഷകന്റെ ഉള്ളിൽ വളരെ നൈസായിട്ട് പണി കൊടുക്കുന്നു.

വിനയ് ഫോർട്ടിന്റെ സൂക്ഷ്‌മവും പെർഫക്റ്റുമായ അഭിനയത്തെ ചിന്നു ചാന്ദ്‌നി എന്ന അഭിനേത്രിയുടെ അനായാസവും ഗംഭീരവുമായ പെർഫോമൻസ് വെല്ലു വിളിക്കുന്നുണ്ട് രണ്ടാം പകുതിയിൽ. സൗന്ദര്യസങ്കൽപ്പങ്ങളെ മാറ്റിയെഴുതുന്നുണ്ട് ചിന്നു. വിനയ് ഫോർട്ടിന്റെ കഴിവും സാധ്യതകളും കൃത്യമായ് പിടിച്ചെടുത്തു അതീവ ശ്രദ്ധയോടെ  വിനിയോഗിക്കുന്ന സംവിധായകൻ പക്ഷേ, ആരെയും വെറുതെ വിടുന്നില്ല. കൃത്യമായ കഥാപാത്രങ്ങളാണ് സിനിമയിൽ ഉള്ളത്.  അതിൽ ഒറ്റ ഷോട്ടിൽ വന്നു പോകുന്നവർ വരെയുണ്ട്. അവരെപ്പോലും ഗംഭീരമായി ഉപയോഗിച്ചിരിക്കുന്നു. ദിവ്യപ്രഭയും നവാസ് വള്ളിക്കുന്നും അരുൺ കുര്യനും ഗ്രേസ് ആന്റണിയും ആര്യ സലിമും    ചിന്നുവുമൊക്കെ  പ്രധാന വേഷങ്ങളിൽ തകർക്കുമ്പോൾ അമ്മമാരായും അച്ഛനായും ചിന്നുവിന്റെ സഹോദരിമാരായും വിദ്യാർത്ഥികളായും വന്നവർക്കുമുതൽ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുന്നവർക്ക് വരെ കൃത്യമായ ഐഡന്റിറ്റിയുള്ള സിനിമ!

സമീർ താഹിർ ക്യാമറയെ എവിടെയും അനുഭവപ്പെടാത്ത വിധം വിദഗ്‌ധമായി കൈകാര്യം ചെയ്‌തിരിക്കുന്നു. ഒന്നാംതരം കയ്യടി കൊടുക്കാം. ആ ഷോട്ടുകളെ വേദനിപ്പിക്കാതെ കോർത്തെടുത്തു എഡിറ്റർ മുഹമ്മദ് ഷഫീക് അലി. പൊന്നാനിക്കാരുടെ  സംഭാഷണമെഴുതിയ നാലുപേരുടെ പേരും പശ്ചാത്തല സംഗീതം നൽകിയ മൂവരിൽ ഒരാളുടെ പേരും ഓർത്തു വെക്കാൻ പറ്റിയില്ല. ഗൂഗിളിൽ തിരഞ്ഞിട്ടു കിട്ടിയുമില്ല. ആസ്വാദനത്തിൽ തീർച്ചയായും പരാമർശിക്കപ്പെടേണ്ട പേരുകളാണവ. അവരോടു ക്ഷമാപണം. (ഓൺലൈൻ പ്രമോഷന് വേണ്ടി ധാരാളം കാര്യങ്ങൾ ചെയ്യുമ്പോഴും  കൃത്യമായൊരു വിക്കിപീഡിയ പേജ് ഒരുക്കി വെക്കാൻ നിർമാതാക്കൾ വിട്ടുപോകുന്നത്  കഷ്‌ടമാണ്).

ഈ സിനിമ അവതരിപ്പിച്ച ഹാപ്പി അവേഴ്‌സിന്റെ ലിജോ ജോസ് പെല്ലിശ്ശേരി, സമീർ താഹിർ, ഷൈജു ഖാലിദ്, ചെമ്പൻ വിനോദ് ജോസ് ടീമിനാണ് ഏറ്റവും വലിയ  അഭിവാദ്യങ്ങൾ.  ഈ സിനിമയ്ക്ക്   വേണ്ടിയുള്ള ഗൃഹപാഠങ്ങൾ  എത്ര വലുതാണെന്ന് സിനിമ കാണിച്ചു തരുന്നുണ്ട്.  ഇതുപോലുള്ള ഗംഭീര ടീം വർക്കുകൾ ഇനിയും ഉണ്ടാവട്ടെ. മറ്റാരും ചെയ്യാത്ത സിനിമകൾ  ഇനിയും വരട്ടെ.

സിനിമയുടെ ആസ്വാദനം ചുരുക്കിയെഴുതി ഇവിടെ നിർത്തുമ്പോൾ മറ്റൊരാളെ അന്വേഷിച്ചു പോകാനുണ്ട്.  സി. അയ്യപ്പൻ എന്ന  കഥാകൃത്തിനെയാണത്! സിനിമ നമുക്ക് കാണിച്ചു തരുന്ന എഴുത്തുകാരൻ.  സി. അയ്യപ്പൻ എന്ന എഴുത്തുകാരനെ വായിക്കാത്തതിൽ ചൂളിപ്പോകുന്നുണ്ട് സിനിമ കാണുമ്പോൾ. അലസമായി പറഞ്ഞുപോകുയാണെന്ന മട്ടിൽ ശക്‌തമായി അവതരിപ്പിക്കുന്നുണ്ട് അദ്ദേഹത്തെ – ഈ സിനിമയുടെ പ്രചോദനം തന്നെ അദ്ദേഹത്തിന്റെ കഥകളാണെന്ന് ധ്വനിപ്പിച്ചു കൊണ്ട്!    വായനക്കാരായ സുഹൃത്തുക്കളെ വിളിക്കണം. അവരിലൂടെ  സി. അയ്യപ്പന്റെ പുസ്‌തകങ്ങൾ കണ്ടെത്തണം. സിനിമ വായനയിലേക്ക് വഴികാട്ടുന്നു, വഴി നടത്തുന്നു! നന്ദി ശ്രീ. അഷ്‌റഫ് ഹംസ. നിങ്ങളുടെ മുഴുവൻ ടീമിനും ആദരം.

 ഉമേഷ് വള്ളിക്കുന്ന്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account