സ്‌കൂൾ തുറന്നു. പഠനവും വരാൻ പോകുന്ന അതികഠിനമായ പരീക്ഷണങ്ങളും പരീക്ഷകളും ഓർത്തിരിക്കുമ്പോഴാണ് ഒരു റിലാക്‌സേഷന്  വിനയ് ഫോർട്ടിന്റെ ‘തമാശ’ കാണാൻ തീരുമാനിച്ചത്. രണ്ട് മണിക്കൂർ നേരം ‘ശ്രീനിവാസൻ’ എന്ന മലയാളം അദ്ധ്യാപകന്റെ രസകരമായ ജീവിതം തിയ്യേറ്ററിൽ ഏതൊരു കാഴ്ച്ചക്കാരനെയും പിടിച്ചിരുത്തുന്നതാണ്. അത്രമേൽ ഹൃദയസ്‌പർശിയാണ്  അഷ്‌റഫ് ഹംസ സംവിധാനം ചെയ്‌ത വലിയ അർത്ഥങ്ങളുള്ള ഈ ചെറിയ ‘തമാശ’.

ശ്രീനിവാസൻ എന്ന സാധാരണക്കാരനായ ഒരു മലയാളം കോളേജ് അധ്യാപകനാണ് കഥാനായകൻ. അയാളുടെ ജീവിതം തന്നെ വലിയൊരു തമാശയാണ്. അയാൾ ആദ്യമായ് പരിചയപ്പെട്ട, അടുപ്പം കാണിച്ച രണ്ട് സ്‌ത്രീകഥാപാത്രങ്ങളായിരുന്നു, ‘ഭവിത’ ടീച്ചറും, ‘സഫിയ’യും. ഇവർ രണ്ടുപേരുമായ് ആദ്യം അയാൾക്കുണ്ടായിരുന്ന ബന്ധവും, സൗഹൃദവും  എല്ലാം ചെന്നവസാനിക്കുന്നത് ഒരു തമാശയിലാണ്. ശ്രീനിവാസൻ ഒരിക്കലും വിചാരിക്കാത്ത അപ്രതീക്ഷിത ട്വിസ്റ്റുകളാണ് അയാളുടെ ജീവിതത്തിൽ സംഭവിച്ച് കൊണ്ടിരുന്നത്. ഈ ട്വിസ്റ്റുകളെല്ലാം നർമ്മത്തിൽ ചാലിച്ച് പറയുന്നതിൽ സംവിധായകന്റെ കഴിവ് പ്രശംസാർഹമാണ്.

സിനിമയിലെ ഒരു സുപ്രധാന കഥാപാത്രമാണ് ‘ചിന്നു’. ശ്രീനിവാസനും ചിന്നുവും കണ്ട് മുട്ടുന്നതുമുതൽ, വളരെ രസകരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്.

ശ്രീനിയുടെ വീട്ടിൽ, അമ്മയ്ക്ക് മുട്ടറ്റം മുടിയുണ്ട്. അച്ഛന് ദിവസവും എണ്ണയിട്ടു കുളിക്കുന്ന തഴച്ചമുടിയും, ഫ്രീക്കൻ അനിയന് സ്റ്റൈലിൽ കൈ കൊണ്ട് ചീകിയൊതുക്കുന്ന മുടിയും. ഇതെല്ലാം കണ്ട് കഷണ്ടിത്തലയനായ പാവം ശ്രീനിവാസൻ വളരെയധികം വ്യസനിച്ചിരുന്നു. ഈ രംഗങ്ങളൊക്കെ തിയ്യേറ്ററിലിരുന്ന് കണ്ട് കൊണ്ടിരുന്ന എല്ലാ പ്രേക്ഷകരും, ഞാനടക്കം, പൊട്ടിച്ചിരിച്ചു പോയിരുന്നു. മുടിയില്ലാത്തവരുടെ സങ്കടം അവർക്കു മാത്രമറിയാം. ശ്രീനിയുടെ കല്യാണാലോചനകൾ പോലും കഷണ്ടി കാരണം മുടങ്ങിപ്പോകുന്നു.

ചിന്നുവാകട്ടെ, നല്ല തടിച്ചുരുണ്ട പ്രകൃതം. അവളുടെ വീട്ടിൽ അവൾ മാത്രമാണ് തടിച്ചത്. മുടി കുറവായ, മെലിഞ്ഞിരിക്കുന്ന ശ്രീനിവാസനും, നല്ല മുടിയും തടിയുമുള്ള ചിന്നുവും ഒത്തുകൂടുമ്പോൾ രസകരമായ മറ്റൊരു തമാശയാണ് സംവിധായകൻ സൃഷ്‌ടിക്കുന്നത്.

ബോഡി ഷെയിമിംഗ് എന്ന ഏറ്റവും പ്രസക്‌തമായ വിഷയമാണ് ഈ  സിനിമ കൈകാര്യം ചെയ്യുന്നത്.  നല്ല തടിയുള്ള ചിന്നുവിനെ കളിയാക്കുന്നവരോട് അവൾ പറയുന്നു; ‘എന്നോട് ഒരു പരിചയവുമില്ലാത്തവർ പോലും തേൻ വെള്ളവും കുമ്പളങ്ങ നീരുമൊക്കെ കുടിക്കാൻ ഉപദേശിക്കും. പക്ഷേ എനിക്ക് കുമ്പളങ്ങ നീരല്ല, ഫലൂദയാണ് ഇഷ്‌ടം. ഞാനതു കഴിച്ചാൽ മറ്റുള്ളവർക്കെന്താണു നഷ്‌ടം’. ഈ ഒരൊറ്റ മാസ് ഡയലോഗ് കൊണ്ട് ചിന്നു  പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാകുന്നു.

മറ്റ് മനുഷ്യരുടെ കാര്യങ്ങളിൽ അനാവശ്യമായ് തലയിടുന്ന, ചെറിയ കാര്യങ്ങൾക്കു പോലും അവരെ പരിഹസിക്കുന്ന മലയാളികളെ ശരിക്കു കളിയാക്കുന്നുമുണ്ട് സിനിമ.  സോഷ്യൽ മീഡിയയുടെ സ്വാധീനവും സിനിമ കാണിച്ചു തരുന്നു.

വിനയ് ഫോർട്ടിന്റെ ശ്രീനിവാസൻ എന്ന കഥാപാത്രത്തിന്റെ അവതരണം വളരെ സിംപിളും, പവർഫുള്ളുമായിരുന്നു. പതിവ് കോമഡി കഥാ പാത്രങ്ങളിൽ നിന്നും, വിനയവും പക്വതയുമുള്ള മുപ്പത് വയസ്സുള്ള ഒരു അധ്യാപകനിലേക്കുള്ള ഈ നടന്റെ മാറ്റം (അഭിനയ പാടവം) കാണികളെ അമ്പരപ്പിക്കുന്നതാണ്. ചിന്നു ചാന്ദ്‌നി ചിന്നു എന്ന കഥാപാത്രത്തെ അതി മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ കരുത്തും, കേന്ദ്ര കഥാപാത്രവും ചിന്നു ചാന്ദ്‌നി ആണ്. ഗ്രേസ്സ് ആന്റണിയുടെ സഫിയയും, ദിവ്യ പ്രഭയുടെ ‘ഭവിത’ ടീച്ചറും ശ്രീനിവാസൻ മാഷിനെ വലച്ചത് ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരും. ശ്രീനിവാസൻ മാഷിന് ഓരോ പ്രണയോപദേശങ്ങൾ കൊടുക്കുന്ന പ്യൂണായ റഹീമും ഒരിക്കലും മനസ്സിൽ നിന്ന് മായില്ല. ജീവിതം എന്ന വലിയൊരു തമാശയെ സംവിധായകൻ ഒരു ചിത്രമായ് കാൻവാസിൽ വരക്കുന്നു. അതു കണ്ട് ആസ്വദിച്ച് പൊട്ടിച്ചിരിക്കുകയാണ് കാണികൾ. അവിടെ സംവിധായകൻ വിജയിക്കുന്നു.

ഈ സിനിമ എനിക്ക് ഇത്രയ്‌ക്കിഷ്‌ടപ്പെടാൻ വേറൊരു കാരണമുണ്ട്. ഞാനും ചിന്നുവിനെപ്പോലെ ഒരു തടിയനായിരുന്നു. പലപ്പോഴും സ്‌കൂളിലും പുറത്തുമൊക്കെ എന്നെ തടിയാ എന്നു വിളിച്ചു കളിയാക്കിയിരുന്നു മറ്റു കുട്ടികൾ. അപ്പോഴൊക്കെ സങ്കടവും അപമാനവും തോന്നിയിട്ടുണ്ട്. മറ്റുള്ളവരുടെ ശാരീരികമായ പ്രത്യേകതകളെച്ചൂണ്ടി അവഹേളിക്കുന്നത് അവരെ വല്ലാതെ ഇൻസൾട്ടു ചെയ്യും. ആത്‌മവിശ്വാസം നഷ്‌ടപ്പെടുത്തും. പക്ഷേ, ചിന്നുവിനെപ്പോലെ ഞാനും ഐഡോൺട് കെയർ എന്ന നിലപാടു സ്വീകരിച്ചു. എനിക്കും ഫലൂദയും മിൽക്ക് ഷേക്കുമൊക്കെയാണ് ഇഷ്‌ടം. ഞാനൊട്ട് കുമ്പളങ്ങ നീരു കുടിക്കുകേമില്ല…

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account