നിനക്ക് എന്നെയും
എനിക്ക് നിന്നെയും
ഇത്രയും അറിയാമായിരുന്നിട്ടും
നാം തമ്മിൽ ഇത്രമേൽ അകന്നുപോയതെങ്ങനെയാണ്?
നിന്റെ ശരികളോട്
എന്റെത് ചേർത്ത് വെച്ച്
സൗഹൃദം
ഞാൻ
ദൃഢമാക്കിയപ്പോൾ
എന്റെ ശരികളെ തീർത്തും അവഗണിച്ച്
ഞാൻ പോലുമറിയാതെ
നീ പതിയെ എല്ലാം അയവുള്ളതാക്കി.
അന്നു മുതലാണ് നീ എന്റെ കണ്ണുകൾക്ക് മീതെ
കറുത്ത നാട വലിച്ചുകെട്ടിയത്.
അന്നുമുതലാണ് നീ എന്റെ ഹൃദയം മുറിഞ്ഞ്
ഉരുകിയൊലിച്ച ലാവ കണ്ട് സന്തോഷിക്കാൻ
തുടങ്ങിയത്.
അതിനു മുൻപ്
നനുത്ത മഴയും, തെളിഞ്ഞ വെയിലും, നിലാവുള്ള രാത്രിയും
അതിനു ശേഷം
കനത്ത മഴയും, പൊള്ളുന്ന വെയിലും ഇരുണ്ട രാത്രിയും ആയി മാറിയത്.
എങ്കിലും സുഹൃത്തേ,
എന്തിനെന്നറിയില്ല
ഞാനിപ്പോഴും
ഒരു ഇംഗ്ലീഷ് കവിതയിലെ
Transferred epithet പോലെ
നമ്മുടെ സൗഹൃദത്തെ
എന്റെ ഹൃദയത്തോട് ചേർത്തുവെച്ചിരിക്കുന്നത്.

Good