‘സ്വന്തം ആത്‌മാവിലൂടെ കിട്ടാത്തതെന്തോ തേടി അലയുന്ന രവിയിൽ ഞങ്ങൾ, ഞങ്ങളെ കാണുന്നു’  എന്ന് ഒ .വി. വിജയൻ സാറിനോട് ഞാനൊരിക്കൽ പറയുകയുണ്ടായി.  “തസ്റാക്കിൽ എന്നെ കൊണ്ടുപോവ്വോ?” എന്ന ചോദ്യത്തിന്  “പല നോവലുകളിലൂടെ കൊണ്ടുപോയല്ലോ” എന്ന മറുപടിയും നനുനനുത്ത ഒരു ചിരിയും.

ഈയിടെ പാലക്കാട് വെച്ച് നടന്ന മജ്‌ലീസ് ഫെസ്റ്റിന്റെ പ്രസംഗം തീർന്നപ്പോൾ ഞാൻ സംഘാടകരോട് പറഞ്ഞു –   ‘എന്നെ തസ്റാക്കിൽ കൊണ്ടു പോവു ‘. അവർ കാറിൽ കൂടെ വിട്ടത് സൗമ്യ പ്രകൃതമുള്ള കോളേജ് വിദ്യാർത്ഥി ഇസ്‌മായിലിനെയാണ്. അവൻ കോഴിക്കോട് ഫറോക്ക് കോളേജിലെ വിദ്യാർത്ഥിയാണത്രെ. പാലക്കാട്ടുകാരൻ – മൊബൈലിൽ നന്നായി ഫോട്ടോ എടുക്കുന്ന ചെറുപ്പക്കാരൻ.

പാലക്കാട് ടൗണിൽ നിന്ന് ഞങ്ങൾ പല ഇടവഴികളിലൂടെ സഞ്ചരിച്ച് കാടാംകോടും മമ്പറവും യാക്കര പുഴയുമെല്ലാം കടന്ന് തസ്റാക്കിലെത്തി. ഖസാക് എന്ന വലിയ ബോർഡിനരികിൽ ഒരു കുട്ടിയെപ്പോലെ ഞാൻ ചെന്നു നിന്നു. സന്ദേഹിയായ ആ മഹാ സാഹിത്യകാരന്റെ ജൻമനാടും ജനിച്ച വീടും ഒരുൾപ്പുളകത്തോടെ ഞാൻ നോക്കി നിന്നു. ചുരം കടന്നു വന്ന പാലക്കാടൻ കാറ്റ് എന്റെ നെറ്റിയിലെ വിയർപ്പിൻ മണികളൊപ്പി. കരിമ്പനപ്പട്ടകളിൽ കാറ്റ് പിടയ്ക്കുന്ന ശബ്‌ദം കേൾക്കുന്നുണ്ടോ?

ഓടിട്ട ആ കൊച്ചു വീടിന് ഒരു പർണശാലയുടെ കുളുർമയും വിശുദ്ധിയും – വീടിനെ സർക്കാർ മ്യൂസിയമാക്കിയിരിക്കുന്നു. സന്ദർശകർക്ക് വരാം. പോകാം. വൃത്തിയായി സൂക്ഷിച്ച അകവും മുറ്റവും.

എന്നെങ്കിലുമൊരിക്കൽ എന്നെ തൂതപ്പുഴയും കരിമ്പനകളും കാണിക്കാൻ കൊണ്ടുപോവാംന്ന് പറഞ്ഞിരുന്നില്ലേ? അങ്ങ് വാക്ക് പാലിച്ചില്ല. എങ്കിലും ഞാൻ വന്നു. പല തവണ പാലക്കാട് വന്നിട്ടും തസ്റാക്കിൽ വരാനായില്ല. ജീവിതമെന്നെ സ്‌ഫ ടികത്തെയെന്ന വിധം തച്ചുതകർത്തിട്ടും ഞാൻ വന്നു. അങ്ങയുടെ സാഹിത്യം സ്വപ്‌നതുല്യമായ സാക്ഷാത്ക്കാരമാണ് ഞങ്ങൾക്ക്. മോഹിപ്പിക്കുന്ന സമ്പൂർണതയും ആണ്. ആർത്തുകേഴുന്ന ഞങ്ങളുടെ അനാഥത്വത്തിന് സാന്ത്വനമേകിയ കലാകാരാ – അങ്ങയുടെ ജ്വലിക്കുന്ന ഭാഷയും ആശയങ്ങളും ഇന്നും തീക്കനലുകളായി ഞങ്ങളുടെ അകം പൊള്ളിക്കുന്നു.

മുറ്റത്ത് പ്രതിഷ്ഠിച്ച പ്രതിമയിലേക്ക് ഞാൻ ആധിയോടെ നോക്കി. മരിച്ചവർക്കല്ലേ പ്രതിമ? ഒ. വി. വിജയൻ എന്ന അനശ്വര പ്രതിഭ മരിച്ചപ്പോൾ ആയിരമായി ജനിച്ചില്ലേ?

ഉമ്മറത്ത് വിജയൻ സാറിന്റെ ജീവൻ തുടിക്കുന്ന കൂറ്റൻ ചിത്രങ്ങൾ – കെ.ആർ. വിനയന്റെതാണ് – നന്ദി പ്രിയ ചിത്രകാരാ. അതൊരു ചിത്രമാണെന്നേ തോന്നുന്നില്ല. ജീവസ്സുറ്റ ആ രൂപത്തിനരികെ ചെന്ന് നിന്നപ്പോൾ എന്തിനോ കണ്ണ് നിറഞ്ഞു. ആ മഹാപ്രതിഭയുടെ അരികിൽ നിൽക്കും പോലെ! പതിവ് പോലെ ആ കരം ഞാൻ ഗ്രഹിച്ചു. അല്ല. ചിത്രത്തിന്റെ കയ്യല്ല തീർച്ച.

ദില്ലിയിൽ പോയതിന് ശേഷം അങ്ങ് പത്രരംഗത്തായിരുന്നുവല്ലോ. കോളവും കാർട്ടൂണുകളും. പുറം വരാന്തയിൽ സാമൂഹ്യ വിമർശനം നിറഞ്ഞ ആ കാർട്ടൂണുകളെ ഞാൻ അന്തിച്ച് നോക്കി. അവയിൽ നർമവുമില്ല, ഹാസ്യവും ഇല്ല. അത്യുക്‌തിയും അതിശയോക്‌തിയും ഇല്ല. ബുദ്ധിയെ ഖനനം ചെയ്യുന്ന ഒരു കരുത്ത്. ചിരിയെ അല്ല ചിന്തയെ ദ്യോദിപ്പിക്കുന്നവ. മുമ്പ് ശങ്കേഴ്‌സ്‌ വീക്കിലിയിൽ വന്നതാവണം.

ആ വീടിന്റെ വാതിലുള്ള ഒരേ ഒരു മുറിക്കകത്ത് സ്‌കൂൾ കുട്ടികൾക്കായി വിജയൻ Documentary കാണിക്കുന്നു – ആ കൊച്ചു ഗൃഹത്തിന്റെ ജാലകത്തിൽ മുഖം ചേർത്ത് ഞാൻ കാതോർത്തു, കേൾക്കുന്നുണ്ടോ? കുട്ടിക്കാലത്ത് അങ്ങ് ജനവാതിലിന്റെ മരപ്പാളികളിൽ ചെകിട് ചേർത്ത് മണിക്കൂറുകൾ ഇരിക്കുന്നതായി എഴുതിയിട്ടുണ്ടല്ലോ. അന്നവിടെ സൂക്ഷ്‌മ ജനസമൂഹങ്ങളെ കണ്ടതും കേട്ടതുമായ മാജിക്കിനെപ്പറ്റിയും വായിച്ചതോർത്തു.

പുല്ലുപാകി മനോഹരമാക്കിയ മുറ്റത്ത് അങ്ങയുടെ പ്രതിമ. അതെന്നിൽ ഖേദം നിറയ്ക്കുന്നു അങ്ങയുടെ ഭൗതിക ശരീരം മണ്ണിനടിയിലായി എന്ന കയ്ക്കുന്ന സത്യം! ഖസാക്കിന്റെ ഇതിഹാസം എഴുതിയ – ഭാഷയുടെ അത്യുജ്ജ്വലമായ വൈകാരികത – എഴുത്തിലെ ദാർശനിക സൗന്ദര്യ സൃഷ്‌ടികൾ – കമ്യൂണിസത്തിനെതിരെ ആഞ്ഞടിച്ച ലേഖനങ്ങൾ – ഗുരുസാഗരത്തിലൂടെ മുങ്ങിത്തുടിച്ച നാളുകൾ – അവയിലെ രാഷ്‌ട്രീയ ദർശനങ്ങൾ – ബംഗാളിലെ തീവ്രവാദമുഖങ്ങൾ – പ്രാഗ് വസന്തത്തെ ഉന്മൂലനം ചെയ്‌ത്‌ കമ്യൂണിസ്റ്റ് റഷ്യയെ തകർത്ത സംഭവങ്ങൾ – സോവ്യറ്റ് യൂണിയനെ നേരിട്ട ദുബ് ചെക്ക് – കമ്യൂണിസവും വിപ്ളവവും വെടിഞ്ഞ് ഭഗവത് ഗീത കയ്യിലെടുത്തത്. കുഞ്ഞുണ്ണി, ശിവാനി, കല്യാണി, ഓൾഗ .ലളിത – അങ്ങനെയാരെല്ലാം! കടൽത്തീരത്ത്, പാറകൾ അങ്ങനെ എത്രയെത്ര മനോഹര കഥകൾ‌ – മനുഷ്യ ജീവിതത്തിന്റെ ജ്വാലാമുഖികൾ – മാനവ സംസ്‌കൃതിയുടെ വിശുദ്ധ സ്രോതസുകൾ.

ഞാനങ്ങയെ അവസാനമായി കണ്ടതെന്നായിരുന്നു? കോട്ടയത്ത് DC Books ന്റെ വാർഷിക പരിപാടികളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ഉഷച്ചേച്ചിക്കൊപ്പം കഴിയുന്ന അങ്ങയെ കാണുവാൻ വന്നു. പാർക്കിൻസൺ എന്ന രോഗം അങ്ങയുടെ ശരീരത്തെ കാർന്നു തിന്നുന്ന കാലം! മനസ്സപ്പോഴും ഊർജസ്വലം – അങ്ങയുടെ കട്ടിലിന് ചുറ്റും സ്‌നേഹവാത്സല്യങ്ങളുടെ ചിത്രശലഭങ്ങൾ പാറിക്കളിച്ചിരുന്നു. ശബ്‌ദം പരിക്ഷീണമെങ്കിലും പലതും സംസാരിച്ചു. കൂടെയുള്ള ഭർത്താവ് ഫോട്ടോയെടുക്കാൻ ക്യാമറ പുറത്തെടുത്തു – എത്ര പരിശ്രമിച്ചിട്ടും അങ്ങേയ്ക്ക് എഴുന്നേറ്റിരിക്കാൻ ആയില്ല. ഒടുവിൽ കിടന്നു കൊണ്ടുള്ള ഫോട്ടോ എടുത്തു. ഇറങ്ങുവാൻ യാത്ര പറയവേ ഉഷച്ചേച്ചിയെക്കൊണ്ട് സ്വന്തം പുസ്‌തകമെടുപ്പിച്ചു. ‘മധുരം ഗായതി ‘ – മധുരോദാരമായി പുഞ്ചിരിച്ചു കൊണ്ട് പുസ്‌തകം കിടന്നു കൊണ്ട് ഒപ്പിട്ട് കയ്യിൽ തന്നു. ഒരു നിധിപോലെ ഞാനത് നെഞ്ചിൽ ചേർത്തു. യാത്ര പറഞ്ഞ് മുറിക്ക് പുറത്തെത്തിയപ്പോൾ കൂടെ വന്ന ഉഷച്ചേച്ചിയെ ഉറക്കെ വിളിക്കുന്നത് കേട്ട് അവർ തിരിയെ ചെന്നു. ഞങ്ങളെ വീണ്ടും മുറിയിലേക്ക് വിളിപ്പിച്ചു. അദ്ദേഹം എഴുന്നേറ്റിരിക്കുന്നു! ഒന്നിച്ച് ഫോട്ടോ എടുക്കാൻ! നന്മ നിറഞ്ഞ ആ ഹൃദയത്തിന് മുമ്പിൽ ഞാനിന്നും നമ്രശിരസ്‌കയായി നിൽക്കുന്നു. പുറത്തിറങ്ങി കാറിൽ കയറിയപ്പോൾ സന്തോഷവും സങ്കടവും അടക്കാനാവാതെ ഞാൻ കരഞ്ഞു.

പച്ച പൊതിഞ്ഞ് നിൽക്കുന്ന പാലക്കാടൻ നെൽവയലുകൾ കാറ്റിൽ പുളയ്ക്കുകയാണ്‌. കോഴിക്കോട് നിന്നുള്ള ഡ്രൈവർ ബാവ കാർ നിർത്തി. ഉഷ്‌ണംകൊണ്ട് പൊരിയുന്ന വയൽ വരമ്പിലൂടെ നടന്നപ്പോൾ രവിക്കൊപ്പം നടക്കും പോലെ! ഖസാക്കിലൂടെ തന്നെത്തന്നെ തേടി നടന്ന രവി – അയാളുടെ വിഭ്രാത്മക രഹസ്യ ലോകങ്ങൾ. കിഴക്കൻ കാറ്റേറ്റ് ,കരിമ്പനകളുടെ വിരൽത്താളം കേട്ട് ആ വയൽപ്പച്ചയിൽ ഞാനേറെ നേരം നിന്നു.

ടെലഫോണിലൂടെ ഞാനെത്രയോ തവണ കേൾപ്പിച്ച അങ്ങയുടെ ആ പ്രിയങ്കരമായ ഗസൽ ആരാണ് മൂളുന്നത്?

സിന്ദഗി സേ യഹീ ഗിലാ ഹെ മുജേ
തൂ ബഹുത് ദേർ സേ മിലാ ഹെ മുജേ
(ജീവിതത്തോട് എനിക്കീയൊരു പരാതിയേയുള്ളൂ
നിന്നെ പരിചയമാവാൻ ഞാനെത്ര വൈകിപ്പോയി)

-കെ.പി. സുധീര

5 Comments
 1. Prasad 4 years ago

  മനോഹരം…

 2. Anil 4 years ago

  Good tribute the genius…

 3. P K N Nair 4 years ago

  ഒ വി വിജയൻറെ ഓർമ്മപുതുക്കിയതിനു നന്ദി

 4. Haridasan 4 years ago

  മഹാ പ്രതിഭയ്ക്ക് നമസ്ക്കാരം..

 5. Priya 4 years ago

  A big salute to the legend….

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account