വെറുപ്പിക്കുക എന്ന ദൗത്യം അതിന്റെ പരമാവധി അളവിൽ വിജയിപ്പിച്ച വെളിപാടിന്റെ പുസ്‌തകത്തിനുശേഷം മാക്‌സിമം  രസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലാൽ ജോസ് സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രമാണ് ‘തട്ടും പുറത്ത് അച്യുതൻ’! കുടുംബവും കുട്ടികളുമായെത്തുന്ന അവധിക്കാല പ്രേക്ഷകരെ രസിപ്പിച്ചു കൊല്ലാൻ പാട്ട്, ഡാന്‍സ്,  സ്റ്റണ്ട്, പ്രേമം, സ്വപ്‌നം, അമ്പലം, ശ്രീകൃഷ്‌ണൻ, മയിൽപ്പീലി, തമാശപ്പോലീസ്, ചായക്കട, പാർട്ടിയാപ്പീസ്, കോമഡി വില്ലൻസ് വിത്ത് ബോംബ്, കുഞ്ചാക്കോ ബോബൻ, ഹരീഷ് കണാരൻ, മിടുക്കന്‍ ആദിഷ് , ഗ്രാമീണ നിഷ്ക്കളങ്കത, എന്നിങ്ങനെ  ‘മലയാളസിനിമ’ക്കു വേണ്ട എല്ലാ കഷണങ്ങളും വെട്ടിയരിഞ്ഞിട്ട കിടിലൻ അവിയലാണ് പ്ലാൻ ചെയ്‌തതെന്ന് വ്യക്‌തം. കുട്ടികൾ കുറെയൊക്കെ രസിക്കുന്നുണ്ട്. മുതിർന്നവർക്കും ഇടക്കൊക്കെ രസിക്കാം. അതുകൊണ്ടുതന്നെ അവിയൽ തീരെ മോശമായില്ല എന്ന് പറയാം.

സിനിമയിൽ അഭിനയിച്ചവർ മാത്രം കുടുംബസമേതം ടിക്കറ്റെടുത്ത് കയറിയാൽ സിനിമ ഹിറ്റാവുമെന്ന്  അടുത്ത സീറ്റിലിരുന്നയാളുടെ ആത്‌മഗതം. ഇടവേള കഴിഞ്ഞുള്ള പാട്ടുസീൻ വന്നപ്പോൾ ‘വാരി വിതറുകയാണല്ലോ’ എന്ന് മനസ്സിലോർത്തതേയുള്ളു, ആരോ  അതുറക്കെ വിളിച്ചു പറയുന്നു! ബ്രാഹ്‌മണ വിവാഹവും പൂത്തിരുവാതിരയും അമ്പലകച്ചേരിയുമൊക്കെയായി ദീപാങ്കുരന്റെ പാട്ടുകൾ സിനിമ നിറയെ വാരി വിതറിയിട്ടിരിക്കുകയാണ്! ആട്ടവും പാട്ടും വേണ്ടവർ കൂട്ടത്തോടെ, കുടുംബത്തോടെ പോരട്ടെ.

കുഞ്ഞൂട്ടനായി ആദിഷ് പ്രവീണും അവൻ്റെ സ്വപ്‌നങ്ങളും തമാശകളും രസിപ്പിക്കുന്നുണ്ട്. കുട്ടികൾ കുടുംബവുമായി പോരട്ടെ.

നായകന്റെ ചങ്ക് ശിങ്കിടി മുതൽ പേടിത്തൊണ്ടനായ കരാട്ടെ മാഷ് വരെയുള്ള സ്ഥിരം തമാശക്കാരായി ഹരീഷ് കണാരൻ മുതൽ ജോണി ആൻ്റണി വരെ എണ്ണാനാവാത്തത്ര ഹാസ്യ താരങ്ങളുണ്ട് ചിരിപ്പിക്കാൻ. ചിരിക്കേണ്ടവർക്ക് പത്താളെയും കൂട്ടി വരാൻ ഇതിൽപ്പരം എന്ത് വേണം!

സൂപ്പർ താരങ്ങളുടെ സിനിമയേക്കാൾ സീരിയലിന് കാണികളുണ്ടെന്ന് തിരിച്ചറിവുള്ളതിനാൽ സീരിയൽ താരങ്ങൾക്കും സിനിമയിൽ അവസരം  കൊടുത്തിട്ടുണ്ട്. ഇഷ്‌ടതാരങ്ങളെ വലിയ സ്‌ക്രീനിൽ  കാണാൻ ടി.വിക്കു മുൻപിൽ നിന്നുള്ള പ്രേക്ഷകരുടെ ഒഴുക്കുണ്ടാവട്ടെ.

ഓഡിഷൻ റിയാലിറ്റി ഷോയ്ക്കു വിളിച്ച ഒരുപാടു പുതുമുഖങ്ങൾക്ക് അവസരം കിട്ടിയിട്ടുണ്ട്. അവരുടെ കൂട്ടരും കുടുംബക്കാരുമൊക്കെ സിനിമ കാണാൻ വരട്ടെ. (നന്നായി പെർഫോം ചെയ്‌തിട്ടുമുണ്ട് അവർ. പക്ഷേ, അവരൊക്കെ  കഥാപാത്രങ്ങളുടെ ആധിക്യത്തിൽ മുങ്ങിപ്പോകുന്നുണ്ട്. നായിക, വില്ലന്മാരായ മനു, ബിനോയ് എന്നിങ്ങനെയുള്ള  കഥാപാത്രങ്ങൾക്കേ പ്രാധാന്യമുള്ളൂ).

അങ്ങനെ പറഞ്ഞു വരുമ്പോൾ പ്രേക്ഷകരെ തിയേറ്ററിലേക്കു പ്രവഹിപ്പിക്കാൻ വേണ്ട എല്ലാ ഐറ്റംസും വാരി വിതറി, കോഴിക്കോട് കിട്ടുന്ന ഫലൂദ പോലൊരു കളർ ഫുൾ  സിനിമയാണ് സംവിധായകൻ വിഭാവനം ചെയ്‌തിരിക്കുന്നത്. അല്ലെങ്കിൽ തുടക്കത്തിൽ പറഞ്ഞതുപോലെ കഷ്‌ണങ്ങളെല്ലാം ലുബ്‌ധില്ലാതെ വെട്ടിയിട്ട അവിയൽ. കുഞ്ചാക്കോ ബോബൻ, ഹരീഷ് കണാരൻ, ആദിഷ്, ചില തമാശകൾ, എന്നിങ്ങനെ ഓരോ ഐറ്റംസ് പെറുക്കിയെടുത്താൽ രുചിയുണ്ട്. മൊത്തത്തിൽ നോക്കുമ്പോൾ പണി മറന്നുപോയ പണ്ടാരിയുടെ പാചകമാണെന്ന് സമ്മതിച്ചു കൊടുക്കേണ്ടി വരും.

ഉമേഷ് വള്ളിക്കുന്ന് 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account