പരസ്‌പരം ആകർഷിക്കുന്നതിനു വേണ്ടിയാണ്  മിന്നാമിനുങ്ങുകൾ പ്രകാശം പരത്തുന്നതെന്ന് പറയപ്പെടുന്നു. അതല്ല, പക്ഷികളെയും മറ്റും പേടിപ്പിച്ച് അവയുടെ ആക്രമണം ഒഴിവാക്കാനാണീ തന്ത്രമെന്നും പറയപ്പെടുന്നു. എന്നിരുന്നാലും കവികൾക്കും കഥാകൃത്തുകൾക്കും ഉത്തമ ഉദാഹരണങ്ങളായിത്തീർന്ന നുറുങ്ങു വെട്ടം. ജീവിതത്തിൽ  ഇത്തരം വെട്ടം അനുഭവിക്കാൻ കഴിയുക വളരെ വിരളമാണ്. എന്നാൽ ഞാൻ കണ്ടു, ഒരു മിന്നാമിനുങ്ങിനെ! എവിടെനിന്നോ ഒരു മിന്നാമിനുങ്ങിന്റെ പ്രകാശം പോലെ, എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഇക്ബാലിക്ക.

എന്റെ ഗദ്യങ്ങളിലെയും പദ്യങ്ങളിലെയും വിഷാദത്തിന്റെ പൊരുൾ തേടി വന്ന ഒരു സാധുമനുഷ്യൻ. കാഴ്ച്ചയിലും (ചിത്രത്തിൽ) വാക്കുകളിലും സാധു, സൌമനസ്സ്യം, വാക്കുകളിൽ ലാളിത്യം, സരസ്സൻ. എന്റെ മലയാളം വായിക്കാൻ വേണ്ടി ‘വരമൊഴിയും, ഇളമൊഴിയും’ പിന്നെ അഞ്ചലി ലിപിയും തന്റെ മകന്റെ സഹായത്തോടെ മനസ്സിലാക്കി അങ്ങിനെ അദ്ദേഹം മലയാളം ബ്ലോഗിൽ എത്തി. മലയാളം വായിച്ചു തുടങ്ങിയപ്പോൾ വിമർശനങ്ങൾ ‘ഞാൻ പറയട്ടെ’എന്ന മുഖവുരയോടു കൂടിയുള്ള തുടക്കം. ‘ഭാവനയും ശൈലിയും അന്തർലീനമായ ഒരു കഴിവാണ്’. അതെന്നിലുണ്ടെന്ന് ആദ്യം തന്നെ പറഞ്ഞുതന്നു. ചോർന്നു പോയ എന്റെ ധൈര്യം വീണ്ടും തലപൊക്കി. എഴുതുമ്പോൾ ഓരോ വാക്കുകളുടെയും ഘടനയും വായനക്കാരുമായുള്ള ആ‍ശയവിനിമയത്തിന്റെ ആവശ്യകതയും പറഞ്ഞു മനസ്സിലാക്കിത്തന്നു, ആദ്യ ഖണ്ഢികയിൽത്തന്നെ വരുത്തിയെടുക്കേണ്ട നാടകീയത. ഒരു മഹാഭാഗ്യം എനിക്കുണ്ടായി. അദ്ദേഹം നേരിട്ട് എന്റെ ഒരു ലേഘനം മുഴുവനും തിരുത്തിത്തന്നു. 20ആം തീയതി. നിധിപോലെ ഞാനതിന്നും  കാത്തു സൂക്ഷിക്കുന്നു‍.

ഒരൊ ദിവസവും ഓരോ പുതിയ പാഠങ്ങൾ പോലെ അദ്ദേഹം കഴിഞ്ഞ ഒരു മാസമായി ഒന്നൊന്നായി മന‍സ്സിലാക്കിത്തന്നു. എന്റെ കഴിവിനെ പുകഴ്ത്തിയതല്ല എന്നും, എല്ലാവർക്കും എഴുത്തുകാരാകാന്‍ സാധിക്കണം എന്നില്ല എന്നുള്ളതാണ് ഇതിലെ അടിസ്ഥാന പാഠം. സാഹചര്യങ്ങളും മറ്റുള്ളവരെ മനസ്സിലാക്കനുള്ള കഴിവും, കഥകള്‍ക്കുള്ള പ്രേരണകള്‍ കണ്ടറിയാനുള്ള അനുഭവപാടവവും, ഇവയെല്ലാം കൂടിയുള്ള സമ്മിശ്രണം ആണ് സര്‍ഗ്ഗരചന. അത് ഒരു ദിവസം കൊണ്ടു ഉടലെടുക്കണം എന്നില്ല. ഒരിക്കലും സംഭവിച്ചില്ലെന്നും വരാം. അദ്ദേഹം സ്വാന്തനിപ്പിച്ചു. ‘ഇനി ഏറെ വളരാനുണ്ട്, അറിയാനുണ്ട്, മനസ്സിലാക്കാനുണ്ട്’ എന്ന് എത്ര സരസമായി, ക്ഷമയോടെ അദ്ദേഹം, എന്റെ മനസ്സിനെ അശേഷം വേദനിപ്പിക്കാതെ, പറഞ്ഞു തന്നു.

അന്നൊന്നും മട്ടാഞ്ചേരിക്കാരനായ ഒരു വലിയ മനുഷ്യന്റെ ചെറിയ പ്രതിഛായ മാത്രമാണിത് എന്നു ഞാനറിഞ്ഞിരുന്നില്ല. ഗുലാം ഹുസൈൻ എന്ന മലയാളത്തിലെ ആദ്യ ഗസൽ ഗായകന്റെ  മകൻ ഭാവിയിൽ ഒരു സംഗീതനിരൂപകന്‍ ആയിത്തീര്‍ന്നു. സ്റ്റേറ്റ്‌ ബാങ്കിൽ ജോലിയിൽ ആയിരിക്കുമ്പോൾ തന്നെ അദ്ദേഹം ലേഖനങ്ങളും നിരൂപണങ്ങളും എഴുതിത്തുടങ്ങി. ജീവിതത്തിൽ എടുത്തണിഞ്ഞ ഏതുവേഷങ്ങളോടും അങ്ങേ അറ്റം ആത്‌മാർത്ഥത പുലർത്തിയിരുന്നു അദ്ദേഹം. പത്രപ്രവർത്തകൻ (ദേശാഭിമാനിയിൽ സബ്‌ എഡിറ്റർ), നിരൂപകൻ, ചരിത്രകാരൻ  സംഗീതാസ്വാദകൻ, ബുദ്ധിജീവി, കെ എസ്‌ എഫ്‌ ന്റെ  സജീവ പ്രവർത്തകൻ, എന്നിങ്ങനെ പല വേഷങ്ങളിലും തിളങ്ങയതായി ഞാൻ പിന്നീട് കേട്ടറിയുകയുണ്ടായി. നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുള്ളവയില്‍ ചിലത് കൊങ്കിണി സാഹിത്യ അവാര്‍ഡ്‌, കേന്ദ്ര അക്കാദമി അവാർഡ്, എന്നിവയാണ്. ഇവയെല്ലാം എന്റെ കഴിഞ്ഞ രണ്ടു ദിവസമായിയുള്ള എന്റെ കേട്ടറിവും, വയിച്ചു മനസ്സിലാക്കിയവയും ആണ്.

ഇതൊന്നുമല്ലാത്ത ഒരു സാധാരണമനുഷ്യനെ മാത്രമേ ഞാൻ അറിയുകയുള്ളു.‍ എന്റെ എഴുത്തുകുത്തുകൾ, കവിതകൾ എന്ന് ഞാൻ കരുതിയിരുന്നവക്ക് ജീവന്റെ സ്‌പർശ്ശം അത്ര പോര എന്നും, ഇനിയും കൂടുതൽ എഴുതി തഴക്കം വരണം എന്നും, എടുത്തുചാടി പ്രസിദ്ധീകരണങ്ങളുടെ പിന്നാലെ  പോകാതെ, അവസരം നമ്മെത്തേടി എത്തട്ടെ എന്നും ആശ്വസിപ്പിക്കുന്ന ഒരു പാവം മനുഷ്യന്റെ വിശ്വരൂപം ഞാനറിഞ്ഞത് വളരെ നേരം കഴിഞ്ഞു മാത്രമാണ്. വന്നതുപോലെ, ഒന്നാദരിക്കാൻ പോലും അവസരം തരാതെ, അദ്ദേഹം അകലേക്ക് പറന്നു പോയി.

ഒരിക്കൽപ്പോലും താൻ ആരാണെന്നു എന്നോടു പറഞ്ഞില്ല. എന്നാൽ പകലോ രാത്രിയോ ഏതെങ്കിലും ഒരു സമയത്ത് എന്റെ കൂടെ ഇരുന്ന് അദ്ദേഹം എന്റെ  എല്ലാ ബ്ലോഗുകളും  എഴുത്തുകുത്തുകളും വായിച്ചു. കർശമായ ഒരു വാക്കോ ഒന്നും തന്നെയില്ലാതെ, സംയമനത്തോടെ അദ്ദേഹം എന്നെ ശാസിച്ചു. ഇന്ന് എന്റെ അച്ചടിമഷി പതിഞ്ഞ ഓരോ പേജുകളിലും ഇക്ബാലിക്കയുടെ പുഞ്ചിരിക്കുന്ന മുഖം എന്നെ  നോക്കുന്നതു കാണുന്നു. ‘ക്ഷമ, അതാവശ്യമാണ് നല്ല എഴുത്തും,ശൈലിയും കൈമുതലാവാൻ’. എന്നും മന്ത്രോച്ചാരണം പോലെ അദ്ദേഹം പറഞ്ഞിരുന്നു എന്നോട്. എന്റെ ഈ  ധൃതി പാടില്ല എന്നും.

വരാനിരിക്കുന്ന എന്റെ ഞെട്ടലിന്റെ, ഒരു ആഘാതത്തിന്റെ വെറും മാറ്റൊലി മാത്രമായിരുന്നു ഈ കണ്ടുമുട്ടൽ  എന്നൊരിക്കലും ഞാൻ കരുതിയിരുന്നില്ല!

അന്നും എന്റെ കൂടെ ഇരുന്ന് അദ്ദേഹം ക്ഷമയോടെ വായിച്ചു. കൂടെ എന്റെ  ചോദ്യത്തിനുത്തരവും തന്നു. ‘കവിതകളുടെ വരികളിലൂടെ ചങ്ങമ്പുഴയും ചെരുശ്ശേരിയും ഒന്നും ഇനി ആർക്കും ആവാൻ സാധിക്കില്ല എങ്കിലും ഒരു ഇരുത്തം വരാനായി ധാരാളം പഴശൈലി കവിതകൾ വായിക്കുക. നല്ല ക്ഷീണം. നാളെക്കാണാം. ഉറങ്ങാൻ സമയമായി’.

പിറ്റെന്നു രാവിലെ ആരോ വന്നു പറഞ്ഞു ചാറ്റിൽ, സപ്‌ന  ഇക്ബാലിക്ക പോയി!

‘ഓ പോയോ , എനിക്കത്യാവശ്യമായി അദ്ദേഹത്തെക്കാണിക്കാൻ  ഉണ്ടായിരുന്നു, കവിത..’

ഇക്ക എന്ന് ഞാൻ  വിളിക്കുന്ന റസ്സക്ക് മലയാളി ഒരു മൌന നിമിഷത്തിനു ശേഷം പറഞ്ഞു; അതല്ല, സുഖമില്ലാതെ അദ്ദേഹത്തെ ആശുപത്രിയിൽ ആക്കി. ഇനി തിരികെ വരിമോ എന്നു തോന്നുന്നില്ല…

‘ റസ്സാക്കെ, രാവിലെ തമാശ പറയാതെ… ഞാൻ ഒരു  6 മണിക്കുർ മുൻപ് അദ്ദേഹത്തോടു സംസാരിച്ചതാ’

‘ഇല്ല സപ്‌ന, അദ്ദേഹം  പോയി’

ഒരു ശ്വാസം ഇല്ലാതെ ഞാൻ എന്റെ കസേരയിലേക്ക്  വീണു.

‘നല്ല ക്ഷീണം സപ്‌ന, ഞാൻ  ഉറങ്ങാൻ പോകുന്നു’,  എന്ന് എന്നോട് അദ്ദേഹം  പറഞ്ഞിട്ടല്ലെ പോയത്. എന്തിനായിരുന്നു ഇങ്ങനെ ഒരാളെ എന്റെ മുന്നിലെത്തിച്ചത്. എഴുത്തിന്റെ  ഒരു പടവ്  മാത്രമായിരുന്നോ അദ്ദേഹം. ചില  ദൈവത്തിന്റെ കളികൾ ഇന്നും അന്നും എന്നും എന്നെ വേദനപ്പിച്ചിട്ടേയുള്ളു! ഉത്തരങ്ങൾ തരാതെ ബാക്കിവെച്ചു  പോകുന്ന  ചില ജീവിതങ്ങൾ! പ്രത്യേകിച്ച്  എനിക്ക്!

ആരുടെയോ കയ്യിൽ നിന്നും അദ്ദേഹത്തിന്റെ മകന്റെ ഫോൺ നമ്പർ ചോദിച്ചു വിളിച്ചു. സത്യം.. അദ്ദേഹം  പോയി!

ഇനി വരില്ല, ചാറ്റിൽ, എന്റെ കവിതകൾക്കും വായനക്കും, എഴുത്തിനും വിമർശനങ്ങളും, വാക്കുകളുമായി. ഒരിക്കലും മന‍സ്സിൽ നിന്നു മായാത്ത ചില നല്ല ഓർമ്മകൾ നൽകി അദ്ദേഹം ഒരു വിടവാങ്ങലിന്റെ തേങ്ങലുമായി യാത്രയായി, എന്നന്നേക്കുമായി. അദ്ദേഹത്തിന്റെ കുടുംബത്തിനും മക്കള്‍ക്കും സർവ്വേശ്വരൻ ധൈര്യവും ആശ്വാസവും നല്‍കട്ടെ.‍

രണ്ടു ദിവസം ഞാൻ ഏതോ നഷ്‌ടത്തിന്റെ ദു:ഖം  കൊണ്ടുനടന്നു. പിന്നെ അത് ഒരു ദിനചര്യയുടെ ഭാഗമായി. രാവിലെ എന്താ വിശേഷം എന്നൊരു ചോദ്യമോ ഒരു  ഇമെയിലിനായോ ഞാൻ കാതും കണ്ണും കൂർപ്പിച്ചിരുന്നു. ഒന്നും വന്നില്ല…

പ്രതീക്ഷിക്കാതെ വന്നെത്തുന്ന മിന്നാമിനുങ്ങുകൾ അതിന്റെ  ചെറിയ വേളിച്ചം  ആകാശത്തിൽ പരത്തി എവിടേക്കോ പറന്നു പോയി. എവിടെന്നു വന്നു എന്നോ എവിടേക്കു പോകുന്നു എന്നൊന്നും ആരും തിരക്കാറില്ല. എന്നിട്ടും മിന്നാമിനുങ്ങുകളുടെ നുറുങ്ങുവെട്ടം എന്നും  എല്ലാവർക്കും  കൌതുകവും സന്തോഷവും തരുന്നു, കേവലം നൈമിഷികം മാത്രം.

സപ്‌ന അനു ബി ജോർജ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account