സെന്‍ മൈന്‍ഡ് ബിഗിനേഴ്‌സ് മൈന്‍ഡ് (ZEN MIND BEGINNERS MIND) എന്നൊരു പുസ്‌തകമുണ്ട്. സെന്‍ എന്നാല്‍ എപ്പോഴും തുടക്കക്കാരായിരിക്കുകയെന്ന ബോധാവസ്ഥയാണെന്ന് വ്യവസ്ഥയോടെ പറയുന്ന ഒരു പുസ്‌തകം. നാം എക്‌സ്‌പേർട്ടുകളാവുന്നതോടെ ജീവിതത്തിന്റെ എല്ലാ രസവും വറ്റാന്‍ തുടങ്ങുന്നുവെന്ന് ആ പുസ്‌തകത്തിലൂടെ കടന്നു പോകുമ്പോള്‍ നമുക്ക് മനസ്സിലാകും.

പ്രഭാതത്തിലെഴുന്നേറ്റ് വായും മുഖവും കഴുകി ചായകുടിച്ച് ഒരു കുളിയും കഴിഞ്ഞ് പുതു വസ്‌ത്രമണിഞ്ഞ് നിൽക്കുമ്പോള്‍ അനുഭവിക്കുന്ന ആ ഉഷാറുണ്ടല്ലോ! അതാണ് നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഊര്‍ജ്ജം. ദിവസം മുഴുവന്‍ പല തരത്തിലുള്ള വ്യവഹാരങ്ങളിലേര്‍പ്പെട്ട് ക്ഷീണിക്കുന്നതോടെ ആ പ്രസന്നത എവിടെയോ പോയ് മറയുന്നു. ആ തളര്‍ച്ചയെ അധികനേരം നിലനിറുത്താതെ ഏതെങ്കിലും വഴിയിലൂടെ ഉണര്‍വ്വിലേക്ക് തിരിച്ചുവരാന്‍ സാഹചര്യമൊരുക്കുന്നതിലൂടെയാണ് നാം ജീവിതത്തിലേക്കുള്ള വഴി തെളിച്ചെടുക്കുന്നത്. അല്ലെങ്കില്‍ തെളിച്ചെടുക്കേണ്ടത്.

അതെ, നമ്മുടെ ഏതു തുടക്കവും അതിന്റെ നന്മയോടെയും ഉണര്‍വ്വോടെയും നിലനിറുത്താനുള്ള വിത്തുകള്‍ നമുക്കു ചുറ്റും ചിതറിക്കിടപ്പുണ്ട്. അതിനെയെല്ലാം ശരിയാംവണ്ണം ഹൃദയത്തോടു ചേര്‍ത്തു വയ്ക്കാനായാല്‍ നമുക്ക് വാര്‍ദ്ധക്യം ബാധിക്കാതെ ജീവിക്കാനാകും. ചെറുപ്രായത്തിലേ നാം വൃദ്ധരായിപ്പോകുന്നെങ്കില്‍ അതിനു പ്രധാനകാരണം നാം ശരിയെന്ന് ഉറപ്പിച്ചതിനു പുറത്തേക്ക് നമ്മെ വികസിപ്പിനാകാതെ പോകുന്നതുകൊണ്ടുകൂടിയാണ്. മൂല്യങ്ങളുടെ ഒരു സ്വരലയം അകമേ പടര്‍ത്താന്‍ നമുക്കായാല്‍ എപ്പോഴും തുടക്കാകാരായിരിക്കാവുന്ന ആ ശൈശവനിഷ്ക്കളങ്കത്വം നമ്മില്‍ തെളിഞ്ഞു നില്ക്കുകതന്നെ ചെയ്യും.

ജീവിതം ഒരു സാദ്ധ്യതയാണ്. നിൽക്കുന്നിടത്തു നിൽക്കണോ അതോ മുന്നോട്ടൊഴുകണോ എന്ന് നമുക്ക് തീരുമാനിക്കാം. മുന്നോട്ടൊഴുകണമെങ്കില്‍ നാം ശരിയെന്നുറപ്പിച്ചതില്‍നിന്ന് എഴുന്നേറ്റ് യാത്ര തുടര്‍ന്നേ മതിയാവൂ. അത് അത്ര സുഖകരമല്ല. എന്നാല്‍ ആ അസുഖത്തോളം വലിയ ധന്യതയില്ല. അറിവിനേക്കാള്‍ അറിവില്ലായ്‌മ വെളിച്ചമാകുന്ന വഴിയാണ് ആ യാത്രയുടേത്. അറിയാനാവാത്ത ലോകത്തിനു മുന്നില്‍ വാപൊളിച്ചു നിൽക്കുന്ന ബോധത്തോളം തെളിഞ്ഞ ബോധമില്ല. അതാണ് നാം തുടക്കത്തില്‍ പറഞ്ഞ ബിഗിനേഴ്‌സ് മൈന്‍ഡ്. ആ ആശ്ചര്യപരതയില്‍ നിറയാനും നിലനിറുത്താനും സഹായിക്കുന്ന കൊച്ചുകൊച്ചു കുറിപ്പുകളുടെ സൗഹൃദവുമായി എല്ലാ ആഴ്ച്ചയും നിങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹം. എന്നും തുടക്കക്കാരനായിരിക്കാനുള്ള സാധനയുടെ ഒരു ധാരയായി ഇതും.

ഒത്തിരി സ്‌നേഹത്തോടെ…

– ഷൗക്കത്ത്

1 Comment
  1. P K N Nair 4 years ago

    ജീവിതം ഒരു സാദ്ധ്യതയാണ്… മുന്നോട്ടൊഴുകണമെങ്കില്‍ നാം ശരിയെന്നുറപ്പിച്ചതില്‍നിന്ന് എഴുന്നേറ്റ് യാത്ര തുടര്‍ന്നേ മതിയാവൂ. അത് അത്ര സുഖകരമല്ല…

    വളരെ ശരിയാണ്. ആ സുഖകരമല്ലാത്ത യാത്രയാണ് ജീവിത വിജയം നിശ്ചയിക്കുന്നതും.. നന്ദി

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account