നീലഗിരിയിൽ ഉപ്പട്ടിക്കടുത്ത്  പെരുങ്കരൈ  എന്ന ഗ്രാമത്തിലായിരുന്നു ബാല്യം. അടുത്തടുത്തുള്ള കുന്നുകളും ഇടയിൽ വയലും അതിരുകളിൽ കാടും. എക്കാലത്തെയും വലിയ കൂട്ടുകാരൊക്കെ അവിടെയാണ്.

കുട്ടനും ചെറ്യുണ്ണിയും തോട്ടക്കുന്നിൽ ഒളിച്ചിരുന്ന്  ബീഡിവലി പഠിക്കുമ്പോൾ കൂടെ ഞാനും ഉണ്ടായിരുന്നു. ഉപ്പട്ടിയിൽ നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാണ്. ബീഡിക്കു മുടക്കാൻ ചില്ലറപ്പൈസയില്ലാത്തതുകൊണ്ടും കൂട്ടത്തിൽ കുട്ടി ആയതുകൊണ്ടും എനിക്ക് വലിക്കാൻ തന്നിരുന്നില്ല.  മാസത്തിൽ  ഒന്നോ രണ്ടോ തവണ അങ്ങാടിയിൽ പോവുമ്പോൾ അമ്മച്ഛൻ ബണ്ടിൽ കണക്കിന് വാങ്ങിക്കൊണ്ടു വന്ന് സൂക്ഷിക്കുന്ന സാധുബീഡിയിൽ നിന്ന് ഒരെണ്ണം അടിച്ചു മാറ്റി സ്വന്തം നിലക്ക് പരിശീലനത്തിനിറങ്ങിയത് അങ്ങനെയാണ്. കുന്നിന്റെ കിഴക്കേച്ചെരുവിലെ ഫോറസ്റ്റിൽ യൂക്കാലിമരത്തിന്റെ ചോട്ടിൽ ഒളിച്ചു നിന്ന് വലിച്ചു തീർത്തു.  പ്രതീക്ഷിച്ച പോലെ ചുമയൊന്നുമുണ്ടായില്ല. നല്ല കോൺഫിഡൻസും ആത്‌മവിശ്വാസവും കിട്ടി. നാളെ സ്‌കൂൾ വിട്ടു വന്നിട്ട് അടുത്ത ബീഡി വലിക്കുന്നതിനെക്കുറിച്ചാലോചിച്ച് കിടന്നുറങ്ങി. പിറ്റേന്ന് കുട്ടനോടും ഉണ്ണിയോടും പോലും പറയാതെ രഹസ്യം സൂക്ഷിച്ച് സ്‌കൂളിലെത്തി. രണ്ടോ മൂന്നോ പിരീഡ്  കഴിഞ്ഞപ്പോഴാണ് ആകെ ബഹളം. നാലാം ക്ലാസ്സിലൊരു കുട്ടിയുടെ പോക്കറ്റിൽ നിന്ന് ബീഡി കിട്ടിയെന്ന്! സണ്ണിമാഷ് ചോദ്യം ചെയ്യുന്നു, ചെറിയ മത്തായിമാഷിന്റെ വക അടി, ടീച്ചർമാരുടെ ബഹളം… ഹെഡ് മാഷിന്റെ അടുത്തേക്ക് കൊണ്ട് പോകുന്നു. നമ്മളും പേടിച്ചു വിറച്ചു. അപ്പോഴാണ് ഇതൊരു വലിയ കുഴപ്പം പിടിച്ച പണിയാണെന്ന് പിടി കിട്ടിയത്. പിന്നെ ഓരോ പിരീഡിലും വരുന്ന അധ്യാപകരുടെ ഭീഷണിയുടെ സ്വരമുള്ള ഉപദേശങ്ങളും കൂടിയായപ്പോൾ നമ്മള് തലേന്നത്തെ ഒറ്റ ബീഡിയിൽ പരിപാടി  നിർത്തി.  കൂട്ടത്തിൽ കുട്ടനാണ് ഏറ്റവും വല്യ വലിക്കാരനായത്. കയ്യിൽ കാശുള്ളതനുസരിച്ച് നാടൻബീഡി മുതൽ വിൽസ് വരെ കുട്ടൻ മാറി മാറി വലിച്ചു. കക്കൂസിൽ പോകണമെങ്കിൽ ബീഡി വേണം, ചായ കുടിക്കണമെങ്കിൽ ബീഡിവേണം എന്നൊക്കെയായി. പലവട്ടം നിർത്തിയിട്ടും നിർത്താനാവാത്ത അവനിപ്പോഴും പുകച്ചുകൊണ്ടേയിരിക്കുന്നു. പുകഞ്ഞുകൊണ്ടേയിരിക്കുന്നു.

ഫെല്ലിനി ടി.പി. എന്ന പുതിയ സംവിധായകന്റെ ‘തീവണ്ടി’ കാണുമ്പോൾ കുട്ടൻ എന്ന സുരേഷ്ബാബുവിനെ ഓർത്തുകൊണ്ടേയിരുന്നു. പലതരത്തിലും കുട്ടൻ തന്നെയാണ്  ടോവിനോയുടെ  ബിനീഷ് @ തീവണ്ടി. ബിനീഷ്  മാത്രമല്ല ചുറ്റുമുള്ള കഥാപാത്രങ്ങളും കാമുകിയും പ്രണയവുമൊക്കെ നമ്മളും നമ്മുടെ അനുഭവങ്ങളും തന്നെയാണ്. ഇടവേള വരെ സ്വാഭാവികത കൊണ്ട് മികച്ച സിനിമയായിരുന്നപ്പോഴും ഇടവേളയ്ക്കു ശേഷം സാധാരണ സിനിമാക്കഥയാകുമ്പോഴും ഒരേ തരത്തിലുള്ള രസകരമായ ആഖ്യാനം ‘തീവണ്ടി’യെ കൊള്ളാവുന്ന ഗുഡ് ഫീൽ മൂവി ആക്കുന്നു. വിനി വിശ്വലാലിന്റെ തിരക്കഥയും ഗൗതം ശങ്കറിന്റെ ഛായാഗ്രഹണവും  കൈലാസ് മേനോന്റെ സംഗീതവും ചേർത്തിണക്കിയ സംവിധാനമികവ് സിനിമയിൽ കാണാം. എന്നാൽ ഏറ്റവും വൈദഗ്ദ്യം പ്രകടമായത് കഥാപാത്രങ്ങളുടെ സൃഷ്‌ടിയിലും പരിചരണത്തിലുമാണ്. തീവണ്ടി എന്ന് വിളിപ്പേരുള്ള നായകൻ മാത്രമല്ല, ഓരോകഥാപാത്രവും മികച്ച സൃഷ്‌ടികളാണ്.

കുട്ടിക്കാലത്ത് തമാശക്ക് തുടങ്ങുന്ന പുകവലി ശീലമാകുകയും പിന്നീട് പറിച്ചെറിയാൻ കഴിയാത്ത വിധം അതിനടിമയായിപോകുകയും ചെയ്‌ത, ‘പുക തള്ളുന്ന വണ്ടി’ എന്നത് കൊണ്ട്   ‘തീവണ്ടി’ എന്ന വിളിപ്പേര് വീണ  ബിനീഷ് എന്ന ഗ്രാമീണയുവാവിനെ ഗംഭീരമായാണ് ടോവിനോ തോമസിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അയാളുടെ വേഷം, ചലനങ്ങൾ, ഭാവങ്ങൾ, പ്രണയം, ചുംബനം എന്നിങ്ങനെ എല്ലാം സിഗററ്റുപുകയുടെ മത്തുപിടിച്ചതാണ്. അലസതയും ക്ഷീണവുമൊക്കെ സ്വാഭാവികം. അതിനോട് ചേർന്ന് നിൽക്കുന്നു സുധീഷിന്റെ അമ്മാവൻ കഥാപാത്രം. പുകവലിയും മദ്യപാനവും വെറുതെയിരുന്ന് തിന്നുണ്ടാക്കിയ തടിയും വലിക്കാനും കുടിക്കാനും പ്രായഭേദമില്ലാതെ അയാൾക്കുള്ള സൗഹൃദങ്ങളും (മരുമക്കളടക്കം) ശരീര ഭാഷയും അയാളെ  മലയാള സിനിമയിലെ വേറിട്ട അമ്മാവനാക്കുമ്പോൾ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം സ്വന്തം വീട്ടിലോ തൊട്ടയൽപ്പക്കത്തോ ചിരപരിചിതനായ ഒരാളായി അനുഭവപ്പെടുന്നു. ‘തീവണ്ടി’യുടെ ചങ്ങാതിമാർ സാധാരണക്കാരായ ചെറുപ്പക്കാരാണ്. മണ്ടത്തരങ്ങളും തമാശകളുമൊക്കെയുള്ള കഥാപാത്രങ്ങൾ. അവർ ഇതുവരെയുള്ള സഹകഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്‌തമാകുന്നത് അവർക്കു അവരുടേതായ വ്യക്തിത്വം സംവിധായകൻ/എഴുത്തുകാരൻ  സങ്കൽപ്പിച്ചത് കൊണ്ടാണ്. മണ്ടന്മാരൊന്നും വെറും മണ്ടന്മാരല്ലെന്നും സാധുക്കളൊന്നും വെറും സാധുക്കൾ മാത്രമല്ലെന്നും ഓരോകഥാപാത്രത്തിലും (അമ്മയും പെങ്ങളും ഒഴികെ) അടയാളപ്പെടുത്തിയിട്ടുണ്ട്. അവനവന്റെ കാര്യസാദ്ധ്യത്തിനുള്ള ബുദ്ധിയോ സ്വാർത്ഥതയോ ഏതു നന്മമരങ്ങൾക്കുമുണ്ടാകുമെന്ന സത്യം നമ്മുടെ സിനിമയിൽ പൊതുവെ കാണാറില്ല. അതുകൊണ്ടു തന്നെ ‘തീവണ്ടി’യിലുള്ളത് വെറുതെ ചില യാത്രക്കാരല്ല.  ‘മധുവേട്ടൻ’ പക്കാ രാഷ്‌ട്രീയക്കാരനും സാധാരണ അച്ഛനും ചേർന്ന കിടിലൻ കഥാപാത്രമാണ്. ക്‌ളാസ് പ്രകടനമാണ് മധുവേട്ടനായി സുരാജിന്റേത്. സഫർ, ശ്വാനൻ, എന്നിങ്ങനെയുള്ള നിരവധി കഥാപാത്രങ്ങൾ സ്വാഭാവികതയാൽ നമ്മളോ  നമ്മുടെ കൂട്ടുകാരോ ആണെന്ന് തോന്നിപ്പിക്കുന്നു. ലിബേഷിനെ അവതരിപ്പിച്ച വിജിലേഷിനെ എടുത്തു പറയേണ്ടതുണ്ട്. വിജിലേഷും മുസ്‌തഫയും അത് പോലുള്ള നടന്മാരും നായകന്മാരാകുന്ന സിനിമകളാവും വരുംകാലത്ത് മലയാള സിനിമയെ അടയാളപ്പെടുത്തുക എന്ന് കരുതേണ്ടിയിരിക്കുന്നു. പുതുമുഖം സംയുക്‌ത മേനോൻ അവതരിപ്പിച്ച നായിക, കാമുകനെ മുഖത്തടിക്കാനും ലിപ്‌ലോക്ക് ചെയ്യാനും ഒരുപോലെ തന്റേടമുള്ളവളാണ്. പതിവുപോലല്ലാതെ പ്രണയത്തെ പരിചയപ്പെടുത്തിയതും ഗംഭീരമായി. ബാക്കിയെല്ലാ കഥാപാത്രങ്ങളും  പച്ചമനുഷ്യരായിരിക്കുമ്പോൾ നായികക്ക് മാത്രം ചില ഷോട്ടുകളിൽ ‘സിനിമാമേക്കപ്പ്’ കൊടുത്തത് ചെറിയ അലോസരമായി. ( പേരറിയാത്ത ഒരുപാടു നടന്മാരുടെ തിരക്കാണ്  ‘തീവണ്ടി’യിൽ.  ഈ സിനിമ കാണുന്നവർ അവരുടെ ഊരും പേരും തേടി പോകാതിരിക്കില്ല. അഭിനന്ദനങ്ങൾ!)

ദേശീയ സോഷ്യലിസ്റ്റ് കോൺഗ്രസ് ലീഗ് എന്ന രാഷ്‌ട്രീയ പാർട്ടിയും  എം.എൽ.എയെ തിരഞ്ഞെടുക്കുന്നതടക്കമുള്ള  അതിനകത്തെ തമാശകളും സിനിമയിൽ കഥയുണ്ടാക്കാൻ വേണ്ടിയുള്ള  ആക്ഷേപഹാസ്യരംഗങ്ങൾ  എന്ന പരിഗണനയോടെ കണ്ട്, കളയേണ്ടി വരുന്നു.

ഷമ്മിതിലകനും സുരഭിയും രസികൻ പ്രകടനമായിരുന്നു. പക്ഷേ, വാർഡ് മെമ്പറെ തിരഞ്ഞെടുക്കുന്നതിനേക്കാൾ സിമ്പിളായി എം.എൽ.എ യെ നിശ്ചയിക്കാനും ജയിപ്പിക്കാനുമൊക്കെ കഴിയുന്ന കോമഡിഷോ ‘തീവണ്ടി’ പോലൊരു നല്ല സിനിമയിൽ അധികപ്പറ്റായി തോന്നി.

ഇടവേളക്കുശേഷം സിനിമയെ  മറ്റൊരു തലത്തിലേക്കെത്തിക്കുന്നത് എഡിസൺ തുരുത്തും അവിടത്തെ താമസക്കാരായ ബോബി മാർലിയും റാസ്‌പുട്ടിനുമാണ്. സംഗീതം തന്നെയാണ് ലഹരിയെന്ന് പറയുന്ന അവരിലൂടെ ചിരിച്ചുകൊണ്ടുറങ്ങാനും ഉണരാനും കഴിയുന്നതിലപ്പുറം മറ്റൊന്നുമല്ല ആനന്ദം എന്ന് ഹൃദയത്തിലേക്ക് കൊത്തിവെക്കുന്നു സംവിധായകൻ. സംഗീതം തന്നെയാണ് ഈ സിനിമയിലും സിഗററ്റിനെക്കാൾ ലഹരി പകരുന്നത്. ബി.കെ ഹരിനാരായണനും ചന്ദ്രശേഖരൻ എങ്ങണ്ടിയൂരും എഴുതിയ വരികളുമായി കൈലാസ് മേനോൻ എന്ന സംഗീത സംവിധായകൻ തീവണ്ടിയുടെ എല്ലാ കംപാർട്‌മെന്റുകളിലും പാട്ടുകൾ നിറക്കുന്നു. പാട്ടിലും പ്രണയത്തിലും പെട്ട് സിനിമയുടെ കുറ്റം കണ്ടുപിടിക്കാൻ നമ്മൾ മറന്നു പോകുന്നു. നോസ്റ്റാൾജിയ വിളഞ്ഞു നിൽക്കുന്ന വയലുകൾക്കിടയിലൂടെ ഓർമ്മകളുടെ  ‘തീവണ്ടി’ താളത്തിലോടുന്നു. തിയേറ്റർ വിട്ടിറങ്ങുന്ന  ആരൊക്കെയോ മൂളുന്നു – ‘ജീവംശമായ് താനേ നീയെന്നിൽ കാലങ്ങൾ മുന്നേ വന്നൂ..’

– ഉമേഷ് വള്ളിക്കുന്ന്

4 Comments
 1. Vipin 2 years ago

  Good review. Would like to watch the movie.

  • Author
   umesh vallikkunnu 2 years ago

   thank you.

 2. Aravind 2 years ago

  Good

 3. Sreeraj 2 years ago

  Good review

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account