അക്യുറെയ്റിയില്‍ ഞങ്ങളെത്തുമ്പോള്‍ ഒന്‍പത് മണി കഴിഞ്ഞിരുന്നു. സ്വപ്നം പോലെയൊരു ദിവസം കഴിഞ്ഞതോണ്ടാവും രാത്രിക്ക് പതിവിലേറെ സൗന്ദര്യമുള്ളതായി തോന്നിയത്. ഐസ് ലാന്‍ഡിലെ ഏറ്റവും നീളമുള്ള ഫിയോര്‍ഡായ ഇജാഫിയോര്‍ഡോറിന്‍റെ (Eyjafjörður) ഏറ്റവും താഴെ കിടക്കുന്ന സ്ഥലമായ അക്യുറെയ്റിയില്‍ 1778 ല്‍ ആകെ പന്ത്രണ്ട് ആളുകളെയുണ്ടായിരുന്നുള്ളൂ. അന്നത്തെ ജനസംഖ്യ വെച്ച് നോക്കുമ്പോള്‍ ഇന്ന് ഇവിടെ തിരക്കേറിയിരിക്കുന്നു. അക്യുറെയ്റിയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ ഫെറിയില്‍ പോയാല്‍ ജനവാസമുള്ള ഗ്രിമ്സേയ്(Grimsey) ദ്വീപിലെത്താം. ആര്‍ട്ടിക് സെര്‍ക്കിള്‍ കടന്നുപോകുന്നത് ഇതിലൂടെയാണ്. ഫെറി നമുക്ക് ആവശ്യമുള്ളപ്പോഴൊന്നും ഉണ്ടാവില്ല. ആഴ്ചയില്‍ മൂന്നു ദിവസം മാത്രമേ സര്‍വീസുള്ളൂ. കണ്ണടച്ച് തുറക്കുന്നതിനുമുമ്പേ തീരുന്ന ഏഴ് ദിവസത്തില്‍നിന്ന്‌ ഒന്ന് ഫെറിക്കായി മാറ്റിവെക്കാനില്ലായിരുന്നു, അത് കൊണ്ട് നിര്‍ദ്ദയമായി ഗ്രിമ്സേയ്നെ ലിസ്റ്റില്‍ നിന്ന് വെട്ടി മാറ്റി.

 

മഴ… മഴ, കുട കുട!! കാലാവസ്ഥ വീണ്ടും പഴയപടിയായി. മഴയത്ത് മീന്‍ പിടിക്കാന്‍ പോകുന്നത് രസികന്‍ ഏര്‍പ്പാടാണ്. അതിനാല്‍ അടുത്തുള്ള ഹുസാവിക്(Husavik) എന്ന മീന്‍പിടുത്ത ഗ്രാമത്തിലേക്ക് ക്യാമറയുമായി പുറപ്പെട്ടു. ചൂണ്ട, വല, ഇത്യാദി ഉപകരണങ്ങളിലൂടെ മീന്‍ പിടിച്ച പഴങ്കഥകള്‍ വീണ്ടും ആവര്‍ത്തിച്ച് ചരിത്രം സൃഷ്ടിക്കാനൊട്ടും താല്‍പ്പര്യമില്ലാത്തതിനാലാണ് ഇത്തവണ ക്യാമറ മാത്രമെടുത്തത്. കാലം പോയൊരു പോക്ക്! മീൻപിടിക്കാൻ പോകുന്ന വഴിക്കാണ് ഈശ്വരന്മാരുടെ വെള്ളച്ചാട്ടം. എല്ലാം ഈശ്വരന്‍റെയല്ലേ, ഇതെന്തായിത്ര പറയാനെന്നു ചോദിക്കരുത്. വെള്ളച്ചാട്ടത്തിന്‍റെ പേരങ്ങിനെയാണ്, ഞാനായിട്ട് ഇട്ടതല്ല. ഹുസാവിക്കിലെ Goðafoss വെള്ളച്ചാട്ടമാണ് തദ്ദേശവാസികള്‍ ഈശ്വരന് അങ്ങോട്ട്‌ പതിച്ചു നൽകിയത്. പേര് വായിച്ചപ്പോൾ തോന്നിയില്ലേ? Goðafoss വെള്ളച്ചാട്ടമുള്ളത് ഗ്ളെസിയല്‍ പുഴയിലാണ്. അതൊഴുകുന്നതോ ഏഴായിരം വര്‍ഷം പഴക്കമുള്ള ലാവാ പാടത്തിലൂടെയും. മഴയും, കുഴഞ്ഞ മണ്ണും, വഴുവഴുപ്പുള്ള പാറകളും, ഐസുമൊക്കെ കടന്ന് വെള്ളച്ചാട്ടത്തിനരികിലെത്താം. അതിന് മുമ്പൊരു കഥ കേള്‍ക്കാം..

ക്യാമറാമാനോടൊപ്പം ഞാന്‍!

ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ്, അതായത്  ക്രിസ്തീയവിശ്വാസം ഐസ് ലാന്‍ഡില്‍ വേരുപിടിക്കുന്ന സമയമാണ് കഥയുടെ പശ്ചാത്തലം. പഴയ നോര്‍ഡിക് ദൈവങ്ങളെ ആരാധിച്ചിരുന്നവരും പുതിയ വിശ്വാസികളും തമ്മില്‍ അടിയായത്രേ. തല്ല് കൂടിയിട്ടൊന്നും കാര്യല്യ, ഐസ് ലാന്‍ഡ് ഒരു ക്രിസ്ത്യന്‍ രാജ്യമാകുമെന്ന വിശ്വാസത്തിലൊരാള്‍ അയാളുടെ കൈവശമുണ്ടായിരുന്ന വിഗ്രഹങ്ങളെല്ലാമെടുത്ത് വെള്ളച്ചാട്ടത്തിലേക്ക് എറിഞ്ഞു. അങ്ങിനെയാണ് ഇത് ഈശ്വരന്മാരുടെ സ്വന്തം  വെള്ളച്ചാട്ടമായത്. വേനൽക്കാലത്ത് മാത്രം തുറക്കുന്നൊരു പള്ളിയുണ്ട് ഇതിനടുത്ത്, ഇനി പള്ളിക്ക് കഥയുമായി എന്തെങ്കിലും ബന്ധമുണ്ടോന്ന് അറിയില്ലാട്ടോ..

കഥ കേട്ട ക്ഷീണമകറ്റാന്‍ അടുത്തുള്ള കാപ്പിക്കടയിലൊന്ന് കയറി. അവിടെ കാപ്പി കുടിക്കുന്നവരോട് കുശലം പറഞ്ഞിരിക്കുന്നതിനിടയിലാണ് സംസാരം കാലാവസ്ഥയിലേക്ക് നീങ്ങിയത്. മുന്നിലുള്ള റോഡ്‌ ചൂണ്ടിക്കാട്ടി അവരിലൊരാള്‍ പറഞ്ഞു, ‘മഞ്ഞുകാലത്ത് സ്ഥിരമായി മഞ്ഞു മൂടി റോഡൊന്നും കാണില്ലായിരുന്നു. രണ്ടു വര്‍ഷത്തോളമായി മഞ്ഞും, തണുപ്പും കുറവാണ്…’ ഇത് കേട്ടപ്പോഴാണ് അന്ന് രാവിലെ കണ്ട പത്ര വാര്‍ത്ത ഓര്‍മ്മവന്നത്. തണുത്ത കാറ്റ് പമ്പ് ചെയ്ത് ആര്‍ട്ടിക്കിനെ വീണ്ടും മരവിപ്പിക്കാന്‍ ശാസ്‌ത്രജ്ഞര്‍ ആലോചിക്കുന്നുവെന്ന്. ഇനിയിപ്പോ കാറ്റല്ലേ ബാക്കിയുള്ളൂ, മറ്റെല്ലാം ഒരുവിധമായല്ലോ…

 

Husavik Church

ഹുസാവികിലേക്ക് ഞങ്ങള്‍ യാത്ര തുടര്‍ന്നു. മഴ പെയ്തൊഴിയാതെ കൂടെ തന്നെയുണ്ട്‌. ജി.പി.എസിനെ ഞാനിപ്പോള്‍ മൈന്‍ഡ് ചെയ്യാറില്ല. ഇടയ്ക്ക് തലതിരിച്ചു പിടിക്കാറുണ്ടെങ്കിലും മാപ്പിനോട് സ്നേഹം കൂടി. മരം കൊണ്ട് നിര്‍മ്മിച്ച ഒരു പഴയ പള്ളിയാണ് ഈ മത്സ്യബന്ധന ഗ്രാമത്തിലെ പ്രധാന നാഴികക്കല്ല്. ഹുസാവികിലേക്ക് കടക്കുമ്പോഴേ പള്ളി കാണാം. 1907 ല്‍ പള്ളി പണിയാന്‍ നോര്‍വേയില്‍ നിന്നാണത്രേ മരങ്ങള്‍ കൊണ്ടു വന്നത്. അല്ലാതിവിടെ മാവും, പ്ലാവും, തേക്കൊന്നുമില്ലല്ലോ മുറിച്ച് തോന്നീത് കാണിക്കാന്‍. ആകെയുള്ള തിരക്ക് തുറമുഖത്തിന് സമീപത്താണ്. Whale Watching ടൂര്‍ കമ്പനികളും, കൊച്ചു വീടുകളും, ഭക്ഷണശാലകളും, സുവനീര്‍ കടകളും പിന്നെ കോഫീ ഷോപ്പുകളും തീര്‍ന്നു.. നഗരത്തിന്‍റെ പത്രാസ്. മിക്ക കടകള്‍ക്കു മുന്നിലും കുട്ടികളെ കിടത്തുന്ന വണ്ടികള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. അമ്മമാര്‍ അകത്ത് കാപ്പി കുടിച്ച് വര്‍ത്തമാനം പറയുകയോ, പുസ്തകം വായിക്കുകയോ, ഷോപ്പിംഗ്‌ ചെയ്യുന്ന തിരക്കിലോ ആവും. കുഞ്ഞു മക്കളെ മടിയില്‍ നിന്നിറക്കാത്ത നമുക്കിത് കാണുമ്പോള്‍ അസ്വസ്ഥതയാണെങ്കില്‍ ഐസ് ലാന്‍ഡില്‍ ഇതൊരു പുതുമയല്ല. അമ്മമാര്‍ തിരികെയെത്തുന്നതുവരെ കുഞ്ഞുങ്ങള്‍ തെരുവില്‍ സുരക്ഷിതരാണ്. ആ നാട്ടിലെങ്കിലും കുഞ്ഞുങ്ങള്‍ നിര്‍ഭയരായി വളരട്ടെ. അതൊക്കെ കണ്ടിട്ടെങ്കിലും നമുക്കാശ്വസിക്കാം.

 

മഴയൊന്നും വക വെക്കാതെ ഞങ്ങള്‍ തെരുവിലൂടെ നടന്നു. അവിടെയൊരു വെയ്ല്‍ മ്യുസിയം കാണാനായി നോക്കി വച്ചിരുന്നു. രണ്ടു പ്രാവശ്യം തെക്കോട്ടും വടക്കോട്ടും നടന്നിട്ട് അതിന്‍റെ യാതൊരു ലക്ഷണവുമില്ല. ഒരു മ്യുസിയമല്ലേ ഇതെവിടെ ഒളിപ്പിച്ച് വെക്കാനാണ്? അവസാനം ഞങ്ങളത് കണ്ടുപിടിച്ചു. നമ്മുടെ നാട്ടിലെ ഗോഡൗണ് പോലെയൊരെണ്ണത്തിനകത്താണ്. തുരുമ്പ് പിടിച്ച ഗോവണിയും, കുത്തിവരഞ്ഞ പുറംചുവരുകളുമുള്ള ഈ കെട്ടിടം കണ്ടിട്ടും ശ്രദ്ധിക്കാതെയാണ് അങ്ങോട്ടുമിങ്ങോട്ടും ഞങ്ങള്‍ നടന്നിരുന്നത്. ഇതിനകത്തായിരിക്കും മ്യുസിയമെന്ന് വിചാരിച്ചതേയില്ല. അകത്ത് രണ്ട് ജീവനക്കാരുണ്ട്. മ്യുസിയത്തിന്‍റെ അറ്റകുറ്റപണികള്‍ നടക്കുകയാണെന്ന് ടിക്കറ്റെടുക്കുമ്പോള്‍ ജീവനക്കാര്‍ ക്ഷമാപണത്തോടെ പറഞ്ഞു. ഡാറ്റാ ഷീറ്റില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ അവരെ സഹായിച്ചതിന് ശേഷമാണ് ഞങ്ങൾ മ്യുസിയത്തിനകത്തെ കാഴ്ചകളിലേക്ക് തിരിഞ്ഞത്.

 

 

1997ല്‍ ഒരു ഭക്ഷണശാലയുടെ അരികുപറ്റി തുടങ്ങിയ പ്രദര്‍ശനശാലയാണ് 2000ല്‍ യു.എന്നിന്‍റെ പരിസ്ഥിതി ടൂറിസം അവാര്‍ഡിനര്‍ഹമായ ഈ മ്യുസിയം. പല സ്ഥലങ്ങള്‍ മാറി മാറി ഇപ്പോള്‍ മ്യുസിയം നില്‍ക്കുന്നത് പഴയൊരു അറവുശാലയിലാണ്. കാണാനൊരു ലുക്കില്ലാന്നെയുള്ളൂ അകത്ത് അപൂര്‍വ്വ ശേഖരണങ്ങളൊക്കെയുണ്ട്. സ്പേം വെയിലി(Sperm Whale)ന്‍റെ താടിയെല്ലിന് എന്നെക്കാള്‍ രണ്ടിരട്ടി വലിപ്പമുണ്ട്‌. അതിനടുത്ത് നില്‍ക്കുമ്പോള്‍ ഞാന്‍ തീരെ ചെറുതായത് പോലെ. ഒറ്റകൊമ്പുള്ള നാര്‍വാല്‍ തിമിംഗലത്തിന്‍റെ അസ്ഥി ഉള്‍പ്പെടെ കുറെയേറെ കൂറ്റന്‍ മുള്ളുകളും പല്ലുകളും നിറഞ്ഞതാണ്‌ പ്രധാന മുറി. അതിനടുത്തുള്ള ചെറിയ മുറികളിലാണ് ഡോക്യുമെന്റ്റി പ്രദര്‍ശനവും കുട്ടികള്‍ക്കുള്ള മ്യുസിയവും, ലൈബ്രറിയും. ന്യൂസിലാന്‍ഡിലാണ് ഫെബ്രുവരിയില്‍ കരയില്‍ കുടുങ്ങിയ 300 തിമിംഗലങ്ങള്‍ കടലിലേക്ക്‌ തിരിച്ചു പോകാനാവാതെ ചത്തത്. വളണ്ടിയര്‍മാര്‍ ബാക്കിയുള്ളതിനെ കടലിലേക്ക്‌ തിരിച്ചു വിട്ടെങ്കിലും എന്ത് കൊണ്ട് ഇത്രയധികം തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരക്കടിഞ്ഞുവെന്ന ചോദ്യത്തിനു ഉത്തരമായില്ല… New Zealand Whale Stranding 2017. അവിടെ അന്ന് പ്രദര്‍ശിപ്പിച്ചിരുന്ന ഡോക്യുമെന്റ്റിയും “Whale Hunting &  Whale Stranding” എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു. അത് കണ്ടതോടെ, “Whale Watching” എന്ന കലാപരിപാടി വേണ്ടെന്നു വെച്ചു.

 

മ്യുസിയത്തില്‍ നിന്നിറങ്ങി ഞങ്ങള്‍ അക്യുറെയ്റിയിലേക്ക് തിരിച്ചു. വൈകുന്നേരത്തോടെ മഴയ്ക്ക് കുറവുണ്ടാകുമെന്നാണ് പ്രവചനം. ഞങ്ങള്‍ എത്തുമ്പോഴേക്കും മഴ തോര്‍ന്നിരുന്നു. താമസിക്കുന്ന സ്ഥലത്ത് കാറിനെ വിശ്രമിക്കാന്‍ വിട്ട്, ഞങ്ങള്‍ തെരുവുകളിലൂടെ നടക്കാന്‍ ഇറങ്ങി. നിരത്തുകളിലെ വഴിവിളക്കുകളെല്ലാം തെളിഞ്ഞിട്ടുണ്ട്. പഴയ ക്യുബെക് നഗരത്തെ ഓര്‍മ്മിപ്പിക്കും അക്യുറെയ്റിയിലെ തെരുവുകള്‍. ഐസ് ലാന്‍ഡിലെ പ്രശസ്തമായ ‘യൂണിവേഴ്സിറ്റി ഓഫ് അക്യുറെയ്റി(Háskólinn á Akureyri)’യും ഈ ചെറിയ നഗരത്തില്‍ തന്നെയാണ്. നഗരത്തിനുള്ളില്‍ ബസ്‌ യാത്രകള്‍ ഫ്രീയാണെന്ന് വായിച്ചിരുന്നു. സമയക്കുറവ് മൂലം പരീക്ഷിച്ചില്ല. കാല്‍നടക്കാരുടെ തെരുവെന്നറിയപ്പെടുന്ന Göngugatan തെരുവിലാണ് ഭക്ഷണശാലകളും, ലൈബ്രറികളും, ആര്‍ട്ട്‌ മ്യുസിയങ്ങളും, ഷോപ്പിംഗ്‌ സെന്‍ററുകളുമെല്ലാം. തെരുവിലൂടെ അലസമായി നടക്കുന്നതിനിടയിലാണ് അടഞ്ഞു കിടക്കുന്ന ഇന്ത്യന്‍ കറി ഹട്ട് കണ്ടത്. വിഭവങ്ങളുടെ ലിസ്റ്റിനൊപ്പം മാര്‍ച്ചിലെ തുറക്കൂന്ന് വാതിലിന് പുറത്തെഴുതിയിട്ടിരിക്കുന്നു.

Akyureri – distant view

നഗരത്തിന് കീഴെ സമുദ്രമാണ്. അതുകൊണ്ട് മേലോട്ടാണ് വളര്‍ന്ന് വികസിക്കുന്നത്. തെരുവിന്‍റെ മുകളിലായാണ് Akureyrarkirkja Church. 1940 ല്‍ പണിത ഈ പള്ളി അക്യുറെയ്റിയിലെ പ്രധാന ആകര്‍ഷണമാണ്. പടികള്‍ കയറിവേണം പള്ളി മുറ്റത്തെത്താന്‍. പള്ളിയിലെ ചില ജാലകങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്ന് കൊണ്ടുവന്നതാണെത്രെ. രണ്ടാംലോകമഹായുദ്ധകാലത്ത് നാസികളുടെ ബോംബാക്രമണത്തില്‍ പള്ളിയുടെ ജാലകങ്ങള്‍ മാത്രം നശിക്കാതെ ബാക്കിയായെന്നൊരു കഥ കൂടിയുണ്ട്. കുറച്ചു പടികള്‍ കയറിയാല്‍ ഇടതു വശത്തായി ഒരാള്‍ക്ക്‌ നടന്നു പോകാന്‍ മാത്രം വീതിയുള്ള ഒരു നടപ്പാതയുണ്ട്. ഇതെങ്ങോട്ട് പോകുമെന്നറിയാനായി അതിലൂടെ നടന്നു. ചെന്നെത്തുന്നത് ഐസ് ലാന്‍ഡിലെ പ്രശസ്ത കവിയായ Rev. Matthias Jochumson ന്‍റെ വീടിന് മുന്നിലാണ്. 1903-1920 വരെ അദ്ദേഹം ജീവിച്ചിരുന്നത് ഇവിടെയാണെന്നും ഇപ്പോള്‍ അതൊരു സ്മാരകമായി സംരക്ഷിക്കുകയാണെന്നും വീടിനടുത്ത് രേഖപ്പെടുത്തി വച്ചിട്ടുണ്ട്. വീടിനെയൊന്നു വലംവെച്ച്‌ തിരികെ വീണ്ടും പള്ളിയിലേക്കുള്ള പടികള്‍ കയറി. അവിടെന്ന് നോക്കിയാല്‍ നഗരം മുഴുവനായി കാണാം.

 

 

പള്ളിയില്‍ നിന്നിറങ്ങി വന്ന ഗായക സംഘത്തോടൊപ്പം ഞങ്ങളും തിരിച്ചിറിങ്ങി നേരെ കടല്‍ക്കരയിലേക്ക് നടന്നു. തണുത്ത കാറ്റും കൊണ്ട് അധികനേരം നില്‍ക്കാനാവില്ല, എന്നാലുമൊന്നു ചുറ്റി വന്നു. ‘കടല്‍ക്കര കണ്ടു… കപ്പല്‍ കണ്ടു…’ രാത്രി ഭക്ഷണം കഴിക്കാനായി തെരുവോരത്തുള്ള ആളൊഴിഞ്ഞ കടയിലേക്ക് കയറി. അവിടെ മിക്കതും മീന്‍ വിഭവങ്ങളാണ്. എഴുതി വച്ചിരിക്കുന്നത് ഐസ് ലാന്‍ഡിക്കിലും. എന്ത് പറയണമെന്നറിയാതെ മെനു കാര്‍ഡും പിടിച്ചു നില്‍ക്കുന്ന ഞങ്ങളുടെ അടുത്തേക്ക് വന്നൊരാള്‍, ‘ഇവിടുത്തെ സൂപ്പ് കഴിക്കൂ. നല്ലതാണ്. ഞാനത് കഴിക്കാനായി മാത്രമാണ് ഇവിടെ വരുന്നതെന്ന്’ പറഞ്ഞ് ഞങ്ങളുടെ കണ്‍ഫ്യുഷന്‍ മാറ്റി. ആ സുഹൃത്ത്‌ ഓര്‍ഡര്‍ ചെയ്തത് തന്നെ ഞങ്ങളും പറഞ്ഞു. പേര് പറയാന്‍ അറിയില്ലെങ്കിലും നല്ല സ്വാദുണ്ടായിരുന്നു ആ ഫിഷ്‌ സൂപ്പിന്. ചൂടുള്ള ഫിഷ്‌ സൂപ്പും ഉരുളക്കിഴങ്ങ് പൊരിച്ചതും കഴിച്ച് ഞങ്ങള്‍ ഹോട്ടലിലേക്ക് നടന്നു. ഇനി നാളെ വീണ്ടും പുകയുന്ന അഗ്നിപര്‍വ്വതങ്ങള്‍ക്കരികിലേക്കാണ് യാത്ര.    (തുടരും)              

10 Comments
 1. Pramod 5 years ago

  പതിവുപോലെ, ആകർഷണമായ വിവരണം.. ഐസ് ലാൻഡ് കാഴ്ചകളും അറിവുകളും… നന്ദി

  • Author
   Fathima Mubeen 5 years ago

   ഐസ് ലാന്‍ഡ്‌ തെരുവ് കാഴ്ചകള്‍ ഇഷ്ടമായല്ലേ? നന്ദി…

 2. Sandeep 5 years ago

  വായനയിൽ അലിഞ്ഞു പോയി… thanks.

 3. Haridasan 5 years ago

  Wonderful!….. as usual. Thanks

 4. Retnakaran 5 years ago

  Beautiful travelogue. Thanks..

 5. Sree Kumar 5 years ago

  ആദ്യമായി വായിക്കുന്നു,, നല്ല വിവരണം..ഹൃദ്യം..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account