നേരം വെളുക്കാറാകുന്നു. ചൂട്ട് കത്തിച്ച് കാവിലേക്ക് നടന്നു. ഭഗവതി പുറപ്പെടാറായി. കയ്യിൽ വെളിച്ചെണ്ണക്കുപ്പിയുണ്ട്. അസുഖം വന്നപ്പോൾ അമ്മ നേർന്നതാണ്, ഭഗവതിയുടെ തീപ്പന്തത്തിൽ എണ്ണയൊഴിക്കാൻ.
മകരം മാറി കുംഭം പിറന്നെങ്കിലും തണുപ്പുണ്ട്. വെയിൽ പതിയുമ്പോൾ ചൂട് തുടങ്ങും.
ഭഗവതി ഇറങ്ങുന്നതിനു മുമ്പേ തന്നെ എത്തണം. ഭഗവതിയുടെ പുറപ്പാട് കാണണം. പുലർകാല ഇരുട്ടിൽ തീജ്വാലയുടെ വെളിച്ചത്തിൽ വേഷഭൂഷിണിതയായി മുടിയണിഞ്ഞു നൃത്തം വയ്ക്കുന്ന ഭഗവതി. നാട്ടിലെ മാറാരോഗങ്ങളും കഷ്ടപ്പാടുകളും അകറ്റുന്ന ഭഗവതി. എന്റെ ഭഗവതി. ആധിയും വ്യാധിയും തീർക്കുമോരമ്മ.
വസൂരിവന്ന് കിടന്നപ്പോൾ തിരിച്ചില്ലെന്ന് എല്ലാവരും പറഞ്ഞതാണ്. മരുന്നും മന്ത്രവും ഫലിക്കാതെ വന്നപ്പോൾ, അമ്മ നേർച്ചനേർന്നു. ഭഗവതിയോട് പ്രാർത്ഥിച്ചു. അമ്മയുടെ കണ്ണുനീരിൽ ദൈവം കനിഞ്ഞു.
എനിയ്ക്ക് എന്റെ അമ്മ മാത്രം. കൂടെ വന്നവൾ അവളുടെ വഴി തേടിപ്പോയി. വായ്ക്കരിയിടാൻ ആരും പിറന്നതുമില്ല.
ദക്ഷിണ കൊടുത്ത് കുറി വാങ്ങി, അനുഗ്രഹം വാങ്ങണം. ഭഗവതിയുടെ പന്തങ്ങളിൽ എന്റെ കഷ്ടപ്പാടുകൾ ജ്വാലയായി മാറണം. “ഗുണം” വരുമെന്ന വായ്മൊഴി ഭൂമിയുടെ ഒരു സൗരപ്രദക്ഷിണകാലം എന്റെ ഒച്ചയിൽ പ്രതിധ്വനിക്കണം. അതാണെന്റെ വെളിച്ചവും വഴികാട്ടിയും.
പന്തത്തിൽ എണ്ണ പകരുമ്പോൾ പടർന്നാടുന്ന തീജ്വാലകളിൽ എന്റെ കഷ്ടതകൾക്ക് അറുതിവരുന്നു. ആ അഗ്നി വെളിച്ചത്തിൽ ജ്വലിച്ചു നിൽക്കുന്ന ഞാനും എന്റെ ദൈവവും. തീജ്വാലയ്ക്ക് പൊള്ളലില്ല. പ്രത്യാശയുടെ സ്വർണനിറം മാത്രം. വിശ്വാസത്തിന്റെയും…
എന്റെ വ്യാധികൾ മനസ്സാ പങ്കുവയ്ക്കാൻ വേറില്ലൊരാളും. വേദനകൾ ഉള്ളിലടക്കി, കണ്ണുനീർ പൊഴിയ്ക്കാതെ, ഭഗവതിയുടെ അനുഗ്രഹത്തിനായുള്ള കാത്തിരിപ്പ്. ഗുണം വരുത്തി രക്ഷിക്കുമെന്ന ചൊല്ലലിൽ എല്ലാം അർപ്പിച്ചുള്ള കാത്തിരിപ്പ്.
ചെണ്ടയമേളം കേട്ടുതുടങ്ങി. ഭഗവതി പുറപ്പെടാറായി. നടത്തത്തിനു വേഗത കൂട്ടി. എല്ലാം ദൈവത്തിലർപ്പിക്കാൻ….
മനോവേദന ദൈവത്തിലലിയട്ടെ!
നന്നായി എഴുതി..
നല്ല ഫീലുണ്ട്
സന്തോഷം !
തെയ്യം കണ്ട അനുഭൂതി!