മഹേന്ദർ

ഹൈസ്‌കൂൾ അധ്യാപകൻ. രസതന്ത്രത്തിൽ ബിരുദം.
കൃതികൾ: മൺസൂൺ ഫെസ്റ്റിവൽ (കഥകൾ), ഭൂമി ഒരു ജീവിയാണ് (കവിതകൾ), താമ്പ്രച്ചി (നോവൽ), ഇണ/ജീവിതം – ദ എൻട്രോപി (സി. ഗണേഷുമൊന്നിച്ച് നോവൽ).
കുറുങ്കവിത പുരസ്ക്കാരം, പുഴ ഡോട്ട് കോം പുരസ്ക്കാരം, വിദ്യാരംഗം പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കഥ, നോവൽ, കവിത, വര എന്നിവയിൽ സജീവം.

 

 

രാവിലത്തെ പതിവ് പത്രവും ചായയുമായി ഉമ്മറത്ത് ഇരിക്കവേയായിരുന്നു ഭാര്യയുടെ പതിവില്ലാത്ത ഇടപെടൽ. സാധാരണ ഇത്തരം അവസരങ്ങളിൽ പത്രപാരായണത്തിന്റെ മുറിയലിന്റെ ഈർഷ്യ പ്രകടമാക്കുകയും തുടർന്ന് വാക്ക് തർക്കങ്ങളുടെ ശരമാരി ചൊരിയൽ നടക്കുകയും യുദ്ധപ്രഖ്യാപനത്തിൽ വരെ എത്തുകയും ചെയ്യും എന്നതിനാൽ കുറച്ച്‌കാലമായി ഞാൻ പത്രം വായിക്കു‌ന്നേടത്തേക്ക് അവൾ വരാറ് പതിവില്ല. എന്നാൽ ഇന്ന് എന്തോ വലിയ പുകിലും കൊണ്ടാണ് അവളുടെ വരവ്.

“നിങ്ങളാ കൈലാസനാഥന്റെ സ്റ്റാറ്റസ് ഒന്ന് നോക്ക്യേ…!”

കയ്യിൽ സ്‌മാർട്ട് ഫോണും പിടിച്ചാണ് അവളുടെ നിൽപ്പ്. ഞാൻ ഫോണിനായി കൈനീട്ടിയപ്പോൾ സമാധാനത്തിന്റെ വെള്ളക്കൊടിയ്ക്ക് മേൽ അവൾ ചീറി.

“എന്റെ അല്ല! നിങ്ങടെ ഫേസ്ബുക്കിൽ നോക്ക്..!”

ഓ, ശരിയാണ്. സ്വകാര്യതയെ സുക്കർബർഗ്ഗ് മാനിച്ചില്ലെങ്കിലും നമ്മൾ മാനിക്കേണ്ടതുണ്ട്. ഞാൻ പത്രം മാറ്റി വച്ച് ഫേസ്ബുക്കിനെ ഉണർത്തി നോക്കി.

കൈലാസനാഥൻ അയാളുടെ പത്ത് വയസ്സുകാരി ചിത്രഗുപ്‌തയുടെ ചിരിക്കുന്ന പടം പോസ്റ്റ് ചെയ്‌തിരിക്കുന്നു. അടിക്കുറിപ്പായി ഇങ്ങനെ ഒരു വരിയും..

“എന്റെ മകൾ ചിത്രഗുപ്‌ത ഋതുമതി ആയിരിക്കുന്നു. ആയതിന്റെ തിരണ്ടുകല്യാണം എല്ലാവരുടേയും സൗകര്യാർത്ഥം ഈ വരുന്ന ഞായർ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. സുഹൃത്തുക്കൾ ഇതൊരറിയിപ്പായി കണക്കാക്കണം…”

ശീ… നാണം കെട്ട ഒരു ഏർപ്പാടായില്ലേ ഇത്!?

ഭാര്യ നെറ്റി ചുളിക്കുന്നു. നിങ്ങളയാളെ പറഞ്ഞ് മനസ്സിലാക്കി ഈ പോസ്റ്റൊന്ന് ഡിലീറ്റ് ചെയ്യാൻ പറ മനുഷ്യാ..!

രാവിലെ ഉണർന്നതിന്റെ ജഡത്വത്തിൽ ഞാനൊന്ന് എതിർത്ത് നോക്കി..

“ഓ.. എന്തിന്? അതൊക്കെ അയാൾടെ ഇഷ്‌ടമല്ലേ, സുചൂ?”

സുചിത്ര രുദ്രയായി.

“ഇത് അങ്ങനെയല്ല. ഒരു പെൺകുട്ടി ഋതുമതിയാവുന്നത് പുറം ലോകത്തെ വിളിച്ച് അറിയിക്കുന്നത് ഒരു മാതിരി ഫ്യൂഡൽ മനസ്സുകൾക്ക് പറഞ്ഞിട്ടുള്ളതാ. അയാൾ നിങ്ങടെ ചങ്ങാതി അല്ലേ? ഇത്തരം പുരുഷാധിപത്യ പ്രവണത അംഗീകരിച്ച് കൊടുക്കാൻ പാടുണ്ടോ?”

ശരിതന്നെ. ഞാൻ ഒന്ന് ഉദ്ബുദ്ധനായി. അല്ലെങ്കിൽ തന്നെ ഇത് ആ പഴയ ജീർണ്ണിച്ച കാലത്തിനെ വീണ്ടും പൊടിതട്ടി സ്വീകരണമുറിയിൽ വയ്ക്കുന്നതരം ഏർപ്പാടല്ലേ? ഒരു പെൺകുട്ടിയുടെ തീർത്തും സ്വകാര്യമായ ശാരീരിക പക്വത ആർജ്ജിക്കലിനെ ഇങ്ങനെ കൊട്ടിഘോഷിക്കേണ്ടതുണ്ടോ?

എങ്കിലും അയാളെ വിളിക്കാൻ ഞാൻ ഒന്ന് മടിച്ചു. പകരം അയാളുടെ പോസ്റ്റിനടിയിലെ കമന്റുകളിലൂടെ ഞാനൊന്ന് ഓടിച്ചു നോക്കി. 345 ലൈക്കുകൾ, 18 ഷെയറുകൾ, 1.2k കമന്റുകൾ… എന്റീശ്വരന്മാരേ…!

രാജരാജേശ്വരി: ഇതെന്ത് മഠയത്തരമാണ്? ഒരു പെൺകുട്ടിയെ ഇങ്ങനെ അപമാനിക്കുന്നതു ശരിയാണോ?

കൈലാസനാഥൻ: അവൾ എന്റെ ഒരേയൊരു മോളാണ്. ഇതെങ്ങനെ അപമാനിക്കലാവും?

ത്രിവിക്രമൻ: (രാജരാജേശ്വരിയോട്) മജീദിന്റെ മുട്ടമുറിക്കല്യാണത്തിന് ഈ രോഷമൊന്നും കണ്ടില്ലല്ലോ?

റഷീദ്: സുന്നത്ത് കല്യാണം അത്ര മോശം ഏർപ്പാടൊന്നുമല്ല.

ചാരുലത: വൗ! കൺഗ്രാറ്റ്‌സ്, ചിത്രഗുപ്‌താ..

ബിനു: ഇത് കഴിഞ്ഞ നൂറ്റാണ്ടിലേക്കുള്ള തിരിച്ചു പോക്കായല്ലോ.. കഷ്‌ടം തന്നെ.

സുര: ആരടീ തിരിച്ച് പോയത്? നിന്റെ തന്തയാവും.

ഗുണശേഖരൻ: അവളുടെ ഒരു തിരിച്ച് പോക്ക്! പോകാൻ ഇടമില്ലെങ്കിൽ എന്റടുത്ത് വന്നോടീ..

ലത: വാക്കുകൾ ഉപയോഗിക്കുമ്പോൾ സഭ്യത പാലിക്കണം മിസ്റ്റർ!

സുധ: അല്ലെങ്കിലും തിരണ്ടു കല്യാണം ഓരോരുത്തരുടെ സ്വകാര്യ ആനന്ദമല്ലേ? നമ്മൾ എന്തിന് എതിർക്കണം.

രാഹുൽ: ഇത്തരം സെലെക്റ്റീവ് എതിർക്കലുകളാണ് സത്യത്തിൽ എതിർക്കപ്പെടേണ്ടത്.

സുനയന: ചിത്രഗുപ്‌തയുടെ പെണ്ണത്തം ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. അത് പ്രഖ്യാപിക്കാൻ നാമെന്തിന് മടിയ്ക്കണം? #തിരണ്ടുകല്യാണത്തോടൊപ്പം.

കമന്റുകളും ഉപകമന്റുകളുമായി ഒരു നീണ്ട നിരയ്ക്ക് മുന്നിൽ എന്റെ ചായ ആറിത്തണുത്തു. മുന്നിൽ ഭാര്യ അതേ തിളയ്ക്കലുമായി ഞാൻ കൈലാസനാഥനെ വിളിക്കുന്നതും കാത്ത് നിൽപ്പുണ്ട്.

ഞാൻ ഫോൺ അടച്ച് വച്ച് പത്രത്തിലേക്ക് മടങ്ങി. ഇക്കാലത്ത് ചായ കുടിച്ച് കൊണ്ട് പത്രം വായിച്ച് അലസമായി ഇരിക്കുക എന്നത് ഒരു വിപ്ലവ പ്രവർത്തനമാണ് എന്ന ആത്‌മഗതത്തോടെ.

9 Comments
 1. Chandru 4 years ago

  Good story. It shows how cheap people can be…

 2. Vishwanath 4 years ago

  Good. Shows our social mindset!!

 3. Vishnu 4 years ago

  hahaha

 4. sibin Haridas 4 years ago

  മഹി രസകരമായ വായന കിട്ടി

 5. Babu Raj 4 years ago

  അല്പത്തരത്തിന്റെ അടയാളങ്ങൾ …

 6. Haridasan 4 years ago

  സോഷ്യൽ മീഡിയ സംസ്കാരം. Nicely written.

 7. Anil 4 years ago

  Funny…

 8. മഹേന്ദർ 4 years ago

  കഥ വായിക്കുകയും അഭിപ്രായപ്പെടുകയും ചെയ്ത എല്ലാവരോടും നന്ദി, സ്നേഹം…

 9. James 4 years ago

  good

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account