ഇന്ത്യൻ രാഷട്രീയ ബോധത്തിന്റെ വേരുകൾ ആഴത്തിലോടിയിരിക്കുന്നത് കോളനി വാഴ്‌ചയുടേയും ചൂഷണത്തിന്റേയും അടിച്ചമർത്തലിന്റേയും വികൃത നിലപാടുകളിലാണ് എന്ന് ചരിത്രം സൂക്ഷ്‌മമായി പരിശോധിച്ചാൽ കാണാവുന്നതാണ്. സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളോടനുബന്ധിച്ച് രൂപപ്പെട്ട ഇന്ത്യൻ ദേശീയതക്ക് പക്ഷേ ഈ മനോഭാവങ്ങളെ മറികടക്കാൻ പൂർണ്ണ അർഥത്തിൽ സാധ്യമായിട്ടില്ല. അതുകൊണ്ടാണ് ഇപ്പോഴും ഭരണകൂടങ്ങൾ മർദ്ദകരും ജനങ്ങൾ മർദ്ദിതരുമായി തുടരുന്നത്. മൂലധനശക്‌തികൾ ഭരണകൂടങ്ങളെ വിലക്കെടുക്കുകയും സർക്കാരിന്റെ മെഷിനറികൾ അവരുടെ താൽപര്യ സംരക്ഷണത്തിനായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.  മുതലാളിമാരേയും അവരുടെ സംരംഭങ്ങളേയും സംരക്ഷിക്കലാണ് തീർച്ചയായും ഭരണകൂടങ്ങളുടെ ഉത്തരവാദിത്തം എന്ന നിലപാടിന് ഇപ്പോഴും മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്ന് തൂത്തുക്കുടി സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു.

ഭരണകൂടങ്ങളെ വിലക്കു വാങ്ങുക എന്നത് ഒരു ശൈലിയേയല്ല, മറിച്ച് അക്ഷരാർഥത്തിൽ ശരിയാണ് എന്ന് നാം തിരിച്ചറിയുകയാണ്. ഒരു സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പ്, ജില്ലാ കലക്റ്റർ, പോലീസ് സൂപ്രണ്ട്, എന്നിങ്ങനെ എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥ, രാഷ്‌ട്രീയ നേതൃത്വത്തങ്ങളുടെ ഒത്താശയോടെ ഒരുകൂട്ടം സമരക്കാരെ വകവരുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ഒരു വ്യവസായ ഭീമന് സാധ്യമാകുന്നു എന്നതുണ്ടാക്കുന്ന ഭീതി ചെറുതല്ല. ഇതേ ഭീതിയുടെ ഉൽപ്പാദനമാണ് അവരുടെ ലക്ഷ്യം എന്നത് വേറൊരു സത്യം. സ്റ്റാർലൈറ്റ് കമ്പനിയുടെ രണ്ടാം ഘട്ടം പൊതുജനങ്ങളുടെ താൽപര്യത്തിനു വിധേയമായി മാത്രമേ നടപ്പാക്കാവൂ എന്ന കോടതി നിർദ്ദേശം നിലവിലിരിക്കെയാണ് ഈ അതിക്രമം എന്നത് പ്രശ്‌നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു.

ചങ്ങാത്ത മുതലാളിത്തം അതിന്റെ സ്വാധീനവലയം വിപുലപ്പെടുത്തിക്കഴിഞ്ഞു. തീർച്ചയായും തൂത്തുക്കുടി സംഭവത്തിൽ സംസ്ഥാന സർക്കാരിനോടൊപ്പം തന്നെ കേന്ദ്ര സർക്കാരിനും ഉത്തരവാദിത്തമുണ്ട്. വേദാന്തക്കു വേണ്ടി പഴനിസ്വാമിയുടെ പോലീസ് വെടിയുതിർക്കണമെങ്കിൽ അതിനു മാത്രം ശക്‌തമായ സമ്മർദ്ദം അവർക്കുമേലുണ്ടായിട്ടുണ്ട് എന്ന കാര്യം വ്യക്‌തമാണ്. സ്വന്തം രാഷ്‌ട്രീയഭാവി ഒട്ടും സുരക്ഷിതമല്ലെന്ന് അത്രമേൽ ഉറപ്പുള്ള പഴനിസ്വാമി വെറുതെ ഇത്രയും വലിയൊരു സാഹസത്തിനു പുറപ്പെടും എന്നു കരുതുക വയ്യ.

ഇങ്ങനെ തന്നെയായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യ ഭരിച്ചിരുന്നത്.  തങ്ങളുടെ കച്ചവടത്തിന് തടസമുണ്ടാക്കുന്നവരെ സൈന്യത്തെ ഉപയോഗിച്ച് നേരിടുക, അതിനായി നാട്ടുരാജാക്കൻമാരുമായി കരാറുണ്ടാക്കുക, ഒടുവിൽ ആ രാജാക്കൻമാരിൽ നിന്ന് കപ്പവും പിരിക്കുക. അതു തന്നെയാണ് ഇന്ത്യയിലിപ്പോൾ നടക്കുന്നത്. ഒരു കൂട്ടം മുതലാളിമാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു വലിയ ഇവന്റ് മാനേജ്‌മന്റ് സംഘമാണ് ഇന്ത്യൻ ഭരണകൂടം. അവർ തങ്ങൾക്കെതിരായ എല്ലാത്തിനേയും അടിച്ചമർത്തും, വെടിവച്ചു കൊല്ലും…  അതിലപ്പുറം ഇനി ഏതു നരകമാണ് നമ്മെ കാത്തിരിക്കാനുള്ളത്..?

-മനോജ് വീട്ടിക്കാട്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account