ഷാനവാസ് കെ ബാവക്കുട്ടിയുടെ രണ്ടാമത്തെ സിനിമ, വിനായകൻ നായകനാകുന്ന സിനിമ എന്നതിലെല്ലാമപ്പുറം ഫ്രാൻസിസ് നൊറോണയുടെ ‘തൊട്ടപ്പ’നെ പി.എസ്. റഫീക്ക്  തിരക്കഥയാക്കുന്ന സിനിമ എന്നതായിരുന്നു തൊട്ടപ്പൻ കാണാനുള്ള ഏറ്റവും വലിയ  പ്രേരണ. ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ എന്ന കഥ വായനക്കാരനെ സംബന്ധിച്ച് അമൂല്യമാണ്. എഴുത്തുകാരൻ ഉപയോഗിക്കുന്ന ഭാഷ, കഥാപാത്രങ്ങൾ, കഥയുടെ ഭൂമിക, കാലം, പശ്ചാത്തലം,  സംസ്‌കാരം, രാഷ്‌ട്രീയം, എന്നിങ്ങനെ ഓരോന്നെടുത്ത് വിശകലനം ചെയ്യാവുന്നത്ര  സമ്പന്നമായ സൃഷ്‌ടി.  തൊട്ടപ്പൻ മലയാളത്തിലെ അതുല്യമായ കഥയാണ്. അതിനെ തിരക്കഥയാക്കുന്നത്  ഫ്രാൻസിസ് നൊറോണയുടെ സമകാലികനും പ്രതിഭാധനനുമായ  പി.എസ്. റഫീക്ക് ആണെന്നത് മലയാള സാഹിത്യരംഗത്തും  സിനിമാരംഗത്തും ഉയർത്തിയ പ്രതീക്ഷയും ആകാംഷയും വളരെ വലുതാണ്.  കിസ്‌മത് ഒരുക്കി മലയാളികളുടെ പ്രിയങ്കരനായി മാറിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയിലും വിനായകൻ നായകനാകുന്നതും കൊണ്ടുതന്നെ വായനക്കാരല്ലാത്ത സിനിമാ പ്രേക്ഷകരും ‘തൊട്ടപ്പന്റെ’ വരവ്   കാത്തിരിക്കാൻ തുടങ്ങി.

തൊട്ടപ്പന്റെ ടൈറ്റിൽ തെളിയുന്നതിനു മുൻപാണ് ദിലീഷ് പോത്തനും വിനായകനും ഒരുമിച്ചുള്ള കോമ്പിനേഷൻ സീനുകൾ. ‘ജോസഫി’ൽ ഒരരികിൽ നിന്ന് പ്രേക്ഷകരുടെ പ്രേമം പിടിച്ചു പറ്റിയ ദിലീഷ് പോത്തന്റെ ഉഗ്രൻ പ്രകടനം മറ്റൊരു റേഞ്ചിൽ ഇവിടെയും കാണാവുന്നതാണ്. തുടക്കത്തിൽ വന്നുപോയ ആ കഥാപാത്രം സിനിമ തീർന്നാലും ഇറങ്ങിപ്പോകാനിടയില്ല. നൊറോണയുടെ കഥയിലില്ലാത്ത ആ ദൃശ്യങ്ങൾ തീരുമ്പോൾ വരുന്ന ടൈറ്റിൽ കാർഡിൽ ‘ബേസ്  സ്റ്റോറി – ഫ്രാൻസിസ് നൊറോണ’ എന്നും ‘രചന – പി.എസ്. റഫീക്ക്’ എന്നും കാണുന്നതോടെ കൺഫ്യൂഷൻ തീരുന്നു. തൊട്ടപ്പൻ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി, അതിലെ പ്രധാന കഥാപാത്രങ്ങളെ ഉൾപ്പെടുത്തി പി.എസ്. റഫീക്ക് രചിച്ച പുതിയ ‘കഥ-തിരക്കഥ- സംഭാഷണം’ ആണ് തൊട്ടപ്പൻ എന്ന സിനിമയുടേത്.  അങ്ങനെ മൂത്രവും ചേറും തീട്ടവും മണക്കുന്ന, സാറയെന്ന പെണ്ണിന്റെ കാഴ്ച്ചപ്പാടിലുള്ള മൂലകഥ വഴിമാറി പ്രേക്ഷകരുടെ സാമാന്യ സിനിമാ ബോധവുമായി ചേർന്ന് നിൽക്കുന്നതും മനോഹരമായ സിനിമാറ്റിക്  ദൃശ്യങ്ങളോടെ സംവിധാനം ചെയ്യപ്പെട്ടതുമായ  തൊട്ടപ്പനെയാണ് മലയാള സിനിമയ്ക്ക് ലഭിക്കുന്നത്. മറ്റൊരുജ്വല സിനിമയ്ക്കുള്ള എല്ലാ സാധ്യതകളും ‘മുതലു’കളും നൊറോണയുടെ കഥയിൽ തന്നെ തൊടാതെ ബാക്കി വെച്ചിട്ടുണ്ട് റഫീക്ക്. അഥവാ ഒരു അഭിനേതാവിലേക്കും ഒതുക്കാതെ  വായനക്കാരന്റെ മനോലോകത്ത് സ്വതന്ത്രരായി വിടുന്നു കഥയിലെ യഥാർത്ഥ സാറയെയും തൊട്ടപ്പനെയുമൊക്കെ.

കായലോരത്തെ വീടുകളിലും കള്ളുഷാപ്പിലും കടവത്തും കടയിലുമൊക്കെയായി തൊട്ടപ്പനും സാറയും അയൽക്കാരും നാട്ടുകാരുമൊക്കെയായി കുറെ മനുഷ്യരുടെ   ജീവിതം പറിച്ചു  നടുന്നു സിനിമയിൽ. സിനിമയ്ക്കാവശ്യമുള്ള കഥാപാത്രങ്ങൾ മാത്രമല്ല, നാട്ടിൽ ആവശ്യമുള്ള കഥാപാത്രങ്ങളും അവരുടെ ജീവിതത്തിലെ  കൊച്ചു കൊച്ചു സന്ദർഭങ്ങളും ഭംഗിയായി തൊട്ടപ്പനൊപ്പം ചേർത്ത് വച്ചിട്ടുണ്ട്. ചമയങ്ങളില്ലാത്ത പച്ചമനുഷ്യരാണ് കഥാപാത്രങ്ങൾ. സിനിമയിലും സീരിയലുകളിലും ചായം തേച്ചു വരുന്ന കഥാപാത്രങ്ങളേക്കാൾ ജ്വലിച്ചു നിൽക്കുന്നുണ്ട് മിക്ക കുഞ്ഞുകഥാപാത്രങ്ങളും. പ്രത്യേകിച്ച് സ്‌ത്രീകൾ. നായിക സാറയായി അഭിനയിച്ച പ്രിയംവദയും വില്ലനായി റോഷൻ മാത്യുവും  ഒരിടത്തും മോശമായില്ല. വിനായകൻ പക്വമായി തൊട്ടപ്പനെ അവതരിപ്പിച്ചു. മനോജ് കെ ജയൻ വ്യത്യസ്‌തനായൊരു പള്ളീലച്ചനായി സിനിമയിലുണ്ട്. രഘുനാഥ് പലേരി, ഇർഷാദ്, സുനിൽ സുഖദ, രശ്‌മി സതീഷ്, ബിനോയ് നമ്പാല, മഞ്ജു സുനിച്ചൻ, പ്രശാന്ത് മുരളി, ശ്രീജ ദാസ്,  തുടങ്ങിയവരും പേരറിയാത്ത അനവധി പേരും അഭിനേതാക്കളായി വന്ന് മികച്ച പ്രകടനം നടത്തി  സിനിമയ്ക്ക് വലിയ ഊർജ്ജം നൽകുന്നുണ്ട്. സൃഷ്‌ടാക്കളായ തിരക്കഥാകൃത്തിനും സംവിധായകനും അഭിമാനിക്കാവുന്ന കഥാപാത്രങ്ങൾ.

സംഗീതവിഭാഗത്തെ എടുത്തു  പറയേണ്ടതുണ്ട്. സിനിമയിറങ്ങും മുൻപേ തന്നെ ആസ്വാദകർ പാടിനടക്കുന്ന പാട്ടുകളുടെ സംഗീതം ലീല എൽ ഗിരീഷ്‌കുട്ടനാണ്. കവികളായ അൻവർ അലിയും അജീഷ് ദാനും തിരക്കഥാകൃത്ത് പി.എസ് . റഫീക്കുമാണ് ഹൃദ്യമായ വരികളെഴുതിയത്. ലളിതമായ സ്‌കോർ തന്നെയാണ് ജസ്റ്റിൻ വർഗീസും സിനിമയ്ക്ക് നൽകിയിരിക്കുന്നത്. സൂക്ഷ്‌മ ശബ്‌ദങ്ങൾക്ക് ഏറെ പ്രധാന്യമുള്ള സിനിമയിൽ അതിനെ ഒട്ടും മുറിവേൽപ്പിക്കാതെ ലളിതമെന്നു തോന്നും വിധം പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. ശബ്‌ദലേഖനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന സംവിധായകരിൽ ഷാനവാസ് കെ ബാവക്കുട്ടിയും കൂടെ ഉൾപ്പെടുന്നതിൽ സന്തോഷം.

രാത്രിയും പകലുമായി നല്ല ഭംഗിയുള്ള വിഷ്വലുകളാണ് സിനിമയിലുടനീളം. സുരേഷ് രാജനാണ് ഛായാഗ്രഹണ സംവിധായകൻ. പക്ഷെ തൊട്ടപ്പൻ എന്ന സിനിമയിൽ ഇത്തരം മിനുക്കമുള്ള ഫ്രയിമുകളല്ല  സംവിധായകൻ നിർദ്ദേശിക്കേണ്ടിയിരുന്നത്  എന്നാണെന്റെ തോന്നൽ. കുറേക്കൂടി   പരുക്കൻ വിഷ്വലുകൾ ആയിരുന്നെങ്കിൽ സിനിമ ഒന്നുകൂടെ ശക്‌തമായി ഫീൽ ചെയ്‌തേനെ. എന്തെന്നാൽ  തൊട്ടപ്പനെന്ന പ്രാന്തൻ കണ്ടലിന്റെ ഇലകളുടെ ഭംഗിയല്ല, അത് നിലനിൽക്കുന്ന ചേറും ചേറിലേക്കാഴ്ന്നു നിൽക്കുന്ന അതിന്റെ വേരുകളുമാണ്.

പോരായ്‌മകൾ ചൂണ്ടിക്കാട്ടാനുണ്ടാകുമെങ്കിലും രണ്ടാമത്തെ സിനിമ കൂടി വന്നതോടെ മലയാള സിനിമാ സംവിധായകരുടെ മുൻനിരയിൽ ഷാനവാസ് കെ ബാവക്കുട്ടിക്ക് കസേര വലിച്ചിട്ടു കൊടുക്കാം. ഷാനവാസും പി.എസ്.  റഫീക്കുമൊക്കെ മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളാകുന്നതിൽ, സമീപഭാവിയിലൊന്നും ആർക്കും തഴയാനാകാത്ത വിധം വളരുന്നതിൽ സന്തോഷവും അഭിമാനവും. തൊട്ടപ്പൻ പോലുള്ള സിനിമകളാണ്, തലതൊട്ടപ്പന്മാരല്ല  മലയാള സിനിമയെ നിർണയിക്കുന്നത് എന്ന് നമുക്ക് ഒന്നുകൂടി ഉറപ്പിച്ചു പറയാം.

ഉമേഷ് വള്ളിക്കുന്ന്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account