ഭാരതത്തിന്റെ ദേശീയ മൃഗമേതാണ്? കടുവ!
കാട്ടിലെ രാജാവോ? അത് സിംഹം.

കൊച്ചു കുട്ടികൾക്കുപോലും ഇതു രണ്ടും അറിയാം.

എന്നാൽ, ആദ്യം ഭാരതത്തിന്റെ ദേശീയ മൃഗം സിംഹമായിരുന്നു. ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്നു മുതൽ ഇന്ത്യയുടെ ദേശീയ മൃഗമെന്ന പദവി കാട്ടിലെ രാജാവായ സിംഹത്തിനായിരുന്നു. എന്നാൽ ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടിൽ, ഇന്ത്യൻ വൈൽഡ് ലൈഫ് ബോർഡ് ഇന്ത്യയുടെ  ദേശീയ മൃഗമായി കടുവയെ തിരഞ്ഞെടുത്തു. ഇന്ത്യ കൂടാതെ ഇന്ത്യയുടെ അയൽപക്കക്കാരായ ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും ദേശീയ മൃഗം കടുവ തന്നെ. കടുവ ആളത്ര നിസ്സാരക്കാരി / നിസ്സാരക്കാരനല്ലെന്ന് മനസ്സിലായല്ലോ!

ഇനിയൽപ്പം ‘കടുവപുരാണം’ ആകാം. അതിനു പറ്റിയ ദിവസമാണ് ഇന്ന്. എന്താണന്നല്ലേ നിങ്ങളിപ്പോ മനസ്സിൽ ആലോചിച്ചത് ? പറയാം.

ഇന്ന് ലോക കടുവ ദിനമാണ്. അതിശയപ്പെടണ്ട. കടുവകൾക്കുമുണ്ട് ഒരു ദിനം. ആ ദിനം, ഈ ദിനം എന്നൊക്കെ പറഞ്ഞ് മനുഷ്യർ മാത്രം ദിനങ്ങൾ ആചരിച്ചാൽ പോരല്ലോ.

പാന്തറ ടൈഗ്രിസ് എന്ന് ശാസ്‌ത്രീയ നാമമുള്ള കടുവകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഭൂഖണ്ഡം ഏഷ്യയും രാജ്യം ഇന്ത്യയും, സംസ്ഥാനം മദ്ധ്യപ്രദേശുമാണ്. എന്നിരുന്നാലും പൂർവ്വികൻ വിദേശിയാണെന്ന് പറയേണ്ടി വരും. കാരണം, സൈബീരിയ ആണ് കടുവയുടെ ജന്മദേശം.

പല ഇനങ്ങളിലുള്ള കടുവകളാണ് ലോകത്തുള്ളത്. ബംഗാൾ കടുവ, സുമാത്രൻ കടുവ, പേർഷ്യൻ കടുവ, സൈബീരിയൻ കടുവ, ജാവൻ കടുവ തുടങ്ങിയവ. മാർജ്ജാര കുടുംബത്തിലെ അംഗമാണെങ്കിലും ഇവർക്ക് മരം കയറൽ വശമില്ല. പക്ഷേ, നീന്തൽ വിദഗ്ദ്ധരാണ് താനും. മൂന്നു വയസ്സിൽ പൂർണ്ണ വളർച്ചയെത്തുന്ന ഇവർക്ക് നല്ല കേഴ്വി ശക്‌തിയുമുണ്ട്.

രണ്ടായിരത്തി പത്ത് ജുലൈ ഇരുപത്തിയൊൻപതിന് റഷ്യയിലെ സെയിന്റ് പീറ്റേഴ്സ്ബർഗിൽ ചേർന്ന കടുവ സംരക്ഷണ ഉച്ചകോടിയിലാണ് ജൂലൈ ഇരുപത്തിയൊൻപത് ലോക കടുവദിനമായി ആചരിക്കുവാൻ തീരുമാനമായത്. വംശനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ‘വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ’ ആണ് ഇതിന് നേതൃത്വം വഹിക്കുന്നത്.

ഇന്ത്യയിലെ ആദ്യ കടുവ സംരക്ഷണ കേന്ദ്രം, ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയാറിൽ സ്ഥാപിതമായ ഹെയിലി നാഷണൽ പാർക്ക് ആണ്. ഇത് പിന്നീട്, ആയിരത്തി തൊള്ളായിരത്തി അൻപത്തിയേഴിൽ ജിം കോർബേറ്റ് നാഷണൽ പാർക്ക് ആയി മാറി. ഇന്ത്യയിലെ ആദ്യത്തെ കടുവ സംരക്ഷണ കേന്ദ്രമാണ് ഉത്തരാഖണ്ഡിൽ നിലകൊള്ളുന്ന ജിം കോർബേറ്റ് എങ്കിൽ, ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രം ആന്ധ്രാപ്രദേശിലെ നാഗാർജ്ജുൻ സാഗർ ടൈഗർ റിസർവ്വ് ആണ്. എന്നാൽ, രാജ്യത്തെ ഏറ്റവും മികച്ച കടുവ സങ്കേതമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് നമ്മുടെ കേരളത്തിന്റെ പെരിയാർ ആണ്. രാജ്യത്തെ ഏറ്റവും മികച്ച കടുവ സംരക്ഷണ കേന്ദ്രം നടത്തുന്ന സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിനു തന്നെ!

ആയിരത്തി തൊള്ളായിരത്തി എഴുപതു മുതൽ രാജ്യത്ത് കടുവവേട്ട നിരോധിക്കുകയും ആയിരത്തി തൊള്ളായിരത്തി എഴുപത്തി മൂന്നിൽ, വംശനാശത്തിൽ നിന്നു കടുവകളെ സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ കടുവ സംരക്ഷണ പദ്ധതി അഥവാ പ്രൊജക്‌ട്‌ ടൈഗർ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.

“വളർത്തിയതും നീയേ, കൊന്നതും നീയേ ചാപ്പാ” എന്നു പറഞ്ഞ പോലെ, കടുവ സംരക്ഷണ പദ്ധതികൾ സൃഷ്‌ടിക്കുന്നതിനൊപ്പം സ്വാർത്ഥ താത്‌പര്യങ്ങൾക്കായി മനുഷ്യൻ കാടു കയ്യേറുകയും ചെയ്യുന്നതിനാൽ, ആവാസസ്ഥലവും സ്വാതന്ത്ര്യവുമൊക്കെ നഷ്‌ടപ്പെട്ട്. ഗത്യന്തരമില്ലാത, അവ നാട്ടിലേക്കിറങ്ങുകയും നാശനഷ്‌ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യുന്നു.

മനുഷ്യർക്കെന്ന പോലെ, മറ്റെല്ലാ ജന്തുജാലങ്ങളും ഭൂമിക്ക് അവകാശികളാണെന്ന് മറക്കാതിരിക്കുക.

 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account