കാലം ഒരാളെ അതിന്റെ ആത്മകഥയിലെഴുതിച്ചേർക്കുമ്പോഴാണ് അയാൾ ചരിത്രത്തിന്റെ ഭാഗമായി എന്നു കരുതാനാകുക. എത്രനാൾ ജീവിച്ചു എന്നതിലേറെ എങ്ങനെ ജീവിച്ചു എന്നതാണ് അതിന്റെ കണക്ക്. ചിലരുണ്ട്, ചുരുങ്ങിയ കാലം കൊണ്ട് മായാമുദ്രകൾ പതിപ്പിച്ചവർ. ഇവരിൽ പലരും ജീവിതം മതിയാകാതെ പോയവരാകും. ചിലർ ജീവിതം മതിയാക്കിയവരും.
പാലറ്റിൽ ഒരുപാട് നിറങ്ങൾ ബാക്കിയാക്കി പോയ പത്മിനി അവരിലൊരാളാണ്. കണ്ടതിലപ്പുറം നിറങ്ങളെ കാൻവാസിലേക്ക് പകർത്താൻ കഴിവുള്ളൊരു ചിത്രകാരി. എത്ര ചിത്രങ്ങളെഴുതിയാലും മതിവരാത്ത മനസ്സായിരുന്നു അവരുടേത്. ജീവിച്ചും വരച്ചും തീരാതെയാണ് അവർ മടങ്ങിയത്. തനിക്ക് ജനിക്കാൻ പോകുന്നത് മകളാവുമെന്നും മായ എന്ന് പേരിടണമെന്നും അവർ ആഗ്രഹിച്ചുവെങ്കിലും പേരുചൊല്ലി വിളിക്കാൻ നിൽക്കാതെ അമ്മയേയും കൂട്ടി മായ പോയി. കുഞ്ഞു ജനിച്ചെന്നു കേൾക്കാൻ കാത്തു നിന്ന ബന്ധുക്കൾക്ക് അന്ന് കേൾക്കേണ്ടി വന്നത് പത്മിനിയുടേയും കുഞ്ഞിന്റേയും ജീവൻ രക്ഷിക്കാനായില്ല എന്നാണ്.
ഇരുപത്തിയൊൻപത് വയസ്സിനുള്ളിൽ ഇന്ത്യയിൽ പലയിടങ്ങളിലായി പത്മിനിയുടെ എത്രയോ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിരിന്നു. ചാർക്കോൾ, ഓയിൽ ഇവയിലൊക്കെ തീർത്തിരുന്ന ചിത്രവിസ്മയങ്ങളായിരുന്നു അവ. സ്ത്രീകൾക്ക് കലാരംഗത്ത് മുഖ്യധാരയിലേക്കെത്തൽ ഏറെ വിഷമകരമായിരുന്ന കാലത്തായിരുന്നു അത്. സ്ത്രീപുരുഷന്മാർ, കുട്ടികൾ, നഗ്നശരീരങ്ങൾ എന്നിവയൊക്കെ വിഷയമാക്കുമ്പോഴും വേറിട്ടൊരു ശൈലിയും വർണ്ണ സങ്കലനവും പത്മിനിക്കുണ്ടായിരുന്നു. വസ്ത്രധാരണത്തിലും മറ്റു ജീവിത രീതിയിലും അതീവ ലാളിത്യം പുലർത്തിയിരുന്നുവെങ്കിലും വരകളിലും വർണ്ണങ്ങളിലും റിബലായിരുന്നു അവർ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള മനുഷ്യരെ ധാരാളമായി വരച്ചിരുന്നത് പത്മിനി വളർന്ന സാഹചര്യങ്ങളുടെ സ്വാധീനത്താലാവണം. എങ്കിലും പുരുഷന്റെ മറവിലൊതുങ്ങുന്നവരല്ല പത്മിനിയുടെ സ്ത്രീകൾ. അവർ കാലങ്ങൾക്കിപ്പുറവും ശക്തരായി കാണപ്പെടുന്നുമുണ്ട്. മനുഷ്യ ശരീരത്തിന്റെ ലാവണ്യം പകർത്തുമ്പോഴും മുഖഭംഗിയേക്കാളേറെ ഭാവങ്ങൾക്കാണ് ഇംപ്രെഷനിസ്റ്റ് ചിത്രകാരിയായ പത്മിനി പ്രാധാന്യം നൽകിയത്. ആ ചിത്രങ്ങളിലെ കടും ചുവപ്പും രാത്രിയും നീലിമയും വർണ്ണമരങ്ങളും അവരുടെ ജീവിതത്തോടുള്ള പ്രണയമല്ലാതെ മറ്റെന്താണ് കാണിക്കുന്നത്!
എന്നാൽ പ്രാണനും നിറങ്ങളും പത്മിനിയെ കൈവിട്ടത്, അല്ലെങ്കിൽ അവരെയും അവർ വരക്കാനിരുന്ന ചിത്രങ്ങളേയും നമുക്ക് നഷ്ടമായത് പൊടുന്നനെയാണ്. ജീവിച്ചിരുന്നപ്പോഴൊക്കെ വർണ്ണങ്ങൾ ചാലിച്ചിരുന്ന ആ മനസ് ഇനിയെത്ര ചിത്രങ്ങൾ വരയ്ക്കാനാഗ്രഹിച്ചിരിക്കാം? തനിക്ക് വരച്ചിട്ടും വരച്ചിട്ടും മതിയാകുന്നില്ല എന്ന് അവർ പറഞ്ഞിരുന്നു.
ജീവിച്ച് മതിയാകാതെ, വരച്ച് മതിയാകാതെ പത്മിനിക്ക് മുന്നേ പോയ മറ്റൊരാളുമുണ്ട്. ഇന്ത്യൻ ഫ്രിഡാ കാലോ (Frida Kahlo) എന്നറിയപ്പെട്ടിരുന്ന അമൃത ഷെർ ഗിൽ. പത്മിനിയും അമൃതയും ഒരേ പ്രായത്തിൽ ജീവിതത്തിൽ നിന്ന് തിരിച്ച് വിളിക്കപ്പെട്ടവരാണ്. പാരീസിൽ പരിശീലനം കിട്ടിയ അമൃത ഇന്ത്യയിലെത്തിയ ശേഷം ഇവിടത്തെ ജീവിതങ്ങളെ വരയ്ക്കുന്നതിലേക്കാണ് തിരിഞ്ഞത്. പത്മിനിയുടേയും അമൃതയുടേയും ജീവിത ശൈലികൾ അങ്ങേയറ്റം വ്യത്യസ്തമെങ്കിലും അവരിലെ ചിത്രകാരികൾ അത്ര വ്യത്യസ്തരായിരുന്നില്ല. വിഖ്യാത ചിത്രകാരൻ പോൾ ഗോഗിന്റെ ചിത്രരചനാശൈലി പത്മിനിയേയും അമൃതയേയും സ്വാധീനിച്ചിട്ടുണ്ട് എന്നതും ഇവർ തമ്മിലുള്ള മറ്റൊരു സാമ്യമാണ്. ഫ്രിഡയേപ്പോലെ സെൽഫ് പോട്രെയിറ്റുകൾ കൂടുതലായി ചെയ്തതിനാൽ നാർസിസ്റ്റ് എന്ന് മുദ്രകുത്തപ്പെട്ടിട്ടുണ്ട് അമൃത. തങ്ങളേക്കാൾ സൗന്ദര്യമുള്ള മോഡലുകളെ കണ്ടെത്താൻ ഫ്രിഡയ്ക്കും അമൃതയ്ക്കുമായില്ല എങ്കിൽ അതിൽ അശേഷം അതിശയോക്തിയില്ല താനും. പത്മിനിയുടേയും അമൃതയുടേയും ഫ്രിഡയുടേയും ചിത്രങ്ങൾ കാലാനുവർത്തികളായതു കൊണ്ടു തന്നെ അമൂല്യങ്ങളുമാണ്.
പത്മിനിയെപ്പോലെ അമൃതയും ജീവിതം മതിയാക്കാതെ മടങ്ങേണ്ടി വന്ന വിധിയുടെ ഇരയാണ്. അമൃത അസുഖം മൂർഛിച്ച് കോമയിലേക്കും പിന്നെ മരണത്തിലേക്കും പോയി എന്ന് പറയുമ്പോൾത്തന്നെ അവരുടെ മരണത്തിൽ ഫ്രിഡയുടേതു പോലെ ഇനിയും ഉറപ്പിക്കാനാവാത്ത ദുരൂഹതകൾ ആരോപിക്കപ്പെടുന്നുണ്ട്. അവരവർ പ്രതീക്ഷിക്കാത്ത ഇത്തരം മടക്കങ്ങളിൽ, ഒരുപക്ഷേ മനുഷ്യർ, അന്ത്യനിമിഷങ്ങൾ വരെ സന്തോഷമറിഞ്ഞവരാകാം. ബോധം മറയുന്നതുവരെ ജീവിക്കാനുള്ള ത്വരയും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും വച്ചു പുലർത്തിയിട്ടുള്ളവരാകാം. അകാലത്തിലുള്ള അവരുടെ വിടവാങ്ങൽ ലോകത്തിന് വലിയ നഷ്ടമാകുമ്പോഴും അവർ ജീവിച്ച നിമിഷങ്ങളെക്കുറിച്ച് ആ ആത്മാക്കൾക്ക് അഭിമാനിക്കാം. ജീവിതമങ്ങനെ പൂത്തുലഞ്ഞ് നില്ക്കുന്ന കാഴ്ച സ്വയം കണ്ട് പോയവരാണല്ലോ അവർ. മരണമെത്തുന്നുവെന്നറിയാതെ, അതിനെക്കുറിച്ച് അങ്കലാപ്പില്ലാതെ കടന്നു പോയവർ. നഷ്ടം നമ്മുടേതു മാത്രം. ഇനിയുമെത്രയോ കാലം വർണ്ണം ചാലിക്കാമായിരുന്ന കൈകളിൽ നിന്നാണ് പൊടുന്നനേ ബ്രഷും പാലെറ്റും താഴെ വീണത്.
മറ്റു ചിലരാകട്ടെ ഇനിയൊന്നുമാകില്ല എന്നു പറഞ്ഞ് ജീവിതത്തിൻ നിന്നിറങ്ങിപ്പോയവരാണ്. ഇന്നത്തെ കാർമേഘത്തിന്റെ കറുപ്പ് കണ്ട് ഭാവിയിൽ തെളിയാനിടയുള്ള മാനം കാത്തിരിക്കാതെ പോയവർ. അത്രമേൽ കയ്പ്പുനീർ കുടിച്ചിട്ടാവാം അവരുടെ മനം മടുത്തതും.
തന്റെ എഴുത്തുകൾ സത്യസന്ധമായാൽ മറ്റു ചിലർക്കുണ്ടാകുന്ന വൈഷമ്യങ്ങൾ, എന്നാൽ, ജീവിച്ചിരുന്നാൽ എഴുതാതെ വയ്യ എന്ന തിരിച്ചറിവ് ഒക്കെയൊരാളുടെ ജീവനെടുക്കുന്നതോ? അതെ, രാജലക്ഷ്മിയെക്കുറിച്ച് തന്നെയാണ്. ‘എഴുതാതിരിക്കാൻ വയ്യ, ജീവിച്ചിരിക്കുകയാണെങ്കിൽ ഇനിയും എഴുതി പോകും’ എന്നതുകൊണ്ട് ജീവിച്ചിരിക്കേണ്ട എന്നു വച്ച രാജലക്ഷ്മി. ‘ആത്മഹത്യ ചെയ്യുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണോ? ഭീരുത്വം എന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുമ്പിൽ തല വെയ്ക്കുന്നത് ഭീരുത്വമാണത്രെ, ഭീരുത്വം.’ രാജലക്ഷ്മിയുടെ ആത്മഹത്യ എന്ന കഥയിൽ സ്വയംഹത്യയെ കുറിച്ചു പറയുന്നതാണിത്. ഒറ്റയ്ക്കു പൊരുതി ജീവിക്കാനോ അതോ മരണം കൊണ്ട് അടിയറവ് പറയുന്നതിനോ കൂടുതൽ ധൈര്യം വേണ്ടത്?
രാജലക്ഷ്മിയെ മറ്റെഴുത്തുകാരികൾ പിൽക്കാലത്ത് എത്ര ഉൾക്കൊണ്ടു എന്നറിയുവാൻ സുഗതകുമാരിയുടെ ‘രാജലക്ഷ്മിയോട്’ എന്ന കവിത ഒന്നുമതി.
‘സോദരീ, അറിവൂ ഞാന്
നിന്നെ, നിന്നാത്മാവിന്റെ
വേദനകളെ’ എന്ന് പറയുന്നത് എഴുതാതെയൊരു ജീവിതം സർഗ്ഗശേഷിയുള്ളവൾക്ക് അധികനാൾ സാധ്യമല്ല എന്ന തിരിച്ചറിവുകൊണ്ടാണ്.
രാജലക്ഷ്മിയുടെ ‘ഞാനെന്ന ഭാവം’ എന്ന നോവലിലുൾപ്പടെ കാണുന്ന സ്ത്രീകൾ വ്യക്തിത്വമുള്ളവരാണ്. കുടുബ ബന്ധങ്ങൾക്ക് വില കൊടുക്കുന്നവരാണ്. അതേപോലെ പത്മിനിയുടെ ചിത്രങ്ങളിലെ സ്ത്രീകളും വ്യക്തയോടെ വരക്കപ്പെട്ടവരാണ്. എങ്കിലും സ്ത്രീ പുരുഷ സങ്കൽപ്പങ്ങൾ പരസ്പര പൂരകങ്ങളെന്നതും കുട്ടികൾ, കുടുംബം എന്നിവയ്ക്ക് പ്രാധാന്യമേകിയിരുന്നുവെന്നും ചിത്രങ്ങളിലൂടെ തിരിച്ചറിയാം. ജീവിതവും ചിത്രരചനയും മതിയാകാതെ പോയ പത്മിനിയും ജീവിതവും എഴുത്തും മതിയാക്കിപ്പോയ രാജലക്ഷ്മിയും നമുക്കു മുന്നിൽ വാക്കാലും വരയാലും സൃഷ്ടിച്ചത് ഒരേതരം സ്ത്രീകളെയാണെന്നത് കാവ്യനീതിയുടെ യാദൃശ്ചികതയല്ല. ഒഴുക്കിനെതിരേ തുഴഞ്ഞ രണ്ട് പേർ. പത്മിനിയുടെ അമ്മാവനേയും ഭർത്താവും ചിത്രകാരനുമായ കെ.ദാമോദരനേയും പോലെ കരുത്തോടെ ചേർത്തു നിർത്തുന്നവർ രാജലക്ഷ്മിക്കൊപ്പമുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ… ഇതൊക്കെയുണ്ടായിട്ടും വിധിയില്ലെങ്കിൽ, എന്നാവും പത്മിനിയുടെ ആത്മാവിന്റെ ഉത്തരം.
കലാവ്യക്തിത്വത്തിന്റെ വജ്രശോഭ ചൊരിഞ്ഞ് ആ നക്ഷത്രങ്ങൾ ഭൂമിയിൽ ജീവിക്കുന്നതിനോടുള്ള ആകാശത്തിന്റെ അസൂയ കൊണ്ടാകും അവരെയൊക്കെ അകാലത്തിൽ മടക്കി വിളിച്ചത്.
എത്രനാൾ ജീവിച്ചു എന്നതിലേറെ എങ്ങനെ ജീവിച്ചു എന്നതാണ് അതിന്റെ കണക്ക്.
Very true. And a big salute to these great souls!
Thank you
Superb writing, for the great personalities!
Thank you