കാൽപ്പനിക ഭാവം നിറഞ്ഞ ഒരു നഗരം, ഒരു പക്ഷേ ലോകത്തിലെ തന്നെ ആദ്യ  തലസ്ഥാനഗരങ്ങളിലൊന്ന്. അതാണ് വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയ്. ആയിരത്തിലേറേ വർഷങ്ങളായി തലസ്ഥാന നഗരി പദം അലങ്കരിക്കുന്ന ചുരുക്കം നഗരങ്ങളിൽ ഒന്ന്. പല പല യുദ്ധങ്ങൾ, അധിനിവേശങ്ങൾ, ഭരണങ്ങൾ, സംസ്‌കാരങ്ങൾ കണ്ടിരിക്കുന്നു ഈ നഗരം. ഹോവൻ കീം തടാകക്കരയിൽ വളർന്നു വികസിച്ച ഈ നഗരത്തിൽ കാണുവാനും അറിയുവാനും ഏറെയുണ്ട്.

നഗരത്തിൽ നിന്നും മുപ്പത്തഞ്ചു കിലോമീറ്റർ ദൂരത്തുള്ള നോയ്‌ ബായ് അന്തർദേശീയ വിമാനത്താവളത്തിൽ വിമാനമിറങ്ങിയപ്പോൾത്തന്നെ ഹാനോയിയുടെ നുനുത്ത കുളിർക്കാറ്റ് എന്നെത്തലോടിയെത്തി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾ ഇവിടെ കുളിർകാലമാണ്. ഞാനെത്തിയതാകട്ടെ മാർച്ചുമാസത്തിനൊടുവിലും. എന്നിട്ടും വല്ലാത്തൊരു വികാരമായിരുന്നു ആ കാറ്റിനുണ്ടായിരുന്നത്.

ഹാനോയ് നഗരത്തിലെ പ്രധാന കാഴ്‌ചകളെല്ലാം ഓൾഡ് ക്വാർട്ടർ എന്നറിയപ്പെടുന്ന നഗര ഹൃദയത്തിൽ തന്നെയാണുള്ളത്. അതുകൊണ്ട് തന്നെ ഞാൻ എന്റെ മുറി ബുക്ക് ചെയ്‌തിരുന്നതും ഇവിടെത്തന്നെയായിരുന്നു. ഹോവൻ കീം തടാകത്തിലേക്ക് നടക്കുവാനുള്ള ദൂരം മാത്രം. അവിടേക്കുള്ള നടത്തത്തിനു പോലുമുണ്ട് ഒരു പ്രത്യേക സുഖം. രാത്രിയിൽ ആണെങ്കിൽ ഇവിടത്തെ പ്രധാന രാത്രി ചന്തയിലൂടെ ആകും ഈ നടത്തം. വാഹനങ്ങൾ ഒന്നുമില്ലാത്ത, താൽക്കാലിക കടകൾ മാത്രമുള്ള ഈ നിരത്തുകൾ ഈ നഗരത്തിന്റെ മറ്റൊരാകർഷണം.

ഹോവൻ കീം തടാകത്തിലേക്കുന്തിനിൽക്കുന്ന ഒരു ബുദ്ധ ക്ഷേത്രമുണ്ട്. മുപ്പതിനായിരം ഡോങ് ആണ് പ്രവേശന ഫീസ്. നമ്മുടെ നൂറു രൂപയിൽ താഴെ വരും. ടിക്കെറ്റെടുത്താൽ തടാകത്തിനു കുറുകെ പണിതിരിക്കുന്ന ഒരു മനോഹര പാലത്തിലൂടെ ക്ഷേത്രത്തിലെത്താം. തദ്ദേശീയരുടെയും വിദേശികളുടെയും തിരക്ക് തന്നെ എവിടെയും. ഫോട്ടോ എടുക്കുന്നതിനുള്ള അവസരങ്ങൾ ഇവിടെ ധാരാളം. എവിടെ നോക്കിയാലും ഫോട്ടോ എടുക്കുന്നവർ. വെള്ളത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളിൽ അതി സാഹസികമായി കയറി പല വിധ ഭാവങ്ങളിലും ഫോട്ടോ എടുക്കുന്ന തരുണീമണികൾ.

ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ഒരു മുറിയിൽ രണ്ടു കൂറ്റൻ ആമകളുണ്ട്. ഈ തടാകത്തിൽ നിന്നും പിടിച്ചവയാണത്രെ. ആന്തരാവയവങ്ങളെല്ലാം നീക്കം ചെയ്ത് ജീവനുള്ളതുപോലെ നിലനിറുത്തിയിരിക്കുന്നു. അതിൽ ഒരാമയുടെ മുഖം വിചിത്രമായിരുന്നു. പൂച്ചയുടെയോ പുലിയുടെയോ മുഖവുമായി എനിക്കതിനു നല്ല സാമ്യം തോന്നി. സന്ദർശകരിൽ ചിലരെല്ലാം  ഈ ആമകളെ  ഭക്‌തി പൂർവ്വം നമസ്‌കരിക്കുന്നുണ്ടായിരുന്നു.

ക്ഷേത്ര സന്ദർശനം നടത്തി തടാകത്തിലെ പാലത്തിൽ നിൽക്കുന്നത് ഒരു അനുഭവം തന്നെയായിരുന്നു. അവിടെ നിന്നും നോക്കിയാൽ ഹാനോയിയുടെ പ്രധാനാകർഷണമായ ടർട്ടിൽ ഗോപുരം കാണുവാൻ കഴിയും. ഈ തടാകം തന്നെ ആമകളുടെ കഥകൾക്ക് പ്രശസ്‌തമാണല്ലോ. പണ്ടേതോ രാജാവിന്റെ മുൻപിൽ ഒരു ആമ പ്രത്യക്ഷപ്പെട്ടതും അനുഗ്രഹം കൊടുത്തതുമായ കഥകൾ ഇവിടെ പ്രശസ്‌തമാണ്. അതിനു ശേഷം രാജാവിന്റെ ഉടവാളിൽ ആമയുടെ ചിത്രം ഉണ്ടായിരുന്നത്രെ. ആമക്ക് അങ്ങനെ ഇവിടെ ഒരു ദൈവീക പരിവേഷവുമുണ്ട്.

ഹാനോയിയിലെ കുളിരും, ത്വക്കിനെ ഇക്കിളിയിടുന്ന കുളിർകാറ്റും, ആരിലും പ്രണയ വികാരങ്ങൾ ഉണർത്തുന്ന ഒരന്തരീക്ഷം തന്നെ. ഇതിനുമുൻപൊരിക്കലും എനിക്കീ വികാരം മറ്റൊരു സ്ഥലത്തുനിന്നും ഇത്രയും തീവ്രമായി ഉണ്ടായിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. മധുവിധുവിനു തിരഞ്ഞെടുക്കുവാൻ ഏറ്റവും ഉത്തമമായ ഒരു സ്ഥലം എന്ന് ഞാൻ ശുപാർശ ചെയ്യും.

മ്യുസിയങ്ങൾ ഇഷ്‌ടപ്പെടുന്നവർക്ക് ഇവിടെ ധാരാളം അവസരങ്ങളുണ്ട്. വിയറ്റ്നാമിന്റെ ചരിത്രം പറയുന്ന ചരിത്ര മ്യുസിയം തുടങ്ങി അനേകം മ്യൂസിയങ്ങൾ ഇവിടെയുണ്ട്. ഹോ ചി മിൻ മ്യുസിയയും, ആർമി, എയർഫോഴ്‌സ്‌ മ്യൂസിയങ്ങളും എടുത്തു പറയേണ്ടവ തന്നെ. ക്ഷേത്ര ദർശനങ്ങൾ നടത്തണമെങ്കിൽ അതിനുമുണ്ട് ഇവിടെ ഏറെ അവസരങ്ങൾ. സാഹിത്യത്തിന് പോലും ഇവിടെ ക്ഷേത്രമുണ്ട്. ടെമ്പിൾ ഓഫ് ലിറ്ററേച്ചർ ഹാനോയിയിലെ ആദ്യകാല സർവകലാശാല കൂടിയാണ്. തടാകത്തിലേക്ക് കയറിക്കിടക്കുന്ന ഞോങ് സെൻ ക്ഷേത്രം, ബാച്ച് മാ ക്ഷേത്രം, ഹാനി ക്ഷേത്രം തുടങ്ങി ധാരാളമുണ്ട് ഈ പട്ടികയിൽ.

ധാരാളം പൂന്തോട്ടങ്ങളും ഇവിടെയുണ്ട്. ഹോവൻ കീം തടാകത്തിനു ചുറ്റും മനോഹരമായ ഉദ്യാനങ്ങൾ തന്നെ. ഇവിടെയെത്തുന്ന ഇണകൾ ഈ തടാകക്കരയിൽ ഇട്ടിരിക്കുന്ന ഇരിപ്പിടങ്ങളിൽ ഇരുന്ന് പ്രണയം പങ്കുവയ്ക്കുന്നത് കൗതുകകരമായ ഒരു കാഴ്‌ചയാണ്.

ഇവിടത്തെ പ്രശസ്‌തമായ വാട്ടർ പപ്പറ്റ് തിയേറ്റർ കുട്ടികളുടെയും മുതിർന്നവരുടെയും ഒരു പ്രധാന വിനോദാകർഷണമാണ്. അതുപോലെ തന്നെയാണ് ഹാനോയ് ഓപ്പറ ഹൗസും ഗോൾഡൻ ബെൽ ഷോയും. ഇവിടെല്ലാം വിയറ്റ്നാമിന്റെ സാംസ്‌കാരിക പ്രകടനങ്ങൾ നേരിൽ കാണുവാൻ കഴിയും.

ലോകത്തിലെ തന്നെ മികച്ചതും സ്വാദിഷ്‌ടവുമായ ഭക്ഷണമാണ് വിയറ്റ്നാമിലേത്. ഭക്ഷണ യാത്രകൾ സംഘടിപ്പിക്കുന്ന ടൂർ കമ്പനികൾ പോലും ഇവിടുണ്ട്. സസ്യമാംസ ഭക്ഷണങ്ങൾ കോർത്തിണക്കുന്നതിൽ അസാമാന്യ വൈദഗ്ധ്യമുള്ളവരാണ് ഇവിടത്തെ ജനത. പന്നി, പോത്ത്, കോഴി, കടൽ വിഭവങ്ങൾ എന്തുമാകട്ടെ, രുചികരമായ ഭക്ഷണം തയാറാക്കുന്നതിൽ ഇവർക്കുള്ള കഴിവ് എടുത്തു പറയേണ്ടത് തന്നെ. ഫോ ഗാ എന്നറിയപ്പെടുന്ന ചിക്കെൻ നൂഡിൽ സൂപ്പ്, ഫോ ബോ എന്നറിയപ്പെടുന്ന ബീഫ് നൂഡിൽ സൂപ്പ് എന്നിവ എടുത്തു പറയേണ്ട വിഭവങ്ങളാണ്. പാമ്പുകളുടെ വിഭവങ്ങളിൽ പ്രാഗൽഭ്യം അവകാശപ്പെടുന്ന ചില ഹോട്ടലുകളും ഇവിടെയുണ്ട്.

ഹാനോയിലെവിടെയും കിട്ടുന്ന മുട്ടക്കാപ്പി ഒരു പ്രത്യേക അനുഭവം തന്നെയാണ്. മുട്ട അടിച്ചു ചേർത്തുണ്ടാക്കുന്ന ഒരിനം കാപ്പിയാണിത്. ഇത് ഹാനോയിയുടെ മാത്രം പ്രത്യേകതയുമാണ്. ഇപ്പോൾ വിയറ്റ്നാമിലെ പല നഗരങ്ങളിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഹാനോയിലെ പഴച്ചാറുകൾക്കുപോലുമുണ്ട് ഒരു പ്രത്യേക രുചി. മിക്ക പഴങ്ങൾക്കൊപ്പവും ഫാഷൻ ഫ്രൂട്ടും ചേർത്താണ് ഇവർ പഴച്ചാറുകൾ ഉണ്ടാക്കുക.

മദ്യവും ബിയറും എവിടെയും സുലഭമായി കിട്ടുന്ന ഈ നഗരത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കുന്നവരെയോ മദ്യപിച്ചു എന്ന തോന്നലുണ്ടാക്കുന്നവരെയോ കണ്ടു കിട്ടുക അത്ര എളുപ്പമല്ല. എവിടെ നോക്കിയാലും ചിരപരിചിതരെപ്പോലെ പെരുമാറുന്നവർ മാത്രം. നല്ലൊരു വിനോദ സഞ്ചാര മനസ്സ് ഇവർക്കുണ്ടെന്നു തോന്നും. ടൂറിസം അവരുടെ വരുമാനമാർഗ്ഗമാണെന്ന് തിരിച്ചറിഞ്ഞവർ.

ഹാനോയിൽ നിന്നും നൂറ്റിയെഴുപത് കിലോമീറ്റർ ദൂരത്ത് അതി മനോഹരമായ ഒരു വിനോദ സഞ്ചാര കേന്ദ്രമുണ്ട്. ഹാ ലോങ്ങ് ബേ  എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് ഒരു ദിവസമോ രണ്ടു ദിവസങ്ങളോ പോക്കറ്റിനനുസരിച്ച്‌ തങ്ങുവാൻ പറ്റുന്ന ടൂർ പ്രോഗ്രാമുകളുണ്ട്. ഗൾഫ് ഓഫ് താൻകിയയിലുള്ള ഈ കടലിടുക്കും, അതിലെ അതി മനോഹരങ്ങളായ ചുണ്ണാമ്പു മലകളും, അതിനുള്ളിലെ ഗുഹകളും, ദ്വീപുകളുമെല്ലാം ഫുക്കറ്റിലെ ആന്തമാൻ കടലിലൂടെയുള്ള യാത്രകൾ ഓർമിപ്പിക്കുന്നവയാണ്.

ഹാനോയിലേക്കുള്ള ഒരു യാത്ര നമ്മുടെ പഞ്ചേന്ദ്രിയങ്ങളെയും ഉത്തേജിപ്പിക്കുന്ന ഒരു അത്‌ഭുതാനുഭവം തന്നെയായിരിക്കും. ആത്‌മാവിനെ തൊട്ടുണർത്തുന്ന ഒരു യാത്രാനുഭവം നൽകുന്നതിൽ ഹാനോയ് എന്നും മുൻപന്തിയിൽ തന്നെയായിരിക്കും. എന്റെ യാത്രകളിൽ മികച്ച ഒരനുഭവം എനിക്ക് സമ്മാനിക്കുവാൻ ഹാനോയിക്ക് കഴിഞ്ഞു. ഇനിയും ഒരിക്കൽ കൂടി ഇവിടെയെത്തണമെന്ന പ്രാർത്ഥനയോടെയാണ്‌ ഞാൻ വിയറ്റ്നാമിലെ തന്നെ മറ്റൊരു നഗരത്തിലേക്ക് പറന്നത്.

– Dr. Suneeth Mathew BHMS, M.Phil(Psy), FCECLD

12 Comments
 1. Dhanya v 1 year ago

  Hanoy nagarathil koode yatra cheyda pole thonni ..valare nallla oru vayananubhavam
  Thanks sunith dr….

 2. Dr.vaishnavi.TK 1 year ago

  Excellent ..u r really blessed to experience it..eagerly waiting to know more about your journey through your articles.

 3. തുഷാര 1 year ago

  ഹാനോയി കണ്ട ഒരു അനുഭവം ലഭിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ

 4. jisha rajagopal 1 year ago

  hanoy city kandapole thonni..sir nannayit explain chaithittund..thnku ..

 5. Nishi Suresh 1 year ago

  വായിച്ചു കഴിഞ്ഞപ്പോൾ ഹാനോയ് സിറ്റിയിലൂടെ ചുറ്റി നടന്ന ഒരു അനുഭൂതി കിട്ടി. നല്ല വിവരണം…… അഭിനന്ദനങ്ങൾ……..

 6. വളരെ മനോഹരമായ യാത്ര – സ്ഥലത്തെ പറ്റി ഒരു ഏകദേശ രുപം താങ്കളുടെ വിവരണത്തിൽ നിന്നും അറിയാൻ കഴിഞ്ഞു കുറച്ചുകൂടി വിശദീകരിച്ച് ഫോട്ടോകൾ സഹിതം ഇട്ടിരുന്നെങ്കിൽ കുടുതൽ ഉപകാരപ്രദമായേനേ.

 7. Author
  Dr. SUNEETH MATHEW 1 year ago

  Thank you Dr Deependran
  It is true

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account