‘വണ്ടർഫുൾ ഇന്തോന്വേഷ്യ’.  ഇത് ഈ രാജ്യത്തിന്റെ വിനോദസഞ്ചാര വകുപ്പിന്റെ ശീർഷകമാണ്. നമ്മൾ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നതുപോലെ. ഈ ശീർഷകം ഇന്തോന്വേഷ്യയ്ക്ക് അനുയോജ്യം തന്നെ. വിസ്‌മയജനകമായ കാഴ്ച്ചകൾ ഒരുക്കിത്തന്നെയാണല്ലോ പ്രകൃതി ഇന്തോന്വേഷ്യയെ ഒരുക്കിയിരിക്കുന്നത്.

എന്നാൽ ഒരു വസ്‌തുത എന്നെ ഏറെ ദുഖിപ്പിക്കുന്നുണ്ട്. എനിക്കേറ്റവും ഇഷ്‌ടപ്പെട്ട നഗരങ്ങളിലൊന്നാണ് ജക്കാർത്ത എന്ന് ഞാൻ സൂചിപ്പിച്ചിരുന്നുവല്ലോ. ഈ നഗരം പ്രതിവർഷം 17 സെന്റീമീറ്റർ (6 .71 ഇഞ്ച്), ചിലയിടങ്ങളിൽ 25 സെന്റീമീറ്റർ വരെയും സമുദ്രത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്നു. അതായത് ഞാൻ പോയതിനേക്കാൾ 34 സെന്റീമീറ്റർ (ഒരടിയിലേറെ) സമുദ്രനിരപ്പ് ഉയർന്നിരിക്കുന്നു. 2050 ൽ ഈ നഗരം വെള്ളത്തിനടിയിലാകും എന്നതാണ് എന്നെ ദുഖിപ്പിക്കുന്നത്.

ലോകത്തിലെ മുങ്ങിക്കൊണ്ടിരിക്കുന്ന രാജ്യ തലസ്ഥാനങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് ജക്കാർത്ത. ജക്കാർത്ത മാത്രമല്ല, ജാവാദ്വീപിന്റെ പലഭാഗങ്ങൾക്കും ഇത് തന്നെയാണാവസ്ഥ. ബോർണിയോ എന്ന വൻദ്വീപിൽ  ഇന്തോന്വേഷ്യയ്ക്ക് ഒരു പ്രവിശ്യയുണ്ട്. കലിമന്താൻ എന്ന പ്രവിശ്യയാണത്. ഇന്തോന്വേഷ്യയുടെ തലസ്ഥാനം 2024 ആകുമ്പോഴേക്കും അവിടേയ്ക്കു മാറ്റുവാൻ തീരുമാനിച്ചിട്ടുണ്ട്.

2100 ൽ അപ്രത്യക്ഷമാകുവാൻ സാധ്യതയുള്ള നഗരങ്ങൾ വേറെയുമുണ്ട്. നൈജീരിയയിലെ ലാഗോസ് ആണ് രണ്ടാമൻ. ഈ നൂറ്റാണ്ടിന്റെ അവസാനം ആ നഗരത്തിൽ ആറരയടി ഉയരത്തിൽ വെള്ളം കയറും എന്നാണ് കണക്കുകൾ പ്രവചിക്കുന്നത്. മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് അമേരിക്കയിലെ ടെക്‌സാസിലെ ഹൂസ്റ്റൺ ആണ്. ഓരോ വർഷവും രണ്ടിഞ്ച് മുങ്ങുന്നു എന്ന് കണക്ക്. നമ്മുടെ അയൽ രാജ്യ തലസ്ഥാനമാണ് മറ്റൊന്ന്. ബംഗ്ളാദേശിന്റെ തലസ്ഥാനമായ ധാക്കയാണ് ഭീഷണി നേരിടുന്ന ഈ നഗരം. ഇറ്റലിയിലെ വെനീസ്, തായ്‌ലന്റിലെ ബാങ്കോക്, ഈജിപ്റ്റിലെ അലെക്‌സാൻഡ്രിയ, ഫ്ലോറിഡയിലെ മിയാമി തുടങ്ങി പല നഗരങ്ങളും മുങ്ങൽ ഭീഷണിയിൽത്തന്നെ. അത്ര സമീപ ഭാവിയിലല്ലെങ്കിലും നമ്മുടെ മുംബൈയും കൊച്ചിയുമെല്ലാം ഭീഷണി നിലനിൽക്കുന്ന നഗരങ്ങൾ തന്നെ.

രണ്ടു പ്രധാന കാരണങ്ങളാണ് ഈ പ്രതിഭാസത്തിനു പുറകിൽ കണ്ടെത്തിയിട്ടുള്ളത്. യാതൊരു നിയന്ത്രണവുമില്ലാതെ ഭൂഗർഭജലം ഊറ്റിയെടുത്തതാണ് ഒരു പ്രധാന കാരണമായി ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്. അമിതമായി വർദ്ധിച്ചുവന്ന ജനപ്പെരുപ്പം ഇതിന്റെ ആക്കം കൂട്ടുകയുമുണ്ടായി. രണ്ടാമത്തെ കാരണം ലോകത്തിനു മുഴുവൻ ബാധകമായ ഗ്ലോബൽ വാമിംഗും മറ്റു കാലാവസ്ഥാ മാറ്റങ്ങളും നിമിത്തം സമുദ്രനിരപ്പിൽ ഉണ്ടായ ഉയർച്ച തന്നെയാണ്.

നമ്മുടെ നഗരങ്ങൾക്ക് ഒന്നാമത്തെ കാരണം ഒരു പാഠമായിരിക്കട്ടെ. നഗരങ്ങൾ വെള്ളത്തിൽ മുങ്ങുന്നതിന്റെ ഒരു പ്രധാന കാരണമായി ഇത് അംഗീകരിച്ചുകഴിഞ്ഞു. അതിവേഗമുള്ള നഗരവൽകരണം ഇതിനെ ത്വരിതപ്പെടുത്തുന്നു. വിദഗ്‌ധമായ ആസൂത്രണങ്ങൾ വഴി നമ്മുടെ നഗരങ്ങളെ കുറേക്കാലം കൂടിയെങ്കിലും സംരക്ഷിച്ചുനിറുത്തുവാൻ നാം ഇനിയെങ്കിലും ശ്രമമാരംഭിക്കണം.

തലസ്ഥാനം കലിമന്താനിലേക്കു മാറ്റുന്നതിനുള്ള കാരണങ്ങളിലൊന്ന്, അവിടെ മാത്രമാണ് അഗ്നിപർവ്വത സ്‌ഫോടനങ്ങളും ഭൂകമ്പങ്ങളും താരതമ്യേന കുറവുള്ളത് എന്നതാണ്. സ്ഥലത്തിനനുസരിച്ചു ജനസംഖ്യയും കുറവാണ് എന്നതും മറ്റൊരു കാരണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപാണ് ബോർണിയോ. ഗ്രീൻ ലാൻഡ് ആണ് ഏറ്റവും വലിയ ദ്വീപ്. മൂന്നു രാജ്യങ്ങളാണ് ബോർണിയോയിലുള്ളത്. സാബ, സരവാക്ക് എന്നീ മലേഷ്യൻ സംസ്ഥാനങ്ങളും, ധനിക രാഷ്‌ട്രമെന്നറിയപ്പെടുന്ന ബ്രൂണൈയും കലിമന്താൻ എന്ന ഇന്തോന്വേഷ്യൻ പ്രവിശ്യയുമാണ് അവ. ഇതിൽ 73 ശതമാനം ഭൂമിയും ഇന്തോന്വേഷ്യയുടേതാണ്. 26 ശതമാനം മലേഷ്യയുടെയും. വെറും ഒരു ശതമാനം മാത്രം ബ്രൂണൈയുടേത്. ബ്രൂണൈ ഒരു കാലത്ത് ലോകത്തിലെ ഏറ്റവും ധനിക രാഷ്‌ട്രമായിരുന്നു. ഇന്നത് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. പെട്രോളിയവും പ്രകൃതി വാതകവുമാണ് ഈ രാജ്യത്തെ ഇത്രയും ധനികരാക്കിയത്.

കലിമന്താനിലും ഇപ്പോൾ പെട്രോളിയം പരിവേഷണം തകൃതിയായി നടക്കുന്നുണ്ട്. ഇവിടെ ഇപ്പോൾത്തന്നെ പെട്രോളിയവും പ്രകൃതി വാതകവുമെല്ലാം നല്ലതോതിൽ ലഭ്യമാണ്. ലോകത്തിലെ തന്നെ പഴക്കമേറിയ മഴക്കാടുകളാണിവിടെയുള്ളത്. 130 മില്യൺ വർഷങ്ങളാണത്രേ ഇതിന്റെ പഴക്കം. ആമസോൺ മഴക്കാടുകളുടെ പഴക്കം 60 മില്യൺ വർഷങ്ങൾ മാത്രമാണെന്നുമോർക്കണം.

പതിനേഴാം നൂറ്റാണ്ടു വരെ ദയക് എന്ന ആദിവാസി സമൂഹം മാത്രമായിരുന്നു കലിമന്താനിൽ ഉണ്ടായിരുന്നത്. മലയയിൽ നിന്നാണ് ഇവിടെ ആദ്യമായി പുറം ലോകത്തുനിന്നും ആളുകൾ എത്തിച്ചേർന്നത്. അവർ ഇവിടെ ബഞ്ചർ എന്ന ഇസ്‌ലാം രാജവംശം തന്നെയുണ്ടാക്കി. 1800 കളിൽ അവിടെയെത്തിയ ചൈനാക്കാർ ഇവരെ തോൽപ്പിച്ച് ലൻഫെങ് എന്നൊരു രാഷ്‌ട്രമുണ്ടാക്കി. 1800 കൾക്കൊടുവിലെത്തിയ ഡച്ചുകാർ പിന്നീട് ഇവിടം ഭരിക്കുവാൻ തുടങ്ങി. പിന്നീട് ജപ്പാൻകാരുടെ ഭരണമായി. ഒടുവിൽ ഇന്തോന്വേഷ്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമാണു ദയക് വംശജർക്ക് ഇവിടെ വീണ്ടും പ്രാതിനിധ്യവും കൂടുതൽ അവകാശങ്ങളും ലഭിക്കുവാൻ തുടങ്ങിയത്.

അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നത് കലിമന്താൻ വനങ്ങളുടെ അധിപരായ  ഉറാങ്ങുട്ടാനുകൾ മാത്രമാണ്.  ഇപ്പോൾ കാഴ്ച്ച ബംഗ്ളാവുകളിലല്ലാതെ ഇവരെ കാണുവാൻ കഴിയുന്നത്  ഇന്തോന്വേഷ്യയിൽ മാത്രമാണ്. സുമാത്രയിലെയും കലിമന്താനിലെയും മഴക്കാടുകളിൽ ഇവർ ഇന്നും സ്വൈരവിഹാരം നടത്തുന്നു. മനുഷ്യൻ കഴിഞ്ഞാൽ ഏറ്റവും ബുദ്ധി കൂടുതലുള്ള മൃഗവും ഇവരാണത്രേ. മലയ്  ഇന്തോന്വേഷ്യൻ ഭാഷകളിൽ നിന്നാണ് ഉറാങ്ങുട്ടാൻ എന്ന പേരുണ്ടായത്. കാട്ടു മനുഷ്യൻ എന്നാണ് ഈ വാക്കിന്റെ അർഥം.

ഇന്തോന്വേഷ്യയിൽ ഏറ്റവും കൂടുതൽ ദേശീയ റിസർവ് ഫോറസ്റ്റുകളും നാഷണൽ പാർക്കുകളും ഇവിടെയാണുള്ളത്. ലോകത്തിലെ പല ആദ്യകാല മൃഗങ്ങളും പക്ഷികളും മറ്റു ജീവജാലങ്ങളും കൊണ്ട് സമൃദ്ധമാണ് കലിമന്താനിലെ മഴക്കാടുകൾ. തലസ്ഥാന നഗരം ഇവിടേയ്ക്ക് മാറ്റിയാൽ അടുത്ത ഇരുപതോ ഇരുപത്തഞ്ചോ വർഷങ്ങൾക്കു ശേഷം നടക്കുന്ന മാറ്റങ്ങളും നമുക്ക് വെറുതേ ചിന്തിച്ചു നോക്കാം.

(തുടരും)

4 Comments
  1. Siji 2 years ago
  2. Nishi Suresh 2 years ago

    കുറെയേറെ അറിവുകൾ പകർന്നു കിട്ടിയ ഒരു അധ്യായം ആയിരുന്നു ഇത്. നന്ദി !

  3. sarath 2 years ago

    wonderful description

  4. BINDU S 2 years ago

    നല്ല വായന

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account