ഭൂമിയിലെ പറുദീസയാണ് യാത്രോദ്ദേശ്യമെങ്കിൽ, അങ്ങനെയൊരു ദ്വീപുണ്ട്. ദൈവത്തിന്റെ ദ്വീപ് എന്നറിയപ്പെടുന്ന ബാലിയാണത്. മനോഹരമായ മലനിരകളും, തട്ടുതട്ടായി നടത്തുന്ന നെൽക്കൃഷികളും, ആരെയും ആകർഷിക്കുന്ന ബീച്ചുകളുമുള്ള ഒരു അത്ഭുത ദ്വീപ്. ഇസ്ലാം രാഷ്ട്രമായ ഇന്തോന്വേഷ്യയിൽ ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന ഒരേയൊരു ദ്വീപ്. ലോകത്തിൽ ആകെയുണ്ടായിരുന്ന ഹിന്ദു രാഷ്ട്രം നേപ്പാൾ ആയിരുന്നല്ലോ. ഇപ്പോൾ ഇന്ത്യക്കു വെളിയിൽ ഇങ്ങനെയൊരു ഹിന്ദു സംസ്കാരം നിലനിൽക്കുന്നത് ബാലിയിൽ മാത്രമാണ്. ബാലി ഒരു രാഷ്ട്രമല്ലെന്നു മാത്രം.
വീടുകളേക്കാളധികം ക്ഷേത്രങ്ങളാണിവിടെ എന്ന് പറഞ്ഞാൽ അതിശയോക്തിയാവുകയില്ല. മിക്ക വീടുകൾക്കും സ്വന്തമായി ഒരു ക്ഷേത്രമുണ്ടാകും ഇവിടെ.ഹിന്ദു ദൈവങ്ങളെയായാണ് ഇവർ ആരാധിക്കുന്നത്. വിഷ്ണു, ശിവൻ, ബ്രഹ്മാവ് എന്നിവരെയാണ് കൂടുതലായും ആരാധിക്കുന്നത്. എന്നാൽ ഇവരുടെയൊന്നും വിഗ്രഹങ്ങൾ കണ്ടിട്ട് എനിക്കവരെ തിരിച്ചറിയുവാൻ കഴിഞ്ഞില്ല. അത്ര വിചിത്ര രൂപികളായാണ് നിർമ്മിതി. അവർ പേര് പറഞ്ഞപ്പോൾ മാത്രമാണ് എനിക്ക് അവരെയൊക്കെ മനസ്സിലാക്കുവാൻ കഴിഞ്ഞത്. ബാലിയിലെ നിർമ്മാണ രീതികളും വ്യത്യസ്തമാണ്.
ബാലി മലയാളികൾക്ക് പരിചയമുള്ള ഒരു സ്ഥലം തന്നെയാണ്. മഹാനായ യാത്രികനും, മലയാള സഞ്ചാര സാഹിത്യത്തിന്റെ പിതാവുമായ ശ്രീ ശങ്കരൻ കുട്ടി പൊറ്റക്കാടിന്റെ ‘ഇന്തോന്വേഷ്യൻ ഡയറി’ ബാലിയുടെ അന്നത്തെ കഥകൾ മലയാളികൾക്ക് പറഞ്ഞു തന്നിരുന്നു. അത് എഴുപതു വർഷത്തോളം പഴക്കമുള്ള കഥകളായിരുന്നു എന്ന് മാത്രം. അതിൽ മിക്കവരുടെയും മനസ്സിൽ പതിഞ്ഞിരുന്നത് മാറുമറയ്ക്കാത്ത സ്ത്രീകളുടെ ചിത്രമായിരുന്നു. എന്നാൽ അത്തരം സ്ത്രീകളെ കാണുവാൻ ഇന്ന് ബാലിയിൽ പോയിട്ട് കാര്യമില്ല. എന്നാൽ അൽപ്പവസ്ത്രധാരികളായ ധാരാളം വിദേശ വനിതകളെ ബാലി ബീച്ചിൽ കണ്ടുമുട്ടാനാകും. ബാലി വളരെയധികം മാറിക്കഴിഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലേക്കുയർന്ന ഇന്തോന്വേഷ്യയിലെ ഏക സ്ഥലവും ബാലി തന്നെയാണ്.
ജാവയുടെ കിഴക്കൻ മുനമ്പിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രം മാറിക്കിടക്കുന്ന ഒരു ദ്വീപാണ് ബാലി. ബാലി ദ്വീപ് അത്ര വലുതുമല്ല, തീരെ ചെറുതുമല്ല. 144 കിലോമീറ്റർ നീളവും 80 കിലോമീറ്ററോളം വീതിയുമുണ്ടാകും ഈ ദ്വീപിന്. നമ്മുടെ കേരളത്തിന്റെ നാലിലൊന്നു മാത്രം വലുപ്പം.
ഡെൻപാസർ അന്തർദ്ദേശീയ വിമാനത്താവളമാണ് അന്തർദ്ദേശീയ സഞ്ചാരികളുടെ പ്രവേശന കവാടം. ജാവയിൽ നിന്നും ബസ് മാർഗ്ഗവും ബാലിയിലെത്താം. ബസ് ഫെറിയുപയോഗിച്ചതാണ് ദ്വീപിലേക്ക് പ്രവേശിക്കുന്നത്. ഇന്ത്യക്കാർക്ക് ബാലി സന്ദർശനത്തിന് സൗജന്യ വിസയാണ്. ഇന്തോന്വേഷ്യയിലെവിടെയും നമുക്ക് വിനോദ യാത്രയ്ക്ക് സൗജന്യ വിസ തന്നെ. ആറു മാസമെങ്കിലും കാലാവധിയുള്ള ഒരു പാസ്പോർട്ടും, അതിൽ രണ്ടു കാലി പേജുകളും ഉണ്ടായിരിക്കണമെന്നത് നിർബന്ധം. മടക്ക യാത്രയുടെ വിമാന ടിക്കറ്റും, ചിലവിനുള്ള പണത്തിന്റെ രേഖകളും ചോദിച്ചാൽ കാണിക്കണമെന്നു മാത്രം.
തിരക്കുള്ള ഒരു വിമാനത്താവളമാണ് ഡെൻപാസർ. മിക്കവാറും ഇന്തോന്വേഷ്യൻ നഗരങ്ങളിൽ നിന്നെല്ലാം ഇവിടേയ്ക്ക് വിമാന സർവീസുകളുണ്ട്. മിക്ക ഏഷ്യൻ രാജ്യങ്ങളിൽ നിന്നും, ഓസ്ട്രേലിയയിൽനിന്നും, യൂറോപ്പിൽ നിന്നുമെല്ലാം ഇവിടേയ്ക്ക് വിമാന സർവീസുകളുണ്ട്. ഇവിടെ നിന്നും ബാലിയുടെ ഹൃദയമെന്നു വിശേഷിപ്പിക്കാവുന്ന കുട്ടയിലേക്ക് അഞ്ചു കിലോമീറ്റർ മാത്രമാണ് ദൂരമെങ്കിലും തിരക്കുള്ള സമയത്ത് ഒരു മണിക്കൂർ വരെ സമയമെടുക്കാറുണ്ട്. ബാലിയിലെ ട്രാഫിക് അത്ര ബുദ്ധിമുട്ടിക്കുന്നതാണ്.
ബാലിയുടെ മുഖം മാറുന്നത് ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ്. ഹിപ്പികളും സർഫർമാരും ബാലി ബീച്ചിനെ അവരുടെ ഒരു കേന്ദ്രമാക്കി മാറ്റുവാൻ തുടങ്ങിയതിന് ശേഷമാണ്. പിന്നീടുണ്ടായ വിനോദസഞ്ചാര വളർച്ച അത്ഭുതാവഹമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറുവാൻ അധികസമയമെടുത്തില്ല എന്നത് ബാലിയുടെ വിനോദസഞ്ചാര ചരിത്രത്തിൽ ഒരു മുതൽക്കൂട്ട് തന്നെയാണ്. 2002 ലും 2005 ലും ഉണ്ടായ തീവ്രവാദി ആക്രമണങ്ങൾ, ഈ വളർച്ചയെ ചെറുതായി തടസ്സപ്പെടുത്തിയെങ്കിലും ബാലി ശക്തമായിത്തന്നെ ഉയർത്തെഴുന്നേൽക്കുകയുമുണ്ടായി. ഇടക്കിടെയുണ്ടാകുന്ന അഗ്നി പർവ്വത സ്ഫോടനങ്ങളുടെ ഫലമായുണ്ടാകുന്ന പുകയും പൊടിപടലവും മൂലം വിമാനത്താവളം അടക്കേണ്ടി വരുന്നത്, ചിലപ്പോഴൊക്കെ ഈ മേഖലയെ ചെറിയ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് കൊണ്ടുപോകാറുണ്ട്. പ്രത്യേകിച്ചും വിനോദ സഞ്ചാര മേഖലയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർക്ക്.
ബാലിയിൽ എനിക്ക് കൗതുകകരമായി തോന്നിയ ചില കാര്യങ്ങളുണ്ട്. അതിലൊന്ന് ഇവിടത്തെ ക്ഷേത്ര പൂജാരിമാർക്ക് സർക്കാർ ശമ്പളമാണത്രേ. ബാലിയിലെ പൂജാരിമാർക്കു മാത്രമല്ല, ഏതു മതത്തിലെ പുരോഹിതർക്കും ഇന്തോന്വേഷ്യയിൽ സർക്കാർ ആണ് ശമ്പളം നൽകുക. ഇവിടെ ന്യുനപക്ഷമാണെങ്കിലും പല മതങ്ങൾ ഉണ്ടെന്നു നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ? എല്ലാ മതങ്ങളോടും ആദരവും സഹിഷ്ണുതയും പുലർത്തുന്ന ഒരു സർക്കാർ ആണിവിടെയുള്ളത്.
മറ്റൊരു രസകരമായ കാര്യം ഇവിടെ ആരോട് ചോദിച്ചാലും നാല് പേരുകൾ മാത്രമേ പറയുകയുള്ളൂ. വയാൻ, മെയ്ഡ്, ന്യോമൻ, കേറ്റ്യൂട്ട് എന്നാണാ നാമങ്ങൾ. ആൺ പെൺ വ്യത്യാസമില്ലാതെ ഈ പേരുകാരാണ് ഇവിടുള്ളവരെല്ലാം. ആദ്യമെനിക്കിതൊരമ്പരപ്പായിരുന്നെങ്കിലും പിന്നീടാണിതിന്റെ കാരണം മനസ്സിലായത്. വയാൻ എന്നാൽ ആദ്യത്തേക്കുട്ടി എന്നർത്ഥം. മെയ്ഡ് എന്നാൽ രണ്ടാമത്തെ കുട്ടി എന്നും ന്യോമൻ എന്നാൽ മൂന്നാമത്തെ എന്നും കേറ്റ്യൂട്ട് എന്നാൽ നാലാമത്തേതെന്നും അർഥം. ബാലിയിൽ പേരിടുന്നത് ഈ ജനനസ്ഥാനങ്ങൾ അനുസരിച്ചാണ്. അഞ്ചാമത്തെ കുട്ടികളെയാരേയും ഞാൻ ബാലിയിൽ കണ്ടെത്തിയില്ല എന്ന് വേണം കരുതാൻ.
അത് പോലെ ഇവിടെ കേട്ടറിഞ്ഞ മറ്റൊരു കാര്യവുമുണ്ട്. കുട്ടികൾ ജനിച്ചാൽ അവരെ മൂന്നുമാസം വരെ തറയിൽ സ്പർശിക്കുവാൻ അനുവദിക്കുകയില്ല. മുഴുവൻ സമയവും മാതാപിതാക്കൾ എടുത്തുകൊണ്ടു നടക്കുമത്രെ. ഓരോ കുട്ടി ജനിക്കുമ്പോഴും അവർക്കു കാവലായി നാല് മാലാഖാമാരുണ്ടാകുമെന്നാണിവരുടെ വിശ്വാസം. കുട്ടിക്ക് നാല് വയസ്സുവരെ അവരോരോരുത്തരും ഈ കുട്ടിയെ സംരക്ഷിക്കുമെന്നും അവർ വിശ്വസിക്കുന്നു. അതേപോലെ കുട്ടികളുടെ കൗമാരദശയിൽ പല്ലുകൾ രാകുക എന്നൊരാചാരമുണ്ട്. ആറു പല്ലുകളാണത്രേ ഇപ്രകാരം രാകുന്നത്. ദേഷ്യം, അസൂയ, തൃഷ്ണ, വിഭ്രാന്തി, ദുരാഗ്രഹം, മദ്യപാനാസക്തി എന്നിവയിൽ നിന്നുമുള്ള മുക്തിക്കായാണ് ഈ ആചാരം.
ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും ഇന്തോന്വേഷ്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും ബാലിയെ വ്യത്യസ്തമാക്കുന്നു. കെട്ടിട നിർമ്മാണ രീതികൾ പോലും ഇവിടെ വ്യത്യസ്തമാണ്. അന്ധവിശ്വാസമാണ് എടുത്തു പറയേണ്ട മറ്റൊന്ന്. ദുർമ്മന്ത്രവാദവും ആഭിചാര കർമ്മങ്ങളുമെല്ലാം ഇവിടെ പരക്കെ നടക്കുന്നു. ഇതൊന്നും ഇവിടെയെത്തുന്ന സഞ്ചാരികളെ ബാധിക്കാറില്ല. അവർക്കു വേണ്ട വിനോദോപാധികളെല്ലാം ബാലി ഒരുക്കിയിട്ടുണ്ട്.
(തുടരും)
Very good read..
ബാലിയെ കുറിച്ചുള്ള വിവരണവും, പിന്നെ ആ കുട്ടി സുഹൃത്തുക്കളും കലക്കി…
life of wanderlust
നല്ല വായനാനുഭവം