ഇന്തോന്വേഷ്യയിൽ പൊതുവേ പുരുഷൻമാരെ മിസ്റ്റർ എന്നും മുതിർന്ന സ്‌ത്രീകളെ മിസ്സിസ് എന്നുമാണ് സംബോധന ചെയ്യുക പതിവ്. ബഹുമാനസൂചകമായി വിളിക്കുമ്പോൾ എല്ലാം അവർ ഇത് പേരിനു കൂടെ ചേർക്കുകയോ, പേരില്ലാതെ തന്നെ ഇത് മാത്രം വിളിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ ബാലിയിൽ ഇത് കുറച്ചു വ്യത്യസ്‌തമാണ്. പുരുഷൻമാരെ ‘ബ്ലി’ എന്നും മുതിർന്ന സ്‌ത്രീകളെ ‘എമ്പോക്കി’ എന്നുമാണ്‌ സംബോധന ചെയ്യുക. ഇത് നമ്മുടെ നാട്ടിൽ വിളിച്ചാൽ എന്താകുമെന്ന് ഞാൻ അപ്പോൾ വെറുതെ ഒരു നിമിഷം ചിന്തിച്ചിരുന്നിരിക്കണം. ചെറിയ പെൺകുട്ടികളെ ‘ഗെക്ക്’ എന്നാണ് സംബോധന ചെയ്യുക. ചെറിയ പെൺകുട്ടികളെ എമ്പോക്കി എന്ന് സംബോധന ചെയ്യുന്നത് പരിഹാസ തുല്യമാണ് ഇവിടെ.

ബാലിക്കാർ സഞ്ചാരികളോട് പൊതുവേ നല്ല മനോഭാവം പുലർത്തുന്നവരാണ്. വിനോദ സഞ്ചാരമാണ് അവരുടെ മുഖ്യ വരുമാന മാർഗ്ഗമെന്നു തിരിച്ചറിഞ്ഞവർ. അവരുടെ വീടുകളിലേക്ക് നമ്മെ ക്ഷണിക്കുവാനും മടികാണിക്കാത്തവർ. ഞാൻ ബാലിയിലെ ഒരു പ്രധാന അഗ്നിപർവ്വതമായ മൌണ്ട് ആഗൂങ് സന്ദർശിക്കുവാൻ പോയ ടാക്‌സിയുടെ ഡ്രൈവർ വയാൻ എന്നോട് അദ്ദേഹത്തിന്റെ വീടുകൂടി സന്ദർശിക്കുവാൻ സാധിക്കുമോ എന്ന് യാത്രാമധ്യത്തിൽ ചോദിക്കുകയുണ്ടായി.ഒരു ബാലി വീട് സന്ദർശനം നഷ്‌ടപ്പെടുത്തണ്ടയെന്ന ചിന്തയിൽ ഞാൻ ആ ക്ഷണം സ്‌നേഹപൂർവ്വം സ്വീകരിക്കുകയും ചെയ്‌തു. ഗംഭീരമായ ഒരു സ്വീകരണമായിരുന്നു എനിക്കവിടെ നിന്നും ലഭിച്ചത്. വർഷങ്ങൾക്കു ശേഷം ഒരു ബന്ധുവീട് സന്ദർശിച്ച അനുഭവം. എന്നിൽ നിന്നും അവർക്കറിയേണ്ടത് ശ്രീരാമനെക്കുറിച്ചും മറ്റു ഹിന്ദു ദൈവങ്ങളെക്കുറിച്ചുമായിരുന്നു. ഇക്കാര്യങ്ങളിൽ അത്യാവശ്യം അറിവുണ്ടായിരുന്നതുകൊണ്ടു അവരുടെ ഭക്‌തി എന്റെ നേരെയും ചെറുതായി തിരിഞ്ഞതായി എനിക്ക് തോന്നി. അതാണ് ബാലിക്കാരുടെ മനസ്സ്. അവർക്കു ഇന്ത്യക്കാരോട് സ്‌നേഹവും ബഹുമാനവു മാണ്.

ഓരോവർഷവും അമ്പതു ലക്ഷം സഞ്ചാരികൾ ബാലിയിലെത്തുന്നുണ്ട് എന്നാണ് കണക്ക്. ഓസ്‌ട്രേലിയയിൽ നിന്നും ചൈനയിൽ നിന്നുമാണ് കൂടുതൽ സഞ്ചാരികളെത്തുന്നത്. ബാലിയിൽ മിക്കവരും ഇംഗ്ലീഷ് സംസാരിക്കും. ചുരുങ്ങിയ പക്ഷം നമ്മൾ പറയുന്നത് മനസ്സിലാക്കുകയെങ്കിലും ചെയ്യും. ഗ്രാമർ തീരെയില്ലാത്ത ഇംഗ്ലീഷ് ആണവർ സംസാരിക്കുന്നതെങ്കിലും, നമുക്കതു മനസ്സിലാക്കിയെടുക്കാൻ വലിയ ബുദ്ധിമുട്ടില്ല.

രസകരമായ ഒരു സംസ്ക്കാരത്തിന്റേയും വ്യത്യസ്‌തമായ ആചാരങ്ങളുടെയും കൂടി നാടാണ്, സൗന്ദര്യം ആവോളം കനിഞ്ഞു ലഭിച്ചിരിക്കുന്ന ബാലി. ബാലിക്ക് സ്വന്തമായി രണ്ടു കലണ്ടറുകളുണ്ട്. ‘സക’ കലണ്ടറും ‘പാവുക്കോൺ’ കലണ്ടറുമാണവ. ഇതിൽ രസകരം പാവുക്കോൺ കലണ്ടർ ആണ്. ഇതിൽ മാസങ്ങൾക്കു പ്രസക്‌തിയില്ല. പത്താഴ്ച്ചകൾ അടങ്ങിയ 210 ദിവസങ്ങൾ മാത്രമാണ് ഈ കലണ്ടറിലുള്ളത്. അതായത് അവരുടെ ഒരു വർഷം 210 ദിവസങ്ങൾ മാത്രം. ‘സക’ കലണ്ടറിൽ പന്ത്രണ്ടു മാസങ്ങളുണ്ട്. ചന്ദ്രമാസങ്ങളാണെന്നു മാത്രം. അതുകൊണ്ടു തന്നെ ഒരു വർഷം 354 ഓ 355 ഓ ദിവസങ്ങൾ മാത്രമാണുണ്ടാകുക. ഗ്രിഗോറിയൻ കലണ്ടറിനേക്കാൾ 78 വർഷങ്ങൾ പുറകിലാണ് ഈ കലണ്ടർ. ഇത് ഇന്ത്യയിൽ നിന്നാകണം ബാലിയിലെത്തിയിട്ടുണ്ടാകുക. ഇത് നമ്മുടെ ശാലിവാഹന സക കലണ്ടറുമായി ബന്ധപ്പെട്ടിരിക്കുന്നു. ചൈത്ര മാസത്തിൽ തുടങ്ങുന്ന നമ്മുടെ കലണ്ടറിൽ 365 ദിവസങ്ങൾ ഉണ്ടെന്നു മാത്രം.

സക കലണ്ടറിലെ ഒന്നാം തിയതി ബാലിക്കാർക്ക് ഒരു പ്രത്യേക ദിവസമാണ്. ബാലിയിൽ നിന്നും അന്നേ ദിവസം ഒരു ശബ്‌ദവുമുണ്ടാകുകയില്ല. ആരും സംസാരിക്കുകയില്ല. ഒരു പ്രവൃത്തിയിലുമേർപ്പെടുകയുമില്ല. എന്തിന്, അന്നേ ദിവസം ബാലിയിൽ ക്‌ട്രിസി ഇലക്‌ട്രിസിറ്റി പോലുമുണ്ടാകുകയില്ല. എല്ലാവരും മെഡിറ്റേഷനുമായി കഴിഞ്ഞുകൂടും. ന്യോപി ദിവസം എന്നാണ് ഇതിവിടെ അറിയപ്പെടുക. ഡേ ഓഫ് സൈലൻസ് എന്നാണിതിന്റെ അർഥം. മനുഷ്യൻ അവന്റെ അന്തസത്തയെക്കുറിച്ച് ബോധവാനാകുന്നതിനു വേണ്ടിയാണത്രെ അവർ ഈ ദിവസം ആചരിക്കുന്നത്. അന്നേ ദിവസം ബാലിയുടെ റോഡുകളിൽ ആരുമുണ്ടാകുകയില്ല. ഭക്ഷണം ഉപേക്ഷിച്ച് ഒരു വാക്കു പോലും സംസാരിക്കാതെ അവരവരുടെ വീടുകളിൽ മൗന പ്രാർത്ഥനകളിലായിരിക്കും അവർ. സാധാരണഗതിയിൽ സഞ്ചാരികളും ഉണ്ടാകാറില്ല.

എ.ഡി ഒന്നാം നൂറ്റാണ്ടിൽത്തന്നെ ബാലിയിൽ ഹിന്ദുമതം എത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഒന്നാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലുള്ള ഹിന്ദു സംസ്‌കാരത്തിന്റെ പല അവശിഷ്‌ടങ്ങളും ബാലിയിൽ നിന്നും, സമീപ ദ്വീപായ ജാവയിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. എ.ഡി നാനൂറുകളിൽ ചൈനീസ് സഞ്ചാരിയായ ഫാഹിയാൻ ഇവിടെ രണ്ടു തരം ഹിന്ദുക്കളുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ന് നാല് പ്രധാന ഹിന്ദു വിഭാഗങ്ങളാണിവിടെയുള്ളത്. ശൂദ്ര, വൈശ്യ, ക്ഷത്രിയ, ബ്രാഹ്മണ വിഭാഗങ്ങളാണവ. അവർ തൊഴിലിൽ മാത്രമാണ് ഇന്ന് വ്യത്യസ്‌തത പുലർത്തുന്നത്. ഇവർ തമ്മിലുള്ള വിവാഹങ്ങളും ഇവിടെ അനുവദനീയമാണ്. ഈ വിഭാഗങ്ങൾ തമ്മിൽ തികഞ്ഞ സഹിഷ്‌ണുത പുലർത്തുന്നതിൽ ഇവർ അതീവ ജാഗ്രത പുലർത്തുന്നുണ്ട്.

ഇത്തരം ചിലകാര്യങ്ങൾ നമ്മൾ ഇന്തോനേഷ്യയിൽ നിന്നും പഠിക്കേണ്ടതുണ്ട്. ഇതെന്റെ മാത്രം അഭിപ്രായമല്ല. ഞാൻ കഴിഞ്ഞ പത്തു ദിവസങ്ങളായി  ഇന്തോന്വേഷ്യയിലായിരുന്നു. ഇന്നലെ ഞാൻ യാത്ര ചെയ്‌തിരുന്ന വിമാനത്തിൽ എന്നോടൊപ്പം ഉണ്ടായിരുന്ന, ഇന്തോന്വേഷ്യയിൽ വർഷങ്ങളായി ബിസിനസ് ചെയ്യുന്ന കാസർകോടുകാരനായ സുബൈറിനും എന്നോട് പറയാനുണ്ടായിരുന്നത് ഇത് തന്നെയായിരുന്നു.
(തുടരും)

5 Comments
 1. Olga George 2 years ago

  വളരെ നല്ല അവതരണം

 2. Dr.vaishnavi.TK 2 years ago

  interesting and curios to know about your next trip ..

 3. Deepak 2 years ago

  Waiting for more facts

 4. Nishi Suresh 2 years ago

  കുറെയേറെ അറിവുകൾ കിട്ടിയ നല്ലൊരു അധ്യായം.

 5. Dr. Bindu R 2 years ago

  നല്ല വായനാനുഭവം സമ്മാനിക്കുന്ന എ ഴുത്ത്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account