മൂവ്വായിരവും അയ്യായിരവും രൂപ വിലയുള്ള ഒരു കപ്പ് കാപ്പി കഴിക്കുന്നവർ ഉണ്ടാകുമോ? ഉണ്ട് എന്നുതന്നെയാണുത്തരം. ‘ലുവാക് കോഫി’ ആണ് ലോകത്തിൽ ഏറ്റവും വിലകൂടിയ കാപ്പി. ഒരു കിലോ കാപ്പിയ്ക്ക് ഒരു ലക്ഷം രൂപ വരെയുണ്ടാകും ഇതിന്റെ വില. ഇത്തരം ഒരു കാപ്പി നിർമ്മാണശാല ഞാൻ ബാലിയിൽ സന്ദർശിക്കുകയുണ്ടായി. രസകരമാണ് ഈ കാപ്പിനിർമ്മാണം.
വെരുക്, മരപ്പട്ടി എന്നൊക്കെ നമ്മൾ വിളിക്കുന്ന ജീവിയുടെ വർഗ്ഗത്തിൽപ്പെട്ട ഒരിനം സിവേറ്റുകളാണ് ഈ കാപ്പി നിർമ്മാണത്തിന് പുറകിൽ. ഇവയെ പൊതുവേ ‘ലുവാക്ക്’ എന്ന് വിളിക്കുന്നതുകൊണ്ടാണ് ഈ കാപ്പിക്ക് ഇങ്ങനെ ഒരു പേരുവന്നത്. കൂട്ടിലടച്ച ലുവാക്കിനെക്കൊണ്ട് തിരഞ്ഞെടുത്ത കാപ്പിക്കുരുക്കൾ കഴിപ്പിക്കുന്നു. പിന്നീട് പൂർണ്ണമായും ദഹിക്കാത്ത കാപ്പിക്കുരുക്കൾ ഇതിന്റെ വിസർജ്ജ്യത്തിൽ നിന്നും ശേഖരിക്കുന്നു. നന്നായി വൃത്തിയാക്കിയെടുത്ത ഈ കാപ്പിക്കുരുക്കൾ വറുത്തു പൊടിച്ചുണ്ടാക്കുന്നതാണ് ഈ കാപ്പി. ഇതിന്റെ രുചിഭേദവും വിലയും തിരഞ്ഞെടുക്കുന്ന കാപ്പിക്കുരുവിനനനുസരിച്ചു വ്യത്യസ്തമായേക്കാം.
ലുവാക് കാപ്പി ഇന്ന് വൻനഗരങ്ങളിൽ, പ്രത്യേകിച്ചും അമേരിക്ക, യൂറോപ്പ്, എന്നിവിടങ്ങളിലെ കോഫി ഷോപ്പുകളിൽ സർവ്വസാധാരണമായി ലഭ്യമാകുന്നു. മലയാളികൾക്ക് ഇത് കുടിക്കണമെങ്കിൽ കൊച്ചി വരെ പോയാൽ മതിയാകും. കഫെ കോപ്പി ലുവാക് എന്നൊരു കോഫി ഷോപ്പുണ്ട് പനമ്പിള്ളി നഗറിൽ. 1600 രൂപയാണ് അവിടെ ഒരു കപ്പ് കാപ്പിക്ക്. ഇത് താരതമ്യേന കുറഞ്ഞ വിലയാണ് എന്നാണ് എന്റെ പക്ഷം. പലയിടങ്ങളിലും മുപ്പത്തഞ്ചു ഡോളർ മുതൽ നൂറു ഡോളർ വരെ വിലയീടാക്കുന്നുണ്ട് ഒരു കപ്പിന്. അതായത് നമ്മുടെ 2500 മുതൽ 7000 രൂപ വരെ.
ഇത്തരം ധാരാളം ഫാക്റ്ററികൾ സുമാത്രയിലും ജാവയിലുമുണ്ട്. ഫിലിപ്പൈൻസിലും ഈ കാപ്പി നിർമ്മിക്കുന്നുണ്ടത്രേ. ഇന്തോന്വേഷ്യൻ കാപ്പിക്കാണ് കൂടുതൽ ആവശ്യക്കാർ. ഈ ഫാക്റ്ററികളുടെ എണ്ണം തന്നെ ഇത്തരം കാപ്പികൾ കുടിക്കുന്നവരുടെ എണ്ണം സമൂഹത്തിൽ ചെറുതല്ല എന്ന് ഓർമ്മിപ്പിക്കുന്നു. ഇതാണ് നമ്മുടെ സമൂഹത്തിന്റെ സാമ്പത്തിക വിരോധാഭാസം. ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്തവരും ലുവാക് കാപ്പി കുടിക്കുന്നവരും തമ്മിലുള്ള അന്തരം.
ഇന്തോന്വേഷ്യൻ കാപ്പി വളരെ പ്രശസ്തവുമാണ്. ഒരുപക്ഷേ വിയറ്റ്നാം കഴിഞ്ഞാൽ ഏറ്റവും രുചികരമായ കാപ്പി കിട്ടുക ഇവിടെയായിരിക്കും. ഡച്ചുകാരാണ് കാപ്പി ഇവിടെയെത്തിച്ചിട്ടുണ്ടാകുക. അഗ്നിപർവ്വത സ്ഫോടനഫലമായി ഉണ്ടാകുന്ന ലാവ കലർന്ന മണ്ണ് കാപ്പിക്കൃഷിക്ക് ഏറെ അനുയോജ്യവുമാണ്. അതുകൊണ്ടു തന്നെയാകണം ബാലിയിലെ കിന്താമണി ഭാഗത്തുള്ള കാപ്പി ലോകപ്രശസ്തമാകുന്നത്. രണ്ടഗ്നിപർവ്വതങ്ങളുടെ സാന്നിധ്യമാണ് ഈ മേഖലയിലുള്ളത്. ഇന്ത്യയിൽ ഏറ്റവും നല്ല കാപ്പിത്തോട്ടങ്ങൾ ഉള്ളത് കർണ്ണാടകയിലെ ചിക്മംഗളൂരാണ്. ഇന്ത്യയിൽ ആദ്യമായി കാപ്പിയെത്തിയതും ഇവിടെത്തന്നെ. എത്യോപ്പിയയിലെ കഫാ പ്രദേശത്തു നിന്നുമാണ് കാപ്പി എന്ന ചെടിയെക്കുറിച്ച് ഒരു പക്ഷേ ലോകമറിഞ്ഞിരിക്കുക. എന്നാൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യമായി പുറത്തറിയുന്നത് അറേബിയയിൽ നിന്നാണ്. അതുകൊണ്ടു തന്നെ കാപ്പിയുടെ ഒരു പ്രധാന വിഭാഗം കോഫിയ അറബിക്ക എന്നാണറിയപ്പെടുന്നത്. പല കാപ്പികളുണ്ടെങ്കിലും ഇന്നും ഏറ്റവും പ്രചാരമുള്ളതു അറബിക്കയും റോബസ്റ്റയും തന്നെയാണ്. കേരളത്തിലെ വയനാട്ടിൽ കൃഷി ചെയ്യുന്നവയും ഇവ തന്നെ.
ബാലിയിൽ ഇത്തരം ഫാക്റ്ററികൾ ടൂറിസത്തിനു വേണ്ടിയും ഉപയോഗിക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണ്. കാപ്പി നിർമ്മാണത്തിന്റെ ഓരോ ഘട്ടവും നമുക്ക് വിവരിച്ചു തരും. ഒരു ചെറിയ കപ്പ് കാപ്പി നമുക്ക് സൗജന്യമായും തരും. കാപ്പിപ്പൊടി വിൽക്കുക എന്നതാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്. ബാലിയിലെത്തുന്ന വിദേശ സഞ്ചാരികളിലാണ് പ്രധാനമായും നോട്ടം. എനിക്കും കിട്ടി ഒരു ചെറിയ കപ്പ് കാപ്പി. രുചിയറിയുവാനുള്ള ആവേശത്തിൽ ഉണ്ടാക്കുന്ന രീതിയെല്ലാം ഒരു നിമിഷം മറന്നിരിക്കണം. എന്നാൽ എനിക്കതു ഒരു പ്രത്യേക അനുഭവമായൊന്നും തോന്നിയില്ല. എന്നാൽ അന്നത്തെ ദിവസം ഞാൻ അത്ര സന്തോഷവാനായിരുന്നില്ല. ഒരു ചെറിയ കൂട്ടിൽ മറ്റൊന്നും കഴിക്കുവാൻ നൽകാതെ, കാപ്പിക്കുരു മാത്രം ഭക്ഷിച്ചു മരിക്കേണ്ടി വരുന്ന ലുവാക് എന്ന കൊച്ചു ജീവികളുടെ കണ്ണുകളിൽ തുടിക്കുന്ന ദയനീയതയായിരുന്നു എന്റെ മനസ്സിൽ.
ബാലിയുടെ വിനോദ സഞ്ചാര മേഖലയിൽ പ്രാധാന്യമുള്ള മറ്റൊന്നാണ് നെൽക്കൃഷി. അത് അതി മനോഹരമാണ്. കുന്നിൻ ചരിവുകളിൽ തട്ടുതട്ടായിട്ടാണ് നെൽക്കൃഷി നടത്തുക. ‘ടെറസ്സ്ഡ്ടെ പാഡി ഫീൽഡ്സ്’ എന്നാണിതറിയപ്പെടുന്നത്. ഹരിതാഭമായ ഈ നെൽപ്പാടങ്ങൾ അതി മനോഹരമായ ഒരു ദൃശ്യാനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. ഈ പാടത്തിലൂടെ നടക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമൊക്കെ സഞ്ചാരികൾ ഇവിടെ ധാരാളം സമയം ചിലവഴിക്കുന്നു. മിക്കയിടങ്ങളിലും ഇതിനനുബന്ധമായി ഭോജന ശാലകളുമുണ്ടാകും. കൗതുക വസ്തുക്കൾ വിൽക്കുന്ന കടകളുമുണ്ടാകും.
ഞാൻ കഴിഞ്ഞ ദിവസം ജക്കാർത്തയിൽ നിന്നും ബാണ്ടൂങ് എന്ന സ്ഥലത്തേക്ക് ഒരു ട്രെയിൻ യാത്ര നടത്തുകയുണ്ടായി. അതി മനോഹരമായ നെൽപ്പാടങ്ങളിൽ കൂടിയായിരുന്നു എന്റെ യാത്ര. നാല് മണിക്കൂർ സമയം പോയതറിഞ്ഞില്ല. ഈ കാഴ്ച്ചകൾക്ക് വേണ്ടി മാത്രം ട്രെയിൻ യാത്ര ചെയ്യുന്നവർ ഇവിടെ ധാരാളം. നമ്മുടെ പാലക്കാടൻ ഗ്രാമങ്ങളിൽ കൂടിയുള്ള യാത്രകളും ഇതുപോലെ മനോഹരമാണ്. ഇതിനെയുൾപ്പെടുത്തി വിനോദസഞ്ചാരം വിപുലമാക്കുന്നതൊന്നും നമ്മൾ ചെയ്യുന്നില്ല എന്ന് മാത്രം. ഇത്തരം കാഴ്ച്ചകൾ കാണുവാനും സഞ്ചാരികളെത്തും എന്നതിന് ബാലി ഒരുദാഹരണമാണ്.
പ്രകൃതിയോടിണങ്ങിയുള്ള വിനോദ സഞ്ചാരമാണ് വളരേണ്ടത്. എന്നാൽ ഇത്തരം സഞ്ചാരങ്ങൾക്ക് ചില ദോഷവശങ്ങളുമുണ്ടാകാം. പ്രകൃതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള സാഹചര്യങ്ങൾ തീർത്തും ഇല്ലാതായെങ്കിൽ മാത്രമേ ഇത്തരം വിനോദ കേന്ദ്രങ്ങൾ പ്രാവർത്തികമാക്കുവാൻ കഴിയുകയുള്ളൂ. പൊതുസ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെയൊരുത്തരുടേയും ഉള്ളിൽ നിന്നുമുണ്ടാകേണ്ട ഒരു സംസ്കാരമാണ്. അത് കൊണ്ട് മാത്രമാണ് പല വിദേശ രാജ്യങ്ങളിലും വിനോദ സഞ്ചാര മേഖല ദ്രുതഗതിയിൽ വളരുന്നതും.
(തുടരും)
നല്ല വിവരണം…
മനുഷ്യൻ നല്ല ഒരു കാപ്പി കുടിക്കാൻ വേണ്ടി…. ലുവാക്കുകൾ സഹിക്കുന്ന ത്യാഗം
വളരെ നല്ല ലേഖനം
very good narration ..
Very interesting article
കാപ്പിയോടുള്ള ഇഷ്ടം പോയോ എന്നൊരു സംശയം. നല്ല എഴുത്ത്