ബാലി ദ്വീപിലെ പ്രവർത്തന നിരതമായ രണ്ടഗ്നിപർവ്വതങ്ങളാണ് മൌണ്ട് ബാത്തൂരും മൌണ്ട് ആഗൂങ്ങും. രണ്ടും അടുത്തടുത്താണെന്നു വേണമെങ്കിൽ പറയാം. വാഹനത്തിൽ പോകണമെങ്കിൽ അമ്പതു കിലോമീറ്റർ ദൂരം വരും. കിന്താമണി എന്ന സ്ഥലത്തുനിന്നും നോക്കിയാൽ ഈ രണ്ടഗ്നിപർവ്വതങ്ങളും കാണുവാൻ കഴിയും. ബാത്തൂർ അഗ്നിപർവ്വതം കാണുവാൻ കിന്താമണി വഴിയാണ് പോകേണ്ടത്. മനോഹരമായ യാത്രയാണ് കിന്താമണിയിലേക്കുള്ളത്. ആഗൂങ് അഗ്നിപർവ്വതത്തിലേക്കുള്ള യാത്രയും അങ്ങനെ തന്നെ. പലവിധ പഴത്തോട്ടങ്ങൾക്കിടയിലൂടെയാണ് യാത്ര. കൂടുതലും ഓറഞ്ചു തോട്ടങ്ങൾ. തോട്ടങ്ങളിൽ വിളയുന്ന പഴവർഗ്ഗങ്ങൾ വിൽക്കുന്ന ചെറിയ കടകൾ എവിടെയും കാണാം. ഉയരം കൂടിയ പ്രദേശങ്ങളായതുകൊണ്ടു എപ്പോഴും തണുപ്പുമുണ്ടാകും.

കിന്താമണിയിൽ ബാത്തൂർ കൊടുമുടി പ്രധാന ആകർഷണമാക്കി ധാരാളം വിനോദ പരിപാടികൾ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു. ബാത്തൂർ കൊടുമുടിയിലേക്കുള്ള ട്രെക്കിങ്ങ് തന്നെയാണ് പ്രധാന ആകർഷണം. 1700 മീറ്റർ ആണ് കൊടുമുടിയുടെ ഉയരം. സൂര്യോദയ ദർശനമാണ് ട്രെക്കിങ്ങിന്റെ പ്രധാന ലക്ഷ്യം. നല്ല ആരോഗ്യമുള്ള ഒരാൾക്ക് രണ്ടു മണിക്കൂർ കൊണ്ട് മുകളിലെത്തുവാൻ കഴിയും. മനോഹരമായ ഒരു ദൃശ്യമാണ് ഇവിടെനിന്നും ലഭ്യമാകുന്നതത്രെ. ധാരാളം വിദേശസഞ്ചാരികളുണ്ടാകും ഈ കാഴ്ച്ചക്ക്. എനിക്ക് ഇത്തരം സൂര്യോദയങ്ങൾ പലയിടങ്ങളിലും അനുഭവിക്കുവാൻ കഴിഞ്ഞതുകൊണ്ടാകാം ഇവിടെ ഈ കാഴ്ച്ചക്ക് ഞാൻ പോകാതിരുന്നത്. കമ്പോഡിയയിലെ അങ്കോർ വാട്ടിൽ, നേപ്പാളിലെ പൊഖാറയിൽ, സിക്കിമിൽ, ഡാർജിലിംഗിൽ തുടങ്ങി പല പ്രശസ്‍ത സൂര്യോദയങ്ങളും കണ്ടിട്ടുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് സൂര്യോദയങ്ങൾ എവിടെയും ഭംഗിയുള്ളവയാണ്. നമ്മുടെ നാട്ടിലും മനോഹരങ്ങളായ സൂര്യോദയങ്ങളും അസ്‌തമയങ്ങളും കാണുവാൻ കഴിയും. നമ്മൾ വേണ്ടവിധത്തിൽ ആസ്വദിക്കുന്നില്ല എന്ന് മാത്രം.

Lake batur scenic view, Kintamani Village in Bali Indonesia.

അഗ്നിപർവ്വത സ്‌ഫോടനങ്ങളുടെ ഫലമായുണ്ടായ ബാത്തൂർ തടാകമാണ് ഇവിടത്തെ മറ്റൊരാകർഷണം. ഇതിലൂടെ കയാക്കിങ് നടത്തുന്നത് സഞ്ചാരികളുടെ മറ്റൊരു വിനോദമാണ്. അഗ്നിപർവ്വതത്തിനു മുകളിലൂടെ ഹെലിക്കോപ്റ്റർ പര്യടനം നടത്തണമെങ്കിൽ അതിനുമുണ്ട് ഇവിടെ സൗകര്യം. ധാരാളം ഓർഗാനിക് തോട്ടങ്ങളുമുണ്ട് ഇവിടെ. അത് വിനോദ സഞ്ചാരത്തിന്റെ ഭാഗവുമാക്കിയിട്ടുണ്ട്. ഇത്തരം തോട്ടസന്ദർശനങ്ങളും സൈക്കിൾ ടൂറുകളും വിദേശ സഞ്ചാരികളെ വലിയ രീതിയിൽ ആകർഷിക്കുന്നുണ്ട് എന്ന് അവരുടെ ഇത്തരം പ്രദേശങ്ങളിലുള്ള സാന്നിധ്യത്തിൽ നിന്നും എനിക്ക് മനസ്സിലായി.

ബാത്തൂർ അഗ്നിപർവ്വതം അവസാനമായി തീ തുപ്പിയത് 2000 ത്തിൽ ആയിരുന്നു. 1999 നവംബർ മുതൽ ഭൂകമ്പങ്ങളുടെ അഴിഞ്ഞാട്ടമായിരുന്നു ഈ പ്രദേശത്താകെ. അതുപോലെ തന്നെയാണ് ആഗൂങ് അഗ്നിപർവ്വതവും. ഞാൻ 2017 ആദ്യ മാസങ്ങളിലാണ് ബാലിയും ഈ അഗ്നിപർവ്വതങ്ങളും സന്ദർശിക്കുന്നത്. 2017 സെപ്റ്റംബറിലാണ് ആഗൂങ് അവസാനമായി പൊട്ടിത്തെറിക്കുന്നത്. ഇതിനു മുൻപ് ഈ അഗ്നിപർവ്വത സ്‌ഫോടനമുണ്ടായത്‌ 1963 ൽ ആയിരുന്നു. ബാലിയിലെ ഏറ്റവും വലുതും പ്രവർത്തനക്ഷമവുമാണ് ഈ അഗ്നിപർവ്വതം. ബാലിയിലെ ജൈവ വ്യവസ്ഥക്ക് ഒട്ടേറെ മാറ്റങ്ങളുണ്ടാക്കിയ സ്‌ഫോടനമായിരുന്നു 63 ലേത്. രണ്ടായിരം ആളുകളെങ്കിലും മരിച്ചിരിക്കും എന്നാണ് കണക്ക്. ഇതിൽ നിന്നുയർന്ന വാതകങ്ങളും പുകയും അനേകം കിലോമീറ്ററുകൾക്കപ്പുറമുള്ള ഗ്രാമങ്ങളിലെ ജീവിതവും താറുമാറാക്കിയിരുന്നു. കൃഷിയെല്ലാം നശിക്കപ്പെട്ടു.

ഈ അഗ്നി പർവ്വത സ്‌ഫോടനത്തിനു പിന്നിൽ ബാലിക്കാർ മാത്രം വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്. ബാലിയിലെ ഏറ്റവും ഉയർന്നതും പവിത്രവുമായ ബസാക്കി ക്ഷേത്രം ഈ അഗ്നിപർവ്വതത്തിലാണുള്ളത്. അവിടെ 100 വർഷങ്ങൾക്കൊരിക്കൽ നടക്കുന്ന ഒരു പൂജയുണ്ട്. ഏകാദശരുദ്ര എന്നാണത്തറിയപ്പെടുന്നത്. 1963 ലെ ഫെബ്രുവരി മാസം അത് നടത്തുവാൻ തീരുമാനമെടുത്തപ്പോൾ, അവിടത്തെ പൂജാരികൾ അത് ശരിയായ സമയമല്ല എന്നറിയിച്ചിരുന്നുവത്രേ. എന്നാൽ അന്നത്തെ പ്രസിഡന്റായിരുന്ന സ്വീകർണോ, ചില വിദേശ പ്രമുഖരുടെ സന്ദർശനം കണക്കാക്കി അതേ ദിവസം തന്നെ നടത്തുവാൻ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ കാലം മാറി ചെയ്‌ത പൂജയാണ് അന്നത്തെ പർവ്വത കോപത്തിന് കാരണം എന്നവർ ഇന്നും വിശ്വസിക്കുന്നു.

ആഗൂങ് പർവ്വതത്തെ ആരാധിക്കുന്നവരാണ് ബാലിക്കാർ. ഇത് പുരാതന കാലം മുതൽ നടന്നു വരുന്നതുമാണ്. ബാലിയിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതവും ഇത് തന്നെ. 3000 മീറ്റർ ആണ് ഇതിന്റെ ഉയരം. അതുകൊണ്ടാണ് കിന്താമണിയിൽ നിന്നും ഈ കൊടുമുടി കാണുവാൻ കഴിയുന്നത്. അത് പോലെ ഈ അഗ്നി പർവ്വതത്തിനു മറ്റുള്ളവയിൽ നിന്നും വ്യത്യസ്‌തമാക്കുന്ന ഒരു പ്രത്യേകതയുമുണ്ട്. ഇതിന്റെ സ്‌ഫോടനം കൃത്യമായി പ്രവചിക്കുവാൻ കഴിയും എന്നതാണത്.

2017 ലെ സ്‌ഫോടനത്തിൽ കാര്യമായ മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. 122,500 ആളുകളെ അതിനു മുൻപ് മാറ്റിപ്പാർപ്പിക്കുവാൻ കഴിഞ്ഞു. ഇതിൽനിന്നുമുയർന്ന പുകയും പൊടിപടലങ്ങളും കാരണം ബാലി വിമാനത്താവളം കുറേ നാളുകൾ അടച്ചിടേണ്ടതായി വന്നു. ഇത്തരം അവസരങ്ങൾ ബാലിക്കാർക്കു വലിയ ബുദ്ധിമുട്ടായിരിക്കും. വിനോദസഞ്ചാരത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണല്ലോ അവർ. ഞാൻ എന്റെ ആദ്യ സന്ദർശനത്തിന് പോയപ്പോൾ എന്റെ ഡ്രൈവർ ആയിരുന്ന വിയാൻ സ്‌ഫോടക സമയത്ത് അവിടെപ്പോയി അതിന്റെ ഫോട്ടോ എടുത്ത് എനിക്കയച്ചു തരികയുണ്ടായി. ബാലിയിലെ ആളുകൾക്ക് സഞ്ചാരികളോടുള്ള പ്രതിബദ്ധതയായി ഞാനിതിനെ സ്‌മരിക്കുന്നു.

അഗ്നിപർവ്വത സ്‌ഫോടനങ്ങളുടെ ഫലമായി ഇവിടെ ധാരാളം തടാകങ്ങൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. അതി മനോഹരമായ ദൃശ്യവിരുന്നൊരുക്കിയാണ് ഇന്നവ നിലകൊള്ളുന്നത്. എല്ലാ തടാകങ്ങളിലും മനോഹരങ്ങളായ ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നു. ബാത്തൂർ പർവ്വതത്തെ ചുറ്റി ബാത്തൂർ തടാകവും, ഇരട്ടത്തടാകങ്ങൾ എന്നറിയപ്പെടുന്ന താബ്ലിംഗൻ ബുയാൻ തടാകങ്ങളും, ബാലിയിലെ രണ്ടാമത്തെ വലിയ തടാകമായ ബ്രത്തനുമെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം കവരുന്നു. ബാലിയിലെത്തുന്ന സഞ്ചാരികൾക്ക് ആഴ്ച്ചകളോ മാസങ്ങളോ ചിലവഴിക്കുവാൻ ഇവിടെ പ്രകൃതിയൊരുക്കിയിരിക്കുന്ന വിസ്‌മയങ്ങൾ ധാരാളം.
(തുടരും)

9 Comments
 1. John 3 years ago

  As usual, very informative and interesting reading.

 2. Yadu R Krishna 3 years ago

  Good article

 3. BINDU S 3 years ago

  വളരെ നല്ല ഒരു യാത്രാ വിവരണം. നല്ല അറിവുകളും പകർന്നു നൽകുന്നു.

 4. Ajeeth 3 years ago

  Excellent, as if we traveled to Bali and a guide assisting us, keep it up Dr. Suneeth

 5. Deepak Thampi 3 years ago

  Very intresting and informative

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account