ക്ഷേത്രങ്ങളുടെ ദ്വീപാണല്ലോ ബാലി. മിക്ക വീടുകൾക്കും സ്വന്തമായി ഒരു ക്ഷേത്രമുള്ള സ്ഥലം. ഇതല്ലാതെ തന്നെ ഇരുപത്തഞ്ചിലേറെ ക്ഷേത്രങ്ങൾ സഞ്ചാരികൾക്കായി ബാലിയിലുണ്ട്. അതിമനോഹരങ്ങളായ ക്ഷേത്രങ്ങൾ. അതിൽ ചിലതിനെക്കുറിച്ചെങ്കിലും ഇവിടെ പ്രതിപാദിക്കേണ്ടത് അനിവാര്യമാണെന്ന് കരുതുന്നു. ബാലിയുടെ സംസ്കാരം ഈ ക്ഷേത്രങ്ങളിലൂടെയാണല്ലോ പ്രതിഫലിക്കുന്നത്.
തന ലോട്ട് ക്ഷേത്രത്തിൽ നിന്നാകാം തുടക്കം. ബാലി സന്ദർശിക്കുന്ന മിക്ക സഞ്ചാരികളും ഈ ക്ഷേത്രവും സന്ദർശിക്കാതെ മടങ്ങാറില്ല. ‘തന’ എന്നാൽ ‘കര’ എന്നാണ് ഇന്തോന്വേഷ്യൻ ഭാഷയിൽ അർഥം. എന്നാൽ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് കരയിലല്ല, കടലിലാണ്. ചില സമയങ്ങളിൽ വെള്ളം മൂടാറുമുണ്ടിവിടെ. വൈകുന്നേരങ്ങളിലാണ് മിക്കവരും ഇവിടെ ദർശനത്തിനെത്തുക. അസ്തമയ സമയത്ത് ഈ ക്ഷേത്രം നൽകുന്നത് അനിർവചനീയമായ ഒരു നയനാന്ദമാണ്. ഛായാഗ്രാഹകരുടെ ഒരു പറുദീസയും കൂടിയാണ് ഈ ക്ഷേത്രം. ബാലിയുടെ പ്രധാന കേന്ദ്രമായ കുട്ടയിൽ നിന്നും ഇരുപതു കിലോമീറ്റർ ദൂരമുണ്ടാകും ഈ ക്ഷേത്രത്തിലേക്ക്.
പതിനാറാം നൂറ്റാണ്ടിൽ ഒരു പാറക്കെട്ടിൽ പണിതുയർത്തിയതാണീ ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു. ആ നൂറ്റാണ്ടിലെ സഞ്ചാരിയും ശിവഭക്തനുമായിരുന്ന ദങ്യാങ് നിരർത്ഥ ആയിരിക്കണം ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുക. കടലിലൂടെ നടന്നുവേണം ഈ ക്ഷേത്രത്തിലെത്തുവാൻ. വേലിയിറക്ക സമയമാണ് ഏറ്റവും അനുയോജ്യം. കടലിലൂടെ ചെറിയ പാത കെട്ടിയൊരുക്കിയിട്ടുമുണ്ട്. അവിടെയും സുവനീർ കടകളും ഭോജനശാലകളും ധാരാളം. ഈ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്തായി മറ്റു എട്ടു ക്ഷേത്രങ്ങൾ കൂടിയുണ്ട്. ഈ ക്ഷേത്രം ഒരു വിശുദ്ധ സർപ്പത്താൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നാണ് ബാലിക്കാരുടെ വിശ്വാസം. നല്ല ഉദ്ദേശത്തോടെയല്ലാതെ ക്ഷേത്രത്തിലെത്തുന്നവരെ ഈ സർപ്പം ദംശിക്കും എന്നും അവർ വിശ്വസിക്കുന്നു.
മുൻ ലക്കത്തിൽ ഞാൻ ബാലിയിലെ 210 ദിവസങ്ങൾ മാത്രമുള്ള കലണ്ടറിനെക്കുറിച്ച് എഴുതിയിരുന്നല്ലോ. അതുപോലെതന്നെ ഇവിടെ 210 ദിവസത്തിലൊരിക്കൽ നടത്തുന്ന ഒരു അനുഷ്ഠാന പൂജയുണ്ട്. ബാലിക്കാരോടൊപ്പം ഇന്തോന്വേഷ്യയിലെ മിക്ക ഹിന്ദുക്കളും ഈ പൂജയിൽ പങ്കെടുക്കാറുണ്ട്.
ഈ ക്ഷേത്രം കടലിനുള്ളിലാണെങ്കിലും ഇവിടെയൊരു ശുദ്ധ ജലധാരയുണ്ട്. അത് എങ്ങനെയാണ് ലഭിക്കുന്നതെന്ന് ഇന്നും ആശ്ചര്യമാണ്. ഇതിനെ വിശുദ്ധ ജലമായും, ഇതിന്റെ ഉറവിടമായ ഒരു കൽഗുഹയെ വിശുദ്ധ ഗുഹയായും ഇവർ ആരാധിക്കുന്നു. ഈ ജലത്തിന് രോഗശാന്തിയുണ്ടാക്കുവാനുള്ള കഴിവുണ്ടെന്നും ഇവർ വിശ്വസിക്കുന്നു. അതുപോലെ രസകരമായ മറ്റൊരു വിശ്വാസവും ഇവിടെയുണ്ട്. ഇണകളായി ഈ ക്ഷേത്രത്തിലെത്തിയാൽ അവരുടെ ബന്ധം അതോടെ ഇല്ലാതാകും എന്നതാണ്. ബാലിക്കാർ പൊതുവെ അന്ധവിശ്വാസികളാണ്.
ദാനു ബ്രത്താൻ ക്ഷേത്രമാണ് മറ്റൊരു മനോഹരമായ ക്ഷേത്രം. ബ്രത്താൻ തടാകക്കരയിലാണ് ഈ ജലക്ഷേത്രമുള്ളത്. ഇതും പതിനാറാം നൂറ്റാണ്ടിലെ ക്ഷേത്രം തന്നെ. ജലദേവതയ്ക്കുള്ള പൂജാകർമ്മങ്ങളായിരുന്നു ഇവിടെ കൂടുതലായും നടന്നിരുന്നത്. ദാനു എന്ന ദേവതയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. കാർഷികാവശ്യങ്ങൾക്കായി പുരാതന കാലം മുതൽ ഇവിടത്തെ കർഷകർ ആശ്രയിച്ചിരുന്നത് ബ്രത്താൻ തടാകത്തെയായിരുന്നു. അതായിരിക്കണം ഈ ക്ഷേത്രം ഇവിടെ നിർമ്മിക്കുവാനുണ്ടായ കാരണം.
അതിമനോഹരമാണ് ഈ ക്ഷേത്രത്തിന്റെ ദൃശ്യം. ഏറ്റവും കൂടുതൽ ഫോട്ടോ എടുക്കപ്പെടുന്ന സ്ഥലം എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ ക്ഷേത്രത്തിന്. ഇവിടത്തെ 50,000 റുപ്യാ നോട്ടിൽ ഈ ക്ഷേത്രത്തിന്റെ പടമാണുള്ളത്. അതുകൊണ്ടാണോ ഇതിന്റെ ഫോട്ടോ എടുക്കുവാൻ ഇത്ര തിരക്ക് അതോ നോട്ടിൽ വരാനുള്ള കാരണം അതായിരിക്കുമോ?
ഉലുവാത്തു ക്ഷേത്രമാണ് ഇവിടത്തെ മറ്റൊരാകർഷണം. കടലിലേക്കുന്തിനിൽക്കുന്ന ഒരു മലയുടെ ചരുവിലാണ് ഈ ക്ഷേത്രം എന്നത് ഇതിന്റെ ഭംഗി കൂട്ടുന്നു. കടലിൽ നിന്നും എഴുപതു മീറ്റർ ഉയരത്തിലാണ് നിർമ്മിതി. അതും കടലിലേക്ക് തള്ളി നിൽക്കുന്നത് പോലെ. ഉലുവാത്തു എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതുമൊരു കടൽ ക്ഷേത്രമാണ്. രുദ്ര എന്ന മൂർത്തിയാണ് ഇവിടെ പ്രതിഷ്ഠ. കുരങ്ങുകളുടെ ആവാസകേന്ദ്രമാണിവിടം. ചിലപ്പോഴെല്ലാം സഞ്ചാരികൾക്കു നേരെയും ഇവ ചില പ്രശ്നങ്ങൾ ഉണ്ടാക്കാറുമുണ്ട്. ഇവിടെയെത്തുന്നവർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്.
കുട്ട കഴിഞ്ഞാൽ ബാലിയിലെ മറ്റൊരു പ്രധാന സ്ഥലമായ ഉബൂദിൽ ഒരു ക്ഷേത്രമുണ്ട്. പുരാ തമാൻ സരസ്വതി എന്നാണിതറിയപ്പെടുന്നത്. തമാൻ എന്നാൽ പൂന്തോട്ടമെന്നും, പുര എന്നാൽ ക്ഷേത്രമെന്നുമാണർഥം. ഈ ക്ഷേത്രത്തിലേക്ക് പോകുന്നത് ഒരു പാലത്തിലൂടെയാണ്. ഇതിന്റെ ഇരുവശങ്ങളും താമരപ്പൊയ്കകളാണ്. അതിമനോഹരമായ ദൃശ്യമാണിത്. ഇവിടെ സരസ്വതി അറിവിന്റെയും സംഗീതത്തിന്റെയും മാത്രമല്ല, ജലത്തിന്റെകൂടി ദേവിയാണ്. പോരാത്തതിന് ബാലിയുടെ സംരക്ഷകയും.
ബസാക്കി ക്ഷേത്രത്തിനെക്കുറിച്ച് ഞാൻ കഴിഞ്ഞ അധ്യായത്തിൽ സൂചിപ്പിച്ചിരുന്നുവല്ലോ. മൌണ്ട് ആഗൂങ് എന്ന അഗ്നിപർവ്വതത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബാലിയിലെ മാതൃക്ഷേത്രം എന്നാണ് ഇതറിയപ്പെടുന്നത്. ആയിരം വർഷങ്ങൾ എങ്കിലും പഴക്കമുണ്ടാകും. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഈ പ്രധാന ക്ഷേത്രം കൂടാതെ മറ്റു 86 ക്ഷേത്രങ്ങൾ കൂടിയുണ്ട്. ബാലിയിലെ ഏറ്റവും വിശുദ്ധമായി കണക്കാക്കുന്ന ക്ഷേത്രം കൂടിയാണിത്. ഈ ക്ഷേത്രം ത്രിമൂർത്തികൾക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. ബ്രഹ്മ, വിഷ്ണു, ശിവൻ എന്നിവർക്ക് തുല്യപ്രാധാന്യമാണിവിടെ. പലപല അഗ്നിപർവ്വതസ്ഫോടനങ്ങളെ അതിജീവിച്ച ഒരു ക്ഷേത്രം കൂടിയാണിത്. ചിലപ്പോഴെല്ലാം ഭാഗീകമായി തകർക്കപ്പെട്ടിരുന്നതൊഴിച്ചാൽ ഇന്നും അതേ പ്രൗഢിയോടെ നിലനിൽക്കുന്നു എന്നത് തന്നെ ഒരത്ഭുതമാണ്.
ഇനിയും എഴുതപ്പെടേണ്ടതായ ക്ഷേത്രങ്ങൾ ഇവിടെ ധാരാളം. മധ്യ ബാലിയിലെ പുരാ തീർത്ഥ എംപൂൾ, കിഴക്കൻ ബാലിയിലെ പുരാ എംപുയാങ്, പുരാ ഗോവ ലാവ, തെക്കൻ ബാലിയിലെ പുരാ തമാൻ ആയുർ തുടങ്ങിയവയും സഞ്ചാരികൾക്കു സമ്മാനിക്കുന്നത് വിസ്മയകരമായ ദൃശ്യവിരുന്ന് തന്നെയാണ്. എത്ര കണ്ടാലും മതിവരാത്ത ദൃശ്യങ്ങൾ തന്നെയാണ് ബാലിയുടെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ബാലിയിലെത്തുന്ന സഞ്ചാരികൾ ബാലി വിട്ടുപോകുവാൻ മടിക്കുന്നതും ഇതുകൊണ്ടു തന്നെയാകണം.
(തുടരും)
Very nice way of describing temples
Good article
as usual this one also very interesting…