ജക്കാർത്തയിൽ നിന്നും നൂറ്റിനാപ്പതു കിലോമീറ്റർ ദൂരത്തിൽ സമുദ്രനിരപ്പിൽ നിന്നും എണ്ണൂറു മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമുണ്ട്. ബാണ്ടൂങ് എന്നാണീ സ്ഥലത്തിന്റെ പേര്. ഇതിന്റെ തലസ്ഥാന നഗരവും ഇത് തന്നെ. വർഷത്തിലുടനീളം സുഖകരമായ കാലാവസ്ഥയാണിവിടെ. ജക്കാർത്തക്കാരുടെ വാരാന്ത്യ സുഖവാസ കേന്ദ്രവും കൂടിയാണിത്. അഗ്‌നിപർവ്വതങ്ങളുടെ നടുവിലാണ് മനോഹരമായ ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. എല്ലാവശങ്ങളിലും തീ തുപ്പുവാൻ തയ്യാറായി നിൽക്കുന്ന അഗ്‌നിമലകൾ.

ഡച്ച് ഈസ്റ്റ് ഇൻഡീസ് കമ്പനി ജക്കാർത്തയിൽ നിന്നും അവരുടെ തലസ്ഥാനം ഇവിടേയ്ക്ക് മാറ്റുവാനുണ്ടായിരുന്ന ഒരു പ്രധാന കാരണം, ഇവിടത്തെ കുളിരുള്ള കാലാവസ്ഥയും തേയിലത്തോട്ടങ്ങൾക്ക് അനുയോജ്യമായ ഭൂപ്രകൃതിയും തന്നെയാകണം. ഡച്ച് ഈസ്റ്റ് ഇൻഡീസ് കമ്പനിയാണ് ഇവിടെ തേയിലത്തോട്ടങ്ങൾ തുടങ്ങിയത്. ഇന്നിവിടത്തെ തേയിലത്തോട്ടങ്ങൾ ലോകപ്രശസ്‌തവുമാണ്. അഗ്‌നിപർവ്വതങ്ങളിൽ നിന്നും ഒഴുകിയിറങ്ങുന്ന ലാവ ഈ മണ്ണിനെ അതിഫലപുഷ്‌ടമാക്കിയിട്ടുണ്ടെന്നത്, ഇവിടത്തെ കാർഷിക രംഗം കണ്ടാൽ മനസ്സിലാകും. എല്ലാത്തരം കൃഷികളും ഇവിടെയുണ്ട്. നെൽകൃഷിക്കും ഈ പ്രദേശം പ്രസിദ്ധമാണ്.

ഞാൻ കഴിഞ്ഞ മാസം (ജനുവരി 2020) ബാണ്ടൂങ് സന്ദർശിച്ചിരുന്നു. ഇതെന്റെ രണ്ടാമത്തെ സന്ദർശനമായിരുന്നു. രണ്ടു വർഷങ്ങൾക്കു മുൻപും ഞാനിവിടെ സന്ദർശിച്ചിട്ടുണ്ട്. ഇന്തോന്വേഷ്യയുടെ നാലാമത്തെ വലിയ നഗരമാണ് ബാണ്ടൂങ്. ഡച്ച് കെട്ടിട നിർമ്മാണ ഭംഗി എവിടെയും ദർശിക്കുവാൻ കഴിയും. പഴയകാല കെട്ടിടങ്ങൾ പ്രൗഢിയോടുകൂടി നിലനിർത്തിയിരിക്കുന്നു. ഒപ്പം പുതിയ കാലഘട്ടത്തിന്റെ അംബരചുംബികളും. പല നിരത്തുകളും പാരീസിനെ ഓർമ്മപ്പെടുത്തുന്നതാണ്. ബാണ്ടൂങിന് ജാവയുടെ പാരീസ് എന്നും പേരുണ്ട്.

ജക്കാർത്തയിൽ നിന്നും ബാണ്ടൂങ്ങിലേക്കു പോകണമെങ്കിൽ പല മാർഗ്ഗങ്ങളുണ്ട്. വിമാനം, ടാക്‌സി, ബസ്, ട്രെയിൻ എന്നിവയാണ് അവ. ഇതിൽ ഏറ്റവും മനോഹരം ട്രെയിൻ യാത്ര തന്നെ. ഒട്ടും വിരസമാകാത്ത യാത്ര. മൂന്നു മണിക്കൂർ യാത്രയുണ്ടാകും. കൃഷിടങ്ങളും വനങ്ങളും നിറഞ്ഞ പ്രദേശങ്ങളിലൂടെ മാത്രമുള്ള യാത്ര. നെൽപ്പാടങ്ങളുടെ ഭംഗിയാസ്വദിക്കുവാൻ ഏറ്റവും അനുയോജ്യം. യാത്രയിൽ ധാരാളം പാലങ്ങൾ കടന്നു പോകണം. ഒരു തുരംഗവുമുണ്ട്. കുന്നും മലകളും ഗർത്തങ്ങളുമുള്ള ഭൂപ്രകൃതി. സമയം കടന്നുപോകുന്നതറിയുകയേയില്ല.

ജക്കാർത്തയിലെ ഗംഭീർ റെയിൽവേ സ്‌റ്റേഷനിൽ നിന്നുമാണ് ബാണ്ടൂങ്ങിലേക്കുള്ള ട്രെയിനുകൾ പുറപ്പെടുന്നത്. ദീർഘദൂര ട്രെയിനുകൾ പുറപ്പെടുന്ന ഒരു സ്റ്റേഷൻ ആണിത്. ഒരു വിമാനത്താവളം പോലെ മനോഹരമാണിത്. ട്രെയിനുകളും മനോഹരങ്ങളാണ്. നൂതന സൗകര്യങ്ങളുള്ള ഇരിപ്പിടങ്ങൾ ഒരു വിമാനത്തിനുള്ളിലേക്കാൾ ആകർഷണീയമാണ്. വൃത്തിയുള്ള ടോയ്‍ലെറ്റുകൾ. നമ്മുടെ നാട്ടിലും ഇപ്പോൾ ചില ട്രെയിനുകളിലൊക്കെ ഈ സൗകര്യങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. അത് കേടാക്കുന്നതിനും വൃത്തികേടാക്കുന്നതിനും ഇവിടെ ചിലർ ഉണ്ടാകും എന്നതാണ് നമ്മുടെ പ്രധാന പ്രശ്‍നം. പൊതുമുതൽ സംരക്ഷിക്കുവാൻ നമുക്കറിയില്ല എന്ന് പറയാതിരിക്കുവാൻ കഴിയുകയില്ല.

സർവകലാശാലകളുടെ നഗരമാണ് ബാണ്ടൂങ്. പതിനേഴു സർവകലാശാലകളാണ് ഇവിടെയുള്ളത്. അൻപതിലേറെ കോളേജുകളും നൂറുകണക്കിന് സ്‌കൂളുകളും ഇവിടെയുണ്ട്. എവിടെയും വിദ്യാർത്ഥികളുടെ തിരക്ക് നമുക്കനുഭവപ്പെടും. ബ്രാഗ തെരുവാണ് അതിനേറ്റവും നല്ല ഉദാഹരണം. വൈകുന്നേരമായാൽ വിദ്യാർത്ഥികളേയും സഞ്ചാരികളേയും കൊണ്ട് നിറയും. കൊളോണിയൻ കാലഘട്ടത്തിനെ ഓർമ്മപ്പെടുത്തുന്ന കെട്ടിടങ്ങൾ. പാരീസിലെ ഒരു തെരുവിലൂടെ നടക്കുകയാണെന്നേ തോന്നൂ. ഇന്നിത് കഫേകളും, ജാസ് ബാറുകളും, ഉയർന്ന റെസ്റ്റോറെന്റുകളും, ബേക്കറികളും, കേക്ക് ഷോപ്പുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. എവിടെയും സംഗീതം. യുവജനങ്ങളുടെ ആഘോഷത്തിമിർപ്പ്. ബ്രാഗ തെരുവ് ബാണ്ടൂങിലെ ഒരു അനുഭവമാണ്.

ട്രാൻസ് സ്റ്റുഡിയോ മാൾ ആണ് ഇവിടത്തെ മറ്റൊരാകർഷണം. ഇവിടത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളാണിത്. മിക്ക ബ്രാൻഡുകൾക്കും ഇതിൽ ഷോറൂമുകളുണ്ടാകും. ഫാഷന്റെ തലസ്ഥാനമെന്നാണ് ബാണ്ടൂങ് അറിയപ്പെടുന്നത്. പ്രത്യേകിച്ചും തുണിത്തരങ്ങളുടെ. ബാണ്ടൂങ്കിൽ ഷോറൂമുകളില്ലാത്ത ലോകോത്തര ബ്രാൻഡുകൾ കുറവായിരിക്കും. ആകർഷണീയമായ വിലയാണ് മറ്റൊരു പ്രത്യേകത. മലേഷ്യയിൽനിന്നും സിങ്കപ്പൂരിൽ നിന്നുമെല്ലാം ആളുകൾ തുണിത്തരങ്ങൾ വാങ്ങുവാൻ ഇവിടെയെത്താറുണ്ട്. അവരുടെ രാജ്യങ്ങളിൽ ലഭിക്കുന്നതിനേക്കാൾ വൻ ലാഭത്തിൽ ഇവിടെ ലഭിക്കും എന്നതിനാലാണിത്. നല്ല ഗുണ നിലവാരവും ന്യായവിലയുമാണ് ബാണ്ടൂങ്ങിനെ ഈ പ്രശസ്‌തിയിലെത്തിച്ചിരിക്കുന്നത്.

ഗെഡൂങ് സെയ്റ്റ് ആണ് ഇവിടത്തെ ഏറ്റവും മനോഹരമായ കെട്ടിടം. ഡച്ച്-ഇന്തോന്വേഷ്യൻ കെട്ടിട നിമ്മാണ സമുന്വയം ആണിതിന്റെ പ്രത്യേകത. പരിപൂർണ്ണ തൃപ്‌തി നൽകുന്ന കെട്ടിടം എന്നാണ് ഈ പേരിന്റെ അർഥം. ഇന്നിത് ഇവിടത്തെ ഗവർണ്ണറുടെ വസതിയും ഓഫീസുമായാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ അടിഭാഗത്ത് ഒരു മ്യുസിയവുമുണ്ട്. പുതിയ സാങ്കേതിക വിദ്യയുടെ മികവും സാധ്യതകളും പ്രകടമാക്കുന്ന ഒരു മ്യുസിയം.

വളരെ രസകരമായ ഒരു സംഭവമുണ്ടായി. ഞാൻ മ്യുസിയത്തിനകത്തുകൂടി എങ്ങനെയോ ഗവർണ്ണറുടെ ഓഫീസിൽ എത്തിച്ചേർന്നു. പ്രവേശനമില്ലാതിരുന്ന ഏതോ വാതിലിലൂടെ ഉള്ളിൽ പ്രവേശിച്ചിട്ടുണ്ടാകും. മ്യുസിയത്തിന്റെ ഭാഗം എന്നൊരുപക്ഷേ കരുതിയിരുന്നിരിക്കാം. ഉടൻ തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻമാരെത്തി, എങ്ങനെയിവിടെ എത്തിയെന്നാരാഞ്ഞു. പെർമിഷൻ ഉണ്ടോ എന്ന ചോദ്യത്തിന് ‘ഇതൊരു മ്യുസിയം അല്ലേ? ടിക്കറ്റ് എടുത്തിട്ടുണ്ട്’ എന്ന് ഞാനും മറുപടി നൽകി. ‘ഇത് മ്യുസിയത്തിന്റെ ഭാഗമല്ല, ഇവിടത്തെ ഗവർണ്ണറുടെ ഓഫീസ് ആണ്. അനുമതിയില്ലാതെ ഇവിടെ പ്രവേശിക്കാനാകില്ല’ എന്നായി അവർ. ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് ആ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അവിടെയെത്തി. അദ്ദേഹം എന്നോട് ആരാണ്, എവിടെനിന്നും വരുന്നു, എന്താണ് ജോലി തുടങ്ങിയ കാര്യങ്ങൾ വളരെ സൗമ്യമായി തിരക്കി. എന്റെ മറുപടിയിൽ തൃപ്‌തനായതുകൊണ്ടോ അതോ അദ്ദേഹത്തിന്റെ സ്വഭാവ ഗുണം കൊണ്ടോ, ഇവിടം കാണണമെന്നുണ്ടോ എന്നന്വേഷിച്ചു. ഇത്ര മനോഹരമായ ഈ കെട്ടിടം കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് ഞാനും മറുപടി കൊടുത്തു. അദ്ദേഹം അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥൻമാരോട് എന്നെ എല്ലായിടവും കാണിച്ചു കൊടുക്കുവാൻ ആവശ്യപ്പെടുകയും ചെയ്‌തു. അവർ എന്നെ എല്ലായിടവും കൊണ്ട് നടന്നു കാണിക്കുകയും, ഫോട്ടോകൾ എടുക്കുവാൻ അനുവദിക്കുകയും ചെയ്‌തു. ഒടുവിൽ ഒരു ഹസ്‌തദാനവും നൽകി ആ ഉദ്യോഗസ്ഥൻ എന്നെ യാത്രയുമാക്കി.

ഞാനപ്പോൾ ഓർത്തത് മറ്റൊന്നായിരുന്നു. നമ്മുടെ രാജ്യത്തെ ഒരു ഗവർണ്ണറുടെ വസതിയിൽ ആയിരുന്നു ഇപ്രകാരം കയറിയിരുന്നതെങ്കിൽ, എത്ര ദിവസം ഞാൻ തടവിൽ കിടക്കേണ്ടിവരുമായിരുന്നു? എത്ര പേരുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വരുമായിരുന്നു? എൻ.ഐ.എ. പോലുള്ള ഏജൻസികൾ പോലും ചോദ്യം ചെയ്യലിന് പറന്നെത്തുമായിരുന്നില്ലേ? നമ്മുടെ ദൃശ്യമാധ്യമങ്ങൾ എന്തെല്ലാം കഥകൾ മിനഞ്ഞെടുക്കുമായിരുന്നു? അന്തിച്ചർച്ചകളിൽ എന്തൊക്കെ പദവികൾ ചാർത്തിത്തരുമായിരുന്നു?

ബാണ്ടൂങ് വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല.
(തുടരും)

3 Comments
  1. Anitha 2 years ago

    Valare nallathu

  2. Ajeeth 2 years ago

    Excellent, keep it up

  3. Dr.vaishnavi.TK 2 years ago

    good narration doctor ..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account