ബാലിപോലെ തന്നെയാണ് ബാണ്ടൂങ്ങും. അഗ്നിപർവ്വതങ്ങൾ ടൂറിസത്തിനുവേണ്ടി ഉപയോഗിക്കുന്ന ഇന്തോന്വേഷ്യയിലെ മറ്റൊരു പ്രദേശം. ഒരു പ്രദേശത്തിന് മൊത്തം ദുരിതം വിതയ്ക്കുന്ന ഒരു പ്രകൃതിസൃഷ്ടിയെ എങ്ങനെ അവരുടെ വരുമാന മാർഗ്ഗവുമാക്കാമെന്നതിന് ഉദാഹരണങ്ങളാണിവ.
തങ്കുബാൻ പെരാഹു ആണ് ഇവിടത്തെ പ്രധാന അഗ്നിപർവ്വതം. ബാണ്ടൂങ്ങിൽ നിന്നും മുപ്പതു കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. കഴിഞ്ഞവർഷം ജൂലൈ മാസത്തിലാണ് (2019) ഇത് അവസാനമായി തീ തുപ്പിയത്. അഗ്നിപർവ്വത മുഖത്തുള്ള വിള്ളലിന് മുകളിലൂടെ നടക്കാം എന്നൊരു പ്രത്യേകതയും ഇവിടെയുണ്ട്. എന്നാൽ സുരക്ഷയെക്കരുത്തി ഈ നടത്തം നിരോധിക്കുവാൻ തീരുമാനമുണ്ടന്നറിയുവാൻ കഴിഞ്ഞു. തിളച്ചു മറിയുന്ന ജലധാരയും ചൂടിൽ ഉരുകുന്ന മണ്ണും നമുക്കിവിടെ കാണുവാൻ കഴിയും. ഒരു മുട്ട വാങ്ങി ഈ മണ്ണിൽ വച്ചു പുഴുങ്ങിയെടുക്കാം. അതിനും ധാരാളം പേർ ഇവിടെയുണ്ടാകും. ഇതിനോടനുബന്ധിച്ച് മുട്ട വ്യാപാരവും തകൃതിയായി നടക്കുന്നു. ലാവാ മണ്ണിൽ മസ്സാജ് ചെയ്യുന്നതിനും ഇവിടെ സൗകര്യമുണ്ട്. ഈ ജലമണ്ണ് മില്ലി കണക്കിൽ വിൽക്കുന്നവരുമുണ്ട്. അത് മറ്റൊരു വ്യാപാരം. ചൂടുജലധാരയിൽ കുളിക്കുന്നതിനും ഇവിടെ അവസരമുണ്ട്.
കവാ പുട്ടി തടാകമാണ് മറ്റൊരു പ്രധാന ആകർഷണം. വെളുത്ത അഗ്നിപർവ്വതമുഖം എന്നാണീ പേരിന്റെ അർഥം. ബാണ്ടൂങ്ങിൽ നിന്നും അമ്പതു കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. മല കയറിത്തന്നെ അവിടെയെത്തണം. സമുദ്ര നിരപ്പിൽ നിന്നും 2400 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നല്ല തണുപ്പുള്ള പ്രദേശവുമാണിത്. രണ്ടഗ്നിപർവ്വതങ്ങളുടെ ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇരട്ട അഗ്നിപർവ്വതങ്ങൾ എന്നാണു തദ്ദേശീയർ ഇവയെ വിളിക്കുന്നത്. AD 1600 നു ശേഷം ഇവ സ്ഫോടനം നടത്തിയിട്ടില്ല. ഈ തടാകത്തിലെ ജലത്തിന് വെളുത്ത നിറമാണ്. ഇതിലെ വലിയ അളവിലുള്ള സൾഫർ ആണ് ഈ നിറത്തിനു കാരണം. കഠിനമായ അമ്ലസ്വഭാവമുള്ളതാണ് ഇതിലെ വെള്ളം. വെള്ളത്തിൽ വിരൽ മുക്കുന്നതു പോലും ഇവിടെ നിരോധിച്ചിട്ടുണ്ട്. ജീവജാലങ്ങൾ ഒന്നുമില്ലാത്ത തടാകമാണിത്. ഇവിടെ ഗന്ധകത്തിന്റെ അതിരൂക്ഷമായ ഗന്ധമുണ്ടാകും. ഇതിനായി മാസ്ക് വിൽക്കുന്നവരും ഇവിടെ ധാരാളം. ഇത് മറ്റൊരു കച്ചവടം.
പട്ടെൻഗാങ് തടാകമാണ് ഇവിടത്തെ മറ്റൊരു പ്രധാന കേന്ദ്രം. സമുദ്ര നിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിലാണ് ഈ തടാകവും. ഇതും രണ്ടഗ്നിപർവ്വതങ്ങൾക്കിടയിൽത്തന്നെ. സാൻഡ്വിച്ച് തടാകം എന്നും ഇതിന് പേരുണ്ട്. അതി മനോഹരമായ ദൃശ്യ വിരുന്നൊരുക്കിയാണ് ഈ തടാകം സഞ്ചാരികളെ കാത്തിരിക്കുന്നത്. പുതുതായി വിവാഹിതരാകുന്നവരുടെ ഇഷ്ട പ്രദേശം കൂടിയാണിവിടം. മധുവിധുവിനും വിവാഹാനന്തര ഫോട്ടോഗ്രഫിക്കും ധാരാളം പേർ ഇവിടെയെത്തുന്നു. സുഖകരമായ കാലാവസ്ഥയും റിസോർട്ടുകളുടെ ആധിക്യവും ഇവിടം മധുവിധു ആഘോഷകരുടെ പറുദീസയാക്കുന്നു.
ദുസൂൺ ബാംബൂ പാർക്കാണ് സഞ്ചാരികളുടെ മറ്റൊരു ഇഷ്ട വിനോദ കേന്ദ്രം. പതിനഞ്ചു ഹെക്റ്റർ സ്ഥലത്താണ് ഈ പാർക്കൊരുക്കിയിരിക്കുന്നത്. കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിക്കുന്ന ഒരു വിനോദ കേന്ദ്രമാണിത്. വിനോദത്തിനായി ധാരാളം ആക്റ്റിവിറ്റീസ് ഇവിടെയൊരുക്കിയിട്ടുണ്ട്. ഭീമാകാരങ്ങളായ ബാംബൂ രൂപങ്ങൾ സഞ്ചാരികളെ കവാടത്തിൽ വരവേൽക്കുന്നു. ഇവിടെ വലിയ പാലങ്ങളടക്കം മിക്കതും ബാംബൂ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നവയായാണ്. മറ്റൊരു ലോകത്തു പ്രവേശിച്ചിരിക്കുന്ന അനുഭവമാണ് ഇവിടെയെങ്ങും. ഇതിനുള്ളിൽ രണ്ടു റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്. ഒരു ദിവസമോ രണ്ടു ദിവസങ്ങളോ ചെലവഴിക്കുന്നതിനുള്ളത്ര ആക്റ്റിവിറ്റീസ് ഇതിനുള്ളിലുണ്ട്.
ഭക്ഷണപ്രിയരുടെ പറുദീസയാണ് ബാണ്ടൂങ്. രുചികരമായ വിവിധ തരം വിഭവങ്ങളാണ് ബാണ്ടൂങ്ങിൽ നിന്നും സഞ്ചാരികൾക്ക് അനുഭവഭേദ്യമാകുന്നത്. ഭക്ഷണത്തിനു മാത്രമായി ഇവിടം സന്ദർശിക്കുന്നവരുമുണ്ട്. ബുരാറാങ് തെരുവ് ഇത്തരത്തിലുള്ള ഭക്ഷണവൈവിധ്യങ്ങൾക്ക് പേര് കേട്ടതാണ്.
പൊരിച്ചതും പുഴുങ്ങിയതുമായ മൽസ്യ അപ്പങ്ങളാണ് (fish cakes) ഇന്തോന്വേഷ്യയിലെ ഒരു പ്രധാന വിഭവം. ദ്വീപുകൾക്കനുസരിച്ച് രുചി വ്യത്യാസമുണ്ടാകുമെന്നു മാത്രം. ഞാൻ ഇത് മുൻപ് സുമാത്രയിൽ നിന്നും കഴിച്ചിരുന്നു. വേവിച്ച മീനും, ധാന്യപ്പൊടിയും, മുട്ടയും, ഉപ്പും, വെള്ളവുമാണ് ഇതിന്റെ പ്രധാന ചേരുവകൾ. ഇവയെല്ലാം കുഴച്ചു വേവിച്ചെടുക്കും. ചിലപ്പോഴെല്ലാം ഇത് പൊരിച്ചും തയ്യാറാക്കും. ഇത് രുചികരമായ സോസും വിനാഗിരിയും ചേർത്ത ഒരു ലായനിയിൽ മുക്കിയാണ് കഴിക്കേണ്ടത്. പെംപെക്ക് എന്നാണിത് ഇവിടങ്ങളിൽ അറിയപ്പെടുന്നത്. ഇത് ഇന്തോന്വേഷ്യയുടെ ഒരു പാരമ്പര്യ വിഭവമാണ്.
ബബൂർ ആയം ഗിബ്ബാസ് ആണ് മറ്റൊരു വിഭവം. ബബൂർ എന്നാൽ പോറിഡ്ജ് എന്നും ആയം എന്നാൽ ചിക്കൻ എന്നുമാണർത്ഥം. ആവി കയറ്റിയുണ്ടാക്കുന്ന ചിക്കൻ ചെറു കഷണങ്ങളാക്കിയുണ്ടാക്കുന്ന ഒരു പോറിഡ്ജ് ആണിത്. മറ്റു മാംസങ്ങൾ, കടൽ വിഭവങ്ങൾ, കൂണുകൾ, ഇലവർഗ്ഗങ്ങൾ തുടങ്ങിയവയും ചേർത്തുണ്ടാക്കുന്ന പോറിഡ്ജുകളും ഇവിടെ ലഭ്യമാണ്.
സെറാബിയെന്നു പേരുള്ള പാൻ കേക്കുകളാണ് മറ്റൊരു പ്രധാന വിഭവം. ഇത് ഒരു സ്ട്രീറ്റ് ഫുഡ് ആണ്. പ്രാതലിനാണ് കൂടുതലായും ഇതുപയോഗിക്കുന്നത്. ഇതിനു സുറാബിയെന്നും ഇന്തോന്വേഷ്യയുടെ മറ്റു ചില ഭാഗങ്ങളിൽ പറയുന്നതും കേട്ടിട്ടുണ്ട്. ബാറ്റഗോർ, ലോട്ടക്, പിസാങ് മൊളാൺ, സോട്ടോ ബാണ്ടൂങ്, സിലോക്ക് ബാണ്ടൂങ്, മീ കൊക്കോങ്, കരേഡോക്ക്, ഗെപ്പുക്ക് തുടങ്ങിയവയാണ് ബാണ്ടൂങ്ങിലെ മറ്റു ചില ഭക്ഷണാകർഷണങ്ങൾ. ഇവിടത്തെ തെരുവോര ഭക്ഷണത്തിന്റെ പ്രശസ്തി ഇന്തോന്വേഷ്യയുടെ കടലും കടന്നു പോയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം.
(തുടരും)
very interesting narration ..wanna visit there and taste those food …