ഇത്തവണത്തെ എന്റെ ഇന്തോന്വേഷ്യൻ യാത്രയുടെ തുടക്കം തെക്കൻ സുമാത്രയിലെ പലംബാങിൽ നിന്നുമായിരുന്നു. സിംഗപ്പൂർ വഴിയായിരുന്നു ഞാൻ പലംബാങിലെത്തിയത്. തെക്കൻ സുമാത്രയുടെ തലസ്ഥാനവും പലംബാങ് തന്നെ. വടക്കൻ സുമാത്രയുടെ തലസ്ഥാനം മെദാനും. ഈ രണ്ടു തലസ്ഥാനങ്ങൾ തമ്മിൽ 1400 കിലോമീറ്റർ ദൂരമുണ്ട്. സുൽത്താൻ മുഹമ്മദ് ബദറുദീൻ രണ്ടാമൻ അന്തർദേശീയ വിമാനത്താവളമാണ് എന്നെ ഇവിടെ വരവേറ്റത്. ഹൃദ്യമായ പെരുമാറ്റമായിരുന്നു എല്ലാവരുടെയും. ഇന്ത്യക്കാർക്ക് ഇന്തോന്വേഷ്യയിൽ സൗജന്യ വിസ ആണെന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നുവല്ലൊ!
കിഴക്കിന്റെ വെനീസ് എന്നാണ് പലംബാങ് അറിയപ്പെടുന്നത്. നമ്മൾ മലയാളികൾ ഇത് സമ്മതിച്ചെന്നുവരില്ല. നമ്മൾ പഠിച്ചത് ആലപ്പുഴയാണ് കിഴക്കിന്റെ വെനീസ് എന്നാണല്ലോ. എന്നാൽ നമ്മൾ അറിയേണ്ടതായ ഒരു കാര്യമുണ്ട്. പല രാജ്യങ്ങൾക്കും, ഒന്നോ ഒന്നിലേറെയോ, കിഴക്കിന്റെ വെനീസുകളുണ്ട്. ഇന്ത്യക്കു പോലുമുണ്ട് മൂന്നു വെനീസുകൾ. ആലപ്പുഴ, ശ്രീനഗർ, ഉദയ്പ്പൂർ എന്നിവയാണവ. ഇന്തോന്വേഷ്യയ്ക്കുമുണ്ട് മൂന്ന്. പലംബാങ്, സെമറാങ്, ബൻജാർമസിൻ എന്നീ സ്ഥലങ്ങളാണവ. എന്റെ അറിവിൽ നാൽപ്പത്തിയൊന്ന് വെനീസുകൾ ഏഷ്യയിലുണ്ട്.
മുസി നദിയുടെ ഇരു കരകളിലുമായാണ് പലംബാങ് എന്ന തുറമുഖ നഗരം സ്ഥിതി ചെയ്യുന്നത്. ഇത് ഡച്ചുകാർ വികസിപ്പിച്ചെടുത്ത നഗരമാണ്. തെക്കുകിഴക്കൻ ഏഷ്യയിലെതന്നെ ആദ്യകാല നഗരങ്ങളിലൊന്ന്. ഏഴാം നൂറ്റാണ്ടിൽ ശ്രീ വിജയ സാമ്രാജ്യത്തിന്റെ തലസ്ഥാനവും ഒരു പ്രധാന വാണിജ്യ സാമ്പത്തിക കേന്ദ്രവുമായിരുന്നു ഈ പട്ടണം. 2018 ലെ ഏഷ്യൻ ഗെയിംസ് നടന്നത് ഇവിടെയും ജക്കാർത്തയിലുമായായിരുന്നു. മുസി നദിയാണ് പലംബാങിന്റെ ഐശ്വര്യം. ഈ നദിയും ഇതിനോടനുബന്ധിച്ചുണ്ടായിരുന്ന നൂറ്റിയിരുപതു കനാലുകളുമായിരുന്നു ഈ നഗരത്തെ ഒരു വെനീസ് ആക്കി മാറ്റിയിരുന്നത്. ഇന്ന് മിക്ക കനാലുകളും റോഡായി മാറിക്കഴിഞ്ഞു. കനാൽ ഗതാഗതവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മുസി നദിയിലൂടെയുള്ള ചരക്കു നീക്കം മാത്രമാണ് ഇന്ന് പ്രധാനമായും നടക്കുന്നത്.
മുസി നദിക്കു കുറുകെ ഒരു പാലമുണ്ട്. പലംബാങിന്റെ നാഴികക്കല്ലാണ് ഈ പാലം. അമ്പേര പാലം എന്നാണിതിന്റെ പേര്. ഇരുന്നൂറ്റി ഇരുപതു മീറ്റർ ആണ് ഇതിന്റെ നീളം. അതാണ് മുസി നദിയുടെ ഇവിടത്തെ ഏകദേശ വീതിയും. നാൽപ്പത്തിനാലു മീറ്റർ ഉയർത്തുവാൻ കഴിയുന്ന ഒരു പാലമാണിത്. അതായത് അറുപതു മീറ്റർ വീതിയും നാൽപ്പത്തിനാല് മീറ്റർ ഉയരവുമുള്ള ഒരു കപ്പലിന് ഈ പാലത്തിനടിയിലൂടെ കടന്നുപോകുവാൻ കഴിയും. എന്നാൽ 1970 നു ശേഷം ഈ പാലം ഉയർത്തിയിട്ടില്ല എന്നാണറിവ്. പൂർണ്ണമായും നിയോൺ ദീപാലങ്കാരങ്ങൾ ചെയ്തിരിക്കുന്ന ഈ പാലം രാത്രികാലക്കാഴ്ച്ചകളിൽ മുന്നിലാണ്. ലണ്ടൻ പാലത്തിനെ അനുകരിച്ചാണ് ഈ പാലം നിർമ്മിച്ചതത്രെ. മുസി നദിയിലൂടെയുള്ള ബോട്ടുയാത്ര ഒരനുഭവം തന്നെയാണ്.
അംബേര പാലത്തിൽ നിന്നും ആറു കിലോമീറ്റർ താഴോട്ട് സഞ്ചരിച്ചാൽ, മുസി നദിയിൽ ഒരു മുക്കോൺ തുരുത്തുണ്ട്. കെമറോ ദ്വീപ് എന്നാണിതറിയപ്പെടുന്നത്. അവിടെ ഒൻപതു നിലകളുള്ള ഒരു ചൈനീസ് വിഹാരമുണ്ട്. ഇവിടെയുള്ള ചൈനീസ് വംശജരുടെ ആരാധനാ കേന്ദ്രമാണ് ഇത്. ‘കെറ്റെക്ക്’ എന്നറിയപ്പെടുന്ന ഒരു ബോട്ടിൽ വേണം ഇവിടേയ്ക്ക് പോകുവാൻ. ചൈനീസ് ഉത്സവ നാളുകളിലിൽ ഇവിടം ജനസമുദ്രമായിരിക്കുമത്രേ. ഇത് ദ്വീപിന്റെ മധ്യഭാഗത്തായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതല്ലാതെ ഒരു ബുദ്ധക്ഷേത്രവും ഈ തുരുത്തിലുണ്ട്.
സുൽത്താൻ മുഹമ്മദ് ബദറുദീൻ രണ്ടാമൻ മ്യൂസിയമാണ് ഇവിടെ സന്ദർശിക്കേണ്ട മറ്റൊരു കേന്ദ്രം. കൊളോണിയൽ കാലഘട്ടത്തിലെ ഒരു കെട്ടിടത്തിനുള്ളിലാണ് ഇതിന്റെ പ്രവർത്തനം. ഈ മ്യൂസിയത്തിനോട് ചേർന്ന് മുസി നദിയുടെ കരയിൽ നിറയെ ഭോജനശാലകളാണ്. പലംബാങ്ങുകാരുടെ ആഘോഷവേദിയാണിതെന്നു തോന്നും, ഇവിടത്തെ തിരക്ക് കാണുമ്പോൾ.
ഗ്രേറ്റ് മോസ്ക് ഓഫ് പലംബാങാണ് മറ്റൊന്ന്. ഭക്തരെയും സഞ്ചാരികളെയും ഒരുപോലാകർഷിക്കുന്ന ഒരു മനോഹര നിർമ്മിതി. സുൽത്താൻ മുഹമ്മദ് ബദറുദീൻ ഒന്നാമന്റെ പേരിലാണ് ഈ മോസ്ക് അറിയപ്പെടുന്നത്. ഇന്തോന്വേഷിയൻ മോസ്ക് നിർമ്മാണ രീതിയിൽ നിന്നും വിഭിന്നമായി ഇവിടെ രണ്ടു മിനാരങ്ങൾ ഉണ്ട് എന്നൊരു പ്രത്യേകതയുമുണ്ട്.
പലംബാങ്ങു ഭരിച്ചിരുന്ന സുൽത്താൻമാരായിരുന്നു മുഹമ്മദ് ബദറുദീൻ ഒന്നാമനും രണ്ടാമനും. രണ്ടാമന് മരണാനന്തര ബഹുമതിയായി രാജ്യം ‘ദേശീയ നായക’ പദവി നൽകി ആദരിക്കുകയുമുണ്ടായി. ഇന്തോന്വേഷ്യയിലെ ഏറ്റവും വലിയ പദവിയാണ് നാഷണൽ ഹീറോ ഓഫ് ഇന്തോന്വേഷ്യ. പലംബാങ് നഗരത്തിൽ നിന്നും പുറത്തേക്കു പോയാൽ ധാരാളം കാഴ്ച്ചകൾ ഉണ്ടായിരുന്നു. എന്നാൽ എന്റെ ലക്ഷ്യം ഈ യാത്രയിൽ പലംബാങ് ആയിരുന്നില്ല. ഇവിടെനിന്നും 400 കിലോമീറ്റർ ദൂരത്തിൽ കിടക്കുന്ന ബാങ്ക എന്ന അതി മനോഹരമായ ഒരു ദ്വീപ് ആയിരുന്നു. ഈ ദ്വീപിനു നമ്മോടു ബന്ധപ്പെട്ടിരിക്കുന്ന ഒരു ചരിത്രമുണ്ട്. 1812 ൽ ഈ ദ്വീപ് ബ്രിട്ടീഷുകാർ സ്വന്തമാക്കുകയും 1814 ൽ നമ്മുടെ കൊച്ചി ഡച്ചുകാർക്കു പകരമായി നൽകുകയുമായിരുന്നു.
(തുടരും)
Very good
helpful narration . ..new informations for me ..