നമുക്ക് ലക്ഷദ്വീപ് എന്നത് പോലെയാണ് സുമാത്രക്കാർക്ക് ബാങ്ക – ബെലിറ്റുങ് ദ്വീപുകൾ. ഇവ രണ്ടും വലിയ ദ്വീപുകൾ ആണെന്നുമാത്രം. ലക്ഷദ്വീപ് 33 ചതുരശ്ര കിലോമീറ്റർ ആണെങ്കിൽ ബാങ്ക മാത്രം 12000 ചതുരശ്ര കിലോമീറ്ററുകൾ വരും. അത്രയ്ക്കും വലുപ്പ വ്യത്യാസമുണ്ട്. ചെറു ദ്വീപുകൾ ഇതിനിടയിലുമുണ്ട്. തെക്കൻ സുമാത്രയുടെ ഭരണത്തിൻ കീഴെയാണ് ഈ രണ്ടു ദ്വീപുകളും. ഈ രണ്ടു ദ്വീപുകളുടെയും ഭരണകേന്ദ്രം ബാങ്കയിലെ പാങ്കൽ പിനാങ് എന്ന നഗരമാണ്. ദ്വീപിലെ വിമാനത്താവളവും ഇവിടെത്തന്നെ. ഇതൊരു അന്തർദേശീയ വിമാനത്താവളമല്ല എന്നത് കൊണ്ട് തന്നെ നമുക്ക് നേരെ ഇവിടേയ്ക്ക് പറക്കുവാൻ കഴിയുകയില്ല. വിസ പതിപ്പിച്ചതിനു ശേഷം മാത്രമേ ഇവിടേയ്ക്ക് വരുവാൻ കഴിയുകയുള്ളൂ.
ദ്വീപുകൾ തമ്മിൽ യാത്ര ചെയ്യുന്നതിനോ, സുമാത്രയിൽ നിന്നും ഇവിടെയെത്തുന്നതിനോ രണ്ടു മാർഗ്ഗങ്ങൾ മാത്രമേയുള്ളൂ. കടൽ മാർഗ്ഗവും കരമാർഗ്ഗവും. പലെംബാങ്ങിൽ നിന്നും ജക്കാർത്തയിൽ നിന്നും ധാരാളം വിമാനസർവീസുകൾ ഇവിടേയ്ക്കുണ്ട്. കടൽ മാർഗ്ഗം ഇവിടെയെത്തുവാൻ ഒരു രാത്രി മുഴുവൻ ഇരിക്കേണ്ട സ്പീഡ് കുറഞ്ഞ കപ്പലുകളും നാല് മണിക്കൂർ കൊണ്ടെത്തുന്ന ഹൈഡ്രോഫോയിൽ ജെറ്റുകളും നമ്മുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. ജെറ്റിന്റെയും വിമാനത്തിന്റെയും ടിക്കറ്റ് നിരക്കുകളിൽ വലിയ മാറ്റമുണ്ടാകില്ല.
ദ്വീപുകൾ തമ്മിൽ ഇരുന്നൂറോളം കിലോമീറ്റർ ദൂരമുണ്ടാകും. ബാങ്ക ദ്വീപിലുള്ളവർ ബെലിറ്റുങ് ദ്വീപിൽ പോകുന്നത് അപൂർവ്വമത്രേ. ബലിറ്റുങ് ദ്വീപിലുള്ളവർക്ക് ചിലർക്കെങ്കിലും ബാങ്കയിൽ വന്നേ മതിയാകൂ. അവരുടെ ഭരണ തലസ്ഥാനം ഇവിടെയാണല്ലോ! ഈ രണ്ടു ദ്വീപുകളും ഒളിച്ചുവച്ചിരിക്കുന്ന കടൽത്തീര ഭംഗി ഒന്ന് കാണേണ്ടതു തന്നെ.
പഞ്ചസാര മണലുകളും, പാറക്കൂട്ടങ്ങളും, അഴുക്കു തീണ്ടിയിട്ടില്ലാത്ത ചുറ്റുപാടുകളും ഏതൊരു സഞ്ചാരിയേയും വിസ്മയഭരിതരാക്കും. നമ്മൾ ഇതുവരെകണ്ട കടൽത്തീര ഭംഗി ഇതല്ല എന്ന് തോന്നിപ്പോകും. ഒരു ക്യാമറ കയ്യിലുണ്ടെങ്കിൽ നമ്മൾ ഏറെ ബുദ്ധിമുട്ടും. എങ്ങോട്ടു തിരിച്ചാലും അതി ഗംഭീരമായ ഫോട്ടോ ഏതു ക്യാമറയിലും പതിഞ്ഞു പോകും. നിറുത്തുവാൻ തോന്നുകയേയില്ല. പവിഴപ്പുറ്റുകളുടെ വൻശേഖരമുള്ള കടലോരങ്ങളും ഇവിടെ ധാരാളം. ബെലിറ്റുങ്ങിനേക്കാളധികം സഞ്ചാരികൾ എത്തുന്നത് ബാങ്കയിലാണെന്നു തോന്നുന്നു.
ഞാൻ പലെംബാങിൽ നിന്നും ബാങ്കയിലെ പാങ്കൽ പിനാങ്ങിലേക്കായിരുന്നു പോയത്. അവിടെ എന്റെ ഒരു സുഹൃത്ത് കുടുംബസഹിതം കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ രണ്ടു വർഷങ്ങൾക്കു മുൻപ് ജക്കാർത്തയിൽ വച്ച് പരിചയപ്പെട്ട ഒരു കുടുംബമാണ്. അച്ഛനും അമ്മയും ഒരു മകനും ഒരു മകളും. മകൾ വിവാഹിതയും ബാങ്ക് ജീവനക്കാരിയുമാണ്. ഭർത്താവ് പട്ടാള ഉദ്യോഗസ്ഥനും. ഞാൻ അവരെ പരിചയപ്പെട്ടതിനു ശേഷമായിരുന്നു അവളുടെ വിവാഹം. ഇപ്പോൾ ആറു മാസം പ്രായമുള്ള ഒരു പെൺകുഞ്ഞുമുണ്ട്. മകളും മരുമകനും ജക്കാർത്തയിൽ ആണ് താമസം. എന്നെക്കാണുവാൻ വേണ്ടി മാത്രമാണവർ ഇപ്പോൾ നാട്ടിലെത്തിയിരിക്കുന്നത്.
ഇവിടെ ഒരു പ്രശ്നമുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്നവർ തീരെയില്ല എന്ന് തന്നെ പറയാം. സുമാത്ര പൊതുവേ അങ്ങനെ തന്നെ. ഇവിടെ സ്ഥിതി അതിലേറെ മോശം. എം.ബി.എ ബിരുദ ധാരികളാണ് മകളും ഭർത്താവും. ജക്കാർത്തയിലായതുകൊണ്ടാകണം ഒരു വിധം ചില വാക്കുകളെങ്കിലും പറയും. മകനാകട്ടെ പോളിടെക്നിക് കഴിഞ്ഞതാണ്. ഒരു വാക്കു പോലും ഇംഗ്ലീഷ് സംസാരിക്കുകയില്ല. ഇവിടെയെല്ലാം എനിക്ക് തുണയാകുന്നത് ഗൂഗിൾ ട്രാൻസ്ലേറ്ററാണ്. ഞാൻ ഇംഗ്ലീഷിൽ എഴുതി ട്രാൻസ്ലേറ്റ് ചെയ്തു കാണിക്കും. അവർ അവരുടെ ഭാഷയിൽ വായിച്ചു മനസ്സിലാക്കും. മറുപടിയുണ്ടെങ്കിൽ അവരുടെ ഭാഷയിൽ എഴുതി ട്രാൻസ്ലേറ്റ് ചെയ്ത് എന്നെയും കാണിക്കും. ബഹാഷ ഇന്തോന്വേഷ്യയ്ക്കു ലിപിയില്ല. ഇംഗ്ലീഷ് അക്ഷരങ്ങൾ തന്നെയാണ് എഴുതുവാൻ ഉപയോഗിക്കുന്നത്. ഇത് നമ്മളെപ്പോലുള്ള സഞ്ചാരികൾക്ക് ഒരനുഗ്രഹമാണ്. മലേഷ്യയിലും ഇങ്ങനെ തന്നെയാണ്. എഴുത്തുകൾ എല്ലാം ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് മാത്രം.
അവിടെ നമുക്ക് കാഴ്ച്ചകൾ കാണിച്ചു തരുന്നതിനു ആളുകൾ ഉണ്ടെങ്കിൽ അതായിരിക്കും ബാങ്ക കാണുന്നതിന് ഏറ്റവും അനുയോജ്യം എന്നെനിക്കു തോന്നുന്നു. വിനോദ സഞ്ചാരം അത്ര വിപുലമല്ല ഇവിടെ. ഉള്ളതാകട്ടെ റിസോർട്ടുകളെ കേന്ദ്രീകരിച്ചു മാത്രം നടക്കുന്നു. ക്രൂയിസ് കപ്പലുകളാണ് സഞ്ചാരികളുമായി ഇവിടെയെത്തുന്ന മറ്റൊരു കൂട്ടർ. അവർക്കു അവരുടേതായ സംവിധാനങ്ങളുമുണ്ട്. വ്യക്തമായ ഒരു വിനോദ സഞ്ചാരപഥം ഇവിടെയില്ല. നല്ല റോഡുകളും വാഹന സൗകര്യങ്ങളും വാർത്താപ്രക്ഷേപങ്ങളും ഫോൺ സൗകര്യങ്ങളും എവിടെയുമുണ്ട്. ഇന്റർനെറ്റും നല്ല നിലവാരം പുലർത്തുന്നുണ്ട്.
പത്തു ലക്ഷത്തിൽ താഴെയാണ് ദ്വീപിലെ മൊത്തം ജനസംഖ്യ. കൂടുതൽ ആളുകളും കൃഷി, മത്സ്യബന്ധനം തുടങ്ങിയ ജോലികളിൽ വ്യാപൃതരാണ്. ഇന്തോന്വേഷ്യയാണ് ടിൻ ഖനനത്തിൽ ലോകത്തിൽ രണ്ടാമതുള്ളത്. ചൈനയാണ് ഒന്നാമത്തേത്. ബാങ്കയിലുമുണ്ട് ഒരു വലിയ ടിൻ ഖനന കേന്ദ്രം. വലുപ്പത്തിൽ ഇന്ത്യോന്വേഷ്യയുടെ ദ്വീപുകളിൽ 9 ആം സ്ഥാനമാണ് ബാങ്കയ്ക്ക്.
ബാങ്കയുടെ മാത്രം തലസ്ഥാനവും, ഇവിടത്തെ രണ്ടാമത്തെ വലിയ പട്ടണവുമാണ് സുങ്കൈ ലിയാത്. അതിനടുത്ത ഒരു ഗ്രാമത്തിലാണ് എന്റെ സുഹൃത്തുക്കളുടെ വീട്. ബാങ്കയിലെ ഈ മനോഹര ഗ്രാമത്തിലായിരുന്നു എന്റെ മൂന്നു ദിവസങ്ങൾ. റംബുട്ടാൻ, മങ്കുസ്റ്റീൻ, ചക്ക, ഡൂറിയൻ, ചാമ്പ, വാഴ തുടങ്ങി എല്ലാ പഴവർഗ്ഗങ്ങളും ഇവരുടെ തോട്ടത്തിലുണ്ട്. വീടിനു ചുറ്റും റംബൂട്ടാനും മങ്കുസ്റ്റീനും കുലകുലയായി പഴുത്തു നിൽക്കുന്ന കാഴ്ച്ച തന്നെ അതി മനോഹരം. ഞാൻ ഈ ദിവസങ്ങളിൽ നാലഞ്ചു കിലോയെങ്കിലും അകത്താക്കിയിട്ടുണ്ടാകും.
എന്റെ ഭക്ഷണം അവർക്ക് ചെറിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു എന്നു വേണം കരുതുവാൻ. ഞാൻ അവിടെയെത്തുന്നതിനു മുൻപുതന്നെ അവർ അതിനെക്കുറിച്ച് പലപ്രാവശ്യം അന്വേഷിച്ചിരുന്നു. ഇന്ത്യൻ ഭക്ഷണം വേണമെന്ന നിർബന്ധം എനിക്കുണ്ടോ എന്നറിയുകയായിരുന്നു ലക്ഷ്യം. എനിക്ക് വേണ്ടത് അവരുടെ തനതായ ഭക്ഷണമാണെന്ന് അറിഞ്ഞതും അതിലായി അവരുടെ ശ്രദ്ധ. അവർ എനിക്കായി പലവിധ സുമാത്രൻ വിഭവങ്ങളും തയ്യാറാക്കിയിരുന്നു. എല്ലാം രുചിച്ചു നോക്കുക എന്നതല്ലാതെ കഴിച്ചു തീർക്കുക എന്നത് ഒരിക്കലും എനിക്ക് കഴിയുമായിരുന്നില്ല.
വാഹനങ്ങൾക്ക് എത്തിച്ചേരുവാൻ കഴിയാത്ത സ്ഥലങ്ങളിൽ പോലും അതി മനോഹരങ്ങളായ കടൽത്തീരങ്ങളുണ്ട്. ഞങ്ങൾ പല ഇരുചക്ര വാഹനങ്ങളിലായി അത്തരം ബീച്ചുകൾ സന്ദർശിക്കുകയുണ്ടായി. അത്തരമൊരു ബീച്ച് സന്ദർശനത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു സംഭവമുണ്ടായി. ഒരുപക്ഷേ ഒരു മലയാളിയായതോ, അല്ലെങ്കിൽ ഒരിന്ത്യാക്കാരനായതോ കൊണ്ടു മാത്രമായിരിക്കണം ഇതെന്നെ അത്ഭുതപ്പെടുത്തിയത്.
വളരെ കഷ്ടപ്പെട്ട് ഇടുങ്ങിയ വഴികളിലൂടെ ബൈക്കുകൾ ഓടിച്ചതാണ് ഞങ്ങൾ അതി മനോഹരമായ ഒരു കടൽത്തീരത്തെത്തിയത്. പന്തായി പുലാ റ്റിഗാ എന്നായിരുന്നു ആ ബീച്ചിന്റെ പേര്. പന്തായി എന്നാൽ ബീച്ച് എന്നും പുലാ എന്നാൽ ദ്വീപ് എന്നും റ്റിഗാ എന്നാൽ മൂന്ന് എന്നുമാണർത്ഥം. മൂന്നു ദ്വീപുകളുടെ കടൽത്തീരം എന്നാണീ തീരത്തിന്റെ പേര്. തീരത്തിനടുത്തായി മൂന്നു ചെറിയ തുരുത്തുകൾ ഉണ്ട്. ഞങ്ങൾ വന്ന വഴി തികച്ചും വിജനമായിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ഒരു സ്കൂട്ടർ ഉണ്ട്. ഒപ്പം രണ്ടു സുന്ദരിപ്പെൺകുട്ടികളും. അവർ മടങ്ങുവാൻ തയ്യാറെടുക്കുകയായിരുന്നു. ഇതാണെന്നെ അത്ഭുതപ്പെടുത്തിയത്. നമ്മുടെ നാട്ടിൽ ഇത്ര വിജനതയിൽ ഇതുപോലൊരു സ്ഥലത്തു വരുവാൻ രണ്ടു സ്ത്രീകൾ തയ്യാറാകുമോ? അങ്ങനെ രണ്ടു പേർ വന്നാൽ അവരുടെ അവസ്ഥയെന്താകും?
ഇതാണ് ഞാൻ ഇന്തോന്വേഷ്യയിൽ കണ്ട സ്ത്രീ സ്വാതന്ത്ര്യം. ഇവിടെ അവർ പുരുഷന്മാരെപ്പോലെ പ്രവർത്തിക്കുന്നു. ആരും അവരെ ശല്യപ്പെടുത്തുന്നില്ല. ജക്കാർത്തയിൽ പലയിടങ്ങളിലും രാത്രിയിൽ കൂട്ടുകാരനേയോ കൂട്ടുകാരിയേയോ കാത്തിരിക്കുന്ന പെൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. അവർ ഒരു സ്ഥലത്ത് ഇരുന്നു ഫോൺ നോക്കുന്നുണ്ടാകും. അടുത്തുതന്നെ പുരുഷന്മാരും ഫോൺ നോക്കിയിരിക്കുന്നുണ്ടാകും. ഒരു പുരുഷൻ പോലും അവരെ ഒളികണ്ണിട്ടു നോക്കുന്നത് ഞാൻ കണ്ടിട്ടില്ല. അടുത്തിരിക്കുന്നത് ഒരു സ്ത്രീയാണെന്ന ഭാവം പോലും ആർക്കുമില്ല. ഇതാണ് സ്ത്രീ സ്വാതന്ത്ര്യം. അല്ലാതെ നമ്മുടെ നാട്ടിലെ സ്ത്രീകളെപ്പോലെ ഫേസ് ബുക്കിലൂടെ കുറേ അശ്ലീലം പറഞ്ഞു നേടുന്നതല്ല സ്ത്രീ സ്വാതന്ത്ര്യമെന്നത്. ഇത്തരമൊരു സ്വാതന്ത്ര്യം ഏതെങ്കിലുമൊരു ഭാവിയിൽ നമുക്കുണ്ടാകണമെന്ന പ്രാർത്ഥനയായിരുന്നു എനിയ്ക്കാ സമയങ്ങളിൽ.
(തുടരും)
Beautifully described in detail taking us on a tour to Indonesian islands. The details are so vivid that it tempts us to plan our holday at this beautiful location.