ഇൻന്തോന്വേഷ്യൻ, ജാവനീസ്, മലയ് തുടങ്ങി എഴുന്നൂറോളം ഭാഷകൾ സംസാരിക്കുന്ന ഒരു രാജ്യം, പതിനേഴായിരത്തിലധികം ദ്വീപുകളുള്ള രാജ്യം, അഗ്നിപർവ്വതങ്ങളുടെ രാജ്യം തുടങ്ങി പദവികളേറെയുണ്ട് ഇൻന്തോന്വേഷ്യയ്ക്ക്. ഏതാണ്ട് നാൽപ്പത്തി അയ്യായിരം വർഷങ്ങൾക്കു മുൻപ് തന്നെ ജനവാസമുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. ഇന്നിതൊരു മുസ്ലിം രാജ്യമാണെങ്കിലും, രണ്ടാം നൂറ്റാണ്ടുമുതൽ ഏഴാം നൂറ്റാണ്ടു വരെ ഹിന്ദുക്കളും ബുദ്ധമതക്കാരുമായിരുന്നു ഇവിടെ എന്ന് ചരിത്രം.  ഇൻന്തോന്വേഷ്യയിലെ ബാലി എന്ന ദ്വീപ് ഹിന്ദുമതക്കാർ മാത്രം ജീവിക്കുന്ന ഒരു പ്രദേശമാണെന്നു കൂടി കൂട്ടിവായിക്കേണ്ടതുണ്ട്. പതിമൂന്നാം നൂറ്റാണ്ടിലാണ് ഇവിടെ മുസ്ലീം ആധിപത്യമുണ്ടായിരിക്കുക എന്നും ചരിത്രം പറയുന്നു.

ഇരുപത്തിയാറു കോടിയിലധികം ജനങ്ങളുമായി ഈ രാജ്യം ജനസംഖ്യയിൽ ലോകത്ത് നാലാം സ്ഥാനത്താണ്. ഭൂപ്രദേശം കൊണ്ട് പതിനാലാം സ്ഥാനമാണെങ്കിലും സമുദ്രമടക്കമുള്ള കണക്കെടുത്താൽ ഏഴാം സ്ഥാനത്തെത്തും ദ്വീപസമൂഹങ്ങളുടെ ഈ രാജ്യം. മൊത്തം ജനസംഖ്യയിൽ 87% ആളുകളും ഇസ്‌ലാം മത വിശ്വാസികളാണ്. പത്തുശതമാനം ആളുകൾ ക്രിസ്‌തുമതക്കാരും രണ്ടിൽ താഴെ ഹിന്ദു മതക്കാരുമാണ്. ഹിന്ദു മതക്കാർ ഇവിടെ കൂട്ടമായി കഴിയുന്നത് ബാലിയിൽ മാത്രമാണ്. ബാലി പൂർണ്ണമായും ഹിന്ദു മത വിശ്വാസികളുടേതാണ്. ഒരുപക്ഷേ ലോകത്തിൽത്തന്നെ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങൾ കാണാനാകുന്നതും ഇവിടെത്തന്നെയായിരിക്കും. മിക്ക വീടുകൾക്കുമുണ്ട് സ്വന്തമായി ഒരു ക്ഷേത്രം. പേരിനെന്നവണ്ണം ബുദ്ധമതവും അപൂർവ്വമായി കൺഫ്യുഷനിസവും ഇവിടെയുണ്ട്.

ഡച്ച് ഈസ്റ്റ് ഇന്ത്യക്കമ്പനിയുടെയും, ജപ്പാന്റെയും, നെതർലാന്റിന്റെയും ആധിപത്യത്തിൽ കഴിഞ്ഞിരുന്ന ഈ രാജ്യം, സ്വതന്ത്രമാകുന്നത് ആയിരത്തിത്തൊള്ളായിരത്തി നാൽപ്പത്തഞ്ചിൽ മാത്രമാണ്. ഇന്ത്യയുടേതുപോലെ തന്നെ ഒരു ഓഗസ്റ് മാസമാണിതും. കൃത്യമായി പറഞ്ഞാൽ ഓഗസ്റ് പതിനേഴ്. ഇൻന്തോന്വേഷ്യ ഒരു റിപ്പബ്ലിക് ആയി മാറുന്നതും ആയിരത്തിത്തൊള്ളായിരത്തി അമ്പതിൽ ആണ്. പേരുപോലെ തന്നെ ഇക്കാര്യങ്ങളിലും ഈ രാജ്യം ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പ്രത്യേക ഭരണ പദവിയുള്ള അഞ്ചു പ്രവശ്യകളടക്കം മുപ്പത്തിനാല് പ്രവിശ്യകളായാണ് ഇൻന്തോന്വേഷ്യയെ തിരിച്ചിരിക്കുന്നത്. പ്രസിഡന്റാണ് ഭരണത്തലവൻ. ജക്കാർത്തയാണ് ഭരണസിരാകേന്ദ്രം. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഗവർണ്ണർമാരും പ്രതിനിധികളും ചേർന്നാണ് പ്രവശ്യകൾ ഭരിക്കുന്നത്.

നൂറുകണക്കിന് വംശങ്ങളും ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ടെങ്കിലും ഏറ്റവും കൂടുതലായി ഉള്ളത് ജാവാക്കാർ തന്നെ. ഔദ്യോഗിക ഭാഷ  ഇൻന്തോന്വേഷ്യൻ തന്നെ. ജൈവവൈവിധ്യങ്ങളുടെ കാര്യത്തിൽ ലോകത്തു നാലാം സ്ഥാനമാണുള്ളത്.

ഇത്രയൊക്കെയുണ്ടെങ്കിലും ഭൂമിശാസ്‌ത്രപരമായി ഈ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും സുരക്ഷിതമല്ല. ഒരു തീ വലയത്തിനുള്ളിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. പസഫിക് റിങ് ഓഫ് ഫയർ എന്ന തീ വളയം. ഇതിലാണ് ഏറ്റവും കൂടുതൽ ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്‌ഫോടനങ്ങളും നടക്കുന്നത്. ഭൂമിശാസ്‌ത്ര പരമായ മറ്റു ചില പ്രത്യേകതകളുമുണ്ട്. ഇന്തോ ഓസ്‌ട്രേലിയൻ പ്ലേറ്റും പസഫിക് പ്ലേറ്റും യൂറേഷ്യൻ പ്ലേറ്റിനടിയിലേക്ക് തള്ളപ്പെട്ടിരിക്കുന്ന ഒരു സ്ഥിതിവിശേഷമാണിവിടെ. ഭൂമിക്കടിയിൽ ഏതാണ്ട് നൂറു കിലോമീറ്ററുകളുടെ അഗാധതയിൽ ഇവ ഉരുകിത്തിളച്ചുകൊണ്ടിരിക്കുകയാണ്. അഗ്നിപർവ്വത സ്‌ഫോടന പരമ്പരകളുടെ കാരണവും ഇത് തന്നെയാണ്. ഏതാണ്ട് നാനൂറിലധികം അഗ്നിപർവ്വത മുഖങ്ങളുള്ള ഈ രാജ്യത്ത് ഇപ്പോൾ നിലവിൽ നൂറ്റിമുപ്പതോളം അഗ്നിപർവ്വതങ്ങൾ പ്രവർത്തനനിരതമാണെന്നോർത്താൽത്തന്നെ ഇതിന്റെ ഭീകരത ഊഹിക്കുവാൻ കഴിയും. അഗ്നിപർവ്വത സ്‌ഫോടന ഫലമായുണ്ടായ ലാവ പലപ്പോഴും ഇൻന്തോന്വേഷ്യയെ വളക്കൂറുള്ള കൃഷിയിടമായി മാറ്റിയിട്ടുണ്ട് എന്നതും മറ്റൊരു വസ്‌തുത. ഈ യാത്രയിൽ ഞാൻ സന്ദർശിച്ചിരുന്ന മൌണ്ട് ആംഗൂങ് എന്ന അഗ്നിപർവതം കഴിഞ്ഞ വർഷം തീ തുപ്പിയിരുന്നു. ടൂറിസവുമായി ബന്ധപ്പെട്ടു കിടക്കുന്ന ബാലിയിൽ ഇത് വൻതോതിൽ നാശനഷ്‌ടവും സാമ്പത്തിക പ്രശ്‌നങ്ങളും ഉണ്ടാക്കിയതായി അറിയുവാൻ കഴിഞ്ഞു.

ഇന്തോന്വേഷ്യയിലെ പ്രധാന വിനോദ കേന്ദ്രം ബാലി തന്നെയാണ്. ടൂറിസം ഇന്തോന്വേഷ്യയിൽ ഒരു പ്രധാന വരുമാന മാർഗം ആണെങ്കിലും, അന്തർദേശീയ സഞ്ചാരികൾ എത്തുന്നത് ബാലിയിൽ മാത്രമാണ്. ഗാർഹീക വിനോദ സഞ്ചാരികൾ ആണ്‌ മിക്കയിടങ്ങളിലും കൂടുതലായുള്ളത്. ജൈവ വൈവിധ്യങ്ങളുടെ കാര്യത്തിൽ ബ്രസീലിനോടോ കൊളംബിയായോടോ കിടപിടിക്കുന്ന ഈ രാജ്യത്തിൻറെ പലഭാഗങ്ങളിലും അന്തർദേശീയ വിനോദ സഞ്ചാരികൾ എത്തുന്നില്ല എന്നത് ദുഖകരം തന്നെ.

ജക്കാർത്തയിൽ വിമാനമിറങ്ങിയ എന്നോട് ഇമിഗ്രേഷൻ കൗണ്ടറിൽ ഇരുന്ന സ്‌ത്രീ സന്ദർശനോദ്ദേശ്യം തിരക്കിയപ്പോൾ ഞാൻ വിനോദസഞ്ചാരം എന്ന് മറുപടികൊടുത്തു. ഒരു നിമിഷം എന്നെ നോക്കി അവർ വീണ്ടും ചോദിച്ചു, ‘വിനോദ സഞ്ചാരം?’. ഞാൻ അതേയെന്നു മറുപടി കൊടുത്തപ്പോൾ അവരുടെ മുഖത്ത് ഒരു ആശ്ചര്യം കണ്ടു. കാരണം ബിസ്സിനെസ്സ് ആവശ്യങ്ങൾക്കാണല്ലോ വിദേശികൾ കൂടുതലായി ജക്കാർത്തയിൽ എത്തുന്നത്. എന്നാൽ ഞാൻ കണ്ട ജക്കാർത്ത അതി മനോഹരമായ ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. നമ്മളിൽ പലരും അനുഭവിച്ചറിയാത്തത്ര വിനോദങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒരു കേന്ദ്രം.

(തുടരും)

9 Comments
 1. John 11 months ago

  Informative and interesting narration. Thanks!

 2. Deepak Thampi 11 months ago

  Nicely narrated.

 3. Nishi Suresh 11 months ago

  നല്ല വിവരണം… അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു….

 4. Dr.vaishnavi.TK 11 months ago

  good one …..waiting for next

 5. Dr.vaishnavi.TK 11 months ago

  good narration …waiting for next one

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account