ഇവിടത്തെ ഭാഷയിൽ ബാങ്ക എന്നാൽ വയസ്സൻ എന്നാണർത്ഥം. വാങ്ക എന്നാൽ ടിൻ എന്നും. ഒരുപക്ഷേ ആദ്യത്തെ ദ്വീപ് എന്ന നിലയിലോ, ടിൻ ഉൽപ്പാദന കേന്ദ്രമെന്ന നിലയിലോ ആകും ബാങ്കയ്‌ക്ക്‌ ഇങ്ങനെയൊരു പേരു വന്നിരിക്കുക. മലേഷ്യയിലെ മലാക്കയിൽ നിന്നും കുടിയേറിയവരാണ് ഇവിടത്തെ ജനതയിലധികവും. ബ്രിട്ടീഷ്, ജപ്പാൻ ആധിപത്യങ്ങളിൽ ഉണ്ടായിരുന്ന ഈ ദ്വീപ് 1949 ൽ ആണ് ഇന്തോന്വേഷ്യയുടെ ഭാഗമാകുന്നത്‌.

കടൽത്തീര സുഖവാസത്തിനോ, വിനോദങ്ങൾക്കോ അനുയോജ്യമാണ് ബാങ്കയുടെ കടൽത്തീരങ്ങളെല്ലാം തന്നെ. എന്നിരിക്കിലും ഈ ദ്വീപിനെക്കുറിച്ചുള്ള അറിവുകൾ സഞ്ചാരികൾക്ക് കുറവാണ്. അതുകൊണ്ടുതന്നെ വിനോദ സഞ്ചാരികളും ഇവിടെ വിരളം. ഞാൻ ഇതുവരെക്കണ്ടിരുന്ന കടൽത്തീരങ്ങളിൽ നിന്നും തികച്ചും വിഭിന്നം എന്ന് തന്നെ പറയാം. അതി മനോഹരമായ കാഴ്ച്ചകളാണ് എവിടെയും. ഇതിൽ തന്നെ എടുത്തു പറയേണ്ടതായ ചില കടൽത്തീരങ്ങളുമുണ്ട്.

താൻജൂങ് കേലിയാൻ ആണ് അതിലൊന്ന്. ബാങ്കയുടെ പടിഞ്ഞാറൻ തീരത്താണ് ഈ മനോഹര തീരമുള്ളത്. മുണ്ടോക് പട്ടണത്തിൽ നിന്നും ഒൻപതു കിലോമീറ്റർ മാറിയാണിത് സ്ഥിതി ചെയ്യുന്നത്. അറുപത്തഞ്ചു മീറ്റർ ഉയരമുള്ള ഒരു പഴയ ലൈറ്റ് ഹൗസും ഇവിടെയുണ്ട്. 1862 ൽ പണികഴിപ്പിച്ചതാണിത്. സുമാത്രയിലെ പെലംബാങ്ങിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള കപ്പലുകൾ അടുക്കുന്ന തുറമുഖം താൻജൂങ് കേലിയാൻ ആയതുകൊണ്ട് സഞ്ചാരികൾ ഏറ്റവും കൂടുതലായി എത്തുന്ന കടൽത്തീരവും ഇത് തന്നെ.

മത്ത്രാസ് കടൽത്തീരമാണ് മറ്റൊന്ന്. സുങ്കൈ ലിയാത് പ്രദേശത്താണ് ഈ കടൽത്തീരമുള്ളത്. വിമാന മാർഗ്ഗം ഇവിടെയെത്തുന്നവർ സന്ദർശിക്കുന്ന ബീച്ചുകളിലൊന്നാണിത്. ബാങ്കയുടെ വടക്കുകിഴക്കൻ തീരമാണിത്. പാരഡൈസ് കോസ്റ്റ് എന്നും ഇതിന് പേരുണ്ട്. പഞ്ചസാര മണലും, ഈന്തപ്പനകളും തെളിഞ്ഞ കടലും ഇവിടം അതിമനോഹരമായ ഒരു അനുഭവമാക്കുന്നു.

മത്ത്രാസ് ബീച്ചിനടുത്തുള്ള മറ്റൊരു സ്ഥലമാണ് പാറായി ബീച്ച്. പാങ്കൽ പിനാങ് വിമാനത്താവളത്തിൽ നിന്നും നാൽപ്പതു കിലോമീറ്റർ മാത്രം ദൂരം. ഇവിടെ പ്രശസ്‌തമായ ഒരു റിസോർട് പ്രവർത്തിക്കുന്നുണ്ട്. കടൽത്തീരത്തോട് ചേർന്നുള്ള ഈ റിസോർട്ടിൽ നിരവധി വിനോദോപാധികളും ഒരുക്കിയിട്ടുണ്ട്.

ഡിൻഡിങ് ബാട്ടു കടൽത്തീരമാണ് ഇവിടത്തെ മറ്റൊരാകർഷണം. ബാങ്കയുടെ വടക്കുപടിഞ്ഞാറ് തീരമാണിത്. വലിയ ഗ്രാനൈറ്റ് പാറകൾ നിറഞ്ഞതാണ് ഈ തീരം. ഇതിന്റെ മുകളിലുള്ള മലയിൽ നിന്നും നോക്കിയാൽ കാണുന്ന ദൃശ്യം വിവരണാതീതം മാത്രം.

ടിക്കൂസ് ബീച്ച് ആണ് മറ്റൊരു എടുത്തു പറയേണ്ട കടൽത്തീരം. ടിക്കു എന്നാൽ എലി എന്നാണർത്ഥം. ഏതോ ഒരു നാടോടിക്കഥയിലെ ഭാഗമായാകണം ഈ തീരത്തിന് ഇങ്ങനെയൊരു പേര് വന്നത്. ഇവിടെ സ്വർണ്ണവർണ്ണമുള്ള ഒരു കൂറ്റൻ മൂഷികന്റെ ശിൽപ്പമുണ്ട്. ഇതിന്റെ മടിയിലിരുന്ന് ഫോട്ടോയെടുക്കുവാൻ കുട്ടികൾ മാത്രമല്ല, മുതിർന്നവരും മത്‌സരമാണ്. ഇവിടെയുമുണ്ട് മനോഹരമായ ഒരു റിസോർട്.

ആമ്പർ തടാകമാണ് ഇവിടത്തെ മറ്റൊരാകർഷണം. ടിൻ ഖനനത്തിന്റെ ഭാഗമായി ഉണ്ടായതാണീ തടാകം. ചുവന്ന പാറകൾക്കിടയിലാണ് ഈ തടാകം ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. ഈ പാറകളുടെ നിറവും അതിന്റെയുള്ളിലെ ജലാശയത്തിന്റെ നിറവും ഏതൊരു സഞ്ചാരിയുടെയും മനം മയക്കുന്ന ഒരു കാഴ്ച്ച തന്നെ.

പുരി ട്രൈ ആഗുങ്  പഗോഡയാണ് മറ്റൊന്ന്. അതി മനോഹരമായ ഒരു ബുദ്ധക്ഷേത്രത്തെ ഉൾക്കൊള്ളുന്നതാണീ പഗോഡ. ഇതൊരു കുന്നിനു മുകളിലാണ്. ഇവിടെ നിന്നും നോക്കിയാൽ ടിക്കു ബീച്ച് അതിന്റെ ഏറ്റവും മനോഹരമായ ആകാശ ദൃശ്യം നൽകും. ഇവിടെ നിന്നും കുറച്ചു മാറി ഒരു ചൈനീസ് ക്ഷേത്രവും ഉണ്ട്. ഇതെല്ലാം വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാവേണ്ട നിർമ്മിതികൾ തന്നെ.

കണ്ടൽക്കാടുകളും ഇവിടെ സമൃദ്ധം. ഇവയൊന്നും തന്നെ ഇനിയും വിനോദ സഞ്ചാരത്തിന് സജ്ജമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ഏല്ലാ ഇടങ്ങളും മനുഷ്യരാൽ മലിനപ്പെടാതെ നിൽക്കുന്നു. ഇതൊരു വിനോദ സഞ്ചാര മേഖലയാക്കിയാൽ സമീപ ഭാവിയിൽത്തന്നെ ലോകോത്തര നിലവാരത്തിലെത്തും എന്നതിനൊരു സംശയവുമില്ല.

ബാങ്കയിൽ ഞാൻ താമസിച്ചിരുന്നത് അവിടത്തെ എന്റെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നുവെന്നു ഞാൻ കഴിഞ്ഞ അധ്യായത്തിൽ എഴുതിയിരുന്നുവല്ലോ. ഞാൻ അവരുടെ വീട്ടിൽ താമസിച്ചിരുന്ന നാളുകളിൽ എന്നെ സന്ദർശിക്കുവാൻ ധാരാളം ഗ്രാമവാസികളെത്തിയിരുന്നു. മിക്കവരും എന്നോടൊപ്പം ഫോട്ടോ എടുക്കുകയുമുണ്ടായി. എനിക്കിതൊരു പുതിയ അനുഭവമായിരുന്നു. അതുപോലെ ഞാൻ അവിടെനിന്നും തിരിച്ചു പോരുന്ന സമയത്ത് ഗ്രാമവാസികളുടെ അനുവാദം ചോദിക്കുക എന്നൊരു ചടങ്ങുമുണ്ടായിരുന്നു. ഞാനും റിസ്‌കയും (എന്റെ അവിടത്തെ സുഹൃത്തിന്റെ മകൾ) ചില വീടുകളിലെല്ലാം പോയി ഞാൻ പുറപ്പെടുന്ന വിവരം അറിയിക്കുന്നതിനായി സന്ദർശിക്കുകയുണ്ടായി. ഇതവരുടെ ഒരാചാരമത്രേ. ഗ്രാമത്തിലെ ഒരാളുടെ അതിഥിയെ അവരുടെ എല്ലാം അതിഥിയായി കാണുന്ന ഒരാചാരം.

വളരെ വേദനയോടു കൂടിയായിരുന്നു ഞാൻ ബാങ്ക എന്ന മനോഹര ദ്വീപു വിട്ടത്. എന്നെ വിമാനത്താവളത്തിലാക്കുവാൻ എന്റെ സുഹൃത്ത് മേമു വരികയുണ്ടായില്ല. റിസ്‌കയും ഭർത്താവും കുട്ടിയും ആയിരുന്നു എന്നെ യാത്രയയക്കുവാൻ വന്നത്. യാത്രയാക്കുവാൻ കഴിയില്ല, കരച്ചിൽ വരും എന്നാണ് മേമു കാരണം പറഞ്ഞത്. ഞാനും അവരെ അതിനു നിർബന്ധിച്ചില്ല. അടുത്ത കാലത്തൊന്നും ഞാൻ അറിയാതിരുന്ന നിഷ്‌കളങ്കമായ സ്‌നേഹമായിരുന്നു ആ കുടുംബവും ആ ഗ്രാമ നിവാസികളും എനിക്ക് സമ്മാനിച്ചത്. ഇനിയുമെന്നെങ്കിലും ഞാൻ അവിടെ തിരിച്ചെത്തും എന്ന് ഞാനവർക്ക് ഉറപ്പു നൽകിയത് വെറും ഭംഗി വാക്കായിരുന്നില്ല. ഇനിയുമെന്നെങ്കിലും കുടുംബവുമായി അവിടം സന്ദർശിക്കണമെന്ന എന്റെ തീരുമാനം തന്നെയായിരുന്നു.

ഇന്തോന്വേഷ്യയൻ ദിനങ്ങൾ ഇവിടെ അവസാനിക്കുന്നു. നന്ദി.

3 Comments
  1. RADHAKRISHNAN 2 years ago

    Really amazing

  2. Deepak Thampi 2 years ago

    Balance between points and detailings is what i line in these stories of yours. Nowhere you feel you are stuck with same story or topic. Keep it up…

  3. Radhakrishnan 2 years ago

    വളരെ നന്നായിട്ടുണ്ട്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account