വിനോദസഞ്ചാരികൾക്കായി ജക്കാർത്ത ഭരണകൂടം പലതരത്തിലുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. വിദേശസഞ്ചാരികളേക്കാൾ സ്വദേശസഞ്ചാരികൾ ആണ് ഇവിടെയെത്തുന്നത് എന്ന് പറഞ്ഞുവല്ലോ. വിനോദസഞ്ചാരം പ്രോത്‌സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ച് രണ്ടുനില ബസ്സുകൾ നഗരത്തിൽ ഓടുന്നുണ്ട്. പൂർണ്ണമായും ശീതീകരിച്ച ഈ ആഡംബര ബസ്സുകൾ തികച്ചും സൗജന്യമായാണ് ഓടുന്നത്. ഈ ബസുകൾ വിനോദ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് സർവീസുകൾ നടത്തുന്നത്. ഡ്രൈവറെ കൂടാതെ ഒരു ഗൈഡും ഇത്തരം ബസ്സുകളിലുണ്ടാകും. അവർ അടുത്ത് വരുന്ന കേന്ദ്രങ്ങളെക്കുറിച്ച്‌ സാമാന്യം നല്ല ഒരു പ്രഭാഷണം നടത്തുന്നതും പതിവാണ്.

മിക്ക സ്ഥലങ്ങളിലും പ്രവേശന ഫീസ് കുറവായിരിക്കും, അല്ലെങ്കിൽ സൗജന്യമായിരിക്കും. ഒരിടത്തും ഞാൻ വിദേശികൾക്ക് പ്രത്യേകമായ പ്രവേശന ഫീസ് കണ്ടില്ല. മിക്ക രാജ്യങ്ങളിലും വിദേശികൾക്കും സ്വദേശികൾക്കും പ്രവേശന ഫീസുകൾ വ്യത്യസ്‌തമായിരിക്കും. വലിയൊരു തുകയായിരിക്കും വിദേശികളിൽ നിന്നും ഈടാക്കുക. ഇന്ത്യയും അക്കാര്യത്തിൽ ഒട്ടും മോശമല്ല. താജ്‌മഹൽ തന്നെ ഇതിനൊരു നല്ല ഉദാഹരണമാണ്. ഇന്ത്യക്കാർക്ക് 40 രൂപയാണെങ്കിൽ വിദേശീയർക്ക് 1000 രൂപയാണ് പ്രവേശന നിരക്ക്. മിക്ക രാജ്യങ്ങളും ഇത്തരത്തിൽ തന്നെയാണ് നിരക്കുകൾ നിശ്ചയിക്കുന്നത്.

ബാലിയിലേക്കുള്ള കുത്തൊഴുക്ക് ഒട്ടുംതന്നെ ജക്കാർത്തയെ ബാധിച്ചിട്ടില്ല എന്നത് ടൂറിസം മേഖലയ്ക്കു അത്ര നല്ലതല്ലെങ്കിലും, ജക്കാർത്തയുടെ തനതായ സൗന്ദര്യവും സംസ്‌കാരവും സംരക്ഷിക്കുന്നതിൽ ഇത് കാര്യമായ പങ്കു വഹിക്കുന്നുണ്ടെന്ന് നിസ്സംശയം പറയാം. ടൂറിസത്തിന്റെ വികസനത്തിനനുയോജ്യമായ എല്ലാം ഇവിടെയുണ്ട്. ജക്കാർത്ത ഒരു വൻ നഗരമാണെങ്കിലും ട്രാൻസ് ജക്കാർത്ത ബസ് സർവീസുകൾ ഇവിടത്തെ യാത്രകൾ സുഗമമാക്കുന്നു. എല്ലാ റോഡുകളുടേയും ഇടതു വശം ഈ ബസ്സുകൾക്കായി ഒരുക്കിയിരിക്കുന്നു. മറ്റു വാഹനങ്ങൾക്ക് ഇതിൽ പ്രവേശനമില്ല. ആളുകൾ കയറുന്നതും ഇറങ്ങുന്നതും പ്രത്യേകം നിർമ്മിച്ച പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മാത്രം. ടിക്കെറ്റുകളും പ്ലാറ്റ്‌ഫോമുകളിൽ മാത്രം ലഭ്യം. നമ്മുടെ മെട്രോയുടെ മാതൃകയിലാണ് ഇവിടെ ട്രാൻസ് ജക്കാർത്ത ബസുകൾ ഓടുന്നത്. ബസിൽ യാത്ര ചെയ്‌താൽ നമുക്ക് ജക്കാർത്തയിലെവിടെ വേണമെങ്കിലും തിരക്കിൽ കുരുങ്ങാതെ സമയത്തിനെത്താൻ കഴിയും എന്നൊരു മെച്ചവുമുണ്ട്. സിറ്റി ബസുകൾ ഇതേ രീതിയിൽ ഓടിക്കുകയാണെങ്കിൽ നമ്മുടെ നഗരങ്ങളിലും വലിയ ചിലവില്ലാതെ നല്ല ബസ് യാത്ര ലഭ്യമാക്കാനാകും.

റോഡുകളുടെ കാര്യത്തിലും ജക്കാർത്ത മുന്നിൽ തന്നെയാണ്. ജക്കാർത്ത റോഡുകളിൽ വാഹനത്തിരക്കുണ്ടാകുന്നത് കാണേണ്ട ഒരു കാഴ്‌ച തന്നെയാണ്. പെട്ടെന്നാണ് കടുത്ത ഗതാഗത കുരുക്കുകൾ ഉണ്ടാകുന്നത്. ഇത് റോഡുകളുടെ അപര്യാപ്‌തത കൊണ്ടല്ല മറിച്ച് വാഹനാധിക്യം കൊണ്ടാണ്. അതുകൊണ്ടു തന്നെ ജക്കാർത്തയിൽ ടാക്‌സിയിൽ യാത്ര ചെയ്യുന്നതിനേക്കാൾ സൗകര്യം ട്രാൻസ് ജക്കാർത്ത ബസുകൾ ആയിരിക്കും.

എവിടെ നോക്കിയാലും വൻ കെട്ടിടങ്ങൾ. വളെരെയധികം വ്യാപാര സമുച്ചയങ്ങൾ. മിക്കതും നമ്മുടെ ലുലു മാളിനെക്കാൾ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നവ. ധാരാളം ഹോട്ടലുകൾ. എല്ലാതരത്തിലുമുള്ളവ. സാധാരണ താമസ സൗകര്യങ്ങൾ മുതൽ പഞ്ച നക്ഷത്ര ഹോട്ടലുകൾ വരെ ഇതിൽപ്പെടും. ഹോട്ടലുകളുടെ വാടക നിരക്കും ആർക്കും താങ്ങാവുന്നത് മാത്രം. ഇന്ത്യൻ ഹോട്ടലുകളെ താരതമ്യപ്പെടുത്തുമ്പോൾ ജക്കാർത്തൻ ഹോട്ടലുകൾ തികച്ചും ലാഭകരവുമാണ്.

ശിൽപ്പ ചാതുര്യം പ്രകടമാക്കുന്ന കെട്ടിടങ്ങളാണ് എവിടെയും കാണുക. അത് ചെറുതാകട്ടെ, വലിയ കെട്ടിടങ്ങളാകട്ടെ, കെട്ടിടകലയുടെ പ്രാഗൽഭ്യം അതിൽ പ്രകടമായിരിക്കും. വലിയ മാളുകളായ പ്ലാസ ഇന്തോന്വേഷ്യ,  ഇന്തോന്വേഷ്യ ഷോപ്പിംഗ് ടൗൺ, പ്ലാസ സെനയാൻ, സെനയാൻ സിറ്റി, പസഫിക് പ്ലേസ് എന്നിവ നമ്മുടെ സങ്കൽപ്പത്തിനും അതീതമായ സമുച്ചയങ്ങളാണ്‌. ഇവയെല്ലാം ഇവിടത്തെ ശിൽപ്പ ചാതുര്യത്തിന്റെ നിർവ്വചിക്കാനാകാത്ത അനുഭവ സാക്ഷ്യങ്ങൾ തന്നെ.

പല രാജ്യങ്ങളുടേയും എംബസ്സികളുള്ള ജക്കാർത്ത തന്നെയാണ് ASEAN ന്റെ സെക്രട്ടറിയേറ്റും. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ജക്കാർത്ത പുറകിലല്ല. ഒട്ടേറെ യൂണിവേഴ്‌സിറ്റികൾ ഇവിടെയുണ്ട്. അതിൽ ഏറ്റവും വലുതും പഴക്കമേറിയതും യൂണിവേഴ്‌സിറ്റി ഓഫ് ഇന്തോന്വേഷ്യ തന്നെ. എഴുത്തും വായനയും അറിയാവുന്നവരാണ് ജക്കാർത്തൻ ജനതയിൽ ഭൂരിഭാഗവും. പൊതുവെ ശാന്തസ്വഭാവമുള്ള ഇവർ വിദേശികളായ സഞ്ചാരികളോട് നല്ല ആതിഥ്യ മര്യാദ പുലർത്തുന്നവരുമാണ്. പെട്ടെന്ന് സൗഹൃദം സ്ഥാപിക്കുവാനുള്ള ഇവരുടെ കഴിവ് എടുത്തു പറയേണ്ടത് തന്നെയാണ്.

(തുടരും)

13 Comments
 1. Rajeshkumar P R 2 months ago

  സൂപ്പർ വിവരണം

 2. Dr Dhyana 2 months ago

  Good writing

 3. Sadikh ali 2 months ago
 4. Barhan Muhammed P P 2 months ago

  Nice

 5. Nishi Suresh 2 months ago

  നന്നായിട്ടുണ്ട്, കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി…

 6. Deepak Thampi 2 months ago

  Very detailed and informative

 7. Dr.vaishnavi.TK 2 months ago

  informative writing..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account