ഇക്ക്വേറ്ററിനോട് ചേർന്ന് കിടക്കുന്നതു കൊണ്ട് ഇവിടെ കാലാവസ്ഥാ വ്യതിയാനങ്ങൾ കാര്യമായി അനുഭവപ്പെടുന്നില്ല. ഒരു മഴക്കാലവും ഒരു വേനൽക്കാലവും മാത്രം. അതി ശൈത്യമോ കടുത്ത വേനലോ ഇവിടെയില്ല. ഏപ്രിൽ മുതൽ ഒക്‌ടോബർ വരെ വേനൽക്കാലവും നവംബർ മുതൽ മാർച്ചുവരെ മഴക്കാലവുമാണ്. താഴ്ന്ന പ്രദേശങ്ങളെ അപേക്ഷിച്ച്‌ ഉയർന്ന പ്രദേശങ്ങളിൽ തുടർച്ചയായ നല്ല മഴ ലഭിക്കും.

രാജ്യത്തിൻറെ പകുതി ഭാഗത്തോളം വനം നിലനിർത്തിയിരിക്കുന്നു. ഞാൻ കഴിഞ്ഞ ഒരു അധ്യായത്തിൽ എഴുതിയിരുന്നു ഇവിടെ ധാരാളം അത്‌ഭുതങ്ങൾ ഒളിച്ചു വച്ചിരിക്കുന്നു എന്ന്. അത്തരം നമുക്ക് അത്ര പരിചയമില്ലാത്ത രണ്ടു പുഷ്‌പങ്ങൾ ഇവിടെ കാണുവാൻ സാധിക്കും. രണ്ടും സുമാത്രയിലെ മഴക്കാടുകളിലാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പുഷ്‌പം എന്നറിയപ്പെടുന്ന ‘റഫ്‌ളേഷിയ’ ഇവിടെ ധാരാളം. ഏഴു കിലോഗ്രാം വരെ തൂക്കമുണ്ടാകും ഈ പൂക്കൾക്ക്. മലേഷ്യയിലും, തായ്‌ലന്റിലും, ഫിലിപ്പൈൻസിലും ഈ പൂക്കൾ കാണാറുണ്ട്. ഇത് ആദ്യമായി കണ്ടെത്തിയതും സുമാത്രയിലാണ്.

രണ്ടാമത്തെ പുഷ്‌പം ‘ബുങ്ങാ ബാങ്കെ’ എന്ന് അവിടെ വിളിക്കുന്ന ടൈറ്റാൻ ഓറം ആണ്. അളിഞ്ഞ മാംസത്തെക്കാൾ ദുർഗന്ധം വമിപ്പിക്കുന്ന ഒരു പുഷ്‌പം. ഒരു കിലോമീറ്റർ ചുറ്റളവിൽ ഇതിനു അസഹ്യമായ ദുർഗന്ധം പരത്തുവാൻ കഴിയും.

ഭീമൻ ഗൗളികളാണ് ഇവിടത്തെ മറ്റൊരു പ്രത്യേക ജീവി. ‘കൊമഡോ ഡ്രാഗൺ’ എന്നറിയപ്പെടുന്ന ഈ കൂറ്റൻ ലിസാർഡുകൾ മൂന്നു മീറ്റർ വരെ നീളവും, എഴുപതു കിലോ വരെ തൂക്കവും ഉള്ളവയാണ്. ഇന്തോന്വേഷ്യയിലെ കൊമഡോ, റിങ്ക, ഫ്‌ളോറസ് ദ്വീപുകളിലാണ് ഇവയെ കാണപ്പെടുന്നത്. കൊമഡോ ഡ്രാഗൺ എന്ന പേര് വന്നതും അങ്ങനെ തന്നെ. ഇതിന്റെ കീഴ്ത്താടിയിലെ രണ്ടു ഗ്രന്ഥികൾ വിഷം ഉത്‌പാദിപ്പിക്കുന്നുണ്ടത്രേ. അതുകൊണ്ടു തന്നെ ഇതിനെ ആളുകൾ നേരിയ ഭയത്തോടെ തന്നെയാണ് കാണുന്നത്. ഇതിന്റെ വിഷം ഇന്നും സംശയ രഹിതമായി തെളിയിക്കപ്പെട്ടിട്ടില്ല, എങ്കിലും കടിയേറ്റയാളിൽ രക്‌തവാർച്ചക്കു കാരണമായ ചില പ്രോട്ടീനുകൾ ഇതിലുണ്ട് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചെറിയ ജീവികളെയും പക്ഷികളെയുമൊക്കെ തിന്നു ജീവിക്കുന്ന ഇവ മനുഷ്യരെ ആക്രമിക്കുന്നത് അത്ര സാധാരണമല്ല. 1910 ൽ മാത്രം ശ്രദ്ധയിൽപ്പെട്ട ഇവയെ സംരക്ഷിക്കുന്നതിനായി കൊമഡോ ദ്വീപിൽ ഒരു ദേശീയ ഉദ്യാനം തന്നെയുണ്ട്.

കാനഡ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീരപ്രദേശമുള്ള  രാജ്യം ഇന്തോന്വേഷ്യയാണ്. 54000 കിലോമീറ്ററിൽ അധികമാണ് ഇവിടത്തെ കടൽത്തീരങ്ങളുടെ ആകെ നീളം. കേരളത്തിന്റെ കടൽത്തീര നീളം 600 കിലോമീറ്ററിൽ താഴെ മാത്രമാണെന്നുമോർക്കണം. ഭൂകമ്പങ്ങളും കടലാക്രമണങ്ങളും ഇവിടെ സാധാരണമാണ്. ഇവിടെ ഏതെങ്കിലും ഒരു സ്ഥലത്ത് ഗുരുതരമല്ലാത്ത ഒന്നിലേറെ ഭൂകമ്പങ്ങൾ ദിവസവും ഉണ്ടാകുമത്രെ. വർഷത്തിൽ ഒരു അഗ്നിപർവ്വത സ്‌ഫോടനവും.

അഗ്നിപർവ്വത സ്‌ഫോടന ഫലമായി രൂപപ്പെട്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ തടാകവും സുമാത്രയിലാണുള്ളത്. ‘ഡാനു ടോബാ’ എന്ന് അവിടെ വിളിക്കുന്ന ടോബോ തടാകമാണത്. എഴുപതിനായിരം വർഷങ്ങൾക്കു മുൻപ് രൂപപ്പെട്ടതാണീ തടാകം. നൂറു കിലോമീറ്റർ നീളവും മുപ്പതു കിലോമീറ്റർ വീതിയും അഞ്ഞൂറ് മീറ്ററിലധികം ആഴവുമുള്ള ഒരു ഭീമൻ തടാകം. വിസ്‌തീർണ്ണം നോക്കുകയായാണെങ്കിൽ നമ്മുടെ എറണാകുളം ജില്ലയുടെ അത്രയും വരും. ലോക ചരിത്രത്തിൽ തന്നെ ഏറ്റവും ജനനാശം വിതച്ച ഒരു അഗ്നിപർവ്വത സ്‌ഫോടനഫലം.

കഴിഞ്ഞ വർഷം ജൂണിൽ (2018) ഈ തടാകത്തിൽ ഒരു വലിയ കടത്തു ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 190 പേർ മരണപ്പെടുകയും വളരെയധികം പേർക്ക് പരുക്ക് പറ്റുകയുമുണ്ടായി. ബോട്ടിന്റെ പരിധിയിലധികം ഭാരം കയറ്റിയതാണ് അപകട കാരണമെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു. അമ്പതു കാറുകളും, നൂറ് ഇരുചക്ര വാഹനങ്ങളും മുങ്ങിപ്പോയതിൽ ഉൾപ്പെടുന്നു. ഇതൊക്കെയാണെങ്കിലും സുമാത്രയിലെത്തുന്ന സഞ്ചാരികൾക്ക് ഈ തടാകം നൽകുന്ന ദൃശ്യവിരുന്ന് വർണ്ണനാതീതമാണ്.

ഏറ്റവും കൂടുതൽ പാം ഓയിൽ ഉൽപ്പാദനം നടക്കുന്നത് ഇന്തോന്വേഷ്യയിലാണ്. മലേഷ്യയാണ് തൊട്ടടുത്ത്. ഇന്ത്യ ഇതുവരെ പാം ഓയിൽ കൂടുതലായും ഇറക്കുമതി ചെയ്‌തിരുന്നത് മലേഷ്യയിൽ നിന്നായിരുന്നു. മലേഷ്യൻ പ്രധാനമന്ത്രിയുടെ, കാഷ്‌മീർ വിഷയത്തിലെ യുണൈറ്റഡ് നേഷനിലെ പരാമർശനത്തിനു ശേഷം, മലേഷ്യയിൽ നിന്നുമുള്ള പാം ഓയിൽ ഇറക്കുമതിയിൽ പുനർചിന്തനം ഉണ്ടാകുമെന്ന് ഇന്ത്യ പ്രഖ്യാപിക്കുകയുണ്ടായി. ഇത് ഇന്തോന്വേഷ്യയ്ക്ക് അനുകൂലമായ ഒരു നടപടിയായിരിക്കും. ഒരു സൗഹൃദ രാഷ്‌ട്രമെന്ന നിലയിൽ അവർക്കു താത്‌പര്യവുമായിരിക്കും. അവരുടെ സാമ്പത്തിക വളർച്ചയിലും ഈ തീരുമാനം സഹായകരവുമായേക്കാം.

ഒരു മുസ്ലീം രാജ്യമെന്ന നിലയിലായിരിക്കാം ഒരു പക്ഷേ മലേഷ്യ അങ്ങനെയൊരഭിപ്രായം പറഞ്ഞിരിക്കുക. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്‌ട്രമായ  ഇന്തോന്വേഷ്യയുടെ അഭിപ്രായം ഇങ്ങനെയല്ല താനും. അവർ ഇന്ത്യയെ ഒരു സുഹൃത്ത് രാഷ്‌ട്രമായാണ് കാണുന്നത്. ഇന്ത്യക്കാരോട് അവിടെയുള്ളവർക്ക് സ്‌നേഹവും ബഹുമാനവുമാണ്. ഹിന്ദിപ്പാട്ടുകൾ പാടുന്നവരും, ഹിന്ദി സിനിമ, ടെലിവിഷൻ പരമ്പരകൾ കാണുന്നവരും അവിടെയുണ്ട്. ഇന്ത്യയിലെ അമ്മായി അമ്മമാർ എല്ലാവരും ദുഷ്‌ടരാണോ എന്ന് എന്നോട് ഒരു ബാലിക്കാരി യുവതി ചോദിക്കുകയുണ്ടായി. ചോദിക്കാനുള്ള കാരണമായിരുന്നു രസകരം. അവർക്ക് ബാലിയിൽ ഒരു തുണിക്കടയുണ്ട്. അവിടെയുള്ള ടീവിയിൽ ഹിന്ദി പരമ്പരകൾ കാണുകയാണ് കക്ഷിയുടെ മുഖ്യ വിനോദം. ഇത്തരം പരമ്പരകളുടെ സ്വാധീനം കടലുകടന്നു, ഭാഷകൾ കടന്നു വ്യാപിക്കുന്നുണ്ടെന്ന് നമ്മൾ മനസ്സിലാക്കണം. പരമ്പരകളുടെ നിർമ്മാതാക്കളും സംവിധായകരും മനസ്സിലാക്കണം. ഇതിന്റെ മറുപടി കൊടുക്കേണ്ടത് എന്നെപ്പോലുള്ള പാവം സഞ്ചാരികളും.

(തുടരും)

15 Comments
 1. Sadikh ali 8 months ago
 2. John 8 months ago

  Good writing. Enjoyed reading and knowing many new things.

 3. Dhanya 8 months ago

  Good writing….

 4. Dr.vaishnavi.TK 8 months ago

  very nice ..and interesting

 5. Haridasan 8 months ago

  Interesting reading..

 6. Ajeeth 8 months ago

  Worth reading

 7. Nishi Suresh 8 months ago

  പല പല രാജ്യങ്ങൾ പോയി… അവിടെ കണ്ട കാഴ്ചകൾ മനസ്സിലാകുന്ന രീതിയിൽ എഴുതി വായനക്കാരിലേക്ക് എത്തിക്കുന്നതിന് നന്ദി!!!
  അങ്ങനെ ഇൗ വായനയിലൂടെ ലോകത്തിലെ ഏറ്റവും വലിയ പുഷ്പം ആയ റഫ്ലേഷ്യയെ കുറിച്ചും അറിയാൻ കഴിഞ്ഞു നന്ദി .

 8. Barhan Muhammed P P 7 months ago

  Good narration

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account