ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനി സന്ദർശിക്കണമെങ്കിൽ ഇന്തോന്വേഷ്യയിൽ വന്നാൽ മതിയാകും. ഇന്തോന്വേഷ്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള പ്രവിശ്യയായ പപ്പുവായിൽ ആണ് ഈ ഭീമൻ ഖനി സ്ഥിതി ചെയ്യുന്നത്. പകുതിയിലധികം സർക്കാർ പങ്കാളിത്തമുള്ള ഈ ഖനി ചെമ്പു ഖനനത്തിലും ലോകത്തിൽ രണ്ടാം സ്ഥാനം നിലനിർത്തുന്നു. വെള്ളി ഖനനവും ഇവിടെ നടക്കുന്നുണ്ട്. ഉസ്ബക്കിസ്ഥാനിലെ മുരുണ്ടാവു ഖനിയെ പിന്തള്ളിക്കൊണ്ടാണ് ‘ഗ്രാസ്‌ബെർഗ്’ എന്ന് പേരുള്ള ഈ ഖനി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. അൻപത്തഞ്ചായിരം കിലോ സ്വർണ്ണമാണത്രേ പ്രതിവർഷം ഇവിടെനിന്നും ഖനനം ചെയ്യപ്പെടുന്നത്.

സുമാത്രയുടെ ശരിയായ പേര് ‘സ്വർണ്ണദീപ’ എന്നായിരുന്നു എന്നും പറയപ്പെടുന്നു. മാർക്കോപ്പോളോയ്ക്കു പറ്റിയ ഒരു കൈയ്യബദ്ധം ആയിരിക്കും സ്വർണ്ണദ്വീപിനെ സുമാത്രയാക്കി ലോകത്തിനു മുൻപിൽ അവതരിപ്പിച്ചിരിക്കുക. 1292 ൽ അദ്ദേഹത്തിന്റെ ഇന്തോന്വേഷ്യൻ യാത്രയിലാണ് സുമാത്രയെക്കുറിച്ചു പ്രതിപാദിക്കുന്നത്.

ഇന്തോന്വേഷ്യയിൽ ഇസ്‌ലാം മതക്കാരല്ലാതെ മറ്റു ചില മതക്കാർ കൂടിയുണ്ടെന്ന് പറഞ്ഞിരുന്നല്ലോ. എല്ലാ മതക്കാരോടും സഹിഹിഷ്‌ണുതയുള്ള ഒരു സർക്കാർ ആണിവിടെയുള്ളത്. എന്നാൽ മതമില്ലാതെ ജീവിക്കുവാൻ ഇവിടത്തെ നിയമം അനുവദിക്കുന്നില്ല. അതുപോലെതന്നെ വ്യത്യസ്‌ത മതക്കാർ തമ്മിലുള്ള വിവാഹവും ഇവിടെ അനുവദനീയമല്ല. ആരെങ്കിലുമൊരാൾ മറ്റൊരാളുടെ മതം സ്വീകരിച്ചതിനുശേഷം മാത്രമേ വിവാഹം അനുവദിക്കുകയുള്ളൂ.

ബുദ്ധമത വിശ്വാസികൾ ഇന്തോന്വേഷ്യയിൽ ചെറിയൊരു ശതമാനമേയുള്ളൂ എങ്കിലും, ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമുള്ളത് മധ്യ ജാവയിൽത്തന്നെ. ഇവിടത്തെ ബോറോബുദൂർ എന്ന പഴയകാല ബുദ്ധ ക്ഷേത്രമാണത്. 504 ബുദ്ധപ്രതിമകളാണ് ഇവിടെയുള്ളത്. പുരാതന കാലത്ത്‌ ഇതൊരു ഹിന്ദു ക്ഷേത്രം ആയിരുന്നു എന്നും വിശ്വസിക്കുന്നവരുണ്ട്. ഇന്തോന്വേഷ്യയുടെ മുദ്രയിലെ ഗരുഡ വിഷ്‌ണു ഭഗവാന്റെ വാഹനമായിരുന്നല്ലോ. അവിടെ ആദ്യമുണ്ടായിരുന്ന മതം ഹിന്ദുമതം ആയിരിക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് ചരിത്രപണ്ഡിതർ പറയുന്നു. ഹിന്ദു മതം ജാവയിലും ബാലിയിലും എത്തിച്ചേർന്നത് ഇന്ത്യയിൽ നിന്നായിരിക്കണമല്ലോ. ചോള രാജാക്കന്മാർ അവരുടെ സാമ്രാജ്യം തെക്കു കിഴക്കൻ ഏഷ്യയിലേക്കു വ്യാപിപ്പിച്ചിരുന്നല്ലോ.

വളരെ പുരാതന കാലം മുതൽതന്നെ ഇന്ത്യയും ഇന്തോന്വേഷ്യയും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്ന് വേണം കരുതുവാൻ. രാമായണത്തിൽ പറയുന്ന ‘യവദ്വീപ്’ ജാവയായിരിക്കും എന്നാണ് വിദഗ്ദ്ധ മതം. സീതയെത്തേടി സുഗ്രീവൻ തന്റെ വാനരപ്പടയെ യവദ്വീപിലേക്കയച്ചത് രാമായണത്തിൽ പ്രതിപാദിക്കുന്നുണ്ടല്ലോ. ക്രിസ്‌തുവിനും മുൻപ് തന്നെ കുരുമുളക് ഇന്തോന്വേഷ്യയിലെത്തിയത് ഇന്ത്യയിൽ നിന്നാണത്രേ. അവിടെ നിന്നും ജാതി മരങ്ങൾ ഇന്ത്യയിലേക്കും എത്തിച്ചേർന്നു. രണ്ടു രാജ്യക്കാരും സുഗന്ധദ്രവ്യങ്ങൾ ധാരാളമായി ഉപയോഗിക്കുന്നവരും ഉത്‌പാദിപ്പിക്കുന്നവരുമാണല്ലോ!

ഇന്ത്യയിലെയും ഇന്തോന്വേഷ്യയിലെയും ചില വാക്കുകൾക്കു പോലുമുണ്ട് സാദൃശ്യം. അവിടെ പലയിടങ്ങളിലും WANITA എന്നെഴുതിവച്ചിരുന്നത് ഞാൻ കണ്ടിരുന്നു. പ്രത്യേകിച്ചും റെസ്റ്റ് റൂമുകൾക്കു മുൻപിൽ. വനിത എന്നാൽ  ഇന്തോന്വേഷ്യയിൽ സ്‌ത്രീ എന്നാണർത്ഥം. സ്‌ട്രീ എന്നും പറയാറുണ്ടത്രേ. ഇതിൽ തോന്നിയ കൗതുകം എന്നെ മറ്റു ചില വാക്കുകളിലേക്കുമെത്തിച്ചു. നമ്മുടെ അച്ചാർ അവിടെയും ഹിന്ദിയിലും അച്ചാർ തന്നെ. ഗുരു അവിടെയും ഇവിടെയും അദ്ധ്യാപകൻ. അവിടത്തെ രാജാവും രാജ തന്നെ. ബൂമി (ഭൂമി), സ്വർഗ്ഗ, വിജയ (വിജയം), പുത്രൻ, പുത്രി, ബഹാഷ ( ഭാഷ), ശത്രിയ (പടയാളി) തുടങ്ങി പലതുമുണ്ട്. ഇതെല്ലാം ഒരുപക്ഷെ സംസ്‌കൃതത്തിൽ നിന്നും രൂപപ്പെട്ടതാകാം എന്ന് പറയപ്പെടുന്നുണ്ടെങ്കിലും എന്തോ എനിക്കതുമായി യോജിക്കുവാൻ കഴിയുന്നില്ല. എനിക്ക് ദ്രവീഡിയൻ ഭാഷയുമായാണ് കൂടുതൽ സാമ്യം തോന്നിയത്. ഒരു പക്ഷെ സംസ്‌കൃതത്തിലുള്ള എന്റെ അജ്ഞത മൂലമോ, കരികാല ചോളന്റെ ഈ നാടുകളുമായുള്ള ബന്ധം മനസ്സിലുള്ളതുകൊണ്ടോ ആകാം. മലയ ഭാഷയിലും ഈ സാദൃശ്യം ശ്രദ്ദേയമാണ്. ഇതുപോലെ ഞാൻ ശ്രീലങ്കയിലും ശ്രദ്ധിച്ചിരുന്നു. പല സിംഹള വാക്കുകൾക്കും മലയാളവുമായുള്ള സാദൃശ്യം.

ഇന്ത്യയും ഇന്തോന്വേഷ്യയും തമ്മിൽ ഇനിയും ധാരാളം സാദൃശ്യങ്ങൾ കാണുവാൻ കഴിയും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‍ട്രവും ഏറ്റവും വലിയ മൂന്നാമത്തെ ജനാധിപത്യ രാഷ്‍ട്രവും എന്നത് മാത്രമല്ല, പല ഭാഷകൾ സംസാരിക്കുന്ന, വിവിധ സംസ്‌കാരങ്ങൾ പുലർത്തുന്ന ജനത വസിക്കുന്ന രാഷ്‍ട്രങ്ങളാണിത് രണ്ടും. ജനപ്പെരുപ്പത്തിന്റെ കാര്യത്തിൽ, സാമ്പത്തിക സൗകര്യങ്ങളുടെ കാര്യത്തിൽ എല്ലാം നമുക്കിത് ദൃശ്യമാകും. നാണയങ്ങളുടെ പേരുപോലും ഇതിനുദാഹരണമായി എടുത്തു പറയുവാൻ കഴിയും. കഴിഞ്ഞ ഏപ്രിൽ പതിനൊന്നിന് (11/04/2019) ജക്കാർത്ത പോസ്‌റ്റിൽ വന്ന ഒരു ലേഖനം പോലും ശ്രദ്ധേയമാണ്. ‘ഇന്ത്യ, ഇന്തോന്വേഷ്യ: ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ?’

(തുടരും)

8 Comments
 1. Deepak 4 months ago

  Very informative and simple yet beautiful narration

 2. Vinod pp 4 months ago

  Nice

 3. Nishi Suresh 4 months ago

  വിവരണം കലക്കി

 4. Barhan Muhammed P P 4 months ago

  Informative

 5. Dr.vaishnavi.TK 4 months ago

  very good narration ..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account