ഒരു രാഷ്‌ട്രത്തിന്റെ സ്വാതന്ത്ര്യ സൂചകമായി ഒരു ആരാധനാലയം എവിടെയെങ്കിലുമുണ്ടാകുമോ എന്നെനിക്കറിയില്ലായിരുന്നു. എന്നാൽ അങ്ങനെയൊരു മുസ്ലിം ആരാധനാലയം ജക്കാർത്തയിലുണ്ട്. മസ്‌ജിദ്‌ ഇസ്‌തിക് ലാൽ ആണിത്. ഇസ്‌തിക് ലാൽ എന്ന അറബി വാക്കിന്റെ അർഥം സ്വാതന്ത്ര്യം എന്നാണ്. സ്വാതന്ത്ര്യത്തിന്റെ ചതുരമായ മെർഡെക്ക ചതുരത്തിനടുത്തു തന്നെയാണ് ഈ മോസ്ക്കും പണികഴിപ്പിച്ചിരിക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ മോസ്‌ക്ക് ആണിത്. രണ്ടുലക്ഷം ആളുകൾക്ക് പ്രാർത്ഥിക്കുവാൻ സൗകര്യമുള്ള മോസ്‌ക്ക് പണികഴിപ്പിച്ചിരിക്കുന്നത് 1978 ൽ ആണ്. ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുന്ന ഈ മോസ്‌ക്കിൽ പ്രാർത്ഥനയ്ക്കല്ലാതെയെത്തുന്ന സന്ദർശകർക്കും പ്രവേശനമുണ്ട്. പാശ്ചാത്യ വേഷധാരികൾ അവിടെനിന്നും സൗജന്യമായി ധരിക്കുവാൻ തരുന്ന ഒരു വസ്‌ത്രം ധരിച്ചു മാത്രം ഉള്ളിൽ പ്രവേശിക്കണം. പ്രവേശനവും സൗജന്യമാണ്.

രൂപകൽപ്പനയിലും നിർമ്മിതിയിലും ആശ്ചര്യം പകരുന്ന ഈ ആരാധനാലയം, ജക്കാർത്തൻ യാത്രയിലെ ഒഴിച്ചുകൂടാനാകാത്ത ഒരനുഭവമാണ്. നാലു നിലകളിലായി നിർമ്മിച്ചിരിക്കുന്ന ഈ ആരാധനാലയത്തിന്റെ മുകൾഭാഗത്ത് ഗോളാകാരമായ ഒരു താഴികക്കുടമുണ്ട്. 45 മീറ്റർ ആണ് ഇതിന്റെ വ്യാസം. 1945 ൽ ആണല്ലോ ഇന്തോന്വേഷ്യക്കു സ്വാതന്ത്ര്യം കിട്ടിയത്. അതിന്റെ ഓർമ്മയ്ക്കായാണ് 45 മീറ്റർ എന്ന ഈ കണക്ക്. മുഖ്യ ഹാളിലേക്ക് പോകുന്നതിനായുള്ള ഇടനാഴിക്കുമുണ്ട് ഇത്തരത്തിലൊരു കണക്ക്. എട്ടുമീറ്റർ ആണ് ഇടനാഴിയുടെ വീതി. ഇത് സ്വാതന്ത്ര്യം കിട്ടിയ ഓഗസ്റ്റ് മാസത്തെ സൂചിപ്പിക്കുന്നതിനാണത്രേ. ഈ മസ്‌ജിദിന്‌ ഒരു മിനാരവുമുണ്ട്. 66.66 മീറ്റർ ഉയരമാണ് ഈ മിനാരത്തിനുള്ളത്. വിശുദ്ധ ഖുറാനിലെ 6666 നെ സൂചിപ്പിക്കുവാനാണ് ഈ കണക്കും. എട്ടു പ്രവേശന കവാടങ്ങളാണിതിനുള്ളത്. അവിടെയെല്ലാം അള്ളായുടെ 99 പേരുകൾ എഴുതി വച്ചിട്ടുമുണ്ട്.

ഈ മസ്‌ജിദിന്റെ എതിർവശത്താണ് റോമൻ കത്തോലിക്കാ സഭയുടെ ആർച്ചു ബിഷപ്പിന്റെ ആസ്ഥാനവും വിശുദ്ധ മറിയത്തിന്റെ പേരിലുള്ള കത്തീഡ്രലും സ്ഥിതിചെയ്യുന്നത്. 1901 ൽ ഫ്രഞ്ച് നിയോ ഗോത്തിക് രീതിയിൽ ഈ കത്തീഡ്രൽ പുതുക്കിപ്പണിയുകയുണ്ടായി. ഗംഭീരവും ശാന്തവുമായ ഉൾവശം ഏതൊരു സഞ്ചാരിയെയും വിസ്‌മയത്തിലാഴ്ത്തും. ഒരു ചെറിയ മ്യുസിയവും ഇതിനോടനുബന്ധിച്ചുണ്ട്.

റാങ്കുനാൻ മൃഗശാലയാണ് ജക്കാർത്തയിലെ മറ്റൊരു പ്രധാന വിനോദ കേന്ദ്രം. നൂറ്റമ്പതു വർഷങ്ങൾക്കു മുൻപ് ആരംഭിച്ചതാണിത്. മുന്നൂറ്റമ്പത് ഏക്കർ സ്ഥലത്ത് 3600 തരം ജീവജാലങ്ങളുമായി പരന്നു കിടക്കുന്നു ഈ മൃഗശാല. ഇതിലെ ജീവനക്കാർ തന്നെ 500 നടുത്തു വരും എന്നറിയുമ്പോൾ ഇതിന്റെ വലുപ്പവും പ്രാധാന്യവും ഊഹിക്കാവുന്നതേയുള്ളൂ. സുമാത്രയിൽ കണ്ടുവരുന്ന മൃഗങ്ങൾക്കൊപ്പം ലോകത്തിലെ മറ്റുഭാഗങ്ങളിൽ നിന്നുള്ളവയും പ്രദർശനത്തിനുണ്ട്. ഇൻഡോന്വേഷ്യയിൽ മാത്രം കണ്ടുവരുന്ന ചില പക്ഷികൾ എനിയ്ക്ക് ഒരു പ്രത്യേക അനുഭവമായിരുന്നു. ഇൻഡോന്വേഷ്യയുടെ സ്വന്തമായ കൊമഡൊ ഡ്രാഗണെയും  ഉറാങ് ഉട്ടാനെയുമെല്ലാം ഇവിടെ കണ്ടുമുട്ടാം. തിങ്കളാഴ്‌ച അവധി ദിവസമായ ഈ മൃഗശാല, മറ്റു ദിവസങ്ങളിൽ രാവിലെ ആറു മണി മുതൽ വൈകുന്നേരം നാലു മണി വരെ പ്രവർത്തിക്കുന്നു. 4000 റുപ്യാ ആണ് പ്രവേശന നിരക്ക്. അതായത് നമ്മുടെ 20 രൂപ. കുട്ടികൾക്ക് 3000 റുപ്യാ. ഇത്ര കുറഞ്ഞ നിരക്കിൽ ഇത്രയും വലുതും ഉയർന്ന നിലവാരം പുലർത്തുന്നതുമായ മൃഗശാല ലോകത്തിൽ മറ്റൊരിടത്തും ഉണ്ടാകുമെന്നു തോന്നുന്നില്ല.

പലയിടങ്ങളിലും വിനോദത്തിനു വേണ്ടിയുള്ള തീം പാർക്കുകൾ കാണാറുണ്ട്. വിനോദത്തിനപ്പുറം അറിവിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നവ നന്നേ വിരളം. ഇവിടെ അത്തരത്തിലുള്ള ഒരു പാർക്ക് ഉണ്ട്. എഡ്യുറ്റൈൻമെന്റ് പാർക്ക് എന്നാണിതിന് വിശേഷണം. കിഡ്‌സാനിയ പസിഫിക് പ്ലേസ് എന്നാണ് ഇതിന്റെ പേര്. കുട്ടികളെയും കൗമാരക്കാരെയും ആകർഷിക്കുന്ന വിധമാണ് ഇതൊരുക്കിയിരിക്കുന്നത്. ഒരു നഗരം തന്നെ അതിനുള്ളിൽ സൃഷ്‌ടിച്ചിരിക്കുന്നു. റോഡുകളും, ട്രാഫിക് സിസ്റ്റവും, ഹോസ്‌പിറ്റലുകളും ഫാക്റ്ററികളും, സലൂണുകളും, ഡിപ്പാർട്‌മെന്റൽ സ്റ്റോറുകളും പോലീസ് സ്റ്റേഷൻ, തുടങ്ങി കോടതി എല്ലാമുള്ള നഗരം. എല്ലായിടങ്ങളിലും സന്ദർശകർക്കും പങ്കാളികളാകാം. ബ്രെഡ്  ഫാക്റ്ററിയിൽ നമുക്കും ബ്രെഡ് ഉണ്ടാക്കാം. കാർ വിൽക്കുന്ന സെയിൽസ് എക്‌സിക്യൂട്ടീവ് ആകണമോ? അതിനും ഇവിടത്തെ കാർ ഡീലർ ഷോപ്പിൽ അവസരമുണ്ട്. കുക്ക് ആകാനും സപ്ലയർ ആകാനും അവസരമൊരുക്കുന്നു ഹോട്ടലുകൾ. പല്ലു പറിക്കണമെങ്കിൽ, ഡെന്റിസ്റ്റാകണമെങ്കിൽ ഡെന്റൽ ക്ലിനിക്കുകളുണ്ട്. മുതിർന്നവർക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുന്നതിനായി കുട്ടികൾക്ക് അവസരമുണ്ടാക്കുകയാണ് ഇവർ. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് രണ്ടു ലക്ഷം റുപ്യാക്കടുത്തു വരും. ഇതുകേട്ട് ഞെട്ടേണ്ടതില്ല, നമ്മുടെ 1000 രൂപയിൽ താഴേ മാത്രം.

ചൈനാ ടൌൺ കണ്ടില്ലെങ്കിൽ ജക്കാർത്ത കണ്ടില്ല എന്ന് തന്നെയാണാർത്ഥം. ഗ്ലോഡോക് എന്നാണിവിടത്തെ ചൈനാ ടൗൺ അറിയപ്പെടുന്നത്. മിക്ക രാജ്യങ്ങൾക്കും ഉണ്ടാകും ഒരു ചൈനാ ടൌൺ. ഷോപ്പിംഗിനും ഭക്ഷണത്തിനും പേരു കേട്ടതാണല്ലോ ചൈനാ ടൗണുകൾ. ഗ്ലോഡോക്കും അങ്ങനെതന്നെ. ഇലക്‌ട്രോണിക് സാധനങ്ങൾക്ക് പേരുകേട്ട സ്ഥലം കൂടിയാണ് ഗ്ലോഡോക്. ഞാൻ താമസിച്ചിരുന്ന ഫേവ് ഹോട്ടൽ ഗ്ലോഡോക് ഏരിയായിൽ ആയിരുന്നു.
(തുടരും)

5 Comments
 1. Nishi Suresh 4 months ago

  വളരെ രസകരമായ ഒരു അധ്യായം ആയിരുന്നു ഇത്

 2. Deepak Thampi 3 months ago

  Very informative and interesting Narration.

 3. Radhakrishnan 3 months ago

  അറിവുകൾ പകരുന്ന ഒരു യാത്രാനുഭവം

 4. Dr.vaishnavi.TK 3 months ago

  good narration sir ..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account