സഞ്ചാരികൾക്കായി അത്‌ഭുതങ്ങൾ ഒരുക്കിവച്ച്‌ കാത്തിരിക്കുന്ന ഒരു നഗരമാണ് ജക്കാർത്ത എന്ന് ഞാൻ സൂചിപ്പിച്ചിരുന്നുവല്ലോ. അതിലൊന്നാണ് തമാൻ മിനി ഇന്തോന്വേഷ്യ ഇണ്ട. തമാൻ എന്നാൽ പൂന്തോട്ടം എന്നാണ് ബഹാഷ ഇന്തോന്വേഷ്യയിൽ അർത്ഥം. ഇണ്ട എന്നാൽ മനോഹരം എന്നും. ഒരു മനോഹരമായ മിനിയേച്ചർ ഗാർഡൻ എന്നാണ് ഇതിന്റെ അർത്ഥമെങ്കിലും, ഇതൊരു ചെറിയ പൂന്തോട്ടമല്ല. 250 ഏക്കറിൽ പടർന്നു കിടക്കുന്ന മറ്റൊരു ലോകമാണ്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലെത്തുന്നവർക്കനുഭവപ്പെടുന്ന അതേ അവസ്ഥാവിശേഷം തന്നെയാണിവിടെയും. അവിടെപ്പോയവർക്കറിയാം അതുമൊരു വിസ്‌മയലോകം തന്നെയാണെന്ന്.

ഞാനും ഇവിടെയെത്തുന്നതുവരെ ഇതൊരു ഗാർഡൻ മാത്രമായിരിക്കും എന്നൊരു ചിന്തയിലായിരുന്നു. അതുകൊണ്ടു തന്നെയാകണം എന്റെ ആശ്ചര്യം വർദ്ധിച്ചത്. 2500 റുപ്യാ ആണ് പ്രവേശന നിരക്ക്. അത് നമ്മുടെ 125 രൂപ മാത്രമാണെങ്കിലും ഇതിനുള്ളിലുള്ള പല ആക്റ്റിവിറ്റികൾക്കും പ്രത്യേകം പണം ഈടാക്കുന്നുണ്ട്. മൊത്തമായി ഒരു നിരക്ക് ഇവിടെയില്ല. ഇതിനുള്ളിൽ കാഴ്ച്ചകൾ കാണുവാൻ ബസ്, ട്രെയിൻ, സ്‌കൈ ട്രെയിൻ, കേബിൾ കാർ തുടങ്ങിയവയും പ്രയോജനപ്പെടുത്താം. ഇവയ്‌ക്കെല്ലാം പ്രത്യേക നിരക്കുകളാണ്. നടന്നും നമുക്കീ തമാൻ സന്ദർശിക്കുവാൻ കഴിയും. പൊതുവേ ഇവിടത്തെ നിരക്കുകളും അത്ര വലുതല്ല.

ഇന്തോന്വേഷ്യയിലെ വിവിധ സ്ഥലങ്ങളിലെ ആളുകളുടെ സംസ്‌കാരം, ജീവിതരീതി എന്നിവ വളരെ വ്യത്യസ്ഥമാണ്. പല പല ദ്വീപുകളിലായി വസിക്കുന്നവരാണല്ലോ ഇവർ. ഇവരുടെ ഭവന നിർമ്മാണ രീതി പോലും വ്യത്യസ്ഥമാണ്. ജാവയിലെയും സുമാത്രയിലെയും പോലും ഒരു സാമ്യവുമില്ല. അപ്പോൾ മറ്റു സ്ഥലക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇത്തരത്തിലുള്ള വ്യത്യസ്ഥമായ വീടുകൾ പ്രദർശിപ്പിച്ചിരിക്കുന്നതാണ് ഇവിടത്തെ ഒരു മുഖ്യ ആകർഷണം. വീടുകൾ അതേപോലെ തന്നെ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നു. അതേ വലുപ്പത്തിൽ, ഭാവത്തിൽ, സംസ്‌കാരത്തിൽ. സുമാത്രയിലെ പുല്ലുമേഞ്ഞ ബഹുനിലക്കെട്ടിടങ്ങളും ഇതിലുണ്ട്.

മനോഹരങ്ങളായ പല പൂന്തോട്ടങ്ങൾ ഇതിനുള്ളിലുണ്ട്. ഓർക്കിഡ് ഗാർഡൻ, ഔഷധ സസ്യത്തോട്ടം, ക്യാക്റ്റസ് ഗാർഡൻ, മുല്ലത്തോട്ടം തുടങ്ങി ഒരു ഡസൻ പൂന്തോട്ടങ്ങളുണ്ടാകും ഇതിനുള്ളിൽ. പക്ഷികൾക്കായുള്ള ഒരു പാർക്കും ബോട്ടു യാത്രയൊരുക്കുന്ന ഒരു വലിയ തടാകവും ഇതിനുള്ളിലുണ്ട്. ഏതു പ്രായത്തിലുള്ളവർക്കും ഒരു ദിവസം പൂർണ്ണമായും ആഘോഷിക്കുവാനുള്ള എല്ലാ വിഭവങ്ങളും ഇവിടെയുണ്ട്.

പലവിധത്തിലുള്ള മ്യുസിയങ്ങൾ ഇവിടത്തെ മറ്റൊരു പ്രധാന ആകർഷണമാണ്. കുറേയേറേ മ്യുസിയങ്ങൾ. ഇത് കണ്ടപ്പോൾ എനിക്ക് മലേഷ്യയിലെ മലാക്കയാണ് ഓർമവന്നത്. മലാക്ക മ്യുസിയങ്ങളുടെ തലസ്ഥാനമാണ്. മുപ്പത്തഞ്ചു മ്യുസിയങ്ങൾ നല്ലനിലയിൽ നടത്തുന്നുണ്ട് അവിടെ. അവിടത്തെ എല്ലാ മ്യുസിയങ്ങളും നമുക്കിഇഷ്‌ടമാകണമെന്നില്ല. എന്നാൽ തമാനിൽ സ്ഥിതിയതല്ല. എല്ലാം ആകർഷകങ്ങളാണ്. ഗതാഗത മ്യുസിയത്തിൽ വൻ വിമാനങ്ങൾ തന്നെയൊരുക്കിയിരിക്കുന്നു. ഗ്യാസ് ആൻഡ് ഓയിൽ മ്യൂസിയം, കൊമാഡോ റെപ്‌റ്റൈൽ മ്യുസിയം, ടെലിക്കമ്മ്യുണിക്കേഷൻ മ്യുസിയം, സ്റ്റാംപ് മ്യുസിയം, സ്‌പോർട്‌സ് മ്യുസിയം, റിസേർച്ച് ആൻഡ് ടെക്‌നോളജി മ്യുസിയം തുടങ്ങിയവ ഇവിടത്തെ മ്യുസിയങ്ങളിൽ ചിലതു മാത്രം.

എല്ലാ മതക്കാരുടെയും ആരാധനാലയങ്ങളുമുണ്ട് ഇതിനുള്ളിൽ. ഒരു മോസ്‌ക്ക്, ഒരു കത്തോലിക്ക പള്ളി, ഒരു പ്രൊട്ടസ്റ്റന്റ് പള്ളി, ഒരു ഹിന്ദു ക്ഷേത്രം, ഒരു ബുദ്ധ ക്ഷേത്രം, ഒരു കൺഫ്യൂഷ്യസ് ക്ഷേത്രം തുടങ്ങി മനോഹരമായ ഒരു ചൈനാ ക്ഷേത്രം വരെ ഇതിനുള്ളിലുണ്ട്. ഒരു പാർക്ക് നിർമ്മിക്കുമ്പോൾ പോലും ഒരു മതക്കാരെയും നിരാശപ്പെടുത്താത്ത ഈ ആശയം ഒരു സെക്കുലർ രാഷ്‌ട്രത്തിന്റേതല്ല, മറിച്ച് ഒരു മുസ്‍ലീം രാഷ്‌ട്രത്തിന്റേതാണ് എന്ന് കൂടി ഓർക്കണം. സെക്കുലർ രാജ്യമായ നമ്മുടെ രാജ്യത്ത് നടക്കുന്നതും ഈ അവസരത്തിൽ ഓർക്കുന്നത് ഉചിതമായിരിക്കും.

ഇന്ത്യയുടെ ഭരണഘടനയിൽ സെക്കുലർ എന്ന് എഴുതിച്ചേർത്തിരിക്കുന്നത് വിചിത്രമായി എനിക്ക് തോന്നിയിട്ടുണ്ട്. മതപരമായും ആത്‌മീയമായും ഒരു ബന്ധവുമില്ലാത്തത് എന്നാണ് ഈ വാക്കിന്റെയർത്ഥം. ഇത്രയധികം മതങ്ങളും, ഉപവിഭാഗങ്ങളും, ആരാധനാലയങ്ങളുമുള്ള ഇന്ത്യക്കെങ്ങനെയാണ് സെക്കുലർ രാഷ്‌ട്രം എന്ന് പറയുവാൻ കഴിയുന്നത്. ഇന്ത്യക്ക് ഔദ്യോഗികമായി ഒരു മതമില്ല എന്നത് മാത്രമാണ് എനിക്കിതിൽ കാണുവാൻ കഴിയുന്നത്. ഒരു പക്ഷേ ഇന്ത്യയുടെ ഈ അവസ്ഥക്ക് തുല്യമായൊരു ഇംഗ്ലീഷ് പദം കണ്ടെത്താനാകാത്തതും ഇതിന് കാരണമാകാം. ഒരു സെക്കുലർ രാജ്യത്ത് ജാതിയോ മതമോ ചോദിക്കാൻ പോലും പാടില്ലാത്തതല്ലേ?

ആളുകൾക്ക് താമസിക്കാനായി ഒരു ഹോട്ടലും ഒരു യൂത്ത് ഹോസ്റ്റലും ഇതിനുള്ളിലുണ്ട്. ധാരാളം ഭക്ഷണ ശാലകളും ഇവിടം സന്ദർശിക്കുന്നവർക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ഇത്തരം അവസരങ്ങളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വിലയീടാക്കിയാലും ആളുകൾ വാങ്ങിക്കഴിക്കും എന്നുള്ള നമ്മുടെ ബുദ്ധിയൊന്നും അവർക്കില്ല. മിതമായ നിരക്കാണ് എവിടെയും. അപൂർവ്വമായ പുസ്‌തകങ്ങൾ ലഭിക്കുന്ന ഒരു മാർക്കറ്റും, ഒരു പുഷ്‌പഘടികാരവും എടുത്തു പറയേണ്ടതിൽ ചിലതാണ്. ഐ മാക്‌സ്‌ അടക്കം മൂന്നു തിയേറ്ററുകളും ഇതിലുണ്ട്.

ആകെയൊരു ഉത്‌സവത്തിന്റെ പ്രതീതിയാണിതിനുള്ളിൽ. എല്ലാവരുടെയും മുഖത്ത്  സന്തോഷം മാത്രം. മിക്കവരും ഫോട്ടോകൾ എടുക്കുന്ന തിരക്കിലാകും. എത്ര സെൽഫിയെടുത്താലും മതിവരാത്ത കാഴ്ച്ചകളാണല്ലോ ഇതിനുള്ളിലെങ്ങും. എന്നോടൊപ്പം സെൽഫിയെടുക്കുന്നതിന് പലരും ക്ഷണിക്കുകയുണ്ടായി. അവിടെ അവർക്കു ആകെ കിട്ടിയ ഒരു വിദേശിയല്ലേ? ചുരുങ്ങിയത് ഇരുപത് പ്രാവശ്യമെങ്കിലും എനിക്ക് അവരോടൊത്ത് ഫോട്ടോയ്ക്ക് നിൽക്കേണ്ടതായി വന്നു. അതിൽ സ്‌ത്രീകളും പുരുഷന്മാരുമെല്ലാം ഉൾപ്പെടും. ഇന്തോന്വേഷ്യക്കാർ ഫോട്ടോപ്രിയരാണ്. അവരുടെ ഫോട്ടോ എടുക്കുന്നതും അവർക്ക് സന്തോഷമുള്ള കാര്യമാണ്. ഇത്തരം ഒരനുഭവം എനിക്ക് മറ്റൊരു രാജ്യത്തുമുണ്ടായിട്ടില്ല.
(തുടരും)

7 Comments
 1. John 3 years ago

  Linking the travelogue article to the current political situation in India really amazing. Wonderful writing and reading pleasure!

 2. Nishi Suresh 3 years ago

  ഇന്തോന്വേഷ്യൻ പുന്തോട്ട വിവരണവും കലക്കി…..

 3. Dr. Bindu R 3 years ago

  Very good and informative.

 4. Radhakrishnan 3 years ago

  Good article

 5. Deepak Thampi 3 years ago

  Description of garden and comparison of secular India was really the highlite. Awesome

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account