ജക്കാർത്ത ഒളിപ്പിച്ചിരിക്കുന്ന അത്‌ഭുതങ്ങളിൽ മറ്റൊന്നാണ് അങ്കോൽ എന്ന കടൽത്തീരപട്ടണം. വിദേശികളെ ഒഴിച്ചു നിറുത്തിയാൽ തെക്കുകിഴക്കൻ ഏഷ്യയിലെ തന്നെ ഒരു പ്രധാന വിനോദകേന്ദ്രം. ഒരു വലിയ പ്രദേശമാകെ ഒരു കടൽത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. തമാൻ  ഇംപിയാൻ ജയ അങ്കോൽ എന്നും പേരുള്ള അങ്കോൽ ഡ്രീം ലാൻഡ്. സ്വപ്‌നഭൂമിയെന്ന പേര് അനശ്വരമാക്കുന്ന വിധത്തിൽ അതിമനോഹരമായ കാഴ്ച്ചകളും വിനോദ ലീലകളും ഇവിടെ ഒരുക്കിയിരിക്കുന്നു.

ഒരു നൂറ്റാണ്ടിലേറേ മലേറിയയുടെ ഉറവിടമായിരുന്ന ഒരു ചതുപ്പു നിലമാണ് ഇന്ന് കാണുന്ന ഈ സ്വപ്‌നഭൂമി. 1960 ൽ പ്രസിഡന്റായിരുന്ന സുകർണോയാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ആലോചിച്ചത്. 1966 ൽ അന്നത്തെ ജക്കാർത്തയുടെ ഗവർണ്ണർ ആണ് ഇതിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. മലേറിയായുടെ പിടിയിൽ നിന്നും രക്ഷയായത് മാത്രമല്ല, ഇന്ന് കോടിക്കണക്കിന് റുപ്യാ ദിവസവരുമാനമുള്ള ഒരു വിനോദകേന്ദ്രമായതും ഇത്തരത്തിലുള്ള ഇച്ഛാശക്‌തിയുള്ള തീരുമാനം കൊണ്ട് മാത്രമാണ്.

ഇത്തരം തുടക്കം കുറിക്കലുകളാണ് നമുക്കില്ലാതെ പോയത്. പഴമയെ അതേപടി വിനോദ സഞ്ചാരത്തിനുപയോഗിക്കുന്നു എന്നല്ലാതെ, പുതുതായി എന്തെങ്കിലും കൊണ്ടുവരുന്നതിന് നമ്മുടെ രാജ്യം എന്നും വിമുഖത കാണിക്കുന്നു എന്നെനിക്കു തോന്നിയിട്ടുണ്ട്. നമ്മുടെ മിക്ക സുഖവാസകേന്ദ്രങ്ങളും, പ്രത്യേകിച്ച് ഹിൽ സ്റ്റേഷനുകൾ, യഥാർത്ഥത്തിൽ ബ്രിട്ടീഷുകാർ വികസിപ്പിച്ചെടുത്തവയാണ്. താജ് മഹലും, അജന്ത, എല്ലോറയും മറ്റു പൗരാണിക കേന്ദ്രങ്ങളും ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ സഞ്ചാര ഭൂപടം എന്താകുമായിരുന്നു എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അത് തന്നെ വേണ്ട വിധത്തിൽ സംരക്ഷിക്കുന്നതിന് പോലും നമുക്കാവുന്നില്ല. നമ്മുടെ പല കേന്ദ്രങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിൽ പോലും നമ്മൾ പരാജയപ്പെടുന്നു. കേരളത്തിലാണെങ്കിൽ ടൂറിസത്തിനു വേണ്ടി പല പദ്ധതികളും തുടങ്ങിയത് പൂർത്തിയാക്കാതെയോ, പൂർത്തിയാക്കിയത് ഉപയോഗിക്കാതെയോ പാഴായിപ്പോകുന്നു. ഇത്തരം പദ്ധതികളിലുള്ള അറിവില്ലായ്‌മയും ദീർഘവീക്ഷണമില്ലായ്‌മയും തന്നെയാണ് ഇതിനു കാരണം.

ഒരുകാലത്ത് തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ഓഷ്യനേറിയം ആയിരുന്നു സീ വേൾഡ് അങ്കോൽ. ഒരു അമേരിക്കൻ കമ്പനിയാണ് ഇതിവിടെ നടത്തുന്നത്. അവരുടെ അമേരിക്കയിലെയും ക്യാനഡയിലെയും കടൽ ലോകങ്ങളുടെ അതേ സൗകര്യങ്ങളും കൗതുകങ്ങളും ഇവിടെയും ഒരുക്കിയിട്ടുണ്ട്. കടൽ മൽസ്യങ്ങളുടെ വർണ്ണ വൈവിധ്യങ്ങൾ, മറ്റു കടൽ ജീവികൾ, പവിഴപ്പുറ്റുകൾ എല്ലാം അവയുടെ തനത് ആവാസവ്യവസ്ഥയിലെന്നപോലെ ഒരുക്കിയിരിക്കുന്നു. സ്രാവുകളുടെ ജീവിതം അടുത്തറിയുവാൻ കിട്ടുന്ന ഒരസുലഭ സന്ദർഭം കൂടിയാണീ സീ വേൾഡ്.

അത് പോലെ മറ്റൊന്നാണ് ഓഷ്യൻ ഡ്രീം. ഇവിടെ പലതരത്തിലുള്ള മൃഗങ്ങളും കടൽ ജീവികളുമെല്ലാം പല തരത്തിലുള്ള അഭ്യാസ പ്രകടനങ്ങൾ കാഴ്ച്ച വയ്ക്കുന്നു. അതിൽ ഡോൾഫിൻ ഷോ ആണ് ഏറ്റവും പ്രശസ്‌തം. ഫോണാലാൻഡ് എന്ന പേരിൽ ഒരു മൃഗശാലയും ഇതിനുള്ളിലുണ്ട്. അഞ്ചു ഹെക്റ്റർ ഏരിയായിൽ കരയിലും വെള്ളത്തിലുമായാണ് ഈ മൃഗശാല നിർമ്മിച്ചിരിക്കുന്നത്. ഇന്തോന്വേഷ്യയുടെ തനതായ പക്ഷി മൃഗാദികളും ഒപ്പം മറ്റു രാജ്യങ്ങളിലെ മൃഗങ്ങളെയും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.

ദുനിയാ ഫാന്റസി എന്ന ഫാന്റസി വേൾഡ് ആണ് ഇതിനുള്ളിലെ മറ്റൊരു പ്രധാനാകർഷണം. നാൽപ്പതിലധികം റൈഡുകളും ആക്റ്റിവിറ്റികളും ഇതിനുള്ളിലുണ്ട്. ഇത് പ്രധാനമായും എട്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ജക്കാർത്ത, ഇന്തോന്വേഷ്യ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയും ഫാന്റസി ഹിക്കയത്തുമാണ് ആ എട്ടു  ഭാഗങ്ങൾ. ഫാന്റസി ഹിക്കയത്തിൽ പുരാതന ഈജിപ്‌തിന്റെയും ഗ്രീസിന്റെയും നിർമ്മാണരീതികളാണവലംബിച്ചിട്ടുള്ളത്.

അത്‌ലാന്റിക് വാട്ടർ വേൾഡ് പല പല പൂളുകളായി ഒരുക്കിയിരിക്കുന്നു. കടലിൽ നീന്തുന്നതിനും ഇവിടെ അവസരമുണ്ട്. വേവ് പൂൾ, തുടർച്ചയായൊഴുകുന്ന ഒരു നദിയുടെ അനുഭവം നൽകുന്ന പൂൾ, റെയിൻ ബോ ബോൾ പൂൾ, വാട്ടർ ഫാൾ പൂൾ, കുട്ടികൾക്ക് മാത്രമായുള്ള പൂളുകൾ, വെള്ളത്തിലേക്ക് വീഴുന്ന നിരവധി സ്ലൈഡുകൾ, ഒരു ബീച്ച് വോളിബോൾ കോർട്ട് എന്നിവ ഇവിടത്തെ ആകർഷണങ്ങളിൽ ചിലതു മാത്രം. നിരവധി ഭോജനശാലകളും ഇതിനുള്ളിലുണ്ട്. മികച്ച ഭക്ഷണം വിളമ്പുന്നവയാണവയോരോന്നും. ഇന്ത്യൻ, ബ്രസീലിയൻ, സ്പാനിഷ്, ബംഗ്ലാദേശ് വിഭവങ്ങൾ ലഭ്യമാക്കുന്ന ഭക്ഷണശാലകൾ.

ഈ തീരദേശ പട്ടണത്തിന്റെ ആകാശ ദൃശ്യം ലഭ്യമാകണമെങ്കിൽ ഗൊണ്ടോളയെന്ന കേബിൾ കാറിൽ കയറിയാൽ മതിയാകും. മുപ്പത്തിയേഴു കാറുകൾ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇത് ഈ പട്ടണത്തെയാകെ ആകാശത്തിലൂടെ ചുറ്റിക്കൊണ്ടിരിക്കും. ഇതിലിരുന്നു കാണുന്ന കാഴ്ച്ചകൾ തികച്ചും വ്യത്യസ്ഥമായ ഒരനുഭവമാണ്. പല പല തീം പാർക്കുകളുടെ മുകളിലൂടെയാണ് ഈ യാത്ര എന്നത് തന്നെ ഒരു പ്രധാന കാരണം.

ബീച്ചുകൾ ആസ്വദിക്കുന്നവർക്കു വേണ്ടി അഞ്ചു ബീച്ചുകളും ഈ പട്ടണത്തിലുണ്ട്. മറീന, ഫെസ്റ്റിവൽ, കാർണിവൽ, ഇണ്ട, പൂൾ എന്നിവയാണ് ആ അഞ്ചു ബീച്ചുകൾ. കടലിനുള്ളിലേക്കു നടക്കുന്നതിനായി അർദ്ധവൃത്താകൃതിയിൽ നിർമ്മിച്ചിരിക്കുന്ന മരപ്പാലവുമുണ്ട്‌ ഇവിടെ. ഒരു കിലോമീറ്ററോളം നീളമുണ്ടാകും മനോഹരമായി രണ്ടു വശങ്ങളികും ഭിത്തികളുള്ള ഈ തടിപ്പാലത്തിന്. പാലത്തിൽ തന്നെ ചെറു ഭക്ഷണ ശാലകളും ബിയർ പാർലറുകളുമുണ്ട്. ഒരു ഷോപ്പിംഗ് മാളും റിസോർട്ടുകളും ഹോട്ടലുകളുമെല്ലാമുണ്ട് ഈ കൊച്ചു പട്ടണത്തിൽ.

ഈ പട്ടണത്തിനുള്ളിൽ എവിടെയുമുള്ള വിനോദ കേന്ദ്രങ്ങളിലേക്ക് പോകുന്നതിനായി ധാരാളം മിനി ബസുകളുണ്ട്. രണ്ടു വ്യത്യസ്ഥ റൂട്ടുകളിലായയാണ് ഈ ബസുകൾ ഓടുന്നത്. പരസ്‌പരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങളുമുണ്ട്. ഇതിന്റെ വിവരങ്ങളത്രയും ഇതോടുന്ന വഴികളിലുള്ള ബസ് സ്റ്റോപ്പുകളിലെല്ലാം വരച്ചു വച്ചിട്ടുണ്ട്. ഈ ബസ്സുകളെല്ലാം സൗജന്യമായാണ് ഓടുന്നത്. ഇതിന്റെ സ്റ്റോപ്പുകളിൽ നിന്ന് ആർക്കും കയറാം ഇറങ്ങാം.

അങ്കോലിൽ സമയം പോകുന്നത് അറിയുക തന്നെയില്ല. അത്ര ആസ്വാദ്യമാണ് ഇവിടത്തെ ഓരോ നിമിഷവും. ഒരു ദിവസം മുഴുവൻ സമയം ഇവിടെ ചെലവഴിച്ചിട്ടും ഇനിയും ഞാൻ കാണാത്തതായി ഇവിടെ ധാരാളം അത്‌ഭുതങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകും.
(തുടരും)

3 Comments
  1. John 2 years ago

    Well written. While the travelogue is interesting, note on the Indian tourism is true and debatable.

  2. Nishi Suresh 2 years ago

    മറ്റൊരു രസകരമായ അധ്യായം ആയിരുന്നു ഇത് .അറിവുകൾ പകർന്നു നൽകുന്നതിന് നന്ദി.

  3. Dr. Bindu R 2 years ago

    നല്ല എഴുത്ത്

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account