ആമുഖം

രണ്ടു വർഷങ്ങൾക്കു മുൻപ് നടത്തിയ യാത്രയിലൂടെ ഞാൻ അറിഞ്ഞ ഇന്തോന്വേഷ്യയെ പല ലക്കങ്ങളായി നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുവാൻ ഒരു ശ്രമം നടത്തുകയാണ്. ഇനിയും അവിടത്തെ കാണാത്ത സ്ഥലങ്ങളിലൂടെ യാത്ര ചെയ്യണമെന്നുണ്ട്. എനിക്കേറ്റവും ഇഷ്‌ടപ്പെട്ട നഗരങ്ങളിലൊന്നായ ജക്കാർത്ത അധികം സഞ്ചാരികൾക്കു പരിചയം കുറവായിരിക്കും.  ഇന്തോന്വേഷ്യൻ ദിനങ്ങൾ എന്ന പേരിൽ വിവിധ അധ്യായങ്ങൾ ഉൾപ്പെടുത്തി ഇത് പൂർത്തീകരിക്കുവാൻ ആഗ്രഹിക്കുന്നു. കുറച്ചു കാലമായി ലേഖനങ്ങൾ കാണുന്നില്ല എന്ന ജ്വലനം പ്രവർത്തകരുടെ പരിഭവമാണ് ഈ സാഹസത്തിനു പുറകിൽ. വായനക്കാർ അവരുടെ അഭിപ്രായവും നിർദ്ദേശങ്ങളും രേഖപ്പെടുത്തുമെന്ന വിശ്വാസത്തോടെ ആരംഭിക്കുന്നു.

ഇന്തോന്വേഷ്യൻ ദിനങ്ങൾ – അധ്യായം 1: അഗ്നിപർവ്വതങ്ങളുടെ നാട്ടിൽ

രണ്ടായിരത്തിപ്പതിനേഴിലെ ജൂലൈ മാസത്തിലാണ് ഞാൻ ജക്കാർത്തയിലെ സ്വീകർണോ ഹാട്ടാ അന്തർദേശീയ വിമാനത്താവളത്തിൽ ഇറങ്ങിയത്. രാത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നും യാത്ര പുറപ്പെട്ട്, ക്വലാലംബൂരിൽ നിന്നും മറ്റൊരു വിമാനത്തിലാണ്, രാവിലെ പത്തരയോടെ ഞാനിവിടെ എത്തിയത്. സിയേട്ടാ എന്ന ചുരുക്കപ്പേരിലും ഈ വിമാനത്താവളം അറിയപ്പെടുന്നു. ഇന്തോന്വേഷ്യയിലെ ആദ്യത്തെ പ്രസിഡന്റായിരുന്ന സ്വീകർണോയുടെയും വൈസ് പ്രസിഡന്റായിരുന്ന മുഹമ്മദ് ഹാട്ടായുടെയും പേരുകൾ ചേർത്താണ് ഈ വിമാനത്താവളത്തിന് പേരിട്ടിരിക്കുന്നത്. ജക്കാർത്ത നഗരത്തിൽ നിന്നും ഇരുപതു കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. തെക്കൻ ഏഷ്യയിലെ ഏറ്റവും തിരക്കുള്ള ഈ വിമാനത്താവളം, 2013 ലെ കണക്കനുസരിച്ച് ലോകത്തിലെ എട്ടാമത്തെ തിരക്കുള്ള വിമാനത്താവളവുമാണ്.

പലർക്കുമറിയാത്ത ചില കണക്കുകൾ കൂടിയുണ്ട് ഈ വിമാനത്താവളത്തിന്. വിമാന സർവീസുകളുടെ എണ്ണത്തിൽ ലോകത്തിൽ ഏഴാം സ്ഥാനവും, ഏഷ്യാപസഫിക് പ്രദേശത്ത് ഒന്നാം സ്ഥാനവും ഇതിനുണ്ട്. ജപ്പാനിലെ ടോക്കിയോ ഹാനേദ വിമാനത്താവളത്തിനേയും ഓസ്‌ട്രേലിയയിലെ സിഡ്‌നി വിമാനത്താവളത്തിനേയും പിന്തള്ളിയാണീ സ്ഥാനം കൈവരിച്ചിരിക്കുന്നത്. ഇത് രണ്ടായിരത്തിപ്പതിനേഴിൽ ഞാൻ പോകുമ്പോൾ ഉള്ള കണക്കാണ്. ആയിരത്തി തൊള്ളായിരത്തി എൺപത്തഞ്ചിലാണ് ഈ വിമാനത്താവളം പ്രവർത്തനമാരംഭിക്കുന്നത്. അന്നുണ്ടായിരുന്ന ഖേമയോരൺ വിമാനത്താവളത്തിനെ മാറ്റം വരുത്തിക്കൊണ്ടാണ് ഇത് പ്രവർത്തനം തുടങ്ങിയത്. ഹാലിം പെർദനകുസുമ അന്തർദേശീയ വിമാനത്താവളവും ഇതിനോട് ചേർത്തിട്ടാണ് ഇന്ന് കാണുന്ന വിമാനത്താവളം ഉണ്ടായത്.

ഇൻഡ്യാക്കാർക്കു  ഇന്തോന്വേഷ്യയിൽ സൗജന്യ വിസയാണ്. ഇമിഗ്രേഷൻ കൗണ്ടറിൽ പാസ്സ്‌പോർട് കാണിക്കുക മാത്രമേ ആവശ്യമുള്ളൂ. കാര്യമായ പരിശോധനകൾ ഒന്നുമുണ്ടായില്ല. വിസ പതിപ്പിക്കാൻ രണ്ടു മിനിട്ടു പോലും സമയമെടുത്തില്ല. വരിയിൽ ഒരു പത്തു മിനിറ്റ് നിൽക്കേണ്ടി വന്നതൊഴിച്ചാൽ. വിമാനത്താവളത്തിൽ നിന്ന് തന്നെ അവിടത്തെ നാണയമായ റുപ്യയും മാറ്റിയെടുത്ത്, ഒരു സിമ്മും വാങ്ങി ഒരു ബസ്സിൽ കയറി നഗരത്തിലെത്തി. ഒരു മഹാനഗരമാണ് ജക്കാർത. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നഗരം. മെഗാപൊളിറ്റിൻ പദവിയുള്ള നഗരം. അവിടത്തെ ബസ് സ്റ്റേഷനിൽ നിന്നും ഒരു ടാക്‌സിയിൽ കയറി ഞാൻ മുറി ബുക്ക് ചെയ്‌തിരുന്ന ഫേവ് ഹോട്ടലിലെത്തി. ഒരു വലിയ ഹോട്ടൽ ചങ്ങലയുടെ ഭാഗമായിട്ടാണ് ഫേവ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ഒരു വലിയ ഷോപ്പിംഗ് കോംപ്ലെക്‌സിന്റെ ഒൻപത്, പത്ത്, പതിനൊന്ന് നിലകളിലാണ് ഹോട്ടൽ. ഒൻപതാം നിലയിലെ റിസപ്ഷൻ വരെയും ടാക്‌സിയിൽ പോകാനാകും.

എല്ലാ സൗകര്യങ്ങളുമുള്ള ഒരു മുറിയായിരുന്നു എനിക്ക് ലഭിച്ചത്. തുടർന്നുള്ള മൂന്നു ദിനങ്ങൾ ഈ മുറി എനിക്ക് സ്വന്തം. ജക്കാർത്തയെക്കുറിച്ച് ആവശ്യത്തിന് ഗൃഹപാഠം നടത്തിയിട്ടുതന്നെയാണ് ഞാൻ യാത്ര പുറപ്പെട്ടിരുന്നതെങ്കിലും, ഞാൻ റിസപ്ഷനിൽ നിന്നും ജക്കാർത്തയെക്കുറിച്ചുള്ള ചില ലഖുലേഖകൾ കൈവശമാക്കിയിട്ടുണ്ടായിരുന്നു. ഫേവ് ഹോട്ടൽ അടയാളപ്പെടുത്തിയതായിരുന്നു അവിടെ നിന്നും ലഭിച്ച ജക്കാർത്തയുടെ മാപ്പ്. ഇത്തരം മാപ്പുകൾ ഞാൻ എല്ലായിടങ്ങളിലും ചോദിച്ചു വാങ്ങാറുണ്ട്, അല്ലെങ്കിൽ മാപ്പിൽ ഹോട്ടൽ അടയാളപ്പെടുത്തി വാങ്ങും. നഗരത്തിലെവിടെനിന്നും നമ്മുടെ ഹോട്ടൽ എവിടെയാണെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കും. അത് പോലെ നമുക്ക് സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ ദൂരം, ദിശ തുടങ്ങിയവ മനസ്സിലാക്കുവാനും ഇത്തരം മാപ്പുകൾ പ്രയോജനപ്പെടും.

എന്നെ കുറച്ചുനാളുകളെങ്കിലും ഒരു കോടീശ്വരനാക്കിയ ഒരു രാജ്യം കൂടിയാണ്  ഇന്തോന്വേഷ്യ. ഇന്തോന്വേഷ്യൻ റുപ്യാ ആണ് അവരുടെ നാണയം. നമ്മുടെ ഒരു രൂപ കൊടുത്താൽ ഏകദേശം200 ഇന്തോന്വേഷ്യൻ റുപ്യാ കിട്ടും. ഒരാൾക്ക് അവിടെ കോടീശ്വരനാകണമെങ്കിൽ 720 ഡോളറിൽ താഴെ മതിയാകും. ഞാൻ ഡോളർ മാറ്റിയെടുത്ത സ്ഥലത്തെ സ്‌ത്രീയോട് തമാശയായി ഇക്കാര്യം പറയുകയുമുണ്ടായി. എന്നെ കോടീശ്വരനാക്കിയ വ്യക്‌തിയെന്ന പദവി അവർക്കിഷ്‌ടപ്പെടുകയും ചെയ്‌തു. അതുപോലെ തന്നെ ഞാൻ അവിടെ ആദ്യം കഴിച്ച ഉച്ചഭക്ഷണത്തിന്റെ ബില്ലും അങ്ങനെ തന്നെയായിരുന്നു. നാപ്പതിനായിരത്തിന്റെ മുകളിൽ വന്ന ബില്ല് കണ്ട ഞാൻ ആദ്യമൊന്നു പകച്ചു. പിന്നെ ഫോണിലെ കാൽക്കുലേറ്റർ എടുത്തു കണക്കു കൂട്ടിനോക്കി. ഏതാണ്ട് 200 രൂപാ മാത്രം. ഇവരുടെ നാണയ വിനിമയവുമായി പൊരുത്തപ്പെടുവാൻ ഒന്ന് രണ്ടു ദിവസങ്ങൾ തന്നെയെടുത്തു.

(തുടരും)

20 Comments
 1. Deepak 9 months ago

  Very good naration…keep it up

 2. Nishi Suresh 9 months ago

  യാത്രാവിവരണം കലക്കി….

 3. Josh 9 months ago

  നന്നായിട്ടുണ്ട് …

 4. Dr.vaishnavi.TK 9 months ago

  good one ..

 5. John 9 months ago

  Interesting travelogue..

 6. dr sajin 9 months ago

  good narration .. keep going.. expecting more and more exploration

 7. Rubeena riyas 9 months ago

  Lovely and simple way of presentation….Actualy ethu vayikumbo oru reading annathil upari doctr munnil erunnu parayunna oru feel kitti….katta Waiting for the next part…….

 8. Pradeep 9 months ago

  Nannayittundu…iniyum pratheekshikkunnu….

 9. Rajeshkumar P R 9 months ago

  Simple, super narration…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account